Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightറിപ്പബ്ലിക്കി​െൻറ...

റിപ്പബ്ലിക്കി​െൻറ സാക്ഷാത്കാരങ്ങള്‍

text_fields
bookmark_border
Indian farmers storm New Delhis Red Fort during tractor protest
cancel

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമാന്തര റാലി ഇന്ത്യന്‍രാഷ്​ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. അതി​െൻറ പ്രതീകാത്മകത തന്നെ സവിശേഷമായ പരാമര്‍ശമര്‍ഹിക്കുന്നു. ഇന്ത്യന്‍ ജനതയുടെ പരമാധികാര ജനാധിപത്യ രാഷ്​ട്രസംസ്ഥാപനത്തി​െൻറ ഓർമദിനത്തിലുള്ള ഭരണകൂടാനുഷ്ഠാനത്തെ നിഷ്പ്രഭമാക്കി രാജ്യത്തിനു മുന്നിലും ലോകത്തിനുമുന്നിലും ജനഹിതാനുസാരിയല്ലാത്ത ഭരണകൂടത്തോടുള്ള വിയോജിപ്പ് ഏറ്റവും ശക്തമായി രേഖപ്പെടുത്താന്‍ നടത്തിയ സംഘടിത ശക്തിപ്രകടനം എന്നതിലുപരി ആ ദിനത്തില്‍ തലസ്ഥാനത്തെ റോഡുകളില്‍ യഥാർഥത്തില്‍ നിറയേണ്ടത്‌ സൈനികവിന്യാസമല്ല; തൊഴിലാളികളും കര്‍ഷകരുമാണ് എന്നൊരു മഹത്തായ സന്ദേശംകൂടി അത് നല്‍കുകയായിരുന്നു.

മാത്രമല്ല, ചെറുത്തുനില്‍പ് എന്നതിന് വലിയ രാഷ്​ട്രീയമാനങ്ങള്‍ നല്‍കിയ പൗരത്വ നിയമനിഷേധസമരം ആകസ്മികമായുണ്ടായ കൊറോണ വൈറസ് വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ നിര്‍ത്തി​െവക്കേണ്ടിവന്ന ശേഷം ഇതുപോലെ ജനാവലികള്‍ അധികാരകേന്ദ്രം വളയുന്ന രാഷ്​ട്രീയമായ ഒരു സമാഹൃത പ്രതിരോധം ഡല്‍ഹിയിലെ ഭരണകര്‍ത്താക്കള്‍ പ്രതീക്ഷിച്ചതല്ല.

അതിനുമപ്പുറം, ആ പ്രതിരോധം അഹിംസയില്‍ ഊന്നിയ സമാധാനപരമായ സഹനസമരമായി വികസിക്കുകയും നിരവധി കര്‍ഷകര്‍ക്ക് അപരിചിതമായ കാലാവസ്ഥയിലും മാനസികവും ശാരീരികവുമായ സമ്മര്‍ദം മൂലവും ജീവന്‍ വെടിയേണ്ടി വരുകയും ചെയ്തിട്ടും കര്‍ഷകര്‍ തങ്ങളുടെ ആത്മവീര്യം കുറക്കുകയോ സംയമനം ഉപേക്ഷിക്കുകയോ ചെയ്തില്ല എന്നതും ഭരണകൂടത്തെ പരിഭ്രാന്തിയിലാക്കാന്‍പോന്ന കാര്യമായിരുന്നു. അതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിനത്തിലെ റാലി തങ്ങളുടെ ധാർമികമായ കരുത്തി​െൻറ ആവേശകരമായ പ്രഖ്യാപനമായി മാറ്റാന്‍ കര്‍ഷകര്‍ക്ക് കഴിയും എന്നതി​െൻറ ഏറ്റവും നല്ല ഉദാഹരണമായി മാറി.

