പാർലമെൻറ്, മന്ദിരവും ചൈതന്യവും
text_fieldsപാർലമെൻറിന് പുതിയൊരു മന്ദിരം കെട്ടിപ്പൊക്കിയാൽ ജനാധിപത്യം ശക്തിപ്പെടുമോ? പഴയ പാർലമെൻറ് സമുച്ചയത്തിനല്ല, ഇന്ത്യ കെട്ടിപ്പടുത്ത ജനാധിപത്യ മൂല്യങ്ങൾക്കാണ് യഥാർഥത്തിൽ ജീർണത. ജനാധിപത്യത്തിെൻറ നെടുന്തൂണുകൾ ക്ഷയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു പോരുന്നവർ ഇതിനിടയിൽ പുതിയ മന്ദിരം തിരക്കിട്ട് പണിതുയർത്തുന്നതാണ് വർത്തമാനകാലത്തെ വിചിത്രമായ കാഴ്ച. കെട്ടിടങ്ങളുടെ ആഡംബരമല്ല, മൂല്യങ്ങളുടെ സംരക്ഷണമാണ് യഥാർഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ചെയ്യേണ്ടത്. കെട്ടിടമല്ല, ചൈതന്യമാണ് പ്രധാനം. സംഭവിക്കുന്നത് മറ്റൊന്നാണ്. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം പുതിയ പാർലമെൻറ് കെട്ടിടത്തിൽ നടത്തി ചരിത്രത്തിൽ സ്ഥാനം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തത്രപ്പാട്. പക്ഷേ, ഭരണൈശലി ജനാധിപത്യ സംവിധാനത്തെ കൂടുതൽ ജീർണിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഈ അട്ടിമറിക്കെതിരായ പ്രതിപക്ഷരോഷത്തിനും ജനകീയ വിഷയങ്ങൾക്കും മുന്നിൽ സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു.
കോവിഡ് കാലത്ത് വെറുംവഴിപാട് എന്ന പോലെ വിളിച്ച വർഷകാല പാർലമെൻറ് സമ്മേളനം മറ്റൊരു പ്രഹസനമായി കലാശിക്കുമെന്ന് ഏതാണ്ട് വ്യക്തമാണ്. ഈ മാസം 13 വരെ നടത്താൻ മുൻകൂട്ടി നിശ്ചയിച്ച സമ്മേളനം വെട്ടിച്ചുരുക്കാനും സാധ്യതയേറി. തുടർച്ചയായി രണ്ടാഴ്ച ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു കളഞ്ഞ സാഹചര്യത്തിൽ, പാർലമെൻറ് നടത്താൻ പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നാണ് സർക്കാർ വാദഗതി. പെഗസസ് ചാരവൃത്തി വിഷയം പാർലമെൻറ് ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് സർക്കാറിന് തോന്നുന്നില്ല. കാർഷിക നിയമഭേദഗതിക്കെതിരെ ഡൽഹിയുടെ അതിർത്തികളിൽ കർഷക സമരം മാസങ്ങളായി തുടരുക തന്നെയാണെങ്കിലും, സർക്കാർ അവഗണിച്ചു തള്ളുന്നു. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ആധിക്കൊപ്പം വൈറസ് പ്രതിരോധത്തിലെ പാളിച്ച, സാമ്പത്തിക മാന്ദ്യം, ഇന്ധന വിലക്കയറ്റം, ലക്ഷദ്വീപ് പ്രശ്നം എന്നിങ്ങനെ നീളുന്ന കാതലായ വിഷയങ്ങൾ നിരവധിയാണ്. സർക്കാറിെൻറ പരാജയം പാർലമെൻറിൽ ചർച്ച ചെയ്യാതിരിക്കുകയാണ് അവർക്കു വേണ്ടത്. പുതിയ വിൽപനകൾക്ക് വഴിയൊരുക്കാനും വിഭജന അജണ്ടകൾ നടപ്പാക്കാനുമുള്ള വേദി എന്നതിനപ്പുറം, എത്രത്തോളം പ്രാധാന്യം പാർലമെൻറിന് ഭരണചേരി കൽപിച്ചു നൽകിയിട്ടുണ്ടെന്ന പ്രശ്നം ബാക്കി.
