അയോഗ്യൻ
text_fieldsഅനന്തപുരിയിൽ ആരിഫ് ഖാനെങ്കിൽ റാഞ്ചിയിൽ രമേശ് ബൈസ് എന്ന വ്യത്യാസമേയുള്ളൂ; രണ്ടാൾക്കും പണി ഒന്നുതന്നെ. രണ്ടിടത്തും സംസ്ഥാന ഭരണം കൈയാളുന്നത് മോദി വിരുദ്ധപക്ഷമാണ്. അതുകൊണ്ടുതന്നെ, തരം കിട്ടുമ്പോഴൊക്കെ ടി സർക്കാറുകളെ ചൊറിഞ്ഞുകൊണ്ടേയിരിക്കണം. ആരിഫ് മുഹമ്മദ് ഖാനെപ്പോലെതന്നെ രമേശ് ബൈസും ഈ ഓവർ ടൈം ഡ്യൂട്ടിയിൽ ഒട്ടും മോശമല്ല. ഝാർഖണ്ഡിൽനിന്നുള്ള പുതിയ വർത്തമാനങ്ങൾ കേൾക്കുമ്പോൾ, ഇക്കാര്യത്തിൽ ഖാൻ സാഹിബുമായി ഒരു മത്സരം തന്നെ ബൈസ് നടത്തുന്നുണ്ടോ എന്ന് സംശയിക്കണം.
മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസുകൾ ചവറ്റുകുട്ടയിലെറിയുക, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതിരിക്കുക തുടങ്ങിയ ചെറിയ പരിപാടികളിലൊന്നും ബൈസിന് താൽപര്യമില്ല. സംസ്ഥാന സർക്കാറിനെ മൊത്തത്തിൽ എടുത്ത് കളയുക എന്നതാണ് ടിയാന്റെ നയം. ഗവർണറുടെ സവിശേഷ അധികാരമുപയോഗിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള പുറപ്പാട് അതിന്റെ ഭാഗമാണ്. സോറനും ആൾ മോശമല്ല. ബിർസ മുണ്ടയുടെ കടുത്ത ആരാധകനാണ്. രാഷ്ട്രീയ ശത്രുക്കളെ വള്ളംകളി ഡിപ്ലോമസിയിലൂടെ വശത്താക്കാനല്ല; ബിർസ മോഡലിൽ എതിരിടാൻ തന്നെയാണ് തീരുമാനം. ഗവർണറുടെ തീരുമാനം എന്തായാലും, അവസാന തുള്ളി വരെയും പോരാടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരേക്കറിൽ താഴെ മാത്രമുള്ള ഒരു ചെങ്കൽ ക്വാറിയുടെ പേരിലാണ് ഇപ്പോഴത്തെ ഈ പുകിൽ എന്നതാണ് ഈ കളിയിലെ ഏറ്റവും രസകരമായ കാര്യം. വെറും 0.8 ഏക്കർ വരുന്ന ഒരു ക്വാറി സ്വന്തം കമ്പനിയുടെ പേരിൽ പാട്ടത്തിനെടുത്തുവെന്നതാണ് ബി.ജെ.പി സോറനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇങ്ങനെ പറയുമ്പോൾ സംഗതി വളരെ ചെറിയ കാര്യമല്ലെ എന്നു തോന്നും. പക്ഷെ, കാര്യങ്ങൾ നിയമപരവും രാഷ്ട്രീയപരവുമായി വിലയിരുത്തിയാൽ കൈപൊള്ളുന്ന കേസാണിത്.
ഹേമന്ത് സംസ്ഥാന മുഖ്യമന്ത്രി മാത്രമല്ല; ഖനന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നുണ്ടെന്നോർക്കണം. റാഞ്ചിയിലെ അൻഗാറ ബ്ലോക്കിലെ ഈ ക്വാറിയുടെ പ്രവർത്തനത്തിന് 2021 ജൂണിൽ തന്നെ ഗ്രാമസഭ അനുമതി നൽകിയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ, സോറൻ ആ കമ്പനി അങ്ങേറ്റെടുത്തു; പരിസ്ഥിതി വകുപ്പും മുഖ്യമന്ത്രിയുടെ കൈയിലായതിനാൽ പാരിസ്ഥിതികാനുമതിയും കിട്ടി. അപ്പോൾ, ഖനന, പരിസ്ഥിതി മന്ത്രി പിന്നാമ്പുറം വഴി ക്വാറി സ്വന്തമാക്കിയെന്നായി.
