ആത്മബന്ധത്തിന്റെ പാർട്ടി, അടിസ്ഥാന വർഗത്തിന്റെയും
text_fieldsമുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗത്തിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു കേരള കിസിഞ്ജർ എന്നറിയപ്പെട്ടിരുന്ന ആർ.എസ്.പി ജനറൽ സെക്രട്ടറി ബേബി ജോണിന്. പൈതൃകമായി ലഭിച്ച ആ ആത്മബന്ധം എത്രമാത്രം മനോഹരമാണെന്ന് ഷിബു ബേബി ജോൺ എഴുതുന്നു
മുസ്ലിം ലീഗുമായി എന്റെ പിതാവിനുള്ളതുപോലെതന്നെ ഒരു ആത്മബന്ധം എനിക്കും ഉണ്ട്. ആ അടുപ്പം രൂപംകൊള്ളുന്നത് ചെറുപ്രായത്തിലാണ്. സി.എച്ച് ആദ്യമായി മന്ത്രിയായ കാലം. അന്ന് കേരളമെമ്പാടും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം ഒരുയാത്ര നടത്തിയിരുന്നു.
നീണ്ടകരയിൽ ആർ.എസ്.പിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണയോഗം. പിതാവിന്റെ കൈപിടിച്ച് കൊച്ചുകുട്ടിയായിരുന്ന ഞാനും അവിടെയെത്തി. സ്വീകരണയോഗത്തിൽ പെങ്കടുക്കവെ സി.എച്ച് എന്റെ കവിളിൽതട്ടി വിളിച്ച് അരികിൽ നിർത്തി. പേരും മറ്റും ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു ‘നിന്റെ പ്രായത്തിൽ എനിക്കും ഉണ്ട്, ഒരു മോൻ. നിങ്ങൾ തമ്മിൽ പരിചയപ്പെടണം. നമുക്ക് തിരുവനന്തപുരത്തുവെച്ച് കാണാം’.
സ്നേഹനിർവിശേഷമായ ആ കൂടിക്കാഴ്ച എനിക്ക് ഒരു സാങ്കൽപിക സ്നേഹിതനെ സമ്മാനിച്ചു. അന്നുമുതൽ മനസ്സിൽ ആ കൂട്ടുകാരനെക്കുറിച്ചുള്ള ചിന്തയായി. കാണണമെന്ന ആഗ്രഹമായി. അധികം താമസിയാതെ, ക്ലിഫ്ഹൗസ് കോമ്പൗണ്ടിൽ അടുത്തടുത്ത വീടുകളിൽ ഞങ്ങൾ താമസമായി.
മുനീറും ഞാനും ആത്മമിത്രങ്ങളായി. ഒരേ ക്ലാസിൽ പഠിച്ചു. ഒരേ സൈക്കിളിൽ മുന്നിലും പിന്നിലും ഇരുന്ന് സ്കൂളിൽ പോയി. ഒരുമിച്ച് വളർന്നു. രാഷ്ട്രീയവും കേരളവും സാമൂഹികവ്യവസ്ഥയും മാറിവരുന്നത് ഞങ്ങൾ അനുഭവിച്ചറിഞ്ഞു. രാഷ്ട്രീയത്തിനും രാഷ്ട്രീയമാറ്റങ്ങൾക്കും ഇടയിൽ വളർന്ന ഞങ്ങൾ വ്യത്യസ്ത മേഖലകൾ തേടിപ്പോയെങ്കിലും ഒരു നിയോഗംപോലെ വീണ്ടും രാഷ്ടീയത്തിലെത്തി. ഒരേ മുന്നണിയിൽ ഒരുമിച്ചു പ്രവർത്തിച്ചു.
ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണി പൊളിഞ്ഞതിനെ തുടർന്നാണ് ഐക്യമുന്നണി ഉണ്ടാകുന്നത്. അന്ന് കുട്ടിയായിരുന്ന എനിക്ക് അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വലിയ ഓർമകൾ ഇല്ലെങ്കിലും എന്റെ പിതാവ് ബേബിജോണും കെ. കരുണാകരനും സി.എച്ചുമാണ് അതിന് മുൻകൈ എടുത്തിരുന്നത് എന്നത് ചരിത്രമാണ്.