പെഗസസ് ചർച്ച ചെയ്യാൻ പറ്റില്ലെന്ന സർക്കാറിെൻറ കർക്കശനിലപാടാണ് പാർലമെൻറ് സ്തംഭനം നിത്യസംഭവമാക്കി മാറ്റിയത്. സർക്കാർ ഭയക്കുന്നില്ലെങ്കിൽ, കടുംപിടിത്തത്തിെൻറ കാര്യമില്ല. സുപ്രധാന വിഷയങ്ങൾ പാർലമെൻറിൽ ഉയർത്താൻ പറ്റില്ലെന്ന നിലപാട് ഉയർത്തുന്ന സർക്കാർ, പാർലമെൻററി ജനാധിപത്യത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. പശ്ചിമബംഗാൾ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് ഉൗർജം സമാഹരിച്ച പ്രതിപക്ഷം മോദിസർക്കാറിെൻറ ഇത്തരം പോക്കിനെതിരെ യുദ്ധത്തിലാണ്. പ്രതിപക്ഷ പാർട്ടികളിൽ പതിവുവിട്ട ഐക്യം ഇക്കുറി കാണാനുണ്ട്. ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള പാർട്ടിക്ക് പാർലമെൻറിൽ പ്രതിപക്ഷത്തെ പേടിക്കേണ്ട കാര്യമില്ല.
ബഹളത്തിനിടയിൽ അഞ്ചു ബില്ലുകളാണ് ഇതിനകം പാസാക്കിയെടുത്തത്. എന്നിട്ടു കൂടി പെഗസസ് ചർച്ച ചെയ്യാൻ പറ്റില്ലെന്ന നിലപാട് പെഗസസിനെ ചൂഴ്ന്നുനിൽക്കുന്ന നിഗൂഢതയും, അതേക്കുറിച്ച് സംസാരിക്കാൻ സർക്കാറിനുള്ള ഉൾഭീതിയുമാണ് വ്യക്തമാക്കുന്നത്. കോവിഡ് മുതൽ ഇന്ധന വിലക്കയറ്റം വരെ കാതലായ പ്രശ്നങ്ങളുടെ കാര്യത്തിലും ആത്മാർഥമായ മറുപടി പറയാൻ സർക്കാറിന് കഴിയില്ല. പാർലമെൻറ് നടപടികൾ മുടങ്ങിയാൽ, മറുപടി പറയേണ്ടതുമില്ല. പാർലമെൻറ് മുടക്കുന്നതാര് എന്ന ചോദ്യത്തിെൻറ മറുപടി അവിടെയാണ്. രാഷ്ട്രീയ സംവാദത്തിന് പാർലമെൻറിൽ അവസരം കിട്ടുന്നില്ലെങ്കിൽപിന്നെ, അതു നടക്കേണ്ടത് എവിടെയാണ്? കോവിഡ് കാലത്ത് തെരുവിൽ പ്രതിഷേധിക്കാൻ പോലും പരിമിതികളുണ്ടെന്നിരിക്കേ, പ്രതിപക്ഷ ഇടം ഒന്നുകൂടി ഇല്ലാതാക്കി പ്രതിഷേധവും വിമർശനവുമെല്ലാം നിഷ്പ്രഭമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാർലമെൻറ് മന്ദിരം പണിയുന്നതിനപ്പുറം, ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും തെറ്റു തിരുത്തലും സർക്കാർ നയമാകാതെ പോകുന്ന ദുരവസ്ഥയാണ് ഇതിനൊപ്പം തെളിയുന്നത്.
