വ്യവസായ സൗഹൃദ ഓർഡിനൻസ് തൊഴിലാളി വിരുദ്ധം
text_fieldsകേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഓർഡിനൻസ് -ഇൗയിടെ സംസ്ഥാന ഗവൺമെൻറ് കൊണ്ടുവന്നിരിക്കുന്നത്. ഇൗ ഓർഡിനൻസിൽകൂടി കേരള ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട്, പഞ്ചായത്തീരാജ് നിയമം, മുനിസിപ്പാലിറ്റീസ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, ഭൂജല നിയമം തുടങ്ങിയ ഏഴ് നിയമങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസായങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ഇടതു സർക്കാർ നയം. നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനും, ആ നിലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ ഓർഡിനൻസ് കൊണ്ടുവന്നതെന്നാണ് ഗവൺമെൻറ് വ്യക്തമാക്കിയത്.
തൊഴിൽ സംരംഭകർക്ക് 30 ദിവസത്തിനകം കടമ്പകൾ മറികടന്ന് നൂതന വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഓർഡിനൻസിന് എതിരായി ഇതിനകം വ്യാപകമായ ആക്ഷേപം ഉയർന്നുവന്നിരുന്നു. ഓർഡിനൻസിൽ കേരള ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിലെ വകുപ്പ് 9ന് അനുബന്ധമായി 9 (എ), 9 (ബി) എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്തതിനാലാണ് ചുമട്ടുതൊഴിലാളി യൂനിയനുകളിൽനിന്ന് ശക്തമായ ആക്ഷേപം ഉണ്ടായിട്ടുള്ളത്. തൊഴിൽ സംരംഭകർ ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചോ, യന്ത്രങ്ങൾ ഉപയോഗിച്ചോ, സ്വന്തം നിലക്കോ സാധനസാമഗ്രികൾ കയറ്റിറക്ക് ചെയ്യാൻ പറ്റുമെന്ന സ്ഥിതിവിശേഷം 9 (എ) മൂലം സംജാതമാകും. സ്വാഭാവികമായും നിലവിലുള്ള കയറ്റിറക്ക് തൊഴിലാളികൾക്ക് ഇത് ദോഷകരമാകുമെന്നതിൽ തർക്കമില്ല. തൊഴിലാളികൾ നേടിയെടുത്ത നിലവിലുള്ള ആനുകൂല്യങ്ങൾ ഈ ഓർഡിനൻസിൽ കൂടി നഷ്ടപ്പെടുത്തുന്നതിന് ഒരു നിതീകരണവുമില്ല.
ഭേദഗതിയിലെ 9 ബി അനുസരിച്ച് ഗവൺമെൻറ് പ്രഖ്യാപിച്ച കൂലി ലഭ്യമാകണമെങ്കിൽ അംഗീകൃത തൊഴിലുടമയോ സ്ഥാപനമോ ആ തൊഴിലാളിയെ ജീവനക്കാരനായി അംഗീകരിച്ചിരിക്കണം. ബഹുഭൂരിപക്ഷം കയറ്റിറക്ക് തൊഴിലാളികൾക്കും അംഗീകൃതമായ ഉടമ ഇന്നില്ല എന്നതാണ് വസ്തുത.ഈ ഭേദഗതികൾ േട്രഡ് യൂനിയനുകളുമായി ആലോചിക്കാതെയാണ് ഓർഡിനൻസിൽ കൊണ്ടുവന്നിട്ടുള്ളതെന്ന ശക്തമായ ആക്ഷേപവും ഉയർന്നിട്ടുണ്ട്.ഇഷ്ടമുള്ള ചുമട്ടുതൊഴിലാളികളെ കയറ്റിറക്കിന് ഉപയോഗിക്കാമെന്ന ഓർഡിനൻസിലെ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോൾതന്നെ നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കാനും, ഉടമകൾക്ക് താൽപര്യമുള്ള തൊഴിലാളികളെ കയറ്റിറക്കിന് ഉപയോഗിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച തൊഴിൽ പ്രശ്നങ്ങളും പല സ്ഥലങ്ങളിലും ഉടലെടുത്തിട്ടുമുണ്ട്. സ്ഥാപന ഉടമകൾ നിലവിലുള്ള ചുമട്ടുതൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
നിലവിലെ ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന ഈ ഓർഡിനൻസിലെ നിർദിഷ്ട 9 എ, 9 ബി പ്രായോഗികമാക്കിയാൽ സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40,000 തൊഴിലാളികളുടെയും 120 ഓഫിസുകളുടെയും, അതിൽതന്നെയുള്ള 1500 ജീവനക്കാരുടെയും ഭാവിതന്നെ ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഉണ്ടാകുക എന്ന ശക്തമായ ആക്ഷേപവും ഇതിനകം ഉണ്ടായിട്ടുണ്ട്. പുതിയ ഓർഡിനൻസ് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകാനും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ തൊഴിൽ കൈമാറ്റംചെയ്യപ്പെടാനുമുള്ള സാഹചര്യം സംജാതമാകാനും ഇടവരുത്തുമെന്നും തൊഴിലാളികൾ ഭയപ്പെടുന്നു.
