നാളേക്ക് നല്ലത് സമന്വയ പഠനരീതി
text_fieldsവാണിജ്യം, വ്യവസായം, തൊഴിൽ തുടങ്ങി കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിക്കാത്ത മേഖലകളില്ല. എന്നാൽ, ആരോഗ്യരംഗം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ആകുലപ്പെടുത്തുന്നത് വിദ്യാഭ്യാസ സംവിധാനങ്ങളിൽ കോവിഡ് വരുത്തിവെച്ച കുഴപ്പങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും താൽക്കാലികമായി അടച്ചുപൂട്ടേണ്ടിവന്നിരുന്നു. മുന്നോട്ടുള്ള വഴി അറിയാതെ മിക്കയിടത്തും സർക്കാറുകളും സ്കൂൾ അധികൃതരും അധ്യാപകരും ആശയക്കുഴപ്പത്തിലായി. രക്ഷിതാക്കളും വിദ്യാർഥികളും അങ്കലാപ്പിലായി. ഒടുവിൽ നൂതന സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം, വെർച്വൽ ലേണിങ് തുടങ്ങിയ സങ്കേതങ്ങൾ വഴി അറിവിെൻറ വിളക്ക് കെടാതെ സൂക്ഷിക്കാനുള്ള കഠിനശ്രമമാണ് സാർവത്രികമായിക്കൊണ്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസരംഗത്തും വിദൂര-ഓൺലൈൻ വിദ്യാഭ്യാസം ഏറെക്കാലം മുമ്പുതന്നെയുണ്ട്. എന്നാൽ, പ്രീപ്രൈമറി തലം തൊട്ട് നമ്മുടെ രാജ്യത്തും അത് പരീക്ഷിക്കാൻ കോവിഡ് സാഹചര്യം കാരണമായി. പ്രധാന പഠനോപകരണമായി മാറിയ ഫോൺ/ടാബ്െലറ്റ് എന്നിവയുടെ അഭാവം, വൈദ്യുതി, ഇൻറർനെറ്റ് എന്നിവയുടെ ലഭ്യതക്കുറവ്,സാങ്കേതിക പരിജ്ഞാനമില്ലായ്മ തുടങ്ങി വിദ്യാഭ്യാസ രംഗം അടുത്ത കാലത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒട്ടനവധി പുത്തൻ വെല്ലുവിളികളാണ് നേരിടാനുണ്ടായത്.
ഇന്ത്യയിൽ 47 ശതമാനം കുടുംബങ്ങൾക്ക് മാത്രമേ ദിവസത്തിെൻറ പകുതിയിലേറെ വൈദ്യുതി ലഭ്യതയുള്ളൂ. 24 ശതമാനം ആളുകൾക്ക് മാത്രമേ സ്മാർട്ട് ഫോണുകളുള്ളൂ. നമ്മുടെ വീടുകളിലെ കുട്ടികൾക്ക് ഇൻറർനെറ്റും കമ്പ്യൂട്ടറുമുണ്ടെങ്കിൽ ദൈവകാരുണ്യത്തിന് നന്ദി പറയുക- രാജ്യത്ത് എട്ടു ശതമാനം കുടുംബങ്ങൾക്കേ അതിനു സൗഭാഗ്യമുള്ളൂ.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ-സർക്കാറിതര ഏജൻസികളും സന്നദ്ധ സംഘടനകളുമെല്ലാം ശ്രമങ്ങൾ നടത്തുന്നുണ്ട്. സർക്കാർ/പ്രാദേശിക ചാനലുകളിൽ പഠനഭാഗങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നു, സ്കൂളുകൾ സ്വന്തമായി പാഠഭാഗ വിഡിയോകൾ വിദ്യാർഥികളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്രയേറെ പ്രയത്നങ്ങൾ നടക്കുന്നുവെങ്കിലും രാജ്യത്തെ യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും നടത്തിവന്നിരുന്ന വിദ്യാഭ്യാസ വിജ്ഞാന വിനിമയത്തിെൻറ ഒരു ചെറിയ അംശമേ ഈ രീതിയിൽ നൽകാൻ ഇപ്പോൾ കഴിയുന്നുള്ളൂ.
വീട്ടിലകപ്പെട്ട കുട്ടികൾ
രണ്ടുമാസം സ്കൂളും പത്തുമാസം അവധിയുമായിരുന്നെങ്കിൽ എന്ന് പണ്ട് പ്രാർഥിച്ചത് നമ്മുടെ കുട്ടികളുടെ കാലത്ത് യാഥാർഥ്യമായിരിക്കുന്നു എന്നാണ് ലോക്ഡൗൺ കാലത്ത് ഏറെ പങ്കുവെക്കപ്പെട്ട ഒരു തമാശ. എന്നാൽ, ഒരേസമയം 18,500 കുട്ടികൾ പഠിച്ച വിദ്യാലയത്തിെൻറ ചുമതല വഹിച്ചയാൾ എന്ന നിലയിൽ എനിക്ക് തീർത്തുപറയാൻ കഴിയും അവർ സ്കൂളുകളിൽ നിന്ന് ഇതുപോലൊരു വിട്ടുനിൽക്കൽ ആഗ്രഹിക്കുന്നില്ല.
