മരണമില്ലാത്ത പോരാട്ടങ്ങള്‍
text_fieldsവിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയുള്ള നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, ഒരിക്കല്‍ പരിചയപ്പെട്ടവരെ ഓര്‍ത്തിരിക്കാനുള്ള കഴിവ്, കഠിന പ്രയത്നം, സ്ഥിരോത്സാഹം. അതായിരുന്നു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും 'പി.ടി' എന്ന രണ്ടക്ഷരത്തില്‍ വിളിക്കുന്ന പി.ടി തോമസ്. അദ്ദേഹമെനിക്ക് സഹപ്രവര്ത്തകന് മാത്രമല്ല, ഇളയസഹോദരൻ തന്നെയായിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ ഏറെക്കാലം വേണ്ടി വരും.
ഇടുക്കി ജില്ലയിലെ ഉപ്പുതോട് ഗ്രാമത്തില്‍ നിന്ന് 20 കി.മീ നടന്നാണ് പി.ടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആ ഗ്രാമമാണ് പി.ടിയെ ഒരു പോരാളിയായി നഗരത്തിലേക്ക് യാത്രയാക്കിയത്. 1970കളില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീ ഡിഗ്രി പഠനത്തിനെത്തിയ പി.ടിയോട് അന്നുമുതല്‍ ഇഷ്ടമായിരുന്നു.
കോണ്‍ഗ്രസ് ജീവവായു
കെ.എസ്.യുവിൽ തുടങ്ങി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് വരെ എത്തിയ രാഷ്ട്രീയ ജീവിതം. പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ക്കും വേദനകള്‍ക്കും കൈയും കണക്കുമില്ല. എതിരാളികളുടെ മര്‍ദനവും പൊലീസ് മര്‍ദനവുമൊക്കെ പലവട്ടം ഏറ്റുവാങ്ങിയാണ് ഈ ജനനേതാവ് ഉദയം ചെയ്തത്.
പി.ടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കെ.എസ്.യു അതിെൻറ മുഴുവന്‍ പോരാട്ടവീര്യവും പുറത്തെടുത്തത്. സ്ഥിരമായി ക്യാമ്പുകള്‍ നടത്തി വിദ്യാർഥികളെ പരിവര്ത്തനോന്മുഖമാക്കി. കേരളത്തിലെ ഒട്ടുമിക്ക കോളജുകളിലും ദീപശിഖാംഗിത നീലപ്പതാക പാറിപ്പറന്നു.
കൊമ്പുകോര്‍ക്കല്‍
മുഖം നോക്കാതെയുള്ള പോരാട്ടം വിദ്യാർഥി നേതാവായിരിക്കുമ്പോള് തന്നെ തുടങ്ങിയിരുന്നു. കെ. കരുണാകരന് മുഖ്യമന്ത്രിയും പി.ടി. തോമസ് കെ.എസ്.യു പ്രസിഡന്റുമായിരിക്കെ നടന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ പി.ടി നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിെൻറ അജ്ഞതകൊണ്ടാണ് ഈ നിലപാടെന്നും കൊക്കിനു ജീവനുണ്ടെങ്കില്‍ സർക്കാർ തീരുമാനം നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ കെ.എസ്.യുവിെൻറ പോരാട്ടം നേരിടാനും തയാറാവേണ്ടി വരുമെന്നായിരുന്നു പി.ടിയുടെ മറുപടി.
മൂന്നു തവണ എം.എൽ.എയും ഒരു തവണ എം.പിയുമായത് കടുത്ത പോരാട്ടങ്ങളിലൂടെയാണ്. സംഘാടനമികവുകൊണ്ടാണ് അദ്ദേഹം കടുകട്ടി സീറ്റുകളില്‍ ജയിച്ചുവന്നത്. സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ നിയോഗിച്ചതും തോമസിനെയാണ്. അന്ന് സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് ചെറുതും വലുതുമായ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ഗ്രാൻറ് നിശ്ചയിക്കുന്നതിന് മാനദണ്ഡം രൂപപ്പെടുത്തുകയും ചെയ്തു.
പരിസ്ഥിതിക്കുവേണ്ടി
അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പഠിക്കുന്നതിനുള്ള നിയമസഭ സമിതിയില്‍ അംഗമായിരിക്കെ, മുല്ലപ്പെരിയാര്‍, പറമ്പിക്കുളം-ആളിയാര്‍ കരാറുകള്‍ സംബന്ധിച്ച് ആഴത്തില്‍ പഠിച്ചു. പിന്നീട് ലോക്സഭാംഗമായപ്പോഴും മുല്ലപ്പെരിയാര്‍ പ്രശ്നം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.
പശ്ചിമഘട്ട സംരക്ഷണത്തിലടക്കം പി.ടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ അദ്ദേഹത്തിനു വിട്ടുവീഴ്ചകളില്ല. വീറോടെയെടുക്കുന്ന നിലപാടുകളില്‍ ഒരു മയവുമില്ല. ശരി എന്നു തോന്നുന്നത് വിളിച്ചുപറയുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് പാര്‍ട്ടിക്കകത്താണെങ്കിലും പുറത്താണെങ്കിലും. ചില കാര്യങ്ങളില്‍ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും അത് അദ്ദേഹം വിശ്വസിക്കുന്ന വിഷയത്തിലെ ആത്മാർഥത കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഭിന്നതകള്‍ സ്ഥായിയായിരുന്നില്ല.
വ്യക്തിപരമായ ലാഭനഷ്ടങ്ങള്‍ ഒരിക്കലും നോക്കാത്ത അചഞ്ചല നിലപാടുകളാണ് കേരളം രാഷ്ട്രീയത്തിന് അതീതമായി പി.ടിയെ ഇഷ്ടപ്പെടാന്‍ കാരണം. കോണ്‍ഗ്രസിെൻറ പോരാട്ട ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമാണ് അടയുന്നത്. വരും തലമുറകള്‍ ഈ പോരാട്ടം ഏറ്റെടുക്കുമ്പോള്‍ പി.ടിയുടെ ജീവിതവും നിയോഗവും സഫലമാകുമെന്നുറപ്പ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.