ഇന്ത്യ-കാനഡ ബന്ധം ഉലയുമ്പോൾ
text_fieldsലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് കാനഡ. ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ ഉപരിപഠനം നടത്തുന്ന ഇവിടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ലക്ഷോപലക്ഷം പേർ പഠനത്തിനും ജോലിക്കുമായി കുടിയേറുന്നുണ്ട്. കാനഡയും ഇന്ത്യയും തമ്മിലെ സുദൃഢ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ-കാനഡ ബന്ധങ്ങളുടെ ഉലച്ചിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നു.
ഖലിസ്താൻ വിഷയത്തിൽ കാനഡ പുലർത്തുന്ന മൃദുസമീപനമാണ് ഇന്ത്യക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. ഇക്കാര്യം ഇന്ത്യ തുറന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനു മറുപടിയെന്നോണം, ജൂണിൽ കാനഡയിൽ ഖലിസ്താൻ ടൈഗർ ഫോഴ്സ് നേതാവ് ഹർദീപ്സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ‘വിദേശശക്തികൾക്ക്’ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ചു കാനഡ. തികച്ചും അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു അവിടത്തെ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവന.
ആ രാജ്യത്ത് നടന്ന ഏതെങ്കിലും അക്രമസംഭവങ്ങളിൽ ഇന്ത്യൻഭരണകൂടത്തിന് പങ്കുണ്ട് എന്നാരോപിക്കുന്നത് അസംബന്ധവും ഗൂഢോദ്ദേശ്യംവെച്ചുള്ളതുമാണ് എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ കാനഡയിൽ അഭയം നൽകിയിരിക്കുന്ന, ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയായി തുടരുന്ന ഖാലിസ്താൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധതിരിക്കാനുദ്ദേശിച്ചുള്ളതാണെന്നും ഇന്ത്യ തുറന്നടിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ കനേഡിയൻ വാണിജ്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചിരിക്കുകയാണ്. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലെ ചർച്ചകൾ നിർത്തിയതിന് പിന്നാലെയാണ് ഈ നടപടി. വ്യാപാര ചർച്ചകൾക്കായി ഒക്ടോബറിലാണ് കനേഡിയൻ വാണിജ്യ മന്ത്രി മേരി ഇങ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, യാത്ര മാറ്റിവെക്കുന്നതായി മന്ത്രിയുടെ ഓഫിസ് പിന്നീട് അറിയിക്കുകയായിരുന്നു.
ഈ വർഷം പ്രാരംഭ വ്യാപാര കരാർ ഒപ്പിടാൻ ലക്ഷ്യമിട്ടിരുന്ന ഇരുരാജ്യങ്ങളും അതിൽ നിന്നും പിന്നാക്കംപോയി. 2010ലാണ് വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. ഇടവേളകൾക്കുശേഷം സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുനരാലോചനകളോടെ 2022ൽ ചർച്ചകൾ പുനരാരംഭിച്ചു. ഈ വ്യാപാര ഉടമ്പടി സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ ഇതുവരെ അര ഡസനിലേറെ ചർച്ചകൾ നടന്നിട്ടുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ മരവിപ്പിക്കുന്നതായി സെപ്റ്റംബർ ആദ്യവാരം കാനഡ നിലപാടെടുത്തതിനുപിന്നാലെ ചർച്ചകൾ നിർത്തുന്നതായി ഇന്ത്യയും പ്രഖ്യാപിച്ചു. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷമാവാം ചർച്ചകൾ എന്നാണ് ഇന്ത്യൻ നിലപാട്.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ച് ഖലിസ്താൻ വാദികൾ പോസ്റ്റർ ഇറക്കിയതിൽ കനേഡിയൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ജി20 യോഗത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് തണുപ്പൻ സ്വീകരണം ലഭിച്ചതും ഇരു രാജ്യങ്ങൾ തമ്മിലെ അകൽച്ചയുടെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.
നിരോധിത സംഘടന നടത്തിയ ഖലിസ്താൻ ഹിതപരിശോധന തടയണമെന്ന് കഴിഞ്ഞ വർഷം കനേഡിയൻ സർക്കാറിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്താൻവാദി അഡ്വ. ഗുർപട് വന്ത് സിങ് പന്നുനിന്റെ നേതൃത്വത്തിൽ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ദിവസങ്ങൾക്കുമുമ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയിൽ ഖലിസ്താൻ ഹിത പരിശോധന നടത്തിയിരുന്നു.
ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സിക്ക് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ. അവിടത്തെ പാർലമെന്റിൽ വേണ്ടത്ര അംഗബലമില്ലാത്ത ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി കനേഡിയൻ സിഖ് നേതാവായ ജഗ് മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിൻബലത്തിലാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ സിഖ് സമൂഹം ഖലിസ്താൻ വാദത്തെ കൈയൊഴിയുമ്പോഴും കാനഡയിൽ കുടിയേറിയവർക്കിടയിൽ പ്രത്യേക സിഖ് രാഷ്ട്രവാദത്തിന് ഇപ്പോഴും അനുഭാവം നിലനിൽക്കുന്നുണ്ട്.
ജി20യുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ട്രൂഡോയും തമ്മിലെ കൂടിക്കാഴ്ചക്കുശേഷം, കാനഡയിലെ തീവ്രവാദ സംഘടനകളുടെ തുടർച്ചയായ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ശക്തമായ ആശങ്കകൾ പ്രകടിപ്പിച്ച് ഇന്ത്യ പ്രസ്താവന പുറപ്പെടുവിച്ചു. നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്കെതിരായ നിലപാടെടുക്കുന്ന ഏത് രാജ്യത്തിനെതിരെയും ശക്തമായ നിലപാട് കൈക്കൊള്ളാൻ ഭരണകൂടത്തിന് അവകാശമുണ്ട്.
ആ നിലയിൽ കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ട കാനഡ വിരുദ്ധ നിലപാടുകൾ ശരിയായ സമീപനവുമാണ്. എന്നാൽ, പതിറ്റാണ്ടുകളായി നല്ല രീതിയിൽ തുടരുന്ന സൗഹൃദബന്ധം ഉടയാതെ നോക്കുക എന്നത് മാറുന്ന ലോകക്രമത്തിൽ ഇരു രാജ്യങ്ങളുടെയും താൽപര്യമാണ്.
നയതന്ത്ര ഭിന്നതകൾ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെയും പ്രഫഷനലുകളെയും പ്രതികൂലമായി ബാധിക്കുമോ എന്ന വലിയ ആശങ്കയാണ് നമ്മെ ഭയപ്പെടുത്തുന്ന പ്രധാന പ്രശ്നം. ആൾശേഷിയിൽ മികച്ചു നിൽക്കുന്ന ഇന്ത്യൻ വംശജരുടെയും പ്രവാസികളുടെ പിന്തുണയില്ലാതെ വന്നാൽ അത് കാനഡയേയും ചെറുതല്ലാത്ത വിധത്തിൽ പ്രയാസത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.