വിറകിനും പച്ചിലക്കും വേണ്ടിയുള്ള കാടകം സമരം; സ്മരണകൾക്കായി ഒരുങ്ങുന്നു ചിത്രചത്വരം
text_fieldsകാസർകോട്: പാവപ്പെട്ടവർ വീട്ടിലേക്കും കൃഷിക്കും ആവശ്യമായ വിറകും പച്ചിലയും ശേഖരിക്കാനുള്ള അവകാശം നിലനിർത്തുന്നതിനുവേണ്ടിയുള്ള സമരമായിരുന്നു കാടകംവന സത്യഗ്രഹം. കാസർകോട് ജില്ലയുടെ വടക്കുഭാഗത്ത് കർണാടകയോട് ചേർന്നുകിടക്കുന്ന കാടകത്ത് നടന്നതായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന ഈ ഏട്. ബ്രിട്ടീഷുകാർ നടപ്പാക്കിയ വനനിയമത്തിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധസമരം. പരമ്പരാഗതമായി വനത്തിൽനിന്ന് വിറകും പച്ചിലകളും ശേഖരിക്കാൻ അനുവാദമുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ വനനിയമത്തിലൂടെ ഈ അവകാശങ്ങൾ നീക്കംചെയ്യപ്പെട്ടു. ഈ നീതിനിഷേധത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിലാണ് കാടകം വനത്തിൽ സമരം ആരംഭിച്ചത്.
നിയമം ലംഘിച്ച് വനത്തിൽ കടന്ന് മരം മുറിക്കുക, മുറിച്ച മരങ്ങൾ വിൽക്കുക എന്നതായിരുന്നു സമര രീതികൾ. സമരക്കാർ സർക്കാർവക വനത്തിൽ കയറി ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു. സർക്കാർ ഇതിനെ ഗൗരവമായിക്കണ്ടു. മലബാർ കലക്ടറുടെ നിർദേശപ്രകാരം സമരക്കാരെ അടിച്ചമർത്താൻ പൊലീസ് കാടകം ഭാഗത്തേക്കു നീങ്ങി. സമരം വേണ്ടത്ര ആളുകളുടെ കുറവു മൂലം മന്ദഗതിയിലായിരുന്നു. ഈ സമയത്ത് പി. കൃഷ്ണപിള്ളയും കെ.എ. കേരളീയനും സമരമുഖത്തെത്തി. മലബാറിൽനിന്ന് കാടക സമരമുഖത്തേക്ക് ജാഥകൾ പുറപ്പെട്ടു. കാടകത്തേക്ക് സന്നദ്ധപ്രവർത്തകർ എത്തിത്തുടങ്ങി. അവർ ഒരു ആഗസ്റ്റ് 15ന് ഒരു ഫോറസ്റ്റ് ബംഗ്ലാവ് കൈയേറുകയും അവിടെനിന്ന് ചന്ദനമരങ്ങൾ വെട്ടിമുറിച്ച് വിൽക്കുകയും ചെയ്തു.
വനസത്യഗ്രഹം തുടങ്ങി രണ്ടുമാസം തികയുന്ന ദിവസം സത്യഗ്രഹികൾ വനനിയമ ലംഘനദിനമായി കൊണ്ടാടി. പൊലീസ് ക്രൂരമായ മർദനം അഴിച്ചുവിട്ടു. ആഗസ്റ്റ് 24നു നിയമം ലംഘിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്തവരിൽ കെ.എൻ. കുഞ്ഞിക്കണ്ണൻ നായർക്ക് കോടതി പിരിയുന്നവരെ തടവു വിധിച്ചു. സി. കൃഷ്ണൻ നായർ, കെ.വി. കണ്ണൻ എന്നിവർക്ക് നാലുമാസത്തെ കഠിന തടവും വിധിച്ചു. ഇതുകൊണ്ടൊന്നും സമരത്തെ തോൽപ്പിക്കാൻ സർക്കാറിനു കഴിഞ്ഞില്ല. ആഗസ്റ്റ് 31ന് ബംടാജ് എന്ന സ്ഥലത്തും വനസമരം അരങ്ങേറി.
സമരാനുകൂലികൾ 45 മരങ്ങൾ മുറിച്ചു. നിയമലംഘന പ്രസ്ഥാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്ര ഭൂമികയായ കാടകത്ത് വനസത്യഗ്രഹ സമരത്തിന്റെ ഓർമകൾ പുതുക്കാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്താണ് സമര ചത്വരം നിർമിക്കുന്നത്.
വനസത്യഗ്രഹസ്മൃതി സ്ക്വയർ, ശിൽപങ്ങൾ, മ്യൂസിയം എന്നിവ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.