ഇന്ത്യയുടെ അപനിർമാണം
text_fieldsജനാധിപത്യം ഒരു സങ്കൽപമാണ്. വിശ്വാസമാണ് അതിെൻറ അടിത്തറ. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ കെട്ടിപ്പൊക്കിയത് വിശ്വാസ്യതയുടെ ഇൗ അടിത്തറയിലാണ്. നിയമനിർമാണസഭകളുടെയും ഭരണനിർവഹണത്തിെൻറയും നീതിപീഠത്തിെൻറയും മാധ്യമസ്വാതന്ത്ര്യത്തിെൻറയും നാലു നെടുംതൂണുകളിൽ താങ്ങിയാണ് ജനാധിപത്യത്തിെൻറ നിൽപ്. വിശ്വാസ്യതയുടെ അടിക്കല്ല് ഇളകിയാൽ നെടുംതൂണുകൾ നിലനിൽക്കില്ല. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനായത്തം തകരും. ഭരണഘടനയുടെ കുത്തഴിയും. പൊരുതി നേടിയ സ്വാതന്ത്ര്യത്തിെൻറ അമൂല്യതയെക്കുറിച്ച ഇൗ ബോധമാണ് ഭരണത്തിലും സമരത്തിലും എക്കാലവും നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. ഏഴു പതിറ്റാണ്ടുപിന്നിട്ട ജനാധിപത്യസംവിധാനങ്ങൾക്കുമേൽ പേക്ഷ, അവിശ്വാസത്തിെൻറ കരിനിഴൽ വീണുകഴിഞ്ഞിരിക്കുന്നു. ഭരണരീതികളിൽ, നാലു നെടുംതൂണുകളെക്കുറിച്ചൊെക്ക അവിശ്വാസം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത വിശ്വാസത്തകർച്ചയിലാണ് ഇന്ന് നമ്മുടെ ഭരണഘടനാസംവിധാനങ്ങൾ. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത ആഗ്രഹിക്കുന്ന ഒരു ഭാവിയുടെ അപനിർമാണമാണ് ഭരണസൗകര്യത്തിെൻറ ബലത്തിൽ നാലുവർഷമായി മോദിസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കാവിവർഗീയതയുടെയും അസഹിഷ്ണുതയുടെയും സാഹചര്യങ്ങൾ പുറമെ.
അതിെൻറ ആഴമറിയാൻ എല്ലാ ഭരണഘടനാ സംവിധാനങ്ങളിലേക്കും കണ്ണോടിക്കണം. കണ്ണ് ചെന്നെത്തുന്നേടത്തെല്ലാം അവിശ്വാസത്തിെൻറ ഇരുൾ പരന്നിരിക്കുന്നു. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ സാഹചര്യങ്ങൾ, ജനത ഏറ്റവുമൊടുവിലായി എത്തിപ്പെട്ടിരിക്കുന്ന ദുരന്തമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇന്ന് ഇരിക്കുന്നത് ഒരു വിഭാഗം സഹപ്രവർത്തകരും ജനപ്രതിനിധികളും എടുത്തുവെച്ച അവിശ്വാസത്തിെൻറ പീഠത്തിലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ മുതിർന്ന നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്തി ഉന്നയിച്ച പരാതികൾക്കുപിന്നാലെ, ഗുരുതരമായ പല വിഷയങ്ങൾ സുപ്രീംകോടതിയിൽ പുകഞ്ഞുകത്തുന്നു. സർക്കാറിെൻറ പ്രതികാരബുദ്ധിയുടെ അകമ്പടിയോടെ, കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാത്ത സാഹചര്യം അതിൽ ഏറ്റവും പുതിയത്. ഇംപീച്ച്മെൻറ് നോട്ടീസിനോട് രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സ്വീകരിച്ച നിലപാട് എന്തുമാകെട്ട, ചീഫ് ജസ്റ്റിസ് പാർലെമൻറിൽ കുറ്റവിചാരണ നേരിടേണ്ടയാളാണെന്ന പ്രതിപക്ഷപാർട്ടികളുടെ അവിശ്വാസം മറുവശത്ത്. ഒരു ന്യായാധിപനോടുള്ള വിശ്വാസ്യത വോട്ടിനിട്ട് ഉറപ്പിക്കേണ്ട ഒന്നല്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചുജയിക്കുകയോ തോൽക്കുകയോ ചെയ്യുന്ന സ്ഥാനാർഥിയല്ല ജഡ്ജി. നിഷ്പക്ഷത അവകാശപ്പെടാൻ പറ്റാത്തയാളാണ് നമ്മുടെ ചീഫ് ജസ്റ്റിസ് എന്നിരിക്കെ, പുറത്താക്കണമെന്ന് ഏഴു പാർട്ടികളിൽ നിന്നായി 50ൽ കുറയാത്ത എം.പിമാർ ചേർന്ന് പാർലെമൻറിനോട് എഴുതി ആവശ്യപ്പെട്ടു എന്നതിലാണ് ഗൗരവം കുടിയിരിക്കുന്നത്.
