പ്രവചനങ്ങൾക്കപ്പുറം, ചില നേരറിവുകൾ
text_fieldsഅടിയന്തരാവസ്ഥക്കാല രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാൽ, അതിനേക്കാൾ ജനവിരുദ്ധമായ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച മോദിസർക്കാർ നിലംപൊത്താൻ നിലവിലെ സാഹചര്യങ്ങൾ ധാരാളം. എന്നാൽ, 1977ലെ ജനാധിപത്യ-സോഷ്യലിസ്റ്റ്-പൗരാവകാശ ചിന്തകൾവിട്ട് വിദ്വേഷ-വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് അടിപ്പെട്ടുനിൽക്കുകയാണ് ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയം
തലസ്ഥാനമായ ഡൽഹി, തൊട്ടടുത്ത ഹരിയാന എന്നിവിടങ്ങളിലെ 17 സീറ്റ് അടക്കം 58 ലോക്സഭ സീറ്റുകളിലേക്ക് ശനിയാഴ്ച വോട്ടെടുപ്പാണ്. അതുകഴിഞ്ഞാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് വൈകീട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ജൂൺ നാലിന് പുറത്തുവരാനിരിക്കുന്ന ജനവിധിയുടെ പ്രവണതകൾ ഈ പ്രവചനത്തിൽതന്നെ തെളിയുമെന്ന പ്രതീക്ഷയാണ് എക്സിറ്റ് പോൾ ഫലങ്ങളെ ശ്രദ്ധേയമാക്കുന്നത്. 97 കോടി വരുന്ന വോട്ടർമാരിൽ പോളിങ് ബൂത്തിലെത്തിയ 60 കോടിയോളം വരുന്നവരുടെ മനോഗതി എന്താണെന്ന് കൃത്യമായി അളക്കാൻ ആർക്കുമാവില്ല. മുന്നിൽക്കിട്ടുന്ന കണക്കുകളുടെയും മനക്കണക്കുകളുടെയും പ്രതീക്ഷകളുടെയും ശരാശരിയാണ് പ്രവചനങ്ങൾ. അതിനൊത്ത് ഓരോ വിധത്തിൽ ചാഞ്ഞും ചരിഞ്ഞുമാണ് അവയുടെ നിൽപ്. വിശകലന വിദഗ്ധരായ പ്രശാന്ത് കിഷോർ ബി.ജെ.പിയുടെ സീറ്റുനില 300 സീറ്റിൽ താഴെ പോകില്ലെന്നും 350 വരെ എത്തിയേക്കാമെന്നും പ്രവചിക്കുന്നു. ഏഴു ഘട്ടങ്ങളിലും സീറ്റു ചോർത്തി കേവല ഭൂരിപക്ഷത്തിനു വളരെ താഴേക്കു ബി.ജെ.പി പോയേക്കാമെന്നും ഇൻഡ്യ മുന്നണിക്ക് സർക്കാർ രൂപവത്കരിക്കാൻ സാധിച്ചേക്കാമെന്നുമാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തൽ. ഇതിൽ ഏതാണ് ആധികാരികമായിക്കാണാവുന്നത്?
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി, മോദിസർക്കാർ 10 വർഷം പിന്നിടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ‘മോദി ഹവ’യെന്ന മോദി അനുകൂല കാറ്റ് കളത്തിലിറങ്ങുന്നവർക്ക് അനുഭവപ്പെടുന്നില്ല. ഈ യാഥാർഥ്യമാണ് കാറ്റ് അളന്നുള്ള പ്രവചനം ദുഷ്കരമാക്കുന്നത്. 400 സീറ്റ് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയ ബി.ജെ.പിയെ അമ്പരപ്പിക്കുന്ന സാഹചര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നു.
അതനുസരിച്ച് മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി വ്യക്തമായ തിരിച്ചടി നേരിടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തിയേക്കാമെങ്കിലും രാജസ്ഥാൻ, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ അജയ്യത നിലനിർത്താനാകില്ല. യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യം ബി.ജെ.പിയെയും ഒപ്പമുള്ളവരെയും ശക്തമായി നേരിടുന്നു. കർഷകരോഷം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ബി.ജെ.പിയെ വിയർപ്പിക്കുന്ന വിഷയങ്ങൾ ശക്തമായി ഉയർത്തി ഭരണവിരുദ്ധ വികാരം ആവാഹിക്കാൻ ഇൻഡ്യ മുന്നണി തീവ്രമായി ശ്രമിക്കുന്നു. അധികാര ദുരുപയോഗവും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷവേട്ടയും എല്ലാ അനുപാതവും വിട്ടുവെന്ന കാഴ്ചപ്പാട് വോട്ടർമാർക്കിടയിലുണ്ട്. വോട്ടിന്റെ ഗതി അളക്കുന്നതിൽ നിർണായകമാണ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ മനോഗതിയെങ്കിൽ, മോദിയുടെ തേരോട്ടം തങ്ങൾക്കും ഭീഷണിയാണെന്നു കാണുന്ന അവരുടെ അമർഷവും തെരഞ്ഞെടുപ്പുവേളയിൽ പ്രകടം.