എന്റെ പിതാവിന് ലീഗുമായുള്ള ആത്മബന്ധം ചരിത്രത്തിന്റെ ഭാഗമാണ്. മുസ് ലിം ലീഗിന്റെ സംസ്ഥാനകമ്മിറ്റിയോഗത്തിൽ അക്കാലത്ത് പങ്കെടുത്തയാളാണ് ബേബിജോൺ. രാഷ്ട്രീയതന്ത്രജ്ഞൻ എന്നനിലക്ക് കേരളത്തിലെ കിസിഞ്ജർ എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം ലീഗിന്റെ സംസ്ഥാന സമിതിയോഗത്തിൽ വരെ പങ്കെടുത്തതോടെ ബേബിജോൺഹാജി എന്നപേരിലും അറിയപ്പെടാൻ തുടങ്ങി. ലീഗിനോട് അത്രവലിയരു ബന്ധമാണ്, എനിക്ക് പൈതൃകമായി ലഭിച്ചത്.
കറകളഞ്ഞ മതനിരപേക്ഷതയും ജനാധിപത്യബോധവുമാണ് മുസ്ലിം ലീഗിനെ മുഖ്യധാരാരാഷ്ട്രീയത്തിൽ പ്രതിഷ്ഠിച്ചത്. ഇന്ത്യാവിഭജനശേഷം ലീഗിനെ മറ്റ് ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, ദേശസ്നേഹവും ദേശീയബോധവും ജനാധിപത്യബോധവും മതനിരപേക്ഷതയും പാർട്ടിയുടെ അടിസ്ഥാന സ്വഭാവമാണെന്ന് അവർ പ്രവർത്തനംകൊണ്ട് തെളിയിച്ചു.
മുസ്ലിം ലീഗ് എന്ന പാർട്ടി കേരള രാഷ്ട്രീയത്തിന്റെ അനിവാര്യതയായി, ഇരുമുന്നണികളിലും മുഖ്യപങ്കാളികളായി പ്രവർത്തിച്ചു. സമൂഹത്തിലെ ഏറ്റവും അടിസ്ഥാനവർഗത്തിനായി നിലകൊണ്ട അവരെ ‘കൈവണ്ടിലീഗ്’ എന്ന് ആക്ഷേപിച്ച് വിളിച്ചവരുണ്ട്, അവരത് അഭിമാനത്തോടെ സ്വീകരിക്കുകയും അടിസ്ഥാന വിഭാഗങ്ങൾക്കായി ആത്മാർഥതയോടെ പ്രവർത്തിക്കുകയും ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങളുെട താൽപര്യം സംരക്ഷിക്കുകയും അവകാശം നേടിയെടുക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യം ഒരുവശത്ത്. മറുഭാഗത്ത്, എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമാകുക എന്ന വെല്ലുവിളി. അങ്ങനെ വളരെ ദുർഘടമായ വഴികൾ താണ്ടിയാണ് അവർ സ്ഥാനമുറപ്പിച്ചത്.
ഇന്നും ലീഗിന്റെ ഏറ്റവും വലിയ പ്രസക്തി, അവർ തുടർന്നുവരുന്ന ശക്തമായ മതേതര കാഴ്ചപ്പാടാണ്. എത്രയൊക്കെ വെല്ലുവിളികൾ നേരിടുേമ്പാഴും അവർ അതിൽ ഉറച്ചുനിൽക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിന് തീവ്രതപോരെന്ന് മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങൾ വിമർശിക്കുന്നു.
ലീഗിനെ പ്രകോപിപ്പിക്കുന്നവിധത്തിൽ എതിർചേരിയിൽനിന്ന് ശക്തരായ ചില വർഗീയ കക്ഷികൾ പെരുമാറുന്നു. വളരെ പരീക്ഷണം നേരിടുന്ന ഈ അവസ്ഥയിൽപോലും അവർ ചാഞ്ചാട്ടമില്ലാതെ മതേതരത്വത്തിൽ ഉറച്ചുനിന്ന് ഇന്ത്യൻ ഭരണഘടനയെ നെഞ്ചോടുചേർക്കുന്നു. പ്രകോപനങ്ങൾക്കെതിരെ സമുദായത്തിൽ ഉയർന്നുവരുന്ന തീവ്രചിന്താഗതികളെ പിടിച്ചുനിർത്തുന്നതിൽ അവർ എന്നും ജാഗരൂകരാണ്.