ഇന്ത്യയുടെ നീതിപീഠചരിത്രത്തിന് ഇതൊക്കെയും ആദ്യാനുഭവങ്ങളാണ്. സുപ്രീംകോടതി വിധികളെക്കുറിച്ച് കടുത്ത വിമർശനങ്ങൾ മുെമ്പാക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ, ജഡ്ജിമാർ ചീഫ് ജസ്റ്റിസിൽ അവിശ്വാസവും പക്ഷപാതവും പച്ചയായി രേഖെപ്പടുത്തുന്നത് നമ്മുടെ നീതിപീഠത്തോടുള്ള വിശ്വാസ്യതക്ക് എത്രയോ ഗുരുതരമായ ആഘാതമാണ് ഏൽപിക്കുന്നത്. സമ്മർദങ്ങൾക്ക് നീതിപീഠവും വഴിപ്പെടുന്നുവെന്ന കാഴ്ചപ്പാടാണ് സർക്കാർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ വിശ്വാസ്യത ബാക്കിനിന്ന ജുഡീഷ്യറിയാണ് ഇത്തരത്തിൽ ജനത്തിെൻറ അവിശ്വാസം ഏറ്റുവാങ്ങുന്നത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടയിൽ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്, ഗുജറാത്തിലെ നരോദ പാട്യയിൽ വർഗീയതയുടെ അതിക്രൂരതകൾക്ക് ശിക്ഷിക്കപ്പെട്ട മായാ കോട്നാനി നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നത് എന്നിങ്ങനെ നീളുന്ന പലതും ഭരണത്തോടു മാത്രമല്ല, നീതിപീഠത്തോടുമുള്ള അവിശ്വാസം ഉൗട്ടിയുറപ്പിക്കുന്നതാണ്.
ഭരിക്കുന്നവർക്ക് എന്നും മേധാവിത്വമുള്ള ഇടമാണ് പാർലമെൻറ്. ആ മേധാവിത്വം സ്ഥാപിച്ചുനടത്തുേമ്പാൾ തന്നെ, ജനാധിപത്യമര്യാദകൾ ഭരണപക്ഷം കണക്കിലെടുക്കാറുണ്ട്. ജനത്തോടും ജനായത്തത്തോടും ഉത്തരവാദിത്തബോധം കാണിക്കുന്നു, ഭരണഘടനയോടും പ്രതിപക്ഷത്തോടുമുള്ള ബഹുമാനം നിലനിർത്തുന്നു എന്നിങ്ങനെയെല്ലാം ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് അത്. പക്ഷേ, മോദിസർക്കാറിനുകീഴിൽ പാർലമെൻറ് ഏകാധിപത്യത്തിന് അടിപ്പെട്ടുനിൽക്കുന്നു. രണ്ടാംഘട്ട ബജറ്റ് സമ്മേളനം സമ്പൂർണമായി കലങ്ങിയത് അതിെൻറ ബാക്കിയായിരുന്നു. പ്രതിപക്ഷപാർട്ടികൾ കൊ ണ്ടുവന്ന അവിശ്വാസപ്രമേയനോട്ടീസുകളെ മറികടക്കാൻ ലോക്സഭയിൽ ഭൂരിപക്ഷമുള്ള ബി. ജെ.പിക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്നാൽ, അവിശ്വാസപ്രമേയനോട്ടീസുകൾ വോട്ടിനിടുന്ന സാഹചര്യം മറികടക്കാനുള്ള ഉൗടുവഴികളാണ് സർക്കാർ തെരഞ്ഞെടുത്തത്. സ്പീക്കർ അതിനുള്ള ഉപകരണം മാത്രമായി. സഭയിൽ മുഴുസമയ ബഹളമായതിനാൽ അവിശ്വാസനോട്ടീസ് പരിഗണിക്കാൻ കഴിയുന്നില്ലെന്ന് സ്പീക്കർ സുമിത്ര മഹാജൻ ന്യായം പറഞ്ഞുകൊണ്ടിരുന്നത് തുടർച്ചയായ രണ്ടാഴ്ചയാണ്.
