കർണാടക നേടിയാൽ പാതി ജയിച്ചു
text_fieldsഅഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നു മുഖ്യമന്ത്രിമാരാണ് കർണാടക ഭരിച്ചത്. ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ നിലനില്‍ക്കുന്ന ഇവിടെ ഒറ്റ രാത്രികൊണ്ടുപോലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങളെ കൃത്യമായി ഉള്‍ക്കൊണ്ട് അടിയന്തരമായി നടപടികളെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ നേട്ടം കൊയ്യുന്നു. മല്ലികാർജുൻ ഖാര്‍ഗെയുടെ ട്രാക്ക് റെക്കോഡിനൊപ്പം കിടപിടിക്കാന്‍ സാധിക്കുന്ന മറ്റൊരു നേതാവും കർണാടകയിലില്ല
പ്രതിപക്ഷ ഐക്യശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാര്‍ഗെയെ വീട്ടിൽ ചെന്നു കണ്ടത് കഴിഞ്ഞയാഴ്ചയിലെ വാര്‍ത്തകളിലൊന്നായിരുന്നു. എന്നാല്‍, അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യനിരക്ക് ഫലപ്രദമായ നേതൃത്വം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കേണ്ടത് കർണാടകയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനാണ്.
നിരവധി അനുകൂല ഘടകങ്ങള്‍ നിലനില്‍ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു വിധത്തിൽ തിരിച്ചടി നേരിടേണ്ടിവന്നാൽ കോണ്‍ഗ്രസ് അതിന് കനത്തവില നല്‍കേണ്ടിവരും. കർണാടകയിൽ കോൺഗ്രസ് തോറ്റാൽ പ്രതിപക്ഷ ഐക്യശ്രമങ്ങളെ അത് ദോഷകരമായി ബാധിക്കും. ഇപ്പോള്‍ ആവേശത്തോടെ ഒപ്പം നില്ക്കാന് മുന്നോട്ടുവരുന്ന കക്ഷികളിൽ പലരും പിന്നാക്കം പോകാനും സാധ്യതകളേറെയാണ്.
ബംഗാളിൽ നിന്നുള്ള പാഠം
തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ സഖ്യങ്ങളെ എത്രമാത്രം സ്വാധീനിക്കും എന്നറിയാൻ കോൺഗ്രസുകാർ ഒരു നിമിഷം ബംഗാളിലേക്ക് ഒന്നു നോക്കിയാൽ മതി. മുൻ കോൺഗ്രസുകാരിയായ അവിടത്തെ മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പിയേക്കാൾ അവജ്ഞയോടെ കാണുന്ന പാർട്ടികളാണ് കോൺഗ്രസും സി.പി.എമ്മും. എന്നിട്ടും അദാനി വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളിൽ മമത ബാനർജി പങ്കുകൊണ്ടു.
വിശാല പ്രതിപക്ഷ, അല്ലെങ്കിൽ ജനതാൽപര്യം കൊണ്ടാണ് ദീദി അപ്രകാരം ചെയ്തത് എന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. മാർച്ചിൽ നടന്ന സാഗര്‍ദിഘി ഉപതെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തില്‍ മമത പങ്കെടുക്കുമായിരുന്നില്ല എന്ന് നൂറുതരം.
സാഗര്‍ദിഘി ഉപതെരഞ്ഞെടുപ്പ് മമത ബാനര്‍ജിക്ക് നല്കിയ സന്ദേശം വളരെ വലുതാണ്. 2021ലെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണിത്. എന്നാല്‍, രണ്ടു വർഷം തികയുന്നതിനു മുമ്പേ അതേ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർഥിയെ 22,986 വോട്ടിന് ജയിപ്പിച്ചു!
എന്തുകൊണ്ട് ഈ അട്ടിമറി സംഭവിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 63.5 ശതമാനം മുസ്ലിം വോട്ട് ഷെയറുള്ള മണ്ഡലമാണിത്. ഈ ന്യൂനപക്ഷത്തിന്റെ പിന്തുണയാണ് തൃണമൂലിനെ നന്ദിഗ്രാം കാലം തൊട്ടേ സഹായിച്ചുപോരുന്നത്.