കർഷകറാലി പഠിപ്പിച്ചത്​

റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളേക്കാള്‍ ഇന്നാട്ടിലെ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്​കൃതരുമായ മനുഷ്യരുടെ ശബ്​ദംകൂടി കേള്‍പ്പിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചു എന്നതാണ് റാലിയുടെ മറ്റൊരു പ്രാധാന്യം. ഈ സമരത്തി​െൻറ ഏറ്റവും വലിയ ദേശീയ പ്രാധാന്യം, രണ്ട്​ അടിസ്ഥാന ഉൽപാദനമേഖലകളില്‍ ബി.ജെ.പി കൊണ്ടുവന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്ക് ഇന്ത്യ പാകമായിട്ടില്ലെന്നു മാത്രമല്ല, ഒരുകാലത്തും അവ ഇന്ത്യക്ക്​ ഗുണകരമാവില്ല എന്ന ശക്തമായ തിരിച്ചറിവില്‍നിന്നാണ് അത് പൊട്ടിപ്പുറപ്പെട്ടത് എന്നതാണ്.

തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയനുകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ നാമമാത്രമായിപ്പോയ സാഹചര്യത്തിലാണ് പൊതുവില്‍ തൊഴിലാളികള്‍ക്കും പാര്‍ശ്വവത്​കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പുത്തന്‍ ആവേശം പകര്‍ന്നുകൊണ്ടുള്ള പഞ്ചാബ് കര്‍ഷകരുടെ സഹനസമരം ആരംഭിക്കുന്നത്.

ഇത്തരത്തില്‍ അടിസ്ഥാനമേഖലയില്‍, വിശേഷിച്ചും ധനികകര്‍ഷകര്‍ അടക്കമുള്ള സാമ്പത്തികവർഗങ്ങള്‍ അത്തരം വര്‍ഗവ്യത്യാസങ്ങള്‍ മറന്നു യോജിച്ചുപൊരുതേണ്ട ഒരു സാഹചര്യത്തെ രാഷ്​ട്രീയമായിത്തന്നെ കര്‍ഷകര്‍ മനസ്സിലാക്കി എന്നതും ഈ സമരത്തി​െൻറ മറ്റൊരു പ്രാധാന്യമാണ്. ഈ സമരം സമകാല ഇന്ത്യന്‍ യാഥാർഥ്യത്തെ കൂടുതല്‍ തെളിച്ചത്തോടെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

വാസ്തവത്തില്‍ തൊഴില്‍മേഖലയിലെ ഭരണകൂട ഇടപെടലുകളും കാര്‍ഷികമേഖലയിലെ ഇടപെടലുകളും അടിസ്ഥാനപരമായി ഒരേ സാമ്പത്തികപരിഷ്കരണത്തി​െൻറ മുഖങ്ങളാണ് എന്നത് കര്‍ഷകസമരം തുറന്നുകാട്ടി. നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വേഗതകൂട്ടി തങ്ങളുടെ കോര്‍പറേറ്റ് സൗഹൃദ സമീപനത്തിന് കൂടുതല്‍ കൃത്യത നല്‍കാനാണ് ഭരണകൂടം ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ വ്യവസായ തൊഴിലാളികളും കര്‍ഷകരും സ്വാഭാവികമായും ഉയര്‍ത്തുന്ന പ്രതിഷേധവും പ്രതിരോധവുമാണ്​ ഇപ്പോഴത്തെ സമരങ്ങള്‍.

ഡൽഹി പ്രക്ഷോഭവും പഞ്ചാബിലെ ഉപദേശീയത സമരവും

പഞ്ചാബില്‍ എഴുപതുകളില്‍ നടന്ന ഉപദേശീയസമരവുമായി ഈ സമരത്തിന്‌ ഒരു ബന്ധവുമില്ലയെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. രണ്ടു സമരങ്ങളുടെയും ഭൗതിക പശ്ചാത്തലം വ്യത്യസ്തമാണ്. പഞ്ചാബിലെ ഉപദേശീയ സമരം വന്‍കിടവ്യാപാരികളുടെയും ധനികകര്‍ഷകരുടെയും സാമ്പത്തിക താൽപര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തി​െൻറ ഫലമായിക്കൂടി രൂപംകൊണ്ടതായിരുന്നു. മാത്രമല്ല, പഞ്ചാബിലെ അക്കാലത്തെ സ്വത്വരൂപവത്​കരണത്തി​െൻറ ചില സവിശേഷതകള്‍ ആ സമരത്തെ സ്വാധീനിച്ചിരുന്നു.

