ഞാൻ നേരിടും, നേരു വിളിച്ചുപറയും...
text_fields'നല്ല കുടുംബത്തിലെ പെണ്ണുങ്ങൾക്കു പറ്റിയ പണിയല്ല പത്രപ്രവർത്തനം' -എെൻറ നാടായ ലഖ്നോവിൽനിന്ന് 500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിൽ ജേണലിസം പഠിക്കാൻ പോകണമെന്ന് പറഞ്ഞപ്പോൾ പിന്തിരിപ്പൻ ബ്രാഹ്മണ കുടുംബത്തിലെ പഴയമട്ടുകാരനും മുൻ ബ്യൂറോക്രാറ്റുമായ മുത്തച്ഛെൻറ പ്രതികരണം ഇതായിരുന്നു. ഈ തീട്ടൂരത്തിനെതിരെ അമ്മയുടെയും സഹോദരെൻറയും പിന്തുണയോടെ ഞാൻ കാണിച്ച 'ധിക്കാരം' അതിനുമുമ്പായി ഒരു പെൺകുട്ടിപോലും നഗരം വിട്ടുപോയി പഠിച്ചിട്ടില്ലാത്ത ഞങ്ങളുടെ കുടുംബത്തിൽ എനിക്ക് സാമാന്യം വലിയ ചീത്തപ്പേരുതന്നെയുണ്ടാക്കി; ഒരുതരം സാമൂഹിക ബഹിഷ്കരണംതന്നെ. രോഷാകുലനായ പിതാവ് അടുത്ത മൂന്നു വർഷം എന്നെ കാണാനേ വന്നില്ല. 12 വർഷം പിന്നിട്ട എെൻറ അന്വേഷണാത്മക പത്രപ്രവർത്തനം അതു കൊണ്ടുതന്നെ ചെറിയ നേട്ടമല്ല.
കുടുംബഘടനയിൽ അന്തർലീനമായി കിടക്കുന്ന സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യത്തിെൻറയും ഘടനകളെ ചെറുത്തു വേണം ഒരു പത്രപ്രവർത്തകക്ക് മുന്നോട്ടുവരാൻ. എന്നാൽ, അവൾ നേരിടേണ്ടിവരുന്നത് ക്രിമിനൽ കുറ്റാരോപണങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച അവഹേളനങ്ങളും ബലാത്സംഗ--/വധ ഭീഷണികളും അപവാദ ആരോപണങ്ങളും മാധ്യമസ്ഥാപനങ്ങൾക്കുള്ളിലെ ലൈംഗിക പീഡനങ്ങളും ലിംഗവിവേചനങ്ങളുമെല്ലാമാകുന്നതോടെ ഇരുതലമൂർച്ചയുള്ള വാളിനോട് പടവെട്ടുന്ന മട്ടിലാവുന്നു നിത്യജീവിതം. ചെറുപട്ടണങ്ങളിൽനിന്ന് വൻ നഗരങ്ങളിലെത്തി മുന്നേറാൻ കൊതിക്കുന്ന പെൺകുട്ടികൾക്ക് ഒരുപക്ഷേ ഇതൊരു പ്രോത്സാഹനജനകമായ വർത്തമാനമല്ല. എന്നാൽ, ഒരു കാര്യമുറപ്പുണ്ട്, അവർ എല്ലാ കാര്യത്തിലും ഒറ്റക്കായിരിക്കും. അതുകൊണ്ടുതന്നെ നല്ലതിനായാലും മോശത്തിനാണെങ്കിലും എന്തിനെയും അഭിമുഖീകരിക്കാൻ പാകത്തിന് പരുവപ്പെടുകതന്നെ ചെയ്യും.