ജനപ്രാതിനിധ്യ നിയമത്തിന്റെ അളവുകോൽ വെച്ച് പരിശോധിക്കുമ്പോൾ ഒമ്പതാം വകുപ്പിന്റെ നഗ്നമായ ലംഘനം. ടി വകുപ്പനുസരിച്ച് എം.എൽ.എ സ്ഥാനം വരെ നഷ്ടമാകാം. ആ വകുപ്പിലാണ് ബി.ജെ.പി കയറിപ്പിടിച്ചത്. അത് ക്ലിക്കായി. തെരഞ്ഞെടുപ്പ് കമീഷൻ പരാതി ഗൗരവപൂർവം പരിഗണിച്ചു; ഹേമന്തിന് നോട്ടീസ് അയച്ചു. പലകുറി അയച്ചിട്ടും കൃത്യമായ മറുപടിയില്ലാതായപ്പോൾ അയോഗ്യനാക്കുന്നതിൽ തെറ്റില്ലെന്ന് കാണിച്ച് ഗവർണർക്ക് കത്തെഴുതി. കത്ത് ഗവർണർ വിജ്ഞാപനമാക്കിയാൽ ഹേമന്ത് സോറൻ അയോഗ്യനാകും.
എന്നു കരുതി പേടിക്കാനൊന്നുമില്ല. അയോഗ്യനായി രാജിവെച്ചാലും തിരിച്ചുവരാൻ വഴികൾ പലതുണ്ട്. രാജിക്കുശേഷം, ഇതേ ഗവർണറുടെ അടുത്തുപോയി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ കുഴപ്പമില്ല. സാങ്കേതികമായി നഷ്ടപ്പെടുന്ന എം.എൽ.എ സ്ഥാനം ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ചാൽ മതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സമുദായ പരിഗണനയുടെ പുറത്ത് മുർമുവിനൊപ്പമായിരുന്നുവെങ്കിലും സഖ്യകക്ഷിയായ കോൺഗ്രസ് ഇപ്പോഴത്തെ പ്രതിസന്ധി കാലത്ത് അതിന്റെ പേരിൽ പകരം ചോദിക്കാനില്ല; കട്ടക്ക് കൂടെ നിൽക്കാമെന്നാണ് പറയുന്നത്.
അത് പാലിക്കപ്പെട്ടാൽ അമിത് ഷാ ചാക്കുമായി വന്നാലും സഭയിലെ കേവലഭൂരിപക്ഷം ഇടിയില്ലെന്നുറപ്പാണ്. ഇനി ഇതൊന്നുമല്ലെങ്കിൽ കോടതി വഴി തിരിച്ചുവരാനും വഴികൾ വേറെയുമുണ്ട്. ഇതൊക്കെ കേന്ദ്രത്തിനും ബി.ജെ.പിക്കും നന്നായിട്ടറിയാം. എന്നാലും സോറനിട്ടൊരു പണികൊടുക്കുന്നതിന്റെ ഉദ്ദേശ്യം മറ്റു ചിലതാണ്. ദേശീയ തലത്തിൽ കാവിപ്പടക്കെതിരെ രൂപംകൊള്ളേണ്ട വിശാല പ്രതിപക്ഷസഖ്യത്തിന്റെ ചെറിയൊരു മാതൃകക്ക് ഝാർഖണ്ഡിൽ രൂപം നൽകിയത് ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.)പാർട്ടിയുമാണ്.
2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ആർ.ജെ.ഡിയെയും കൂട്ടിയാണ് സോറൻ ബി.ജെ.പിയെ നേരിട്ടത്. അത് വൻ വിജയമായി. 81ൽ 47 സീറ്റ് സഖ്യം നേടി. മുഖ്യമന്ത്രി രഘുഭർ ദാസിനെയടക്കം നിലംപരിശാക്കിയാണ് ചരിത്രവിജയം കൊയ്തത്. സത്യപ്രതിജ്ഞ ചടങ്ങ് അതിനേക്കാൾ വലിയ ചരിത്രം സൃഷ്ടിച്ചു. മോദിവിരുദ്ധരായ സാർവ ദേശീയനേതാക്കളെയും സദസ്സിലിരുത്തിയാണ് ഹേമന്തും കൂട്ടരും പ്രതിജ്ഞ ചൊല്ലിയത്. ആദിവാസി ക്ഷേമവും പട്ടിണിമരണങ്ങൾ ഇല്ലായ്മ ചെയ്യലും തൊഴിലില്ലായ്മ പരിഹാരവുമൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. രണ്ടര വർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ വാഗ്ദാനങ്ങൾ പലതും ബാക്കികിടക്കുന്നുവെങ്കിലും ആദിവാസികളുടെ നേതാവെന്ന പ്രതിച്ഛായ നിലനിർത്താൻ സോറന് കഴിഞ്ഞിട്ടുണ്ട്.
