കയറിപ്പറ്റാൻ കത്തുതന്നെ മുഖ്യം...
text_fields1989ൽ എസ്.എസ്.എൽ.സി ജയിച്ചയുടൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരു ചേർത്തതാണ് േകാഴിക്കോട് മേപ്പയ്യൂർ കാരയിൽമുക്ക് സ്വദേശി പുഷ്പ. താൽക്കാലികമായി ആറുമാസത്തെയെങ്കിലും ജോലി. അതായിരുന്നു പ്രതീക്ഷ. പക്ഷേ, 32 വർഷം പിന്നിടുന്നു.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് ഒരു ഇൻറർവ്യു കാർഡ് പോലും പുഷ്പക്ക് ലഭിച്ചിട്ടില്ല. ദലിത് സമുദായാംഗം കൂടിയായ ഇവർക്ക് രണ്ടുവർഷം കൂടി കഴിഞ്ഞാൽ പ്രായപരിധി അവസാനിക്കും. എന്നാൽ, നിരവധി പേർ എക്സ്ചേഞ്ച് വഴി ജോലിയിൽ കയറുന്നത് പുഷ്പക്ക് കാണേണ്ടി വന്നു.
സീനിയോറിറ്റി മറികടന്ന് പലർക്കും ഇൻറർവ്യു കാർഡ് ലഭിച്ചതായി അവർ പറയുന്നു. 1995ലും 2000ലും പേര് രജിസ്റ്റർ ചെയ്തവരെ താൽക്കാലിക ജോലിക്കായി വിളിച്ചു. അതേപ്പറ്റി അന്വേഷിച്ചപ്പോഴെല്ലാം മുമ്പ് രജിസ്റ്റർ ചെയ്തവരാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കബളിപ്പിക്കുകയായിരുന്നുവെന്നും പുഷ്പ പറയുന്നു. സ്ഥലം എം.എൽ.എ കൂടിയായ തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണെൻറ അയൽനാട്ടുകാരിക്കാണ് ഇൗ കാത്തിരിപ്പ് ദുരിതം.
ഇൻറർവ്യൂ കാർഡ് കിട്ടിയാലും പാർട്ടി ഓഫിസിലെ കത്തുമായി വരുന്നവർക്കായിരിക്കും നിയമനത്തിൽ മുൻഗണന. ഏതു വകുപ്പിലാണോ നിയമിക്കേണ്ടത് അവിടെയുള്ള ഉദ്യോഗസ്ഥർക്കും താൽപര്യമുണ്ടെങ്കിൽ നിയമനം എളുപ്പമാണ്.
പുഷ്പയേക്കാൾ സീനിയറായ ഒരു ഹതഭാഗ്യ െകാല്ലത്തുണ്ട്. 1986ലാണ് മൈലക്കാട് സ്വദേശിനി ഷീല എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്തത്. അന്നു മുതൽ രജിസ്ട്രേഷൻ പുതുക്കുന്നു. ഇതുവരെ ഇൻറർവ്യു കാർഡ് കിട്ടിയിട്ടില്ല. 2007ൽ െകാല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫിസിൽ എത്തിയപ്പോൾ 35 കഴിഞ്ഞതിനാൽ ജോലി കിട്ടില്ലെന്ന് പറഞ്ഞ് രേഖകൾ നശിപ്പിച്ചതായി ഷീല പറയുന്നു.
രേഖകൾ നശിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ല. ഷീലക്ക് ജോലിയും കിട്ടിയില്ല. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിരവധി പേർക്ക് ജോലി െകാടുത്തെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും പുഷ്പയും ഷീലയും അടക്കമുള്ളവരുടെ കണ്ണീര് കാണാതിരിക്കാനാവില്ല.
