നീതിയുടെ ഗോദയിൽ
text_fields2023 ജനുവരി 19ന് ആരംഭിച്ച ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആറുമാസം പിന്നിടുകയാണ്. ഏറ്റവുമൊടുവിൽ അന്വേഷണം ജൂൺ 15നകം തീർക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ സമരം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടരും. ലോകശ്രദ്ധ നേടിയ നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും സംസാരിക്കുന്നു...
തന്നോളംപോന്ന എതിരാളിയെ കരുത്തുകൊണ്ട് കീഴ്പ്പെടുത്തി വായുവിൽ ഉയർത്തി മലർത്തിയടിക്കുന്നവരാണ് ഗുസ്തിയിലെ വിജയി. എതിരാളിക്കുമുമ്പ് ഫയൽവാൻ ഉള്ളിലെ ഭയത്തെയും ആശങ്കയെയും കീഴ്പ്പെടുത്തും. അങ്ങനെ ലോക വേദികളിൽ രാജ്യത്തിനായി എതിരാളികളെ മലർത്തിയടിച്ച് അഭിമാനനേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങളിന്ന്, അവർക്കും ഭാവിതലമുറക്കും വേണ്ടി നീതി തേടി ഭരണാധികാരികളോട് കലഹിക്കുകയാണ്.
തലസ്ഥാന നഗരിയിലെ പൊതുനിരത്തിൽ വിയർത്തൊലിച്ച് നീതിക്കുവേണ്ടി പൊരുതുന്ന കായികതാരങ്ങൾ, കായികപ്രേമികളുടെ ഉള്ളുപൊള്ളിക്കുന്ന കാഴ്ചയാണ്. ‘ജബ് ജബ് മോദി ഡർതാ ഹേ, പൊലീസ് കോ ആഗെ കർത്താ ഹേ’ (എപ്പോെഴല്ലാം മോദി ഭയക്കുന്നോ, പൊലീസിന് പിന്നിലൊളിക്കുന്നു) എന്ന മുദ്രാവാക്യമാണ് രാജ്യ തലസ്ഥാനത്ത് നിന്നിപ്പോൾ നിരന്തരം കേൾക്കുന്നത്. 37 ദിവസമാണ് ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ രാപ്പകൽ സമരം നടത്തിയത്.
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും യു.പിയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുരുതര ലൈംഗിക അതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ്, ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രാപ്പകലില്ലാതെ മാസങ്ങളോളം സമരം നടത്തുന്നത്.
2023 ജനുവരി 19ന് ആരംഭിച്ച പ്രതിഷേധം ആറുമാസം പിന്നിടുകയാണ്. ഏറ്റവുമൊടുവിൽ, അന്വേഷണം ജൂൺ 15നകം തീർക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ സമരം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സമരം വീണ്ടും തുടരും. ലോകശ്രദ്ധ നേടിയ നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും സംസാരിക്കുന്നു...
കലഹം അനീതിയോട് മാത്രം; വിനേഷ് ഫോഗട്ട്
'ഞങ്ങൾ ഈ മെഡലുകൾ എല്ലാം നേടിയത് ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയാണോ, ഞങ്ങൾ നേരിട്ട്, അനുഭവിച്ച കാര്യങ്ങളാണ് രാജ്യത്തിനു മുന്നിൽ വിളിച്ചുപറഞ്ഞത്. ഞങ്ങൾ ഇന്ന് മിണ്ടാതിരുന്നാൽ നാളെ കായികലോകം സ്വപ്നം കണ്ട് മുന്നോട്ടുവരുന്ന നിരവധി പെൺകുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും ആ നിശ്ശബ്ദത. അതിനാൽ, ഞങ്ങൾക്ക് അത് സാധ്യമല്ല. ഞങ്ങളെ ഇല്ലാതാക്കണമെങ്കിൽ അത് ചെയ്തോളൂ.
പക്ഷേ, നീതിക്കായുള്ള ഈ സമരത്തിൽനിന്ന് ഒരുതരിപോലും പിറകോട്ടു പോകില്ല. നീതിക്കായി സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ അവരെ ലക്ഷ്യമിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകൾ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോൾ അത് പലർക്കും ഇഷ്ടമല്ലാതാകുന്നു. ബ്രിജ്ഭൂഷണിന്റെ പെരുമാറ്റത്തെക്കുറിച്ചും ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ഞങ്ങൾ നിരന്തരം പറയുന്നുണ്ടായിരുന്നു.
ഗുസ്തി ഫെഡറേഷനോട് ആയിരുന്നു ആദ്യം ഇക്കാര്യങ്ങൾ അറിയിച്ചത്, എന്നാൽ, മറുപടികൾ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പൊലീസിൽ പരാതി നൽകുന്നതിനുമുമ്പ് പലതവണ നടപടി ആവശ്യപ്പെട്ട് സമരം നടത്തി. എന്നാൽ, ഞങ്ങൾ പറയുന്നതെല്ലാം കള്ളമെന്ന് മുദ്രകുത്തി പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.
