അഭിമാനമായി സംരംഭക കേരളം
text_fieldsദേശീയാംഗീകാരം നേടിയ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുടെ മഹാസംഗമം ജനുവരി 21ന് കൊച്ചിയിൽ
കേരളമാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക വികാസ സൂചികകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായമേഖലയിലെ നമ്മുടെ മേന്മകളും. ദേശീയതലത്തിൽ ഏറ്റവും മികച്ച വേതനഘടന നിൽക്കുന്നുണ്ടിവിടെ. പൊതുമേഖലയെ കൈയൊഴിയുന്ന പൊതു ദേശീയധാരയുടെ വിപരീതദിശയിലാണ് നമ്മുടെ സഞ്ചാരം. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവത്കരണം എന്നിവയിൽ മുൻനിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്കും ആധുനിക വ്യവസായ സ്ഥാപനങ്ങളും പടുത്തുയർത്തിയ മാതൃകപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും അസത്യങ്ങളും ചിലരുടെ നിക്ഷിപ്തതാൽപര്യങ്ങളും സിനിമക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച ഒരു രാഷ്ട്രീയപരിസരമാണ് നമ്മുടെ വ്യവസായഭൂമിക. അങ്ങനെ തിടംവെച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവം കുതിച്ച ചരിത്രസന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ലക്ഷ്യമിട്ടു; നേടി
ആഗോളാടിസ്ഥാനത്തിൽതന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എം.എസ്.എം.ഇകളാണ്. കേരളത്തെപ്പോലെ ഏറ്റവും മികച്ച കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളും ഉയർന്നനിലവാരം പുലർത്തുന്ന മാനവശേഷിയുമുള്ള ഒരു സംസ്ഥാനത്തിന് ഭാവിവളർച്ചക്കുള്ള ശക്തമായ ഒരു ഉപാധിയാണിത്. ഗ്രാമീണ -പിന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവത്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വർഷത്തിനുള്ളിൽ ലക്ഷം എം.എസ്.എം.ഇകൾ രൂപവത്കരിക്കാനുള്ള ലക്ഷ്യം വ്യവസായവകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21ൽ 11,540 സംരംഭങ്ങളും 2019-20ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപവത്കരിക്കപ്പെട്ടത്. 2022-23ൽ, ഇതുവരെയുള്ള കണക്ക് പ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങൾ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്കുപ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽനിന്നുതന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടി എത്തിയത്.
സംരംഭകവർഷം പദ്ധതിയിലൂടെ വിവിധ ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യവസായികമായി പിന്നാക്കംനിൽക്കുന്ന ജില്ലകളിലുൾപ്പെടെ ഇരുപതിനായിരത്തിലധികമാളുകൾക്ക് തൊഴിൽ നൽകാനും സാധിച്ചു.
കൃഷി-ഭക്ഷ്യസംസ്കരണ മേഖലയിൽ 21,335 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽവന്നു. 1247 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 52,885 പേർക്ക് ഈ യൂനിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 13,468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27,290 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 4955 സംരംഭങ്ങളും 284 കോടി രൂപയുടെ നിക്ഷേപവും 9143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവിസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17,707 തൊഴിലും ഈ മേഖലയിലുണ്ടായി. വ്യാപാരമേഖലയിൽ 41,141 സംരംഭങ്ങളും 2371 കോടിയുടെ നിക്ഷേപവും 76,022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി മുപ്പതിനായിരത്തിലധികം സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രോത്സാഹനം നൽകിയതിലൂടെ വനിതസംരംഭകർ നേതൃത്വം നൽകുന്ന 40,000 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പുതിയ സംരംഭകർക്ക് കെ-സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത് സംരംഭകർക്കും പദ്ധതിക്കും അനുകൂലഘടകമായി. ഒരുവർഷം പതിനായിരം സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസ്സുവെച്ചാൽ ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംരംഭകവർഷം പദ്ധതി. ഇനിയുള്ള നാല് മാസങ്ങൾ കൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭകവർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ മഹാസംഗമമാണ് ജനുവരി 21ന് കൊച്ചിയിൽ നടക്കുന്നത്.
നിലവിൽവന്ന സംരംഭങ്ങളിൽ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തിരഞ്ഞെടുത്ത് നൂറുകോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. സംരംഭങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളുമൊരുക്കി എം.എസ്.എം.ഇ ക്ലിനിക്കുകൾ രൂപവത്കരിച്ചിട്ടുണ്ട്.
കേരളത്തിൽ നിർമിക്കപ്പെടുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവക്ക് ദേശീയ- അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്പന്നങ്ങള് വിപണനം ചെയ്യാനായി ഓപണ് നെറ്റ്വർക് ഫോർ ഡിജിറ്റൽ കോമേഴ്സുമായി (ഒ.എൻ.ഡി.സി) ചേർന്ന് ഒരു ഓപണ് നെറ്റ്വര്ക് പ്ലാറ്റ്ഫോം നിര്മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
ഒറ്റയടിക്ക് 13 പടികൾ
കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതിചെയ്യുന്നതിനും ഊന്നൽനൽകി സംസ്ഥാനസർക്കാർ. 50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെൻറിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാൻ ഈ സർക്കാറിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിന് ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപവാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇതിൽതന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾക്കുനേരെ ഉണ്ടാകുന്ന അനാവശ്യനടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധന സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായസൗഹൃദ അന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായസൗഹൃദ റാങ്ക് പട്ടികയിൽ ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒരുവർഷം കൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തിൽ വലിയ പ്രചോദനമായി സംരംഭകവർഷം മാറിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.