‘മുഹബ്ബത്തിന്റെ കട’യിലിപ്പോൾ എന്താണ് കച്ചവടം?
text_fieldsമുസ്ലിംകളെ കൊന്നുതള്ളുമ്പോൾപോലും നാവനങ്ങാത്ത ഇവരെക്കുറിച്ചാണ് അധികാരത്തിൽ വന്നാൽ അമ്മ പെങ്ങന്മാരുടെ കെട്ടുതാലികളും രണ്ടു പശുവുള്ളവരിൽ നിന്ന് ഒരു പശുവും പിടിച്ചുവാങ്ങി മുസ്ലിംകൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടുനീളെ പ്രസംഗിച്ചു നടന്നത്.
മേം നഫ്റത്ത് കേ ബാസാർ മേ മൊഹബ്ബത്ത് കി ദൂകാൻ ഖോൽ രഹാ ഹൂ... (വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഞാൻ) 2004 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ കോൺഗ്രസ് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാലമത്രയും നടത്തിയ പ്രയോഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വരികളാണിവ. കേരളത്തിലെ റസ്റ്റാറൻറുകളിൽ കയറി ഭക്ഷണം കഴിച്ചും തമിഴ്നാട്ടിലെ ഗ്രാമീണ വ്ലോഗർമാരുടെ പാചക വിഡിയോകളിൽ കയിലിട്ടിളക്കിയും നടക്കാനേ ഇയാളെക്കൊണ്ട് കഴിയൂ എന്ന പരിഹാസത്തെ അടിമുടി പൊളിച്ചുകളഞ്ഞ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിൽ വെച്ചാണ് രാഹുൽ ഗാന്ധി ഇതു പറഞ്ഞത്. കർണാടകയിലും തെലങ്കാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറാനും 2014ലും 2019ലും നാണംകെട്ട് തോറ്റ സ്ഥാനത്ത് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ വിജയ സമാനമായ തോൽവി എന്ന അന്തസ്സ് കൈവരിക്കാനായതിലും ‘മുഹബ്ബത്ത് ഫോർമുല’ കോൺഗ്രസിനെ ഗണ്യമായി സഹായിച്ചു. വീണ്ടെടുക്കപ്പെടാനാവാത്ത വിധം തകർക്കപ്പെട്ട രാജ്യത്തെ വെറുപ്പിൽ നിന്ന് മുക്തമാക്കി പുനർനിർമിക്കണമെന്ന് അത്രമേൽ മോഹിച്ചിരുന്നു ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ സമൂഹം. അക്കൂട്ടത്തിൽ കോൺഗ്രസുകാരും നാളിതുവരെ കോൺഗ്രസിന് വോട്ടു ചെയ്യാത്തവരുമുണ്ടായിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വെറുപ്പിന്റെ ശക്തികൾക്ക് നൽകിയ വോട്ടിന് പ്രായശ്ചിത്തം ചെയ്യാനുറച്ചവരുണ്ടായിരുന്നു, കഴിഞ്ഞ കുറെ വർഷായി ഭരണകൂടവും അവരുടെ വേതാളങ്ങളും വേട്ടയാടിയ ന്യൂനപക്ഷ-പിന്നാക്ക-ബഹുജൻ സമൂഹമുണ്ടായിരുന്നു, വെറുപ്പിന്റെ വിചാരധാരക്കെതിരെ നിലകൊള്ളുന്ന ഇന്ത്യയിലെ ഓരോ അണുമണികളുമുണ്ടായിരുന്നു. ഈ മാസം നാലിന് അവരേവരും ആശ്വാസം കൊണ്ടു. ഒരു പതിറ്റാണ്ടായി അപരവത്കരണവും ആൾക്കൂട്ടക്കൊലയും ആരാധനാലയ ധ്വംസനങ്ങളുമെല്ലാം ദേശീയ കർമ പദ്ധതികളെന്ന മട്ടിൽ നടപ്പാക്കിവരുന്ന സംഘത്തെ അധികാരത്തിൽനിന്ന് ഇറക്കിവിടാനായില്ലെങ്കിലും ഇനിയുള്ള കാലം അതിക്രമകാരികൾക്കുനേരെ മുഹബ്ബത്തിന്റെ പോരാളികളുടെ ചോദ്യവിരലുകളുയരുമെന്നും ഇന്ത്യക്കേറ്റ മുറിവുകൾ സുഖപ്പെടുമെന്നും അവർ ആഗ്രഹിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് ആദ്യമായി നടത്തിയ വാർത്ത സമ്മേളനത്തിൽ ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാണിച്ചതുപോലും രാഹുൽ ഗാന്ധി നടത്തിയ നിലപാട് പ്രഖ്യാപനമാണെന്ന് അവർ വിശ്വസിച്ചു.