2008ലെ ഒരു സംഭവം പറയാം. സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുത്ത 'കുറ്റത്തിന്' ആറു ദമ്പതികളെ ദുരഭിമാനക്കൊലക്ക് വിധിച്ച ഒരു ഖാപ് പഞ്ചായത്ത് മുഖ്യനുമായി അഭിമുഖം നടത്തുകയായിരുന്നു ഞാൻ. അഭിമുഖത്തിനിടെ പൊടുന്നനെ എെൻറ മുഖത്ത് നോക്കി അയാൾ പറഞ്ഞു: 'നീ ഞങ്ങളുടെ കൂട്ടത്തിൽപെട്ട പെണ്ണായിരുന്നെങ്കിൽ ഒരു പുരുഷ കാമറാമാനെയും കൂട്ടി ഇതുപോലെ ഇങ്ങനെ അലഞ്ഞുനടന്ന് സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ കുറ്റത്തിന് വണ്ടികയറ്റി ഞെരിച്ചുകളഞ്ഞേനെ നിന്നെ.' ഇത്തരം ഭീഷണികൾ മാത്രമല്ല, റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവെ വാഹനത്തെ പിന്തുടർന്ന ഖനന മാഫിയക്കാരും ലൈംഗിക പരാമർശങ്ങളുമായി മുന്നോട്ടുവരാൻ തുനിയുന്ന രാഷ്ട്രീയക്കാരും സ്ത്രീലമ്പടന്മാരായ മേലധികാരികളുമെല്ലാമുണ്ടായിരുന്നു എെൻറ മാധ്യമപ്രവർത്തനത്തിെൻറ ആദ്യകാലത്ത്. ജോലിക്കിടയിൽ നേരിടേണ്ടിവന്ന ഭീഷണികളിൽ നടുക്കവും സങ്കടവും രേഖപ്പെടുത്തിയിരുന്നു ഞാൻ ജോലി ചെയ്ത മാധ്യമസ്ഥാപനങ്ങൾ. എന്നാൽ, എന്തെങ്കിലും പിന്തുണയോ നടപടികളോ ഉണ്ടാവാറില്ല. ഇത്തരം കാര്യങ്ങൾ വീട്ടിൽ അറിയിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു മാത്രമല്ല, 'ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ, ഒക്കെ മതിയാക്കി മര്യാദക്ക് വീട്ടിലേക്കു വന്നോ' എന്നു പറയാൻ കാരണവന്മാർക്കൊരു കാരണംകൂടിയായി മാറുമത്.
അന്നു മുതൽ ഒരു കാര്യം ബോധ്യമായി, വനിത മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ധീരത ഒരു അധിക യോഗ്യതയല്ല, മറിച്ച് അവശ്യയോഗ്യതതന്നെയാണെന്ന്. ഭീഷണികൾ, അപമാനങ്ങൾ, ലിംഗവിവേചനം, പീഡനം എന്നിവയെല്ലാം നേരിടേണ്ടിവരുകയെന്നത് ഒരാളുടെ മറികടക്കലാണ്. കാരണം? ഒന്ന്: ഊർജവും ആർജവവും വേണ്ടാത്ത വാർത്തകൾ ചെയ്യാൻ നിങ്ങളെ ഏൽപിക്കില്ല, പകരം അൽപം കട്ടിയും കാമ്പുമുള്ള ദൗത്യങ്ങൾ കിട്ടും. രണ്ട്: സ്ഥാപനത്തിലെയോ പുറത്തുള്ള മാധ്യമ കൂട്ടായ്മകളുടെയോ ആന്തരിക സംവിധാനങ്ങൾ നിങ്ങളുടെ രക്ഷക്കെത്തുകയേയില്ല.
മൂന്ന്: നിങ്ങൾക്ക് നിങ്ങളുടെ ജോലി നോക്കി നിങ്ങൾ ഇഷ്ടപ്പെട്ട രീതിയിൽ സ്വതന്ത്ര വനിതയായി ജീവിതം മുന്നോട്ടു കൊണ്ടുപോകാം.