രാജ്യസഭയുടെ ചിത്രമോ? വിവിധ പ്രതിപക്ഷപാർട്ടി എം.പിമാർ ചേർന്ന് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്ക് നൽകിയാൽ, നോട്ടീസിെൻറ ന്യായഭദ്രത പരിേശാധിക്കാൻ മൂന്നംഗസമിതിയെ നിയോഗിക്കുന്നതാണ് ചട്ടപ്രകാരമുള്ള നടപടി. എന്നാൽ ഇതിലേക്ക് കടക്കാതെ തന്നെ, രേഖാപരമായ പിൻബലമില്ലെന്ന് സ്വയം കണ്ടുപിടിച്ച് കൊട്ടയിലിടുകയാണ് സഭാധ്യക്ഷൻ ചെയ്തത്. ഫലത്തിൽ രാജ്യസഭയുടെയും ലോക്സഭയുടെയും അധ്യക്ഷന്മാർ പക്ഷപാതത്തിലൂടെ അംഗങ്ങളുടെ അവിശ്വാസം നേരിടുേമ്പാൾ, ജനാധിപത്യത്തിലെ പരമോന്നതമായ നിയമനിർമാണ വേദിയാണ് വിശ്വാസത്തകർച്ചയിലേക്ക് എടുത്തെറിയപ്പെട്ടത്. ബജറ്റിലെ ഒറ്റ നിർദേശവും ചർച്ച കൂടാതെ മിനിറ്റുകൾ കൊണ്ട് പാസാക്കിയ ഏകാധിപത്യ രീതി പുറമെ.
പാർലമെൻറിനോടുമാത്രമല്ല, സ്വന്തം വാഗ്ദാനങ്ങളോടും ബഹുമാനമില്ലെന്നാണ് ലോക്പാൽ നിയമനകാര്യത്തിൽ നാലുവർഷമായി മോദിസർക്കാർ തെളിയിക്കുന്നത്. അഴിമതിക്കെതിരായ വികാരം മുതലാക്കി ഭരണം പിടിച്ചവരാണ് ബി.ജെ.പിയെങ്കിലും, അഴിമതിവിരുദ്ധ ലോക്പാൽ സംവിധാനം ഇന്നും അണ്ണാ ഹസാരെക്ക് സ്വപ്നാടനം മാത്രം. ലോക്പാൽ നിയമനസമിതിയിലെ പ്രതിപക്ഷപ്രതിനിധിയുടെ കാര്യത്തിൽ തന്ത്രപൂർവം തിരിഞ്ഞുകളിക്കുകയാണ് ബി.ജെ.പി. ചട്ടപ്രകാരമുള്ള അംഗബലമില്ലാത്തതിനാൽ ലോക്സഭയിൽ പ്രതിപക്ഷനേതൃപദവി കിട്ടാതെ പോയ കോൺഗ്രസിെൻറ സഭാനേതാവിനെ ലോക്പാൽ നിയമനസമിതിയിൽ അംഗമാക്കാം, വോട്ടവകാശം നൽകില്ല എന്നാണ് സർക്കാർ നിലപാട്.
ലോക്പാൽ പ്രാവർത്തികമാക്കുകയാണോ കോൺഗ്രസിനെ താഴ്ത്തിക്കെട്ടുകയാണോ മോദിസർക്കാറിെൻറ യഥാർഥ ഉന്നം? ഏതായാലും, അടുത്ത ലോക്സഭതെരഞ്ഞെടുപ്പിനുമുമ്പ് ലോക്പാൽ സംവിധാനം പ്രാബല്യത്തിൽ വരാൻ ഇടയില്ല. മോദി വന്നതുകൊണ്ട് അഴിമതിയും ക്രമക്കേടും ‘പമ്പ കടന്നു’വെന്ന് ആരും പറയുകയുമില്ല.