വ്യവസായശാലകളുടെ മേലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ നിയന്ത്രണങ്ങൾക്കും കടിഞ്ഞാൺ ഇടുന്നതാണ് ഓർഡിനൻസ്. മറ്റു വകുപ്പുകളുടെ അനുമതി ലഭിച്ച ഒരു വ്യവസായ സ്ഥാപനത്തിെൻറ പ്രവർത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാത്രമായി തടയാൻ ആവില്ലെന്ന് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതികളിൽ പറയുന്നു.
വ്യവസായ സ്ഥാപനങ്ങളുടെ മേലുള്ള തദ്ദേശ സ്വയംഭരണ സമിതികളുടെ നിയന്ത്രണങ്ങൾ അപ്പാടെ എടുത്തുകളയുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം മാത്രമേ ഉണ്ടാക്കാൻ പോകുന്നുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രാധാന്യവും മാന്യതയും സർക്കാർ അംഗീകരിച്ചേ മതിയാവൂ. തൊഴിലാളി യൂനിയനുകളടക്കം പലരും ഉയർത്തിയ ഓർഡിനൻസിനെ സംബന്ധിച്ച ആശങ്ക പരിശോധിക്കുമെന്ന് സംസ്ഥാന തൊഴിലുറപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ നിഷേധിക്കുന്ന നിയമനിർമാണം ഈ സർക്കാറിെൻറ നയമല്ല. പക്ഷേ, നമ്മൾ നാടിെൻറ യാഥാർഥ്യം അംഗീകരിക്കണം. ഇന്ന് കേരളം ഒരു വ്യവസായ ഉൗഷര ഭൂമിയാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക വഴി സർക്കാറിെൻറ നികുതിവരുമാനം വർധിപ്പിക്കാനും, നമ്മുടെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ ജോലിചെയ്യാനും കഴിയും. പല വ്യവസായ സംരംഭങ്ങളുടേയും ആശങ്കകൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അടിയന്തര സാഹചര്യത്തിലാണ് ഈ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിനെ സംബന്ധിച്ചുള്ള വിമർശനങ്ങൾ അപ്പാടെ ശരിയല്ലെന്നും സംസ്ഥാനത്ത് വ്യവസായങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന സംരംഭകരുടെ പ്രശ്നങ്ങൾകൂടി നമ്മൾ മനസ്സിലാക്കിയാൽ മാത്രമേ കേരളത്തിന് ഇനി മുന്നേട്ടുപോകാൻ കഴിയുകയുള്ളൂവെന്നും സംസ്ഥാന വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പ്രസ്ഥാവിച്ചു. പക്ഷേ, വ്യവസായ നിക്ഷേപകർക്ക് വിശാലമായ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുമ്പോൾ ഇതിലെ മുഖ്യ കണ്ണിയായ തൊഴിലാളികളുടെ വികാരത്തെ കൂടി കണക്കിലെടുക്കാനും, അവരെ മാനിക്കാനും ഭരണാധികാരികൾ തയാറായില്ലെങ്കിൽ ഇവിടെ വ്യവസായ വികസനം കടലാസിൽ മാത്രം ഒതുങ്ങുകയേയുള്ളൂ. വ്യവസായ വളർച്ചയുടെ ഗുണഭോക്താക്കൾ സംസ്ഥാനത്തെ സാധാരണക്കാരായ ജനലക്ഷങ്ങളാണ്. അവരുടെ വികാരത്തെ കണക്കിലെടുത്തുകൊണ്ടു മാത്രമേ ഇതു സംബന്ധിച്ചുള്ള ഏതു നിയമത്തിനും അന്തിമരൂപം നൽകാനും പാടുള്ളൂ.
എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.