അക്കാദമികൾ; ഇഷ്ടക്കാരുടെ നിയമന വേദി
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളുമായി ബന്ധെപ്പട്ട് പി.വി. അൻവർ എം.എൽ.എ 2019 ജൂലൈ രണ്ടിന് നിയമസഭയിൽ നിരവധി ചോദ്യങ്ങളുന്നയിച്ചിരുന്നു. വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും എക്സ്ചേഞ്ചിൽ അറിയിക്കുന്ന ഒഴിവുകളിൽ സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രായം, മുൻഗണന, സാമുദായിക സംവരണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നാമനിർദേശം ചെയ്ത് പട്ടിക നൽകുകയാണ് ചെയ്യുന്നതെന്നായിരുന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ മറുപടി. തുടർന്ന് ഇൻറർവ്യൂവോ ടെസ്റ്റോ നടത്തി തെരഞ്ഞെടുക്കും. എക്സ്ചേഞ്ചിൽ അറിയിക്കാതെ ചില നിയമനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രിതന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
1959ലെ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട് പ്രകാരം എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെയും പി.എസ്.സി പരിധിക്ക് പുറത്തുവരുന്ന ഒഴിവുകൾ നികത്തേണ്ടത് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴിയാണ്. എന്നാൽ, നിയമനങ്ങൾ തോന്നിയതുപോലെയാണ്. അതത് വകുപ്പുകളിലും സ്ഥാപനങ്ങളിലുമാണ് അട്ടിമറി. തൊഴിൽ വകുപ്പിലെ 12 ക്ഷേമനിധി ബോർഡുകളിലെ നിയമനം ഇതുവരെ പി.എസ്.സിക്ക് വിട്ടിട്ടില്ല. ഇവിടെ നിരവധി താൽക്കാലിക ഒഴിവുകളും ഉണ്ടാകാറുണ്ട്. ഈ ബോർഡുകളിലൊന്നും എക്സ്ചേഞ്ച് നൽകുന്ന പട്ടികയിൽനിന്ന് നിയമനം നടക്കാറില്ല.
പി.എസ്.സി പട്ടിക നിലവിലില്ലെങ്കിൽ എംപ്ലോയ്മെൻറ് എക്സചേഞ്ച് വഴിയേ താൽക്കാലിക നിയമനം നടത്താവൂവെന്ന് കഴിഞ്ഞ നവംബറിൽ ജില്ല എംപ്ലോയ്മെൻറ് ഓഫിസർമാർ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരുന്നു. സംവരണം പാലിക്കുന്നില്ലെന്നായിരുന്നു ഈ നിയമനങ്ങൾക്കെതിരായ പ്രധാന ആക്ഷേപം. വഴിവിട്ട് നിയമനം നേടിയ ഡ്രൈവർമാരെ ചില ജില്ലകളിൽ പിരിച്ചുവിടുകയും ചെയ്തു.
തൃശൂർ സംഗീതനാടക അക്കാദമിയിൽ എംപ്ലോയ്മെൻറ് അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമിച്ച എട്ട് അനധികൃത താൽക്കാലിക ജീവനക്കാരെ കഴിഞ്ഞ മാസമാണ് പിരിച്ചുവിട്ടത്. സാഹിത്യ അക്കാദമി, ലളിതകല അക്കാദമി എന്നിവിടങ്ങളിലെല്ലാം ഇത്തരം 'കലാപ്രകടനം' പതിവാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഈ സംസ്കാരിക സ്ഥാപനങ്ങൾക്ക് മടിയാണ്. അക്കാദമികൾ സ്വന്തക്കാരെ നിയമിക്കും, തരം കിട്ടിയാൽ സ്ഥിരപ്പെടുത്തും എന്നതാണ് രീതി. അങ്ങനെ വന്നുവന്ന് ഒരു അക്കാദമിയിൽ കുടുംബത്തിലെ നാലാമത്തെയാളും സ്ഥിരപ്പെടുത്തൽ വഴിയിലാണ്.
