അന്തസ്സോടെയാണ് ഞാനീ കോടതി വിട്ടിറങ്ങുന്നത്
text_fieldsരാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പദത്തിൽനിന്ന് വിരമിക്കവെ ജസ്റ്റിസ് ആകിൽ എ. ഖുറൈശി നടത്തിയ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിെൻറ സംഗ്രഹം
ഞാനിവിടെ നിൽക്കുന്നത് സമ്മിശ്ര വികാരങ്ങളോടെയാണ്. മുന്നിലേക്ക് നോക്കുമ്പോൾ വായുവിൽ പുതുമയും സ്വാതന്ത്ര്യവും മണക്കുന്നു. പിന്തിരിഞ്ഞുനോക്കുമ്പോൾ ഓർമകൾ തിരതല്ലുന്നു. പഴമ്പുരാണം പറഞ്ഞ് മുഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ആകിലിനെ ജസ്റ്റിസ് ഖുറൈശിയാക്കി മാറ്റിയ ആളുകളെ പരാമർശിക്കാതിരുന്നാൽ അത് പോരായ്മയാവും. ആകയാൽ അൽപം ഭൂതകാലം പറയാൻ അനുവദിക്കുക.
മനസ്സ് അരനൂറ്റാണ്ട് പിറകിലേക്ക് പോകുന്നു. ഗുജറാത്ത് ഹൈകോടതി വളപ്പിലന്ന് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കനത്ത സന്നാഹങ്ങളോടെ പൊലീസ് ഒരാളെ അറസ്റ്റുചെയ്ത് വാനിലേക്ക് കയറ്റുന്നതും അന്തരീക്ഷത്തിൽ ആവേശം അലതല്ലുന്നതും സ്കൂൾ പ്രായം കഴിഞ്ഞിട്ടില്ലാത്തൊരു ബാലൻ ശ്വാസമടക്കി കണ്ടുനിന്നു. അത് നടന്ന1974ൽ വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായ വിദ്യാർഥികളുടെ നവനിർമാൺ പ്രക്ഷോഭം ഉച്ചസ്ഥായിയിലായിരുന്നു. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) നിയമം ചുമത്തി ആക്ടിവിസ്റ്റുകളെ തടവിലാക്കി ഭരണകൂടം തിരിച്ചടിച്ചു. എതിർശബ്ദങ്ങളെ ഒതുക്കാനുള്ള രാജ്യദ്രോഹ നിയമം അന്നത്തെ ഭരണാധികാരികൾ കണ്ടെത്തിയിരുന്നില്ല.
ഒളിപ്രവർത്തനം നടത്തിയിരുന്ന പ്രക്ഷോഭകാരികളിലൊരാൾ, ഗിരീഷ് ഭായ് പട്ടേൽ തടങ്കൽ നിയമം ചോദ്യംചെയ്ത് ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്യാൻ രംഗപ്രവേശം ചെയ്തു. പൊടുന്നനെ തന്നെ പൊലീസ് അദ്ദേഹത്തെ പിടികൂടി. കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് വാനിനുള്ളിൽനിന്ന് അദ്ദേഹം തീരെ ചെറിയൊരു പ്രസംഗം നടത്തി. അഴിമതിക്കാരായ ഭരണവർഗത്തിന്റെ ഭീഷണിക്കുമുന്നിൽ തലകുനിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. നീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടവും അതിനെ പിന്തുണക്കാൻ കോടതികൾക്കുണ്ടായിരുന്ന വിപുലമായ അധികാരവും കണ്ട ആ നിമിഷം മുതൽ നിയമത്തോടുള്ള എന്റെ പ്രണയത്തിന് തുടക്കമായി.
എന്റെ കരിയറിൽ പലരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പിതാവ് അഹ്മദാബാദിൽ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. ഞാൻ നിയമമേഖലയിൽ ചേരുന്നതിൽ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. ഇഷ്ടവിഷയമായ ഗണിതശാസ്ത്രമായിരിക്കും എനിക്ക് സന്തോഷകരമാവുകയെന്നാണ് അദ്ദേഹം കരുതിയത്. കാര്യമായ പഠനം വേണ്ടതില്ലെന്ന് തെറ്റിദ്ധരിച്ച് ഞാൻ നിയമ കോഴ്സിന് ചേർന്നു, ആ പ്രക്രിയക്കുവേണ്ടി ഞാൻ ആജീവനാന്ത പഠനം നടത്തേണ്ടി വരുമെന്ന് മനസ്സിലാക്കാതെ.