സർക്കാറിെൻറ പോക്കിന് കടിഞ്ഞാണിടാനുള്ള ശ്രമത്തിൽ മുെമ്പന്നത്തേക്കാൾ യോജിപ്പ് പ്രതിപക്ഷം കാണിക്കുന്നത്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മുെന്നാരുക്കം കൂടിയാണ്. പൊതുശത്രുവിനെ നേരിടാനുള്ള ശ്രമങ്ങളിൽ ശരദ് പവാറിനു പിന്നാലെ, മമത ബാനർജി കളത്തിലിറങ്ങിയിരിക്കുന്നു. എല്ലാവർക്കും സ്വീകാര്യയായ നേതാവായി മമത ഉയർന്നു വരുമോ? അതിനു തക്ക നിലയും വിലയും മറ്റു പ്രതിപക്ഷപാർട്ടികൾക്കിടയിൽ അവർ നേടിക്കഴിഞ്ഞിട്ടുണ്ടോ? അതോ കിങ് മേക്കർ റോളാണോ? എല്ലാം തെളിഞ്ഞു വരാനിരിക്കുന്നതേയുള്ളൂ. ഏതായാലും, അടിക്കടി ഡൽഹിയാത്ര ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ഡൽഹിയിൽ നിന്ന് മമത കഴിഞ്ഞ ദിവസം കൊൽക്കത്തക്ക് മടങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ശിരോമണി അകാലിദൾ, ബി.എസ്.പി തുടങ്ങി വിവിധ പാർട്ടികളുടെ ഏകോപിത ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്നത്. ഐക്യശ്രമത്തിൽ ദുർഘടമായ നീണ്ട വഴിയാണ്, അവരവരുടെ താൽപര്യങ്ങൾക്ക് മുൻഗണനയുള്ള പ്രതിപക്ഷ പാർട്ടികൾക്കു മുന്നിൽ. പ്രതിപക്ഷചേരിയെ ആര് നയിക്കണമെന്ന ചോദ്യവും തർക്കവും ബാക്കി.
ഭയക്കാൻ തക്ക പ്രതിപക്ഷമില്ലാതെ ഭരിക്കാൻ സൗഭാഗ്യം കിട്ടിയ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യക്കുണ്ടായിട്ടില്ല. മോദിയേയും ബി.ജെ.പിയേയും നേരിടുന്നതിൽ ഉന്നവും ഐക്യവുമില്ലാതെ പ്രതിപക്ഷം തുടർന്നുപോരുന്ന ഈ അലംഭാവരീതികൾക്കിടയിൽ, പുതിയൊരു തുടക്കത്തിെൻറ സൂചനകൾ തെളിയുന്നുവെന്ന് കാണുന്നവർ ഏറെ.
പ്രതിപക്ഷ ഐക്യദാഹത്തിെൻറയും തെൻറ നേതൃത്വത്തിെൻറയും പൾസ് അളക്കാൻ കൂടിയാണ് മമത ഡൽഹിയിൽ അഞ്ചു ദിവസം തങ്ങി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കം വിവിധ നേതാക്കളെ കണ്ടത്. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി പ്രതിപക്ഷ പിന്തുണ നേടാനുള്ള ശ്രമം കോൺഗ്രസ് അതിെൻറ വഴിക്ക് നടത്തുന്നു. പഞ്ചാബ്, യു.പി തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ, ശിരോമണി അകാലിദളും ബി.എസ്.പിയും ചേർന്ന ചേരി മറ്റൊരു വശത്ത്. ഇതിനിടയിലും പാർലമെൻറിൽ യോജിച്ച നിലപാട് സ്വീകരിക്കാനുണ്ടായ തീരുമാനം, പൊതുശത്രുവിനെ യോജിച്ചു നേരിടണമെന്ന പ്രതിപക്ഷപാർട്ടികൾക്കിടയിലെ തീവ്രവികാരത്തിെൻറ പ്രതിഫലനമാണ്. മോദി സർക്കാറിെൻറ മുഖമുടയുന്നത്, അവരുടെ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്യുന്നു. മാറ്റത്തിെൻറ പ്രതീതി ഉണ്ടാവുന്നു. പുതിയ പാർലമെൻറ് മന്ദിരം പണിയാമെന്നല്ലാതെ, അതിനുള്ളിൽ സ്ഥിര വിഗ്രഹം പ്രതിഷ്ഠിക്കാൻ കഴിയില്ലെന്നും ജനാധിപത്യം പുലരുക തന്നെ ചെയ്യുമെന്നും തെളിയിക്കാൻ തക്ക ഐക്യപ്പെടലിന് പ്രതിപക്ഷ പാർട്ടികൾക്ക് എത്രത്തോളം സാധിക്കും? അതറിയാനുള്ള കാത്തിരിപ്പിലാണ് ജനതയിൽ ബഹുഭൂരിപക്ഷം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.