ഇതത്രയും വോട്ടു ചോർത്തുന്നതിനൊത്ത് എത്ര സീറ്റ് ചോർത്തും? വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി സ്ഥാനാർഥി കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങളിൽ അട്ടിമറി വിജയം സാധ്യമാക്കാൻപോന്നവിധം ഭരണവിരുദ്ധ വികാരം സമാഹരിക്കാൻ പ്രതിപക്ഷ സ്ഥാനാർഥിക്ക് സാധിക്കുമോ? നേരിയ ഭൂരിപക്ഷത്തിന് രണ്ടാം സ്ഥാനക്കാരാകേണ്ടിവന്ന എത്ര മണ്ഡലങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് ബി.ജെ.പിയെ മറിച്ചിടാനാകും? ഈ ചോദ്യങ്ങൾ ജയപരാജയങ്ങളിൽ പ്രധാനമാണ്. മോദി ഹവ ഇല്ലെന്നുപറയുമ്പോൾ തന്നെ, പ്രധാനമായ മറ്റൊരു ചോദ്യമുണ്ട്. 400 സീറ്റെന്ന അവകാശവാദം ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി മുന്നണിയെയും 200 സീറ്റിനടുത്തേക്ക് ചുരുട്ടിക്കെട്ടുന്നവിധത്തിൽ ഭരണവിരുദ്ധ വികാരം ആവാഹിക്കപ്പെടുന്നുണ്ടോ? വോട്ടുകളുടെ മൈക്രോ മാനേജ്മെന്റിൽ വിദഗ്ധരായ മോദി-അമിത്ഷാമാർ ഭൂരിപക്ഷം നേർത്തുനിൽക്കുന്നുവെന്ന് കരുതുന്ന മണ്ഡലങ്ങളിൽ സ്വീകരിക്കുന്ന സൂക്ഷ്മതന്ത്രങ്ങളിലൂടെ അട്ടിമറി സാധിച്ചെടുക്കാൻ നടത്തുന്ന നീക്കങ്ങൾ എന്തൊക്കെയാണ്? ഇതൊക്കെയും അന്തിമ ഫലം നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റ് ഒറ്റക്ക് പിടിച്ച ബി.ജെ.പിയും മോദിസർക്കാറും, ഒരു സീറ്റെങ്കിലും കുറഞ്ഞുപോയാൽ തുടർന്നങ്ങോട്ട് പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കും. മൂന്നാമൂഴം അധികാരത്തിലേറാൻ സാധിച്ചാലും കുറഞ്ഞ സീറ്റ് നേടുന്നൊരു മോദിസർക്കാറിന് കഴിഞ്ഞ 10 വർഷത്തെ ആജ്ഞാശക്തിയും സ്വേഛാധിപത്യ രീതിയും കാണിക്കാനാവില്ല. കേവല ഭൂരിപക്ഷത്തിന് താഴേക്ക് ബി.ജെ.പി പോയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ചോദ്യംചെയ്യപ്പെടും. 250നും താഴേക്കുപോയാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്നുകൊണ്ടല്ലാതെ ബി.ജെ.പിക്ക് മറ്റു കക്ഷികളുടെ പിന്തുണ നേടി സർക്കാറുണ്ടാക്കാൻ കഴിയില്ല. കഴിഞ്ഞ തവണത്തെയെങ്കിലും സീറ്റ് കിട്ടിയില്ലെങ്കിൽ, അരവിന്ദ് കെജ്രിവാൾ പറഞ്ഞപോലെ മോദിക്ക് 75ൽ വിരമിക്കേണ്ടി വരും. ഇതൊക്കെയും ഭാവിരാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ഘടകങ്ങൾ തന്നെ. എന്നാൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി ബി.ജെ.പിയെ മറിച്ചിട്ട് വ്യക്തമായ ഭൂരിപക്ഷത്തോടെ ഇത്തവണ അധികാരം പിടിക്കുമെന്ന് ശക്തമായി പറയാൻ പ്രവചന വിദഗ്ധരിൽ ആരും ഇതുവരെ ധൈര്യപ്പെട്ടുകാണുന്നില്ല. അഥവാ, മോദി ഹവ ഇല്ലാത്തതുപോലെ, മോദിസർക്കാറിനെതിരായ കാറ്റ് അതിശക്തമാണെന്നും പറയാനാവില്ല. പ്രതിപക്ഷ ഐക്യവും വ്യക്തമായ നേതൃപാടവവും ഇൻഡ്യ സഖ്യത്തിന് അവകാശപ്പെടാനില്ലെന്നിരിക്കേ, ആറു ഘട്ടങ്ങൾ പിന്നിടുമ്പോഴും കാറ്റിന്റെ ഗതിക്ക് വലിയൊരു അട്ടിമറി ശേഷിയുണ്ടെന്ന് തെരഞ്ഞെടുപ്പു പ്രവണതകൾ സൂചിപ്പിക്കുന്നില്ല. കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, 250ൽ താഴേക്ക് അവർ പോയാൽക്കൂടി ആരെ വരുതിയിൽ കൊണ്ടുവന്നും ബി.ജെ.പിതന്നെ വീണ്ടും അധികാരത്തിൽ വന്നേക്കാമെന്ന മനോഗതി മേൽക്കൈ നേടുകയും ചെയ്യുന്നു.