ഈ നില തുടർന്നാൽ കളി കാര്യമാകുമെന്ന തോന്നലിലാണ് രാജ്ഭവൻ വഴി കേന്ദ്രം ഒരു മുഴം നീട്ടിയെറിയാനൊരുമ്പെട്ടിരിക്കുന്നത്.കടുംബപാർട്ടിയാണ് ഝാർഖണ്ഡ് മുക്തി മോർച്ച. അവിടെയെത്തിയത് തീർത്തും യാദൃച്ഛികമായാണ്. പിതാവ് ഷിബു സോറൻ രാഷ്ട്രീയ പിൻഗാമിയായി കണ്ടിരുന്നത് മൂത്തമകൻ ദുർഗ സോറനെയായിരുന്നു. ദുർഗയുടെ അപ്രതീക്ഷിത മരണമാണ് ഹേമന്തിനെ രാഷ്ട്രീയവേദികളിൽ സജീവമാക്കിയത്. പക്ഷേ, അതിനുമുമ്പും രാഷ്ട്രീയത്തിലുണ്ട്. 2005ൽ, അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പക്ഷേ, വിമതസ്ഥാനാർഥിയോട് തോറ്റു. 2009ൽ രാജ്യസഭയിലെത്തി. തൊട്ടടുത്ത വർഷം രാജിവെച്ചു; ഉപമുഖ്യന്ത്രിയായി നേരെ റാഞ്ചിയിലേക്ക് വെച്ചുപിടിച്ചു.
അതിനിടെ, പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമായി. 2013ൽ, 38ാം വയസ്സിൽ സംസ്ഥാന മുഖ്യമന്ത്രി. ഒന്നര വർഷത്തിനുശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റു; ബി.ജെ.പി ഭരണം പിടിച്ചു. അതോടെ പ്രതിപക്ഷ നേതാവിന്റെ കസേരയിലായി സ്ഥാനം. പിന്നീട് സമരകാലമായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ബിർസ മുണ്ട വിളിച്ച, ''അബ്വാ രാജ് സിതർ ജാനാ, മഹാറാണി രാജ് തുണ്ടു ജാനാ'' (രാജ്ഞിയുടെ രാജ്യം ഒടുങ്ങട്ടെ, നമ്മുടെ രാജ്യം വരട്ടെ) എന്ന മുദ്രാവാക്യം ആദിവാസി ഭൂമിയിൽ നൂറ്റാണ്ടിനിപ്പുറം ഹേമന്ത് ഏറ്റുവിളിച്ചു. ആദിവാസി ഭൂമി യഥേഷ്ടം കോർപറേറ്റുകൾക്ക് സൗജന്യമായി നൽകാനുള്ള ബി.ജെ.പി സർക്കാറിന്റെ നിയമത്തിനെതിരായ പോരാട്ടമായിരുന്നു അത്. ആ സമരം വിജയിച്ചു.
മുക്കാൽ ലക്ഷത്തോളം അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് മുന്നിലും സർക്കാറിന് അടിയറവ് പറയേണ്ടിവന്നു. ആദിവാസി സ്ത്രീകളെ അണിനിരത്തി നടത്തിയ മദ്യവിരുദ്ധ സമരവും വിജയമായി. ആ വിജയങ്ങളുടെ തുടർക്കഥയിലാണ് മുഖ്യമന്ത്രി കസേരയിലെത്തിയത്.പ്രായമിപ്പോൾ 47. 1975 ആഗസ്റ്റ് 10ന് റാംഗഢ് ജില്ലയിലെ നെംറയിൽ ജനനം. ഷിബു സോറൻ- രൂപി സോറൻ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. മെട്രിക്കുലേഷനാണ് വിദ്യാഭ്യാസ യോഗ്യത. അതിനുശേഷം, മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. നന്നായി വായിക്കും; ഇലക്ട്രോണിക് ഗാഡ്ജെറ്റുകളോട് വല്ലാത്ത പ്രിയമാണ്. ഭാര്യ കൽപന സോറൻ ബിസിനസുകാരിയാണ്. രണ്ട് ആൺമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.