ഒരു വ്യാഴവട്ടമായി മനുഷ്യക്കടത്ത്, ബാലപീഡനം, ലിംഗാധിഷ്ഠിത അതിക്രമം, വർഗീയ കലാപങ്ങൾ, പൊലീസ് നടത്തിയ നിയമബാഹ്യ കൊലപാതകങ്ങൾ, ഖനനമാഫിയ, അനധികൃത മരുന്ന് പരീക്ഷണം, മത-പ്രത്യയശാസ്ത്ര മൗലികവാദികൾ എന്നിവയെക്കുറിച്ചെല്ലാം ഞാൻ വാർത്തകൾ ചെയ്യുന്നു. ഈ കാലയളവിൽ ഭീഷണിക്കും അധിക്ഷേപങ്ങൾക്കും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്, പക്ഷേ ഇല്ലാതായിട്ടേയില്ല.
മുമ്പൊക്കെ എഴുതിയ റിപ്പോർട്ടുകളുടെ പേരിൽ ഓരോ തവണ വക്കീൽ നോട്ടീസ് കിട്ടുമ്പോഴും പത്രാധിപന്മാർ അതൊരു ബഹുമതിയായി കണ്ടിരുന്നു, റിപ്പോർട്ട് അതിെൻറ ശരിയായ പ്രഭാവം സൃഷ്ടിച്ചതിെൻറ തെളിവായി കരുതിയിരുന്നു. രാജ്യത്തെ നിയമങ്ങളോട് ബാഹ്യമായ ഒരു അനുസരണമെങ്കിലും നിലനിന്നിരുന്നു. മാധ്യമപ്രവർത്തകർക്ക് അവരുടെ റിപ്പോർട്ടുകളിൽ ഉറച്ചുനിൽക്കാനും കോടതിയിൽ സത്യം വ്യക്തമാക്കാനും അവസരവുമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ രാജ്യത്തെ മാധ്യമപ്രവർത്തകർ പുതിയ, കൂടുതൽ ആപത്കരമായ രീതിയിലെ ഒരു സമ്മർദം നേരിടേണ്ടതുണ്ട്. പണം നൽകി പോറ്റപ്പെടുന്ന അപഖ്യാതി നിർമാണ സേന മുഖേന ഓൺലൈനിലൂടെയുള്ള അധിക്ഷേപങ്ങളും മതമൗലികവാദി സംഘങ്ങൾ നടത്തുന്ന ശാരീരിക ആക്രമണങ്ങളും. ജനസംഖ്യയിലെ വലിയ ഭാഗവും 25 വയസ്സിൽ താഴെയുള്ള, കടുത്ത തൊഴിൽരാഹിത്യ പ്രതിസന്ധി നേരിടുന്ന രാജ്യത്ത് അധികാരത്തിലിരിക്കുന്നവർ ഉൾപ്പെടെയുള്ള വലതുപക്ഷ പാർട്ടികൾ തൊഴിലില്ലാത്ത യുവജനങ്ങളെ വലിയ പ്രതിഫലം നൽകിക്കൊണ്ട് അപഖ്യാതി പ്രചാരണത്തിന് നിയോഗിക്കുന്നതു സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് രണ്ടു ചോദ്യങ്ങളുയർത്തുന്നു.
1. മിഥ്യയായ രാഷ്ട്രീയ ഇച്ഛാശക്തി നിലനിൽക്കുന്നയിടത്ത് എങ്ങനെ മാധ്യമപ്രവർത്തനം സാധ്യമാവും?
2. അടിസ്ഥാനമായ അഭിപ്രായ സ്വാതന്ത്ര്യംപോലും പിടിച്ചു പറിക്കുകയും സ്ത്രീവിരുദ്ധതയുടെ സംസ്കാരം പരിപോഷിപ്പിക്കുകയും ചെയ്യുന്നതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് രാഷ്ട്രീയ ശക്തികൾക്ക് എങ്ങനെ ഒഴിഞ്ഞുമാറാനാവും?