ഇരുപതു വർഷത്തെ പ്രാക്ടിസിനുശേഷമാണ് ജസ്റ്റിസ് ആർ.കെ. അഭിചന്ദാനിയുടെ സുപ്രധാന വിളി എനിക്കെത്തുന്നത്. കൂടുതൽ മുഖവുരകളില്ലാതെ അദ്ദേഹം കാര്യം പറഞ്ഞു. ഹൈകോടതിയിലേക്ക് നിയമിതനാവുന്നതിൽ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഉവ്വ് എന്ന് പറയുന്നതിന് അരനിമിഷം പോലുമെടുത്തില്ല. ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ട ആ സംഭാഷണം എന്റെയും കുടുംബത്തിന്റെയും ജീവിതംതന്നെ മാറ്റിമറിക്കുമെന്ന് അന്ന് ഞാൻ കരുതിയിട്ടേയില്ല. എന്റെ സീനിയർമാരായ ജഡ്ജിമാരിൽനിന്ന് ഞാൻ പലതും പഠിച്ചു. അനുഗൃഹീതമായ 14 വർഷം ഗുജറാത്ത് ഹൈകോടതിയിൽ ചെലവിട്ട ശേഷമാണ് ഒരു വർഷത്തേക്ക് മുംബൈയിലേക്ക് പോയത്. ആ ചെറിയ കാലയളവിനുള്ളിൽ, എനിക്ക് ആജന്മ സുഹൃത്തുക്കളെത്തന്നെ ലഭിച്ചു. ജോലി വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രഫഷനലിസവും തൊഴിൽ നൈതികതയും മികച്ചതായിരുന്നു. സാംസ്കാരികവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ വളരെ പ്രകടമായ ത്രിപുരയുടെ ഹൈകോടതി ചീഫ് ജസ്റ്റിസായി അഗർത്തലയിലേക്ക് പോയത് കണ്ണു തുറപ്പിക്കുന്ന അനുഭവമായിരുന്നു. അഖിലേന്ത്യ ജുഡീഷ്യൽ സർവിസിനോടുള്ള എന്റെ എതിർപ്പിനെ ത്രിപുര അനുഭവം ബലപ്പെടുത്തി.
ഒടുവിൽ, കഴിഞ്ഞ അഞ്ചു മാസമായി എന്നോട് രാജസ്ഥാൻ ഹൈകോടതിയെ നയിക്കാൻ നിയോഗിച്ചു. ഒരുപക്ഷേ, എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലമായിരുന്നു ഇത്.
കോടതികൾ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം പൗരാവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്. ഇതുവരെ, ഇന്ത്യക്ക് 48 ചീഫ് ജസ്റ്റിസുമാർ ഉണ്ടായിട്ടുണ്ട്, എന്നാൽ പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പുലർത്തിയ ധീരതയെയും ത്യാഗത്തെയും കുറിച്ച് പറയുമ്പോൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന, ആകാതെപോയ ഒരാളെ നാം ഓർക്കുന്നു. എ.ഡി.എം ജബൽപൂർ വിധിയിലെ തിളങ്ങുന്ന വിയോജിപ്പിന്റെ പേരിൽ ജസ്റ്റിസ് എച്ച്.ആർ. ഖന്ന എന്നും ഓർമിക്കപ്പെടും. അടുത്തിടെ ഇന്ത്യയുടെ ഒരു മുൻ ചീഫ് ജസ്റ്റിസ് തന്റെ ജീവിതമെഴുതിയിട്ടുണ്ട്. അത് ഞാൻ വായിച്ചില്ല, പക്ഷേ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തിയതായറിഞ്ഞു. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എന്നെ ശിപാർശ ചെയ്തത് ത്രിപുരയിലേക്കാക്കി മാറ്റിയത് ജുഡീഷ്യൽ നിലപാടുകളുടെ പേരിൽ സർക്കാറിന് എന്നെക്കുറിച്ച് നിഷേധാത്മകമായ ചില ധാരണകൾ ഉണ്ടായിരുന്നതുകൊണ്ടാണെന്ന്. പൗരജനങ്ങളുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്നത് ഏറ്റവും പ്രാഥമികമായ കടമയായ ഭരണഘടനാ കോടതിയിലെ ജഡ്ജി എന്ന നിലയിൽ, ഞാൻ അതിനെ യോഗ്യതാപത്രമായി കണക്കാക്കുന്നു. എന്നെ സംബന്ധിച്ച ധാരണ എന്തായിരുന്നു എന്നത് എന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ എനിക്കറിയില്ല.