കുടുംബശ്രീയും കെക്സോണും
സർക്കാർ കണക്കിൽ കഴിഞ്ഞ അഞ്ചു വർഷം 51,777പേർക്കാണ് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത്. കൈവല്യ, ശരണ്യ തുടങ്ങിയ പദ്ധതികളിലൂടെ 24,148 പേർക്ക് സ്വയം തൊഴിലിന് സഹായവും നൽകി. 35 ലക്ഷത്തോളം തൊഴിൽരഹിതരാണ് ജോലിക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ പട്ടികജാതി-പട്ടികവർഗക്കാരും ഭിന്നശേഷിക്കാരും ഏറെയാണ്. വിവിധ വകുപ്പുകളിൽ പാർട്ട് ടൈം സ്വീപ്പർ, ഫുൾടൈം സ്വീപ്പർ, മെഡിക്കൽ കോളജുകളിലെ അറ്റൻഡർ ഗ്രേഡ് 2, െഗസ്റ്റ് ഹൗസുകളിലെ വാച്ചർ, സ്റ്റുവാർഡ് തുടങ്ങിയ തസ്തികകളിൽ സ്ഥിരനിയമനമാണ് നടത്തുന്നത്. സ്ഥിരനിയമനമായതിനാൽ ഏറ്റവും കൂടുതൽ ശിപാർശയും കച്ചവടവും ഈ നിയമനങ്ങളിലാണ്. വർഷങ്ങളായി തുടരുന്ന പതിവാണിത്.
മറ്റുള്ളവയെല്ലാം 179 ദിവസത്തേക്കുമാത്രം. ഈ 179 ദിവസമെങ്കിലും ജോലിചെയ്യാൻ കാത്തിരിക്കുകയാണ് മുകളിൽ പറഞ്ഞ പുഷ്പയും ഷീലയും അടക്കമുള്ളവർ. ഇൻറർവ്യു കാർഡ് കിട്ടിയാലും ജോലി ഉറപ്പിക്കാനാവില്ല. പാർട്ടി ഓഫിസിലെ കത്ത് നിർബന്ധമാണ്. സ്കൂളുകളിലും ആശുപത്രികളിലും നിരവധി പേരെയാണ് താൽക്കാലികമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലൂെട നിയമിച്ചിരുന്നത്. ഇപ്പോൾ ആശുപത്രി വികസന സമിതിയും പി.ടി.എയും നിയമനം നടത്തുേമ്പാൾ രാഷ്്ട്രീയ സ്വാധീനത്തിനാണ് പ്രാധാന്യം.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെ കാഴ്ചക്കാരാക്കി കുടുംബശ്രീയിലൂടെ നിയമനത്തിനും ഇൗ സർക്കാർ മുതിർന്നിരുന്നു. ഡാറ്റ എൻട്രി ഓപറേറ്റർ, ഹെൽപർ തസ്തികകളിൽ 38 പേരെ നിയമിക്കാനാണ് കുടുംബശ്രീയുമായി കരാറുണ്ടാക്കിയത്. ഡാറ്റ എൻട്രി ഓപറേറ്റർക്ക് 740ഉം ഹെൽപർക്ക് 645ഉം രൂപയാണ് പ്രതിദിന വേതനം. ടെണ്ടർപോലുമില്ലാതെയാണ് എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിെൻറ പണി കുടുംബശ്രീക്ക് കൊടുത്തത്.
പാർട്ട്ടൈം സ്വീപ്പർ തസ്തികയില്ലാത്ത സർക്കാർ ഓഫിസുകളിലും നൂറ് ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള ഓഫിസുകളിലും പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ കുടുംബശ്രീ വഴി നിയമിക്കാമെന്ന ഉത്തരവുണ്ട്. ശുചീകരണ ജോലിക്ക് കുടുംബശ്രീയിൽ നിന്നും സെക്യൂരിറ്റി ജോലിക്ക് വിമുക്ത ഭടന്മാരുടെ സ്ഥാപനമായ കെക്സോണിൽനിന്നും നിയമനത്തിന് തീരുമാനിച്ചിരുന്നു. വിവാദമായതിനാൽ സർക്കാർ പിൻവലിയുകയായിരുന്നു.
അവസാനിച്ചു?
തയ്യാറാക്കിയത്:
സി.പി.ബിനീഷ്, കെ.നൗഫൽ, അനിരു അശോകൻ, നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.