എവിടെയാണ് ഇളകിമറിഞ്ഞ ആ ഇന്ത്യ?
text_fieldsരാജ്യത്തിെൻറ അഭിമാന താരങ്ങളായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ സ്ത്രീകൾ അവരുടെ പോരാട്ടത്തിൽ ഒറ്റപ്പെട്ടുപോയതെന്തുകൊണ്ടാണ്? ഡൽഹിയിലോ മറ്റേതെങ്കിലും നഗരങ്ങളിലോ അവർക്ക് പിന്തുണയുമായി ജനസഞ്ചയങ്ങൾ രൂപപ്പെടാത്തത്എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ, സ്ത്രീകൾ പോലും ഈ അതിക്രമത്തിനെതിരെ ശബ്ദിക്കാൻ മുന്നോട്ടുവരാത്തത്?
ഗുസ്തി എെൻറ വിഷയമല്ല, നമ്മുടെ ഗുസ്തി താരങ്ങൾ മെഡൽ നേടിയപ്പോൾ ഞാനക്കാര്യം ശ്രദ്ധിച്ചുവെന്ന് പറയാനാവില്ല. എന്നാൽ, ലൈംഗികപീഡനങ്ങളിൽ പ്രതിഷേധിച്ച് ഒരു സംഘം വനിതാ ഗുസ്തി താരങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് ഞാൻ ശ്രദ്ധിച്ചു. ലൈംഗികപീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമിടയിലാണ് പല ഇന്ത്യൻ സ്ത്രീകൾക്കും ജീവിക്കേണ്ടിവരുന്നത് എന്നത് ഒരു വസ്തുതയാണ്. കായിക പരിശീലകരും അധികാരികളും നടത്തുന്ന ലൈംഗിക പീഡനത്തിനും ദുരുപയോഗത്തിനും ആഗോളതലത്തിൽത്തന്നെ സുദീർഘ ചരിത്രമുണ്ട്.
കളിക്കളത്തിൽ സജീവമായ താരങ്ങൾ കാര്യങ്ങൾ തുറന്നുപറയാൻ തയാറാവുക എന്നത് അസാധാരണ ധൈര്യവും സ്ഥൈര്യവും വേണ്ട സംഗതിയാണ്; പ്രത്യേകിച്ച്, അതിശക്തനായ കുറ്റാരോപിതൻ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ് അവരെ അപകീർത്തിപ്പെടുത്തി ഇവിടെ ഞെളിഞ്ഞുനടക്കുേമ്പാൾ.
ബി.ജെ.പിയുടെ കരുത്തനായ എം.പിയായ സിങ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണമുയർന്നെങ്കിലും നിയമപ്രകാരം അറസ്റ്റ് ചെയ്തില്ല, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന് ഒരുകൂട്ടം സന്യാസിമാരുടെ പിന്തുണയോടെ ആവശ്യമുന്നയിച്ചു അയാൾ.
ഏറ്റവുമൊടുവിൽ വ്യാഴാഴ്ച കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ പോക്സോ കുറ്റം ഒഴിവാക്കപ്പെട്ടു. ഇപ്പോൾ ചുമത്തിയിരിക്കുന്ന കേസുകളെല്ലാം എളുപ്പം ജാമ്യം ലഭിക്കാവുന്നവയാണ്.
താരങ്ങളുടെ പ്രതിഷേധം ആഴ്ചകൾ പിന്നിടവെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഇവിടെ തങ്ങിനിൽക്കുന്നു. രാജ്യത്തിെൻറ അഭിമാന താരങ്ങളായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ സ്ത്രീകൾ അവരുടെ പോരാട്ടത്തിൽ ഒറ്റപ്പെട്ടുപോയതെന്തുകൊണ്ടാണ്? ഡൽഹിയിലോ മറ്റേതെങ്കിലും നഗരങ്ങളിലോ അവർക്ക് പിന്തുണയുമായി ജനസഞ്ചയങ്ങൾ രൂപപ്പെടാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ, സ്ത്രീകൾ പോലും ഈ അതിക്രമത്തിനെതിരെ ശബ്ദിക്കാൻ മുന്നോട്ടുവരാത്തത്? കുടുംബ വാട്സ്ആപ് ഗ്രൂപ്പുകളിൽപോലും നിരാശയും രോഷവും അണപൊട്ടാത്തത് എന്തുകൊണ്ടാണ്?
2012 ഡിസംബറിൽ ഡൽഹിയിലുണ്ടായ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് പിന്തുണയുമായി ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ ഒന്നോർത്തുേനാക്കൂ.