യുവഅഭിഭാഷകരെ, എപ്പോഴും നിങ്ങൾ നിങ്ങളുടെ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുക, കാരണം നേരായ പാതയിലൂടെ നിങ്ങൾ ലക്ഷ്യത്തിലെത്തുമ്പോൾ ആ വിജയം മധുരം നിറഞ്ഞതായിരിക്കും. വിട്ടുവീഴ്ചകളിൽ അധിഷ്ഠിതമായ വിജയത്തേക്കാൾ, തത്ത്വാധിഷ്ഠിതമായ ജീവിതത്തിന്റെ ഫലമായ പരാജയം സംതൃപ്തി നൽകുന്നു. അതെ, മറ്റുള്ളവരോട് ദയയും സൗമ്യതയും പുലർത്തുക, വെറുപ്പും അവിശ്വാസവും കൊണ്ടുനടക്കാൻ തക്ക വലുപ്പമില്ല നമ്മുടെ ജീവിതത്തിന്.
ഞാൻ ചേരുമ്പോൾ ഹൈകോടതിയിൽ 36 ജഡ്ജിമാരുണ്ടായിരുന്നു. ആ എണ്ണം പിന്നീട് ഉയർന്നതായി ഞാൻ കരുതുന്നില്ല. ഈ കാലയളവിൽ, ജോലി പലമടങ്ങ് വർധിച്ചു. ഇത് ന്യായാധിപരുടെമേൽ മനുഷ്യത്വരഹിതമായ ഭാരം അടിച്ചേൽപിക്കുന്നു. നിയമനത്തിനായി ഹൈകോടതി ശിപാർശ ചെയ്ത അഭിഭാഷകരുടെ പട്ടിക സുപ്രീംകോടതി വെട്ടിച്ചുരുക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ഹൈകോടതിയും സുപ്രീംകോടതിയും തമ്മിലെ ധാരണയിലെ ഈ വ്യത്യാസത്തിന്റെ കാരണം എന്തുതന്നെയായാലും, അത് വേഗത്തിൽ പരിഹരിക്കപ്പെടണം, അല്ലാത്തപക്ഷം, ബെഞ്ചിൽ ചേരാൻ നല്ല അഭിഭാഷകരെ പ്രേരിപ്പിക്കുന്നത് നമുക്ക് കൂടുതൽ പ്രയാസകരമാവും.
എനിക്ക് എന്തെങ്കിലും പശ്ചാത്താപമുണ്ടോ? ഒരിക്കലുമില്ല. എന്റെ ഓരോ തീരുമാനവും എന്റെ നിയമപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. എനിക്ക് തെറ്റുപറ്റിയിരിക്കാം; പല അവസരങ്ങളിലും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരിക്കൽപോലും നിയമപരമായ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച് ഞാൻ തീരുമാനമെടുത്തിട്ടില്ല. ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ കണക്കിലെടുത്ത് ഞാൻ ഒരു തീരുമാനവും എടുത്തില്ല എന്ന അഭിമാനത്തോടെയാണ് ഞാൻ വിടപറയുന്നത്.