ജനാധിപത്യത്തോടുള്ള ജനവിശ്വാസം ഉൗട്ടിയുറപ്പിക്കുന്നതിൽ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമീഷന് വലിയ പങ്കുണ്ട്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിൽ അഭിനന്ദനാർഹമായ പങ്ക് നിർവഹിച്ചുപോന്നതാണ് കമീഷെൻറ ചരിത്രം. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പുകമീഷനും സർക്കാറിന് വഴിപ്പെട്ടു നിൽക്കുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനം നീട്ടിക്കൊണ്ടു പോയതു മുതൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചതു വരെ, ഒ.പി. റാവത്ത് മുഖ്യസ്ഥാനത്തുള്ള തെരഞ്ഞെടുപ്പു കമീഷെൻറ നിലപാടുകളിൽ ഇന്ന് ഭരണപക്ഷത്തോടുള്ള സവിശേഷതാൽപര്യങ്ങൾ തെളിഞ്ഞു കാണാം. വോട്ടുയന്ത്രത്തിലെ തിരിമറികളെക്കുറിച്ച് കടുത്ത ആരോപണങ്ങൾ ഉയർന്നുനിൽെക്ക, ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യങ്ങളോടുള്ള പ്രതികരണത്തിൽ സർക്കാർ^കമീഷൻ ഒത്തുകളി സംശയിക്കുന്നവർ ഏറെ.
ജനാധിപത്യത്തിെൻറ നാലാം തൂണായ ഫോർത്ത് എസ്റ്റേറ്റിന് നാലഞ്ചുവർഷങ്ങൾക്കിടയിൽ ഉണ്ടായ ബലക്ഷയം അപരിഹാര്യമാണ്. കോർപറേറ്റുകളുടെയും സർക്കാറിെൻറയും സമ്മർദ^തള്ളിക്കയറ്റങ്ങൾ ചെറുത്തുനിൽക്കാൻ കഴിയാത്തതുവഴി സംഭവിച്ചതാണ് ബലക്ഷയം. സമ്പൂർണ മാധ്യമസ്വാതന്ത്ര്യം മരീചികയാക്കി മാറ്റുന്നതിൽ കോർപറേറ്റുകളും സർക്കാറും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി മോദിയനുകൂല കോർപറേറ്റുകൾ പല മാധ്യമസ്ഥാപനങ്ങളെയും വിഴുങ്ങിയപ്പോ ൾ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുവീണു. മോദിസ്തുതിക്കാണ് ചാനലിലും പത്രത്തിലും ഇടം. വിമർശനങ്ങൾ ഉയർത്തുന്ന സ്ഥാപനങ്ങളെ പലവിധത്തിൽ സർക്കാർ വരിഞ്ഞുമുറുക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിെൻറ അതിരുകൾ നാലഞ്ചു വർഷമായി വളരെ വ്യക്തം.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഉത്തരവാണ് ജസ്റ്റിസ് കെ.എം. ജോസഫിന് പരമോന്നത നീതിപീഠത്തിലെ ന്യായാധിപനാകാനുള്ള സ്വാഭാവിക അവസരം കൊട്ടിയടച്ചുകളഞ്ഞത്. സർക്കാറിെൻറ വിശദീകരണങ്ങൾ എന്തുതന്നെയായാലും, കേന്ദ്രമന്ത്രിസഭയുടെ നിർദേശപ്രകാരം രാഷ്ട്രപതി ഇറക്കിയ ഉത്തരവിലെ ഭരണഘടനാവിരുദ്ധത ഉയർത്തിക്കാട്ടിയതിനാണ് ന്യായാധിപൻ ശിക്ഷ ഏറ്റുവാങ്ങുന്നത്. രാഷ്ട്രപതിഭവനിൽ, ഉപരാഷ്ട്രപതി ഭവനിൽ, സ്പീക്കറുടെ കസേരയിൽ, തെരഞ്ഞെടുപ്പു കമീഷനിൽ, മന്ത്രിസഭയിൽ, ലോക്പാലിൽ, സുപ്രീംകോടതിയിൽ തന്നെയും മോദി^അമിത് ഷാമാർക്ക് ഇപ്പോൾ വേണ്ടത് കുേറ റബർ സ്റ്റാമ്പുകളാണ്. നോട്ട് അസാധുവാക്കിയതുമുതൽ ഭരണപരമായ മിക്ക തീരുമാനങ്ങളിലും നിഴലിക്കുന്നതോ, ഇന്ത്യയുടെ അപനിർമാണവും. ഒരു വർഷം അകലെ നിൽക്കുന്ന ലോക്സഭതെരഞ്ഞെടുപ്പിൽ മോദി വീണ്ടും അധികാരം പിടിക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ടാകാം. എന്നാൽ, അഞ്ചുകൊല്ലം കൊണ്ട് ഒരു സർക്കാർ ജനാധിപത്യ സംവിധാനങ്ങൾക്ക് ഏൽപിച്ച അവിശ്വാസത്തിെൻറ പരിക്ക് മാറ്റാൻ സദുദ്ദേശ്യമുള്ള ഏതു ഭാവി ഭരണകൂടവും അത്യധ്വാനം നടത്തേണ്ടിവരും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.