ഇന്ത്യ അസംബന്ധങ്ങളുടെ നാടോ?
text_fieldsട്രെയിനുകളുടെ വൈകിയോട്ടത്തെക്കുറിച്ച് പരാതിപ്പെടാത്ത ഇന്ത്യൻ യാത്രികർ ഇല്ലെന്നു തന്നെ പറയാം. ഒച്ചിഴയും വേഗമെന്ന് ഇന്ത്യൻ തീവണ്ടികളെ സംബന്ധിച്ച് പരിഭവങ്ങളും പുത്തരിയല്ല. യാഥാർഥ്യം ഇതായിരിക്കെ ബുള്ളറ്റ് ട്രെയിനുകളെ പറ്റിയാണ് ഭരണകർത്താക്കൾ നിസ്സേങ്കാചം വാചാലരായികൊണ്ടിരിക്കുന്നത്. ട്രെയിനപകടങ്ങളിൽ ഇൗ വർഷം ഇന്ത്യയിൽ നൂറുകണക്കിന് ജീവനുകളാണ് ഹോമിക്കപ്പെട്ടത്. മുംബൈയിലെ എലിഫിൻറ് സ്റ്റോൺ സ്റ്റേഷനിലെ അപായമാണ് ഒടുവിലത്തേത്. ഡസൻ കണക്കിന് യാത്രക്കാർക്കാണ് ഇവിടെ ഗുരുതരമായി പരിക്കേറ്റത്.
നമ്മുടെ റെയിൽവേ പ്ലാറ്റ് ഫോമുകളുടെ പരിതാപകരമായ സ്ഥിതിയെക്കുറിച്ച് ആലോചിക്കാൻ അധികൃതർ എന്തുകൊണ്ട് തയാറാകുന്നില്ല? വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ പ്ലാറ്റ് ഫോമുകൾ വികസനവുമായി ബന്ധപ്പെട്ട നമ്മുടെ അവകാശവാദങ്ങളെ പൂർണമായും അർഥ ശൂന്യമാക്കുന്നു. ചില സ്റ്റേഷനുകളും കമ്പാർട്ടുമെൻറുകളും ഇന്ന് എലികളുടെയും പെരുച്ചാഴികളുടെയും വിഹാരകേന്ദ്രമാണ്. വേണ്ടത്ര സൂക്ഷ്മത പുലർത്താത്തപക്ഷം നിങ്ങൾക്കു കടിയേറ്റതുതന്നെ. കഴിഞ്ഞവർഷം രാജധാനി എക്സ്പ്രസിൽ കാൺപൂരിലേക്ക് നടത്തിയ ട്രെയിൻ യാത്ര ഇപ്പോഴും നടുക്കുന്ന ഒാർമയാണ്. ചില യാത്രക്കാർ പഴയ ഷർട്ടും തുണിത്തുണ്ടുകളും ഉപയോഗിച്ച് കാൽപാദങ്ങൾ പൊതിഞ്ഞുകെട്ടിയത് കണ്ട് ഞാൻ സംശയ നിവൃത്തിക്ക് ഒരുങ്ങി. ഞാൻ വാ തുറക്കും മുേമ്പ വലിയൊരു എലി കമ്പാർട്ട്മെൻറിലൂടെ നീങ്ങുന്നത് കാണാനിടയായി. ‘‘ഉടൻ കാൽ സീറ്റിൽ കയറ്റി വെച്ചോളൂ. അല്ലെങ്കിൽ എലി ഭക്ഷണമാക്കും’’ എന്ന് എതിർ സീറ്റിലെ യാത്രക്കാരൻ എനിക്ക് മുന്നറിയിപ്പ് നൽകി കൊണ്ടിരുന്നു. എലികൾ മാത്രമല്ല സഹയാത്രികരും നമുക്ക് പൊറുതി നൽകിഎന്നുവരില്ല. ഒന്ന് കണ്ണടച്ചാൽ വിലപിടിപ്പുള്ള ആഭരണമോ ബാഗോ മറ്റ് വസ്തുക്കളോ റാഞ്ചാൻ വിരുതുള്ളവരുടെ വിഹാര ഭൂമിയാണ് ഇൗ കമ്പാർട്ടുമെൻറുകൾ. ബുള്ളറ്റ് ട്രെയിനുകൾ ആണോ ഇപ്പോൾ ഇന്ത്യയുടെ പ്രധാന ആവശ്യം ?
ആവശ്യത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാൽ നമ്മുടെ പരമ്പരാഗത പട്ടണങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴുകയും വേനലുകളിൽ ദാഹജലം ഇല്ലാതെ പിടയുകയും ചെയ്തുകൊണ്ടിരിക്കെ ‘സ്മാർട്ട് സിറ്റികൾ’ നിർമിക്കുന്നതിെൻറ അനിവാര്യതയിൽ ഉൗന്നുകയാണ് ഭരണകർത്താക്കൾ. ചെന്നൈ, മുംബൈ, ശ്രീനഗർ തുടങ്ങിയ നഗരങ്ങൾ വെള്ളപ്പൊക്കം മൂലം സ്തംഭിക്കുമെന്ന് സ്വപ്നത്തിൽ പോലും ഭാവന ചെയ്യപ്പെട്ടിരുന്നില്ല. നാം ത്വരിതഗതിയിൽ വികസിക്കുന്നു, രാഷ്ട്രം തിളങ്ങുന്നു തുടങ്ങിയ അത്യുക്തികളുടെ അന്തഃസാരശൂന്യത ദിനംപ്രതി വെളിപ്പെട്ടുകൊണ്ടിരിക്കെ അത്തരം പദക്കസർത്തുകൾ ഉപേക്ഷിക്കാൻ പാർട്ടികൾ തയാറാകുന്നില്ല എന്ന വൈരുധ്യം അമ്പരപ്പുളവാക്കുന്നു. പ്രാകൃതയുഗ മനുഷ്യരെപ്പോലും ലജ്ജിപ്പിക്കുന്ന പീഡനങ്ങൾ വർത്തമാനകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബാലിക ബാലന്മാർക്ക് തെരുവുകളിലും വീട്ടകങ്ങളിലും സമൂഹം സമ്മാനിച്ചുകൊണ്ടിരിക്കുന്നത് അരക്ഷിതത്വം മാത്രം.