എന്നാല്‍, ബി.ജെ.പിയോട് ഇടക്കാലത്ത് മമത ബാനര്‍ജി പുലർത്തിയ മൃദുനിലപാടുകള് തിരിച്ചറിഞ്ഞ് ‘ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ അണിചേരൂ, അല്ലെങ്കില്‍ ഞങ്ങളുടെ പിന്തുണ മറന്നേക്കൂ’ എന്ന വ്യക്തമായ സന്ദേശം ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകി ന്യൂനപക്ഷം.
സാഗര്‍ദിഘിയിലെ വിജയം സാധ്യമാക്കിയതിനു പിന്നിൽ കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവും പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരിയുടെ വ്യക്തിപരമായ ഇടപെടലുകൾ കൂടിയുണ്ട്.
റായ്പുരിൽ നടന്ന സുപ്രധാന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ തന്റെ മാതൃമണ്ഡലമായ മുര്‍ഷിദാബാദിൽ സ്ഥിതിചെയ്യുന്ന ഈ നിയമസഭ മണ്ഡലത്തിൽ രാവും പകലും ചെലവഴിച്ച ചൗധരി സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജവും പ്രദാനം ചെയ്തു. ഭീഷണികള്‍ക്കെതിരെ അചഞ്ചലമായ നിലപാടെടുത്തു.
കൃത്രിമം നടക്കാനുള്ള ഓരോ സാധ്യതയും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് കൃത്യമായ വിവരങ്ങള്‍ നല്കി. ഈ പരിശ്രമങ്ങള്‍ ഫലം കണ്ടു. പശ്ചിമബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് ആദ്യ എം.എല്‍.എയെ ലഭിച്ചു.
മലക്കംമറിയലുകളുടെ ഭൂമിക
അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നു മുഖ്യമന്ത്രിമാരാണ് കർണാടക ഭരിച്ചത്. ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ നിലനില്‍ക്കുന്ന ഇവിടെ ഒറ്റ രാത്രികൊണ്ടുപോലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കാര്യങ്ങളെ കൃത്യമായി ഉള്‍ക്കൊണ്ട് അടിയന്തരമായി നടപടികളെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ നേട്ടം കൊയ്യുന്നു.
മല്ലികാർജുൻ ഖാര്‍ഗെയുടെ ട്രാക്ക് റെക്കോഡിനൊപ്പം കിടപിടിക്കാന്‍ സാധിക്കുന്ന മറ്റൊരു നേതാവും കർണാടകയിലില്ല (ഒമ്പതു തവണ എം.എല്‍.എയായ ഖാർഗെയെ വെട്ടി കോൺഗ്രസ് മുഖ്യമന്ത്രിക്കസേരയിലിരുത്തിയ എസ്.എം. കൃഷ്ണ സംസ്ഥാനത്തുനിന്നും കേന്ദ്രത്തിൽനിന്നും പാർട്ടിയിലൂടെ നേടാവുന്നതെല്ലാം നേടിയ ശേഷം ബി.ജെ.പിയിൽ ചേക്കേറി).
ഈ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെപ്പോലുള്ള ഒരു നേതാവിന്റെ മുഴുസമയ സാന്നിധ്യം തീര്‍ച്ചയായും കർണാടകയിലെ കോണ്‍ഗ്രസ് അണികളെ ഉത്തേജിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. പരസ്പരം പോരടിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അടക്കിനിർത്താൻ കഴിയുന്നതും അദ്ദേഹത്തിനു മാത്രം.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് എല്ലാ അർഥത്തിലും കോണ്‍ഗ്രസിന് നിർണായകമാണ്. ആ ഒരു സംസ്ഥാനത്തെ വിജയം മാത്രം മതി ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുകയറാനുള്ള ശക്തി സംഭരിക്കാൻ. കോൺഗ്രസ് പരാജയപ്പെട്ടുവെന്നു വരുകിൽ കാവിപ്പടയുടെ ശക്തി പതിന്മടങ്ങ് വർധിക്കും. വർധിത വീര്യത്തോടെ അവർ ഭരണത്തുടർച്ചക്കുള്ള കളികൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.