തീവ്ര ചിന്താഗതികളെ കൂട്ടുപിടിച്ച് ലീഗിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് കുറേക്കാലമായി സി.പി.എം തുടർന്നുവരുന്നത്. അത് എത്രമാത്രം ആപത്ക്കരമാണെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. വെറും താൽക്കാലിക രാഷ്ട്രീയലക്ഷ്യങ്ങൾക്കാണ് സി.പി.എം മുൻഗണന നൽകുന്നത്.
ബാബരി മസ്ജിദ് തകർത്തതുൾപ്പെടെ വിവിധമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടങ്ങൾ താണ്ടിയ പാർട്ടിയാണ് ലീഗ്. ആ സന്ദർഭങ്ങളിൽപോലും തികഞ്ഞ സംയമനം കാഴ്ചവെച്ചവരാണവർ. ലീഗിനെക്കൊണ്ട് തീവ്രമായി പ്രതികരിപ്പിക്കാനുള്ള പ്രകോപനങ്ങൾ ഇപ്പോഴും ബി.ജെ.പിയിൽ നിന്നുണ്ടാകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് ആശങ്കയും ഭയവും ഉണ്ടാക്കുന്ന പ്രവൃത്തികൾ രാജ്യത്ത് ഉണ്ടാകുന്നു.
ഒരു വർഗീയ ധ്രുവീകരണമാണ് ബി.ജെ.പി കേരളത്തിലും ആഗ്രഹിക്കുന്നത്. എന്നാൽ, അതിനൊരു അവസരം നൽകാതിരിക്കാൻ ലീഗ് നടത്തുന്ന ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്. തുടക്കം മുതൽ ഇന്നുവരെ ലീഗിന്റെ മാറിമാറിവന്ന നേതാക്കൾ ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നത് മതനിരപേക്ഷ കേരളം ശ്രദ്ധിക്കേണ്ട കാര്യമാണ്.
വ്യക്തിബന്ധങ്ങൾക്ക് എന്നും വലിയ വിലകൽപിച്ച പാർട്ടിയാണ് ലീഗ്. എതിർപക്ഷത്തുള്ള നേതാക്കളുമായിപോലും സമാനതകളില്ലത്ത സൗഹൃദം അവർ സൂക്ഷിക്കുന്നു. ആ സൗഹൃദം ആത്മാർഥവും ആണ്. അതുകൊണ്ടാണ് മറ്റൊരു പാർട്ടിയുടെ നേതാവായിരുന്ന എന്റെ പിതാവിനെ അവർ സംസ്ഥാന സമിതിയോഗത്തിൽ പങ്കെടുപ്പിച്ചത്.
വേറൊരു രാഷ്ട്രീയ കക്ഷിക്കും അത്തരമൊരു ഹൃദയവിശാലത അവകാശപ്പെടാൻ കഴിയില്ല. എഴുപത്തഞ്ചു വർഷത്തിനിപ്പുറവും ലീഗ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാനകക്ഷിയായും തിരുത്തൽ ശക്തിയായും നിലകൊള്ളുന്നത്, ആ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയിലും വ്യക്തിബന്ധങ്ങളിലും ആത്മാർഥതയിലും കലർപ്പില്ലാത്തതിനാലാണ്.
രാഷ്ട്രീയകക്ഷികളുടെ പഴയകാല നേതാക്കൾ എല്ലാംതന്നെ വ്യക്തിപരമായ ആത്മബന്ധം പുലർത്തിയിരുന്നവരായിരുന്നു. ഇന്നിപ്പോൾ ആ ബന്ധം അപൂർവമായി തീർന്നിരിക്കുന്നു. നേതൃത്വത്തിന്റെ തലമുറകൾ പലതും മാറിയിട്ടും എഴുപത്തഞ്ചാം വർഷത്തിലും ലീഗ് അത് കാത്തുസൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.