ലൈംഗികാതിക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഇതോടെ ഈ രാജ്യത്തുനിന്ന് ഇല്ലാതാക്കപ്പെടുമെന്ന്, പുരുഷന്മാർ അതെല്ലാം നിർത്തിയെന്ന് ആനിമിഷം നിങ്ങൾ ധരിച്ചുവശായിട്ടുണ്ടാകാം. പക്ഷേ നിങ്ങൾക്ക് തെറ്റിപ്പോയിരുന്നു.
ശരിതെറ്റുകൾ തിരിച്ചറിയാനും പറയാനുമുള്ള കഴിവ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന അടയാളമാണ്. ആളുകളെ ജാതികൊണ്ടും മതംകൊണ്ടും തിരിച്ചറിയുന്ന രാജ്യത്ത് ശരിതെറ്റുകൾ സംബന്ധിച്ച വിധിന്യായങ്ങൾ പലപ്പോഴും ആ വീക്ഷണകോണിൽ മാറ്റിമറിക്കപ്പെടുന്നു. പക്ഷേ, ഒരു ഉദാരമായ ഭരണഘടന മുഖേന അധികാരത്തിലേറിയ ജനാധിപത്യ ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും ഏറെക്കാലം ആ നാണക്കേടിനെ മറച്ചുപിടിച്ചിരുന്നു; പക്ഷേ ഇപ്പോൾ ആ മറ നഷ്ടമായിരിക്കുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കോടതിയുടെ കൈയടക്കവും സർക്കാറിെൻറ കള്ളത്തരവും മറയാക്കി നല്ല നടപ്പുകാർ എന്നപേരിൽ ആറു മാസം മുമ്പ് മോചിപ്പിച്ചിരുന്നു. അവരെ ബി.ജെ.പിയുമായി ബന്ധമുള്ള സംഘങ്ങൾ പരസ്യമായി ആദരിക്കുകയുമുണ്ടായി. പ്രതികൾ തടവുശിക്ഷയുടെ ഒരുഭാഗം അനുഭവിച്ച സ്ഥിതിക്ക് ഇനി അവരെ മോചിപ്പിക്കുന്നതിൽ അപാകതയില്ല എന്ന വാദത്തിന് വലിയ സ്വീകാര്യതയായിരുന്നു. എന്നാലിപ്പോൾ- ഗുസ്തി ഫെഡറേഷെൻറ നിയന്ത്രണം കൈക്കലാക്കാൻ അച്ചടക്കമില്ലാത്ത ഒരുകൂട്ടം താരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന രാഷ്ട്രീയ തർക്കമാണിതെന്ന് വാദിക്കാനും വിശ്വസിക്കാനും ആളുകൾ തയാറാണ്.
2012ൽനിന്ന് കാര്യങ്ങൾ ഒട്ടാകെ മാറിയിരിക്കുന്നു. അന്ന് ഡൽഹിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രോഷാകുലരായ ജനം സർക്കാറിനെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തിയിരുന്നു. എന്നാലിന്ന്, കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ മോചിപ്പിക്കപ്പെട്ടാലാകട്ടെ, രാഷ്ട്രത്തിെൻറ അഭിമാന താരങ്ങളായി ആഘോഷിക്കപ്പെടുന്ന സ്ത്രീകളെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കുന്ന രാഷ്ട്രീയക്കാരെൻറ വിഷയത്തിലാകട്ടെ ഭരണകക്ഷിയും അവരുടെ പ്രചാരണകേന്ദ്രങ്ങളും മുന്നോട്ടുവെക്കുന്ന വാദങ്ങളാണ് ജനങ്ങളും ഏറ്റുപറയുന്നത്.
രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയക്കാരനായ പ്രധാനമന്ത്രിക്ക് ഇരു വിഷയങ്ങളിലും മൗനമാണ്. അദ്ദേഹത്തിെൻറ കൺമുന്നിൽ നടമാടിയ അതിക്രമങ്ങളുടെ ഇരയാണ് ബിൽക്കീസ് ബാനു. ഗുസ്തി താരങ്ങളുടെ കാര്യത്തിലാകട്ടെ, താനും സഹതാരങ്ങളും പാർലമെൻറംഗവും ഫെഡറേഷൻ മേധാവിയുമായ സിങ്ങിൽനിന്ന് തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക, വൈകാരിക, മാനസിക, ശാരീരിക പീഡനങ്ങളെക്കുറിച്ച് 2012 ആഗസ്റ്റിൽ തന്നെ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മലിക് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി എഫ്.ഐ.ആറിൽനിന്ന് വ്യക്തമാകുന്നു.