ഉന്നംവെക്കുന്നത് സ്ത്രീകളെയാണെങ്കിൽ ഓൺലൈൻ പ്രചാരണം വലിയ എളുപ്പമാണ്. അവരുടെ ഉദ്ദേശ്യത്തെയും ബുദ്ധിയെയും സ്വഭാവശുദ്ധിയെയും സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചാൽ മാത്രം മതി. പുരുഷന്മാർക്കെതിരെ അപവാദ പ്രചാരണം നടത്തുമ്പോൾ അവരെ അഴിമതിക്കാരെന്നും കൂലിയെഴുത്തുകാരെന്നുമൊക്കെയാണ് പറയാറ്. സ്ത്രീകളെയാകുമ്പോൾ വേശ്യകളെന്നും അശ്ലീല നടികളെന്നും രാഷ്ട്രീയക്കാരുടെ വെപ്പാട്ടികൾ എന്നുമൊക്കെയാണ് വിളിക്കാറ്. അത്തരത്തിൽ ഈ ട്രോളന്മാർ വനിത മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി സ്വയം നിയന്ത്രണത്തിന് നിർബന്ധിതരാക്കാൻ ശ്രമിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ബൗദ്ധികവും യുക്തിസഹവുമായ വാദങ്ങളേക്കാൾ ആൾക്കൂട്ട നീതിക്ക് പ്രാമുഖ്യം കൽപിക്കുന്ന ഒരു പൊതുബോധം വളർത്തിയെടുക്കുകകൂടിയാണ്.
മനുഷ്യാവകാശ വിഷയങ്ങൾ ഉന്നയിച്ച് വിവിധ ദേശീയ മാധ്യമങ്ങളിൽ നേഹാ ദീക്ഷിത് എഴുതിയ അന്വേഷണാത്മക റിപ്പോർട്ടുകൾ
കഴിഞ്ഞ അഞ്ചു വർഷമായി ഓരോ സുപ്രഭാതത്തിലും ഞാൻ ഉറക്കമുണരുന്നത് ലിംഗത്തിെൻറയും മലത്തിെൻറയും ചിത്രങ്ങൾ കണ്ടുകൊണ്ടാണ്, ഇരുമ്പുകമ്പി ഉപയോഗിച്ചു വേണോ മുള്ളുകളുള്ള റോസാക്കമ്പുപയോഗിച്ചു വേണോ എന്നെ ബലാത്സംഗം ചെയ്യേണ്ടത് എന്ന് അഭിപ്രായം തേടുന്ന ട്വിറ്റർ ചർച്ചകൾ കണ്ടുകൊണ്ടാണ്. കല്ലെറിഞ്ഞുതകർക്കാനായി എെൻറ വീടിെൻറ വിലാസം, കുടുംബ ചിത്രങ്ങൾ ഇവയെല്ലാം അടിക്കടിയായി ഓൺലൈനിൽ പ്രചരിപ്പിക്കപ്പെടുന്നു. തോക്കുമേന്തി റോന്തുചുറ്റുന്ന രാഷ്ട്രീയ പാർട്ടി കിങ്കരന്മാർ ഞാൻ എവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വൈകാതെ വെടിവെച്ചുകൊല്ലുമെന്നും പറഞ്ഞുകൊണ്ടുമിരിക്കുന്നു.