തോൽവിക്ക് സമാനമായ വിജയമാണ് ലഭിച്ചതെങ്കിലും വിഷവീര്യമൊട്ടും കുറഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെടുത്തും വിധം, ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം ആൾക്കൂട്ടക്കൊലകൾ പുനരാരംഭിച്ചു ഹിന്ദുത്വപ്പടയാളികൾ. ഛത്തിസ്ഗഢിൽ മൂന്ന് മുസ്ലിം ചെറുപ്പക്കാരെ പറഞ്ഞു പഴകിയ പശുക്കടത്ത് ആരോപണം ചാർത്തി ബി.ജെ.പി പ്രാദേശിക നേതാക്കൾ ഉൾപ്പെടുന്ന സംഘം വേട്ടയാടി കൊലപ്പെടുത്തി. 2014ൽ നരേന്ദ്ര മോദിയും സംഘവും ആദ്യമായി ഭരണം പിടിച്ച വേളയിൽ പുണെയിലെ മുഹ്സിൻ ശൈഖ് എന്ന ഐ.ടി എൻജിനീയറെ ആൾക്കൂട്ടക്കൊല ചെയ്ത ശേഷം ‘ആദ്യ വിക്കറ്റ് വീണു’ എന്നായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ച് ഹിന്ദുത്വ സംഘങ്ങൾ പങ്കുവെച്ച സന്ദേശമെങ്കിൽ മൂന്നാമൂഴം ലഭിച്ചപ്പോൾ മൂന്ന് ജീവനുകളെടുത്തു കൊണ്ടാണ് അവരുടെ തുടക്കം. തെരഞ്ഞെടുപ്പ് പ്രചാരണമെന്ന പേരിൽ നിയന്ത്രണങ്ങളേതുമില്ലാതെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ തുറന്നുവിട്ട മുസ്ലിം വിരുദ്ധതയുടെ വൈറസുകൾ അവരെ അത്രകണ്ട് വർഗീയമായി ശാക്തീകരിച്ചിരുന്നു. ഇന്ത്യ വീണ്ടെടുക്കപ്പെടുമെന്ന് മതനിരപേക്ഷ സമൂഹം സ്വപ്നം കണ്ടതുപോലെ ജൂൺ നാലിനുശേഷം ഇന്ത്യ ഇന്നുകാണുന്ന മതനിരപേക്ഷ ഇന്ത്യയാവില്ലെന്നും ഹിന്ദുത്വ ഹൃദയസമ്രാട്ടുകളുടെ വിചാരധാരയിലൂന്നി വാഴുന്ന സമഗ്രാധിപത്യ ഹിന്ദുരാഷ്ട്രം വരുമെന്നും മനക്കോട്ട കെട്ടി ക്ഷമനശിച്ച് കാത്തിരിപ്പായിരുന്നു അവർ. ബലി പെരുന്നാൾ വേളയിൽ രാജ്യത്തിന്റെ പല കോണുകളിലായി പശുഹത്യ ആരോപിച്ച് കുഴപ്പങ്ങൾ അഴിച്ചുവിട്ടു അക്രമികൾ. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു കലാപം. മറ്റൊരു കോൺഗ്രസ് സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ അക്രമങ്ങൾ അതിരുവിട്ടു. ബി.ജെ.പി ഭരണത്തിലിരിക്കുന്ന മധ്യപ്രദേശിൽ വീട്ടിലെ ഫ്രിഡ്ജിൽനിന്ന് പശുവിറച്ചി കണ്ടെത്തിയെന്നാരോപിച്ച് മുസ്ലിംകളുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്തു. ഒഡിഷയിൽ ഭരണമാറ്റം വിളംബരംചെയ്യുന്ന വിധത്തിൽ വർഗീയ കലാപമുണ്ടായി. കലാപങ്ങളും തികച്ചും നിയമബാഹ്യമായ കൊലപാതകങ്ങളും ഇടിച്ചുനിരത്തലും തുടരുമ്പോഴും മുസ്ലിംകൾ ഈ രാജ്യത്തെ പൗരരാണെന്നും അവരെ അന്യായമായി വേട്ടയാടാൻ അനുവദിക്കില്ലെന്നും രണ്ടുവരി ട്വീറ്റ് ചെയ്യാൻപോലും മുഹബ്ബത്തിനെക്കുറിച്ച് വീമ്പടിച്ച രാഹുൽ ഗാന്ധിയോ അദ്ദേഹത്തി ന്റെ പക്കമേളക്കാരോ തയാറായിട്ടില്ല. പാർലമെന്റിൽ ഭരണഘടന ഉയർത്തിക്കാണിച്ച് ഒന്നാം പേജിൽ പടം വരുത്തിയ ‘ഇൻഡ്യ’ സഖ്യ സേനാനികൾ ആൾക്കൂട്ടക്കൊലയെന്ന ഭരണകൂട വിരുദ്ധത കാണുന്നതേയില്ല.
മുസ്ലിംകളെ കൊന്നുതള്ളുമ്പോൾപോലും നാവനങ്ങാത്ത ഇവരെക്കുറിച്ചാണ് അധികാരത്തിൽ വന്നാൽ അമ്മ പെങ്ങന്മാരുടെ കെട്ടുതാലികളും രണ്ടു പശുവുള്ളവരിൽ നിന്ന് ഒരു പശുവും പിടിച്ചുവാങ്ങി മുസ്ലിംകൾക്ക് നൽകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നാടുനീളെ പ്രസംഗിച്ചു നടന്നത്.
മുഹബ്ബത്തിന്റെ കട എക്കാലവും തുറന്നിടാനുള്ളതല്ലെന്നും പൂരം-നേർച്ച സീസണുകളിലെ പൊരി-മിഠായിക്കടകൾ പോലെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള സംവിധാനമാണെന്നും വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ഇടപെടലുകളിൽ നിന്ന് നാം മനസ്സിലാക്കാൻ. വർഗീയ അതിക്രമങ്ങളോട് അത്രകണ്ട് സമരസപ്പെട്ട മട്ട്. അങ്ങനെയെങ്കിൽ പാർട്ടിയും ഉത്തരവാദിത്തങ്ങളും വിട്ട് മുൻകാലങ്ങളിൽ നടത്തിയതിനേക്കാൾ ഭീരുത്വമാർന്ന ഒളിച്ചോട്ടമാണ് ഇന്ത്യയുടെ പുതിയ പ്രതിപക്ഷ നേതാവ് ഇപ്പോൾ നടത്തുന്നത്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.