പ്രധാന ന്യൂനപക്ഷമായ മുസ്ലിംകൾ ഇന്നാട്ടിൽ എന്തൊക്കെയോ കൊടും കുറ്റം ചെയ്യുന്ന അപകടകാരികളാണെന്ന മട്ടിൽ അവരെ പ്രതിസ്ഥാനത്താക്കി ജാതിയാൽ വിഭജിക്കപ്പെടാതെ ഹിന്ദുത്വവികാരം കഴിവതും വോട്ടാക്കി മാറ്റാനുള്ള പ്രസംഗ പരമ്പര തന്നെയാണ് ബി.ജെ.പി പ്രചാരണത്തിന്റെ പ്രധാന പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽതന്നെ ഇത്തരത്തിൽ തീവ്രശ്രമം നടത്തുമ്പോഴും ബി.ജെ.പിയുടെ വർഗീയ-വിദ്വേഷ രാഷ്ട്രീയം മുമ്പത്തെപ്പോലെ ഏശുന്നതായി തോന്നുന്നില്ല. പ്രാണപ്രതിഷ്ഠ നടന്ന അയോധ്യയുടെ പേരിലുള്ള അർമാദം യു.പിയിൽ തന്നെ പ്രകടമല്ലാത്തത് ഈ തോന്നൽ വർധിപ്പിക്കാൻ പൊതുവെ പ്രേരണനൽകുന്ന ഘടകമാണ്. കാവിത്തൂവാല കെട്ടിയ യുവസംഘങ്ങളുടെ വികാരത്തിളപ്പ് മുമ്പത്തെപ്പോലെ പ്രചാരണമുഖത്ത് കാണാനില്ല. എന്നാൽ ഹിന്ദുത്വവോട്ട് സമാഹരിക്കപ്പെടുന്നില്ല എന്ന് അതിനർഥമില്ലെന്നാണ് കാണേണ്ടത്. ഹൈന്ദവ വീട്ടകങ്ങളിലെ സ്ത്രീവോട്ടുകൾ മുമ്പെന്നത്തേക്കാൾ മുസ്ലിംവിരുദ്ധമായി വർഗീയവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നത് യാഥാർഥ്യം മാത്രം. സർക്കാറിന്റെ ചില്ലറ ആനുകൂല്യങ്ങളിലേക്ക് വിരൽചൂണ്ടി അവർ മോദിയുടെ നേതൃത്വത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മുൻ തെരഞ്ഞെടുപ്പിനേക്കാൾ ശക്തമായി തെളിഞ്ഞു കാണാം. കാവിരാഷ്ട്രീയത്തെ ഭക്തിയും ഹിന്ദു ദുരഭിമാനവുമായി ബി.ജെ.പി കൂടുതൽ അടുപ്പിച്ചിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി പുരുഷ-യുവ വോട്ടുകളിൽ സ്ത്രീകളുടെ ചിന്താഗതി കൂടുതൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു വിശകലനങ്ങളിൽ സ്ത്രീ വോട്ടിലെ പുതിയ പ്രവണതകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതായി കാണുന്നില്ല.