ഗ്രാഫുകളിൽ ദൃശ്യമാകാറുള്ള ഉയർന്ന അക്കങ്ങളാണോ യഥാർഥ വികസന സൂചിക. ശല്യം ചെയ്യപ്പെടാതെ ഒാരോ മനുഷ്യജീവിക്കും എത്രമാത്രം പ്രശാന്തമായ ജീവിതം നയിക്കാൻ സാധിക്കുന്നു എന്നതാകണം വികസന മാനദണ്ഡം. ഭാവിയിലേക്ക് പ്രതീക്ഷപൂർവം കണ്ണയക്കാൻ യുവജനങ്ങൾക്ക് അവസരം ലഭ്യമാവുക എന്നതാണ് വികസനം. എന്നാൽ, ലാത്തിച്ചാർജോ മറ്റു കൈയേറ്റങ്ങളോ ഭയന്ന് ജീവിക്കാനാണ് ഇന്ത്യൻ യുവത്വത്തിെൻറ ഇേപ്പാഴത്തെ വിധി. വാരാണസി സർവകലാശാലയിൽ ഉൾപ്പെടെ കാമ്പസുകൾ തോറും നിയമപാലകരുടെയും രാഷ്ട്രീയ ഗുണ്ടകളുടെയും വിളയാട്ടം പതിവായിരിക്കെ നാനാത്വത്തിൽ ഏകത്വം എന്ന ആർഷഭാരതാഭിമാനം ശൂന്യതയിൽ ഉയർത്തിയ കോട്ടപോലെ നിലംപരിശാകുന്നു.
ചൂലുകളും ബ്രഷുകളുമേന്തി തെരുവു ചത്വരങ്ങൾ അനായാസം ശുചീകരിക്കാനാകും. എന്നാൽ, രാഷ്ട്രീയമണ്ഡലത്തെ മൂടിനിൽക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാതെ നടത്തുന്ന പൊടിക്കൈകൾ വൃഥാവേല മാത്രമായേ കലാശിക്കൂ. നാം പ്രസംഗപീഠങ്ങളിൽ മതേതരത്വം നടിക്കുന്നു. എന്നാൽ, മതത്തിെൻറയോ ആശയങ്ങളുടെയോ പേരിലുള്ള വ്യത്യാസങ്ങൾ ഉന്നയിച്ച് അന്യരെ വീടുകളിൽ കയറി കൊലപ്പെടുത്തുന്നു. മനുഷ്യർ മാത്രമല്ല ചരിത്രസ്മാരകങ്ങൾക്കു നേരെ പോലും കൈയേറ്റങ്ങളും ആക്രമണങ്ങളും പെരുകാൻ തുടങ്ങിയിരിക്കുന്നു. ടൂറിസ്റ്റുകൾ വഴി െപാതുഖജനാവിലേക്ക് കോടികൾ ആകർഷിക്കുന്ന താജ്മഹൽ പോലും തരിപ്പണമാക്കാനുള്ള ആഹ്വാനവുമായി ദേശത്തെ പുതിയ വിഭജനങ്ങളിലേക്ക് ആനയിക്കുകയാണിപ്പോൾ യു.പി സർക്കാർ.
കശ്മീർ സന്ദർശിച്ച ശേഷം മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ എഴുതിയത് ഒാർമിക്കുക: ‘‘കശ്മീർ താഴ്വരയിലെ ജനങ്ങൾ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. അവർക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ആ യാഥാർഥ്യം ഗ്രഹിക്കണമെങ്കിൽ നിങ്ങൾ കശ്മീരിലൂടെ യാത്ര ചെയ്യണം.’’എന്തുകൊണ്ടാകാം ഇൗ വിശ്വാസനഷ്ടം? ഫാറൂഖ് അഹ്മദ് ധർ എന്ന സാധാരണ കശ്മീരി യുവാവിെൻറ അനുഭവങ്ങളിൽനിന്ന് ആ യാഥാർഥ്യം കണ്ടെത്താനാകും. വോട്ട് ചെയ്യാനെത്തിയ ഫാറൂഖിനെ ജീപ്പിന് മുന്നിൽ ബന്ധിപ്പിച്ച് പട്ടാളക്കാർ മനുഷ്യകവചമായി മാറ്റുകയുണ്ടായി. നിരപരാധിയായ ആ യുവാവിെൻറ പ്രാണന് വിലകൽപിക്കാതെ നടത്തിയ ഇൗ അസംബന്ധത്തിെൻറ പേരിൽ അയാളോട് ഒരാൾ പോലും മാപ്പിരന്നില്ല. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കശ്മീർ മനുഷ്യാവകാശ കമീഷൻ വിധി പ്രസ്താവിച്ചെങ്കിലും അയാൾക്ക് ചില്ലിക്കാശും ലഭിച്ചില്ല. അതെ, അസാമാന്യ വേഗത്തിൽ അസംബന്ധങ്ങളെ പുൽകുന്ന രാഷ്ട്രമായിരിക്കുന്നു ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.