ചുറ്റും സമ്മർദങ്ങൾ ഉയർന്നിട്ടും എവിടെ നിന്നോ ഞങ്ങൾക്ക് ധൈര്യം കിട്ടി. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്നിന്ന് ഒരടിപോലും പിന്നോട്ടുപോവില്ല. സമരങ്ങളെക്കുറിച്ച് കുറെ വ്യാജ വാര്ത്ത വരുന്നുണ്ട്. വാർത്തകൾ കൊടുക്കുന്നവര്ക്ക് ഞങ്ങളുടെ മാനസിക സംഘര്ഷം അറിയില്ല. മാധ്യമങ്ങള്ക്ക് ഭയം കാണും, ഞങ്ങള്ക്ക് അതില്ല. ഭരണസംവിധാനത്തെ വലിയൊരു വിഭാഗത്തിന് ഇന്നും വലിയ ഭയമാണ്.
എന്നാൽ, ഞങ്ങൾക്ക് അതില്ല. രാജ്യത്തിനായി മെഡലുകൾ വാങ്ങി നെഞ്ചോട് ചേർത്തുപിടിച്ചപ്പോഴെല്ലാം വലിയ അഭിമാനം തോന്നിയിരുന്നു. രാജ്യം ഒപ്പമുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നതെല്ലാം ആ ആത്മവിശ്വാസം തകർക്കുന്നതാണ്.
ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിച്ചാലും വിഷമകരമായ സമയങ്ങൾ നേരിടേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ കരിയറിൽ മാത്രമല്ല, അതിനുശേഷവും. അതെല്ലാം മുന്നിൽക്കണ്ടുകൊണ്ട് കൂടിയാണ് ഈ സമരമെന്ന് ഞങ്ങളെ എതിർക്കുന്നവർ ഓർക്കണം. ബ്രിജ് ഭൂഷൺ ഒന്നല്ല, നിരവധിയാണ്. ഇത്രയധികം പേർക്കെതിരെ നമുക്ക് എങ്ങനെ പോരാടാനാകും? എന്നാൽ, നമുക്ക് ഒന്നിനെ വിജയകരമായി നേരിടാൻ കഴിഞ്ഞാൽ അതുതന്നെ വലിയ കാര്യമായിരിക്കും.
വഴിയിൽ നിരവധി തടസ്സങ്ങളുണ്ട്. ഒരു തടസ്സം നീങ്ങിയാൽ മറ്റൊന്ന് വരും. പക്ഷേ, എല്ലാ അത്ലറ്റുകളും ഒരുമിച്ചാൽ, ശക്തി സംഭരിച്ചാൽ നമുക്ക് പോരാടാൻ സാധിക്കും. പിന്നെ ആർക്കും ഒരു കായിക താരത്തെയും ഒന്നും ചെയ്യാൻ കഴിയില്ല. ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യണം. അതാണ് ഏറ്റവും പ്രധാന ആവശ്യം.
ഊർജമാണ് ഈ പിന്തുണകൾ; ബജ്രംഗ് പൂനിയ
നോക്കൂ... ഞങ്ങൾ ഈ സമരം ആരംഭിച്ചിട്ട് എത്ര മാസമായി. വളരെ സമാധാനപരമായിട്ടായിരുന്നു ഓരോ ദിവസവും സമരം നടത്തിയത്. എന്നാൽ, പൊലീസും സർക്കാറും പലതരത്തിലും സമരം ഇല്ലാതാക്കാൻ ശ്രമം നടത്തിയത് കണ്ടതല്ലേ. ഞങ്ങളുടെ പരാതികൾ വളരെ ഗൗരവമുള്ളതാണെന്ന് പൊലീസിനും സർക്കാറിനും ഫെഡറേഷനും അറിയാം. എന്നാൽ, എന്ത് നടപടിയാണ് ഇതുവരെയുണ്ടായത്.
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുറുമായി പലതവണ ചർച്ചകൾ നടത്തി. ഓരോ തവണയും ഓരോ ഉറപ്പുകൾ നൽകും. പക്ഷേ, ഒന്നും പാലിക്കപ്പെടുന്നില്ല. ഞങ്ങളുടെ സമരം സർക്കാറിനെതിരെയായിരുന്നില്ല. വനിത കായിക താരങ്ങളോട് വളരെ മോശമായി പെരുമാറിയ ഫെഡറേഷൻ അധ്യക്ഷനെതിരെയായിരുന്നു.