ഈ സ്ത്രീകൾ വായ മൂടി മിണ്ടാതെ ഇരുന്നുകൊള്ളണം എന്നതാണ് അതിശക്തനായ പ്രധാനമന്ത്രി പുലർത്തുന്ന നിശ്ശബ്ദത നൽകുന്ന സന്ദേശം.
സർക്കാർ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും മഹാനായ നേതാവ് അതിന് നേതൃത്വം നൽകുമെന്നുമെല്ലാം സാധുക്കളും സംസ്കാരസമ്പന്നരുമായ ആളുകൾ ആർത്തലച്ച് ആവശ്യപ്പെടുന്നുണ്ടാകാം. എന്നാൽ, കഴിഞ്ഞ ഏതാണ്ട് പത്തു വർഷത്തോളമായി നാം കാണുന്നത് ധാർമിക ഉത്തരവാദിത്തം തലയിലേറ്റി നിൽക്കുന്നയിടത്തുനിന്ന് ഒരു മുരടനക്കം പോലും ഉണ്ടാകുന്നില്ലെന്നതാണ്.
2015ൽ മുഹമ്മദ് അഖ്ലാഖിനെ ആൾക്കൂട്ടം അടിച്ചുകൊന്നു, എന്തിന്? നമ്മൾ പലരുടെയും വീട്ടിലുള്ളതുപോലെ അദ്ദേഹത്തിെൻറ വീട്ടിലെ ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചിരുന്നുവെന്നതിെൻറ പേരിൽ.
2018ൽ ജമ്മു-കശ്മീരിലെ കട്വയിൽ എട്ടുവയസ്സുള്ള ഒരു പെൺകുട്ടി ബലാത്സംഗക്കൊലക്കിരയായ വേളയിൽ കുറ്റാരോപിതരെ അനുകൂലിച്ച് പ്രകടനം നടന്നു നമ്മുടെ രാജ്യത്ത്.
പല സംസ്ഥാനങ്ങളിലും ഉപജീവനം തേടിപ്പോയ മനുഷ്യരെ ആൾക്കൂട്ട അതിക്രമത്തിനിരയാക്കി ജീവനെടുത്തു ഗോരക്ഷക ഗുണ്ടകൾ. കാഷായ വസ്ത്രമണിഞ്ഞ സന്യാസികൾ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം നടത്തി. ഇത്തരം സംഭവങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഓരോ അവസരത്തിലും കേന്ദ്രമന്ത്രിമാരും ബി.ജെ.പിക്കാരും അക്രമികളെ ന്യായീകരിച്ചു, പ്രധാനമന്ത്രി മൗനത്തിലുമാണ്ടു.
ഓരോ അഭിപ്രായവോട്ടെടുപ്പിലും ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയക്കാരൻ എന്നപദവി നിലനിർത്തിപ്പോരുന്നു പ്രധാനമന്ത്രി. ശരിയും തെറ്റും പറയാൻ കഴിയാത്ത ഒരു ജനതയെയാണ് അദ്ദേഹം പ്രതിനിധാനംചെയ്യുന്നത്. താങ്കളുടെ പാർട്ടിക്കാരനായ ഒരാൾ ഞങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് രണ്ടുവർഷം മുമ്പ് പ്രധാനമന്ത്രിയെ അറിയിച്ച, രാജ്യത്തിന് ഖ്യാതി നേടിക്കൊടുത്ത സ്ത്രീകൾ തെരുവിൽ നീതിക്കുവേണ്ടി പോരാടുേമ്പാൾ അവർ കൈയും കെട്ടിയിരിക്കുകയാണ്. നേരത്തേ എട്ടുവയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയവർക്കായി പിന്തുണ റാലി നടന്നപ്പോഴും ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ പൂമാലയിട്ടാദരിച്ചപ്പോഴും അവർ ഇതേപോലെ നോക്കിയിരിപ്പായിരുന്നു.
ഇന്നാട്ടിലെ ജനങ്ങൾക്കും അവരുടെ പ്രധാനമന്ത്രിക്കും ഒരു പരിഷ്കൃത സമൂഹം എന്നവകാശപ്പെടാനുള്ള മിനിമം യോഗ്യതപോലുമില്ലാതായിരിക്കുന്നു.
(സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.