ഞാൻ കൂടുതൽ പുരോഗതി കൈവരിക്കേണ്ടിയിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. എന്താണ് പുരോഗതി ഒരാൾ കരുതുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. പോകുന്നിടത്തെല്ലാം അഭിഭാഷകരിൽ നിന്നും എന്റെ സഹപ്രവർത്തകരിൽനിന്നും എനിക്ക് ലഭിച്ച പിന്തുണയും സ്നേഹവും വാത്സല്യവും പ്രകടമായ പുരോഗതിയെക്കാൾ വളരെ വലുതാണ്. അതിനു പകരംവെക്കാൻ മറ്റൊന്നിനുമാവില്ല. എന്നെങ്കിലും നിങ്ങളുടെ വാത്സല്യവും പുരോഗതിയും തമ്മിൽ ഒരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ, ഞാൻ സന്തോഷത്തോടെ ആദ്യത്തേത് തിരഞ്ഞെടുക്കും.
ഞാൻ കുറച്ച് തെറ്റുകൾ വരുത്തിയിട്ടുണ്ട്. അവ തിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നു.
ഒന്നാമതായി, ഞാൻ പലപ്പോഴും അഭിഭാഷകരോടും ജീവനക്കാരോടും അക്ഷമനായിരുന്നു, അത് എന്റെ വ്യക്തിപരമായ പരാജയമാണ്. ഞാൻ നിരുപാധികം ക്ഷമാപണം നടത്തുന്നു.
രണ്ടാമത്തേത് എന്നോടു തന്നെയാണ്. താരതമ്യേന ചിട്ടയുള്ള ജോലി സമയം കഴിഞ്ഞ് ദീർഘദൂര ഓട്ടം എന്ന എന്റെ ഹോബി തുടരാൻ കഴിഞ്ഞു. എന്നാൽ, മറ്റു രണ്ട് അഭിനിവേശങ്ങൾ കുതിര സവാരിയും ഗണിതവും തുടരാൻ കഴിഞ്ഞില്ല. അവ പുനരാരംഭിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.
എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ഒരുപാട് ഉത്തരവാദിത്തങ്ങൾ നിറവേറപ്പെടാതെ പോയി. എന്റെ ശപഥത്തിൽ വിശ്വസ്തത പുലർത്താനുള്ള ശ്രമത്തിനിടെ ഞാൻ അവരോട് അനീതി ചെയ്തു. കഴിഞ്ഞ 18 വർഷമായി കുടുംബത്തിലെ പല നിർണായക സന്ദർഭങ്ങളിലും ഞാൻ ഇല്ലായിരുന്നു. എനിക്ക് അത് തിരുത്താൻ കഴിയില്ല; എന്നാൽ അടുത്ത 18 വർഷം അല്ലെങ്കിൽ അവശേഷിക്കുന്ന കാലം വ്യത്യസ്തമായിരിക്കും.
എനിക്ക് ലഭിച്ച ഏതൊരു വിജയമാണെങ്കിലും അത് സാധ്യമാക്കിയത് സ്വന്തം ജീവനേക്കാൾ എന്റെ പ്രതിച്ഛായക്ക് വിലകൽപിച്ച സുഹൃത്തുക്കളും എന്നോട് ഒന്നുമാവശ്യപ്പെടാതിരുന്ന എന്റെ കുടുംബവുമാണ്.
എല്ലാവരിൽ നിന്നും സ്നേഹവും വാത്സല്യവുമേറ്റുവാങ്ങി, ഒരുപാട് നല്ലോർമകളുമായി, എന്റെ കുടുംബത്തിന്റെ അന്തസ്സ് നിലനിർത്തി, എന്റെ മനഃസാക്ഷിയോട് വ്യക്തത പുലർത്തിയാണ് ഞാനിവിടം വിട്ടുപോകുന്നത്. ജീവിതത്തിൽ ഏറ്റവും അസാധാരണവും വെല്ലുവിളി നിറഞ്ഞതും കൗതുകകരവുമായ 18 വർഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്, ആ കാലം എന്റെ കുടുംബവും സുഹൃത്തുക്കളും വളരെയേറെ സമ്മർദത്തിലുമാക്കി. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ജീവിതം റിവൈൻഡ് ചെയ്ത്, ഇതേ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി വീണ്ടും ജഡ്ജി പദം വാഗ്ദാനം ചെയ്യപ്പെട്ടാൽ ഞാനത് വീണ്ടും വീണ്ടും സ്വീകരിക്കുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.