പഞ്ചാബ് കര്‍ഷകരിലെ ഒരു വലിയ വിഭാഗം ജാട്ട് സിഖുകാരും നഗരങ്ങളിലെ വ്യാപാരികള്‍ കൂടുതലായും ഭാപാ സിഖുകാരുമായിരുന്നുവെന്നതാണ് അനിവാര്യമായ സ്വത്വവൈരുധ്യംകൂടി അതില്‍ കടന്നുവരാനുള്ള കാരണം. പിന്നീടുള്ള മസാബി സിഖ്, റായ് സിഖ്, ചീമ്പ സിഖ്​, ലിഗര്‍ ദലിത്‌ സിഖു വിഭാഗങ്ങള്‍ പൊതുവില്‍ ഭൂരഹിത കര്‍ഷകത്തൊഴിലാളികളായിരുന്നു. അറുപതുകളിലെ പിളർപ്പിനുശേഷം ജാട്ട് കര്‍ഷകവിഭാഗമായിരുന്നു അകാലിദള്‍ നേതൃത്വം പിടിച്ചടക്കിയത്. ഹരിതവിപ്ലവത്തി​െൻറ ഗുണഭോക്താക്കള്‍ അവര്‍ തന്നെയായിരുന്നു.

ഭൂപരിഷ്കരണം നാമമാത്രമാവുകയും ഹരിതവിപ്ലവം കാര്‍ഷികമുതലാളിത്തത്തിന് അഭൂതപൂർവമായ കരുത്തുനല്‍കുകയും ചെയ്തതോടെ ഈ വിഭാഗം ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ധനിക കര്‍ഷകവിഭാഗങ്ങളിലൊന്നായി മാറി. പക്ഷേ, എഴുപതുകളുടെ മധ്യത്തോടെ കാര്‍ഷികമേഖലയില്‍ ലാഭം കുറയുന്നതി​െൻറ പ്രത്യാഘാതങ്ങള്‍ ഇവരെ കാര്‍ഷികവിള സംസ്കരണവ്യവസായങ്ങളുടെ മേഖലയിലേക്കും ഹിന്ദു വ്യാപാരികള്‍ കൂടുതലായുള്ള ധാന്യവിതരണമേഖലയിലേക്കും പ്രവേശിക്കാന്‍ നിര്‍ബന്ധിതരാക്കി.

കാര്‍ഷികമൂലധനത്തി​െൻറ ഈ കടന്നുകയറ്റം, വ്യാപാരികള്‍ കേന്ദ്രഭരണകൂടത്തി​െൻറ സഹായത്തോടെ ചെറുത്തതോടെയാണ് പഞ്ചാബില്‍ ജാട്ട് ഉപദേശീയസമരത്തിന്‌ എഴുപതുകളില്‍ സ്വാധീനംനേടാന്‍ കഴിഞ്ഞത്. എന്നാല്‍, ഈ സമരം പഞ്ചാബി​െൻറ രാഷ്​ട്രീയാഭിലാഷങ്ങളെ പൂർണമായും പ്രതിനിധാനം ചെയ്​തിരുന്നില്ല. ഭാപാ സിഖ്​ വിഭാഗം, വിവിധ ദലിത്‌ സിഖ് വിഭാഗങ്ങള്‍ എന്നിവര്‍ ഈ സമരത്തോട് സമ്പൂർണ സഹഭാവം പുലര്‍ത്തിയിരുന്നില്ല എന്നതാണ് യാഥാർഥ്യം.

ഖലിസ്​ഥാനുമായി കൂട്ടിക്കുഴക്കുന്നതെന്തിന്​?