അതോടൊപ്പംതന്നെ പ്രധാനമാണ് മോദി-സംഘ്പരിവാർ ബന്ധം സംബന്ധിച്ച പുതിയ ചർച്ചകൾ. ആർ.എസ്.എസിനോ മറ്റു സംഘ്പരിവാർ സംഘടനകൾക്കോ മോദി-അമിത്ഷാമാരുടെ അമിത മേധാവിത്തം പിടിക്കുന്നില്ലെന്നും അത് നിസ്സംഗത വളർത്തിയിട്ടുണ്ടെന്നുമുള്ള കാഴ്ചപ്പാടുകളുടെ അടിത്തറക്കുപക്ഷേ, ബലം പോരാ. ആർ.എസ്.എസിന്റെ ശതാബ്ദി അടുത്തുവരുന്ന വേളയിൽ അധികാരം കൈവിട്ടുപോകാൻ ഇടവരുത്തുന്ന സാഹസത്തിനൊന്നും സംഘ്പരിവാർ മുതിരുമെന്ന് കരുതാനാവില്ല. നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, അമിത്ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ് എന്നിവർക്കിടയിലെ അധികാര താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ തെരഞ്ഞെടുപ്പുകളത്തിൽ ബി.ജെ.പിയെ പരിക്കേൽപിക്കുമെന്ന കാഴ്ചപ്പാടുകളും അതിരുവിട്ട ഗണനങ്ങളാണ്. രാഷ്ട്രീയം നിയന്ത്രിക്കുന്നതിൽ വ്യവസായികൾക്കുള്ള റോളും വിലയിരുത്തപ്പെടേണ്ടതുണ്ട്. അദാനി, അംബാനി, ടാറ്റ, ബിർലമാർ അടങ്ങുന്ന കോർപറേറ്റ് അതികായന്മാർ മോദിസർക്കാറിനെ മടുത്തുവെന്നാണോ, സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന് മോദി തുടരണമെന്നാണോ ചിന്തിക്കുന്നത്? ഇതിനെല്ലാമിടയിൽ ബി.ജെ.പിക്കെതിരെ ബാക്കിയാകുന്നത്, 10 വർഷത്തെ മോദിഭരണത്തോട് ജനങ്ങൾക്കുള്ള വർധിച്ച അമർഷവും അതു മുതലാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളുമാണ്. അടിയന്തരാവസ്ഥക്കാല രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാൽ, അതിനേക്കാൾ ജനവിരുദ്ധമായ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച മോദിസർക്കാർ നിലം പൊത്താൻ നിലവിലെ സാഹചര്യങ്ങൾ ധാരാളം. എന്നാൽ 1977ലെ ജനാധിപത്യ-സോഷ്യലിസ്റ്റ്-പൗരാവകാശ ചിന്തകൾ വിട്ട് വിദ്വേഷ-വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് അടിപ്പെട്ടുനിൽക്കുകയാണ് ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയം.
അതത്രയും ഉൾക്കൊണ്ടു ചിന്തിച്ചാൽ, മൂന്നാമൂഴമോ ഭരണമാറ്റമോ എന്ന പ്രസക്തമായ ചോദ്യത്തിനു മുന്നിൽ ബാക്കിയാവുന്ന ഏതാനും ചോദ്യങ്ങളുണ്ട്: തെരഞ്ഞെടുപ്പാനന്തരം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമെന്ന് തീർച്ചപ്പെടുത്താവുന്ന ബി.ജെ.പിക്ക് ഇപ്പോഴുള്ളതിനേക്കാൾ നൂറു സീറ്റോളം കുറയുന്ന സാഹചര്യമുണ്ടോ? വിവിധ സംസ്ഥാനങ്ങളിലെ കരുത്തരായ പ്രാദേശിക കക്ഷികൾ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനൊത്ത്, നിലവിലെ സീറ്റെണ്ണം ഇരട്ടിപ്പിച്ച് മൂന്നക്കമാക്കാൻ കോൺഗ്രസിന് സാധിക്കുന്ന സ്ഥിതിയുണ്ടോ? പ്രതിപക്ഷ പാർട്ടികളോട് നേരിയ വോട്ടു വ്യത്യാസത്തിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത മണ്ഡലങ്ങളിലെ ഫലം മാറ്റിയെടുക്കാൻ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും സന്നാഹങ്ങളോടെ ബി.ജെ.പി നടത്തുന്ന പിന്നാമ്പുറ-സൂക്ഷ്മ തന്ത്രങ്ങൾ അതിജയിക്കാൻ സംയുക്ത പ്രതിപക്ഷത്തിന് എത്രത്തോളം സാധിക്കുന്നു? മൂന്നു ചോദ്യങ്ങൾക്കും മനസ്സിൽ രൂപപ്പെടുന്ന ഉത്തരം എന്തായാലും, ജനാധിപത്യ-മതനിരപേക്ഷ ചിന്താധാരയുള്ളവർ കണ്ണും കാതും തുറന്ന് ജൂൺ നാലിനായി കാത്തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.