ഞങ്ങൾ പോരാടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ പോലും തയാറായിട്ടും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടാകാത്തത് ബ്രിജ് ഭൂഷണിനെ കേന്ദ്രസർക്കാർ പിന്തുണക്കുന്നതിനുള്ള ഉദാഹരണമാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങൾ ഡൽഹി പൊലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം.
എന്നാൽ, അതിന് പൊലീസ് മടിച്ചു. പിന്നീട്, പരാതി സുപ്രീംകോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കാനായി ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തു. പക്ഷേ, നടപടികൾ അവിടെെവച്ച് അവസാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏപ്രിൽ 23ന് ജന്തർ മന്തറിൽ രണ്ടാംഘട്ട സമരം ആരംഭിക്കേണ്ടി വന്നത്. അതിനിടെ, പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത അതേദിവസം പ്രതിഷേധിച്ച താരങ്ങളെ നിരത്തിലൂടെ വലിച്ചിഴച്ചതും രാജ്യത്തിനു കാണേണ്ടിവന്നു.
ഇരകൾക്ക് ഒപ്പംനിൽക്കേണ്ട സർക്കാർ, പ്രതിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെ ശബ്ദിക്കാതിരുന്നാൽ, ഇനി വരുന്ന തലമുറക്കും ഇത്തരം അനുഭവങ്ങളുണ്ടാകും. സമരത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ആ പിന്തുണകളാണ് സമരം മുന്നോട്ടുകൊണ്ടുപോകാൻ ഊർജമാകുന്നത്.
ഈ സമരത്തെ തകർക്കാനും പരാതികൾ നൽകിയ താരങ്ങളെ ഭീഷണിപ്പെടുത്തി പരാതിപിൻവലിപ്പിക്കാനുമുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. വലിയ വാഗ്ദാനങ്ങളും അവർക്ക് നൽകുന്നു. എന്നാൽ, അത്തരം ഇടപെടലുകൾ ഒന്നും വിജയം കാണില്ല. സത്യമല്ലാത്ത ഒന്നും ഞങ്ങൾ ഇന്നേവരെ പറഞ്ഞിട്ടില്ല. ആരോടും വ്യക്തിവൈരാഗ്യവുമില്ല.
പ്രതിഷേധത്തിന്റെ നാൾവഴി
2023 ജനുവരി 19 - ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണും പരിശീലകരും വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് രംഗത്ത്
ജനുവരി 22 - ബ്രിജ് ഭൂഷണിനും ചില കോച്ചുമാർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തള്ളി ദേശീയ ഗുസ്തി ഫെഡറേഷൻ കായിക മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട്
ജനുവരി 23 - ഗുസ്തി ഭരണം പ്രത്യേക സമിതിക്ക്. ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്രസർക്കാർ നിയമിക്കുന്ന മേൽനോട്ട സമിതി റിപ്പോർട്ട് നൽകുന്നതുവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിന് ചുമതലകളിൽനിന്നു മാറിനിൽക്കാൻ നിർദേശം
ജനുവരി 23 - ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടച്ചുമതല ബോക്സിങ് താരം എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ ഏൽപിച്ചു. ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കാൻ തീരുമാനം
ഏപ്രിൽ 21 - ബ്രിജ് ഭൂഷണിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് പേർ ഡൽഹി പൊലീസിൽ പരാതി നൽകി. ആറ് ദിവസം പിന്നിട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ ജന്തർമന്തറിൽ പ്രതിഷേധം ആരംഭിച്ചു
ഏപ്രിൽ 25 - ലൈംഗികാതിക്രമ പരാതിയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു
ഏപ്രിൽ 26 - സുപ്രീംകോടതി ഇടപെട്ടു. വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ഡൽഹി പൊലീസിനോട് 28നു മുമ്പ് മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു
ഏപ്രിൽ 29 - ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
മേയ് 11 - ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി കോടതി പൊലീസിന് നിർദേശം നൽകി
മേയ് 28 - പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിള മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കി
മേയ് 30 - രാജ്യത്തിന് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ ഹരിദ്വാറിൽ. കർഷകർ അനുനയിപ്പിച്ച് ഒഴുക്കുന്നത് തടഞ്ഞു.
ജൂൺ 03 - ആഭ്യന്തര മന്ത്രി അമിത് ഷായുമായി രാത്രി ചർച്ച, തുടർന്ന് താരങ്ങൾ റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിക്കുന്നു. സമരം തുടരുമെന്നും അറിയിച്ചു
ജൂൺ 08 - കായിക മന്ത്രി അനുരാഗ് ഠാകുറുമായി ആറു മണിക്കൂർ ചർച്ച; 15നകം അന്വേഷണം പൂർത്തിയാക്കുമെന്ന് ഉറപ്പ്, സമരം അതുവരെ നിർത്തിവെച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.