ഇപ്പോള്‍ നടക്കുന്ന സമരത്തെ പഴയ 'ഖലിസ്​ഥാന്‍ സമര'വുമായി കൂട്ടിക്കെട്ടാന്‍ സംഘ്​പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ ചരിത്രപരമായി തെറ്റാവുന്നത്‌ പഴയ സമരത്തി​െൻറ വർഗ-സ്വത്വ വിശകലനത്തി​െൻറകൂടി പശ്ചാത്തലത്തിലാണ്. ഇപ്പോഴത്തെ സമരം വർഗപരമായും സ്വത്വപരമായും പഞ്ചാബിലെ കര്‍ഷകരെയും ചെറുകിട-ഇടത്തരം വ്യാപാരികളെയും കര്‍ഷകതൊഴിലാളികളെയും ഒന്നിപ്പിച്ചിരിക്കുന്നു. ബി.ജെ.പിക്ക് പഞ്ചാബില്‍ ഒരു എതിര്‍ പ്രചാരണം നടത്താന്‍പോലും സാധിക്കാത്ത തരത്തില്‍ ജനരോഷം ആളിക്കത്തുന്നു.

പാര്‍ലമെൻറില്‍ അവതരിപ്പിച്ചു പാസാക്കിയെടുത്ത കാര്‍ഷികനിയമങ്ങളും വ്യവസായ തൊഴില്‍നിയമങ്ങളും അടിസ്ഥാനപരമായി ഉൽപാദനമേഖലയില്‍ സൃഷ്​ടിക്കാന്‍ പോകുന്ന അരക്ഷിതത്വത്തി​െൻറയും അസ്ഥിരതയുടെയും സാഹചര്യം കര്‍ഷകര്‍ക്ക് മാത്രമല്ല, ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മുന്‍കൂട്ടി കാണാന്‍കഴിയുന്നു.

അതുകൊണ്ടുതന്നെ ഈ സമരത്തിന്​ ഭാപാ സിഖ്​ വിഭാഗങ്ങളുടെയും വിവിധ ദലിത്‌ സിഖ് വിഭാഗങ്ങളുടെയും പിന്തുണകൂടി ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സമരത്തി​െൻറ അഭൂതപൂര്‍വമായ ഈ സര്‍വസ്വീകാര്യതയാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നതും അതിനെ ദേശീയമായി ഒറ്റപ്പെടുത്തി ശിഥിലീകരിക്കാന്‍ ഖലിസ്​താന്‍വാദത്തെ കൂട്ടുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ റിപ്പബ്ലിക് ആരുടേതാണെന്ന കാതലായ ചോദ്യമാണ് ഈ കര്‍ഷകസമരം ഉയര്‍ത്തുന്നത്. പുതിയ നൂറ്റാണ്ടി​െൻറ തുടക്കംമുതല്‍ അടിക്കടിയുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളും ബി.ജെ.പി സര്‍ക്കാറി​െൻറ ആഭ്യന്തര സാമ്പത്തികനയങ്ങള്‍ സൃഷ്​ടിച്ച തകര്‍ച്ചകളും വിഷമകരമായ അവസ്ഥയിലാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

ഇതിനെ മറികടക്കാനുള്ള രാഷ്​ട്രീയമായ ഇച്ഛാശക്തി ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട് എന്നതി​െൻറ സാക്ഷിപത്രം കൂടിയായി ഈ സമരം മാറുകയാണ്. ഫാഷിസ്​റ്റ്​ വിരുദ്ധ മുന്നണിയില്‍ കക്ഷിഭേദങ്ങള്‍ വിസ്മരിച്ച്​ അടിസ്ഥാനമേഖലയിലെ വിവിധ ജനവിഭാഗങ്ങള്‍ അണിചേരും എന്നതി​െൻറ കൃത്യമായ സൂചനയാണ് സമരം നല്‍കുന്നത്. റിപ്പബ്ലിക്കി​െൻറ ചരിത്രപരമായ സാക്ഷാത്കാരങ്ങള്‍ ഈ സമരത്തില്‍ ഉൾച്ചേര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ സൂചന കണ്ടില്ലെന്നു നടിച്ചാല്‍ അതി​െൻറ പ്രത്യാഘാതം ആപത്കരമായിരിക്കും എന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New DelhiRed Fortrepublic daytractor protest
News Summary - Indian farmers storm New Delhi's Red Fort during tractor protest
Next Story