ആദ്യമൊക്കെ ഞാൻ വാദിക്കാനും സത്യങ്ങൾ നിരത്താനും കേന്ദ്രസർക്കാറിെൻറ സൈബർ സെല്ലിന് പരാതി നൽകാനുമൊക്കെ ശ്രമിച്ചിരുന്നു. ആ ശ്രമങ്ങളൊന്നും ഫലിക്കില്ലെന്ന് ബോധ്യമായതോടെ ഞാൻ ക്രമേണ പ്രതിരോധശേഷിയും കൈവരിച്ചു. ഇപ്പോൾ അപവാദ ട്രോളുകളിൽ ഫലിതം കണ്ടെത്താൻപോലും തുടങ്ങിയിരിക്കുന്നു. വർഗീയ അതിക്രമത്തിനിടയിൽ മുസ്ലിം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെക്കുറിച്ച് എഴുതിയതിെൻറ പേരിൽ ലശ്കറെ ത്വയ്യിബ നേതാവിെൻറ ഭാര്യയെന്ന് വിശേഷിപ്പിച്ച് ട്രോളുകളിറങ്ങുേമ്പാൾ ഞാൻ ആലോചിക്കും- എന്തിനാ എന്നെ ലശ്കറെ ത്വയ്യിബക്കാരെൻറ ഭാര്യയെന്ന് വിളിക്കുന്നത്, അവരുടെ നേതാവ് എന്നു പറഞ്ഞൂടേ? സ്ത്രീ എന്ന നിലയിലെ കര്തൃത്വംപോലും വകവെച്ചുതരുന്നില്ലല്ലോ ഈ ട്രോളന്മാരെന്ന്.
ഇനി ഓൺലൈനിനു പുറത്തുള്ള കാര്യം പറയാം. ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഫോൺ വിളിച്ചുപറയുന്നു- 'പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലകളെപ്പറ്റി ഇനിയും എഴുതാൻ വല്ല ഭാവവുമുണ്ടെങ്കിൽ നിെൻറ അമ്മ താമസിക്കുന്നതെവിടെയാണെന്ന് ഞങ്ങൾക്കറിയാ'മെന്ന്. റിപ്പോർട്ടിങ് ദൗത്യങ്ങൾക്കായി പോയ സമയത്ത് മതപാഠശാലയിൽ പൂട്ടിയിട്ട സന്ദർഭമുണ്ട്, ഭരണകൂടത്തിെൻറ പിൻബലത്താൽ വിഹരിക്കുന്ന പൊലീസിെൻറ വിവരംകൊടുപ്പുകാർ പലപ്പോഴും പിന്തുടരാറുമുണ്ട്. വനിത മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നിലവിലില്ലാത്തിടത്തോളം കാലം ഇതിൽനിന്ന് രക്ഷനേടാനുള്ള ഏക മാർഗം ഓരോ വ്യക്തിയുടെയും നിശ്ചയദാർഢ്യം മാത്രമാണ്.
എന്നെ അലട്ടുന്ന സംഗതി എന്തെന്നുവെച്ചാൽ അക്രമങ്ങളുടെയും അപവാദങ്ങളുടെയും അധിക്ഷേപങ്ങളുടെയും പാരാവാരത്തിനിടയിൽ എെൻറ വ്യക്തിത്വം വെറുമൊരു ഇരയുടേതായി ചുരുക്കിക്കെട്ടപ്പെടുന്നുവെന്നതാണ്. ഒരുപാട് ഭീഷണിയും അക്രമങ്ങളും നേരിടേണ്ടിവന്ന ഒരുത്തിയായി മാത്രം മാറുന്നു. അങ്ങനെ വരുമ്പോൾ തൊഴിലാളിസ്ത്രീകളുടെ ദുരിതാവസ്ഥ, മതന്യൂനപക്ഷങ്ങൾ, ദലിതുകളുടെയും ആദിവാസികളുടെയും അരികുവത്കരണവും അയിത്തവും തുടങ്ങി ഞാൻ എഴുതി ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങളും എെൻറ മാധ്യമ പ്രവർത്തനവും അദൃശ്യമായിപ്പോകുന്നു.
സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മകമായ റിപ്പോർട്ടുകളെ കുഴിച്ചുമൂടുന്ന വ്യവസായ-രാഷ്ട്രീയ കൂട്ടുകെട്ട് നിലനിൽക്കുന്ന അത്യന്തം കോർപറേറ്റ്വത്കരിക്കപ്പെട്ട ഒരു മാധ്യമലോകത്ത് ഞാൻ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാകുവാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം വഴി എെൻറ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ കൊള്ളാവുന്ന മാധ്യമസ്ഥാപനങ്ങളെ കണ്ടെത്താനുള്ള സൗകര്യം എനിക്ക് കൈവന്നു, അതേസമയം വേട്ടയാടലും ക്രിമിനൽ കേസുകളുമെല്ലാമുണ്ടാവുന്ന ഘട്ടത്തിൽ അവയെ നേരിടാൻ ഒരു സ്ഥാപന പിൻബലം ഇല്ലാതെ വരുകയും ചെയ്യുന്നു.
എനിക്കെതിരായ ഭീഷണികളുടെ വ്യാപ്തി ഏറെ വലുതായതോടെ ഒരു കാര്യം ഞാൻ തീരുമാനിച്ചു- ഇനി പരാതി പറഞ്ഞ് നടക്കേണ്ടതില്ല. സർക്കാറിനുപോലും ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാൻ കെൽപില്ല എന്നിരിക്കെ പരാതികൾക്കു പിന്നാലെ പോയാൽപിന്നെ എെൻറ ജോലി നടക്കില്ല. ഞാൻ വീടുവിട്ടിറങ്ങിവന്നത് അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ കഥകൾ ലോകത്തോട് പറയുന്നതിനുവേണ്ടിയാണ്.
ഗൗരി ലങ്കേഷ്
സ്വന്തം ജോലിയിൽ സത്യസന്ധത പുലർത്തുന്ന ഒട്ടുമിട്ട മാധ്യമപ്രവർത്തകരും ഭീഷണിയും അക്രമങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നുണ്ട്. 2017 സെപ്റ്റംബറിലാണ് മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ടത്.ഇതന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം കണ്ടെത്തിയത് കേസിൽ പങ്കാളികളായ 18 പേരും കൊലപാതകങ്ങളെ ഒരു മതഗ്രന്ഥത്തിെൻറ ഉദ്ധരണികൊണ്ട് ന്യായീകരിക്കുന്ന മതമൗലികവാദ സംഘവുമായി ബന്ധപ്പെട്ടവരാണെന്നാണ്. 'തെറ്റുചെയ്യുന്ന ഒരാളെ കൊല്ലുന്നത് പാപമല്ലെന്നും ദുർനടപ്പുകാർക്കെതിരായ ഹിംസ അഹിംസയാണെ'ന്നുമാണ് അവരുടെ ന്യായീകരണം. കൊലപാതകികൾ ഒരു സംഘടിത കുറ്റവാളിസംഘത്തിെൻറ ഭാഗമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു വനിത മാധ്യമപ്രവർത്തകയെ 'ദുർനടപ്പുകാരി'യായി കാണുന്നുവെങ്കിൽ ഇവിടത്തെ പുരുഷാധിപത്യ സമൂഹം അവരെ എത്രമാത്രം ഭയപ്പെടുന്നുണ്ടാവും. മാധ്യമപ്രവർത്തനം കുലസ്ത്രീകൾക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്ന് വർഷങ്ങൾക്കുമുമ്പ് എനിക്ക് ഉപദേശം ലഭിച്ചതിൽ യാതൊരത്ഭുതവുമില്ല.
ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുണ്ട്, തോടിൽ നിന്ന് തല പുറത്തിട്ടാൽ മാത്രമേ ആമക്ക് മുന്നോട്ടുനീങ്ങാൻ കഴിയൂവെന്ന്. ഈ 'തെറിച്ച' പെണ്ണുങ്ങളും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഉൽകൃഷ്ട മാധ്യമപ്രവർത്തനത്തിന് ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ലേഖിക #JournalistsToo എന്ന ഹാഷ്ടാഗിൽ യുനെസ്കോ തയാറാക്കുന്ന പ്രബന്ധ സമാഹാരത്തിനു വേണ്ടി എഴുതിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.