സാങ്കേതിക പ്രശ്നങ്ങളേക്കാൾ വലിയ വെല്ലുവിളിയാണ് നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന അടച്ചുപൂട്ടിയിരിപ്പ്. പല കുട്ടികളും അവർ പഠിക്കുന്ന സ്കൂൾ ഒരു തവണ പോലും കണ്ടിട്ടില്ല. വീടിനടുത്തുള്ളവരല്ലെങ്കിൽ അധ്യാപകരും സഹപാഠികളും സ്ക്രീനിൽ കാണുന്ന ശബ്ദവും മുഖങ്ങളും മാത്രമായിരിക്കുന്നു. സ്കൂൾ പഠനത്തിെൻറ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ സാമൂഹിക വിദ്യാഭ്യാസം നിലവിലെ സാഹചര്യത്തിൽ സാധ്യമാവുന്നേയില്ല. അവർ അനുഭവിക്കുന്ന മാനസിക സമ്മർദം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഈ ഒറ്റപ്പെടൽ മറികടക്കാൻ ചുരുക്കം ചില കുട്ടികൾ കരകൗശലങ്ങളിലേക്കും ഹോബികളിലേക്കും തിരിയുേമ്പാൾ ഒട്ടനവധി പേരും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തിൽ എത്തിപ്പെടുന്നു. ചില കുട്ടികൾ അപകടകരമായ പല സൈറ്റുകളുടെ യും ചുഴിയിൽ കുടുങ്ങിപ്പോകുന്നു. ഗെയിമുകളിൽ ആസക്തരായ മക്കൾ സ്വയം ഹത്യക്കു ശ്രമിച്ചതും അക്രമാസക്തരുമായ നിരവധി സംഭവങ്ങളാണ് ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഓൺലൈനോ ഓഫ്ലൈനോ
സ്കൂളിൽ ചെന്നുള്ള പഠനത്തിന് പകരമാവില്ല വീട്ടകത്തെ വിദ്യാഭ്യാസമെന്നും പാഠപുസ്തകങ്ങൾക്ക് പൂർണമായ ബദലല്ല ഇ -പുസ്തകങ്ങളെന്നും ബോധ്യപ്പെടുത്തുന്നുണ്ട് ഈ സൂചകങ്ങളെല്ലാം. എന്നാൽ, വിട്ടുമാറാത്ത ഭീഷണിയായി കോവിഡ് നിലനിൽക്കെ, മൂന്നാംതരംഗത്തിൽ കുട്ടികൾക്ക് കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് നിലനിൽക്കെ രണ്ടും കൽപിച്ച് സ്കൂളുകൾ തുറന്നിടാൻ അധികൃതർക്കും കുട്ടികളെ അയക്കാൻ രക്ഷിതാക്കൾക്കും ധൈര്യം പോരാ. അതു കൊണ്ടുതന്നെ അധ്യയനരീതിയിൽ ആസൂത്രണത്തോടുകൂടിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന സമയമാണിത്.
നമുക്ക് മുന്നിലുള്ള സുപ്രധാന ചോദ്യം കോവിഡാനന്തരം സാഹചര്യങ്ങൾ അനുകൂലമായാലുടൻ പരമ്പരാഗത ക്ലാസ് മുറി പഠനത്തിലേക്ക് മടങ്ങണോ അതോ കുറച്ചു മാസങ്ങളായി നാം ശീലിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസ്മുറികളിൽ തുടരണോ എന്നതാണ്.
വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരുടെയും ശാസ്ത്രസമൂഹത്തിെൻറയും അഭിപ്രായത്തിൽ ഭൗതിക ക്ലാസ്മുറികളും, ഓൺലൈൻ സങ്കേതങ്ങളും കൂടിച്ചേർന്ന ഹൈബ്രിഡ് അധ്യയന-അധ്യാപന (ബ്ലെൻഡഡ്സിസ്റ്റം) രീതിയാണ് വരും കാലങ്ങളിൽ അഭികാമ്യം.
നിനച്ചിരിക്കാതെ വന്നുപെട്ട കോവിഡ് സാഹചര്യത്തെ തുടർന്ന് കാര്യമായ തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ഓൺലൈൻ രീതിയിലേക്ക് നമ്മുടെ അധ്യാപക-വിദ്യാർഥി സമൂഹം കടന്നത്. നേരത്തേ പറഞ്ഞ സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെങ്കിൽ പോലും നമ്മുടെ അധ്യാപകർ നിരാശപ്പെടുത്തിയില്ല. ടി.വി ചാനൽ മാറ്റുന്ന ശീലം പോലുമില്ലാത്ത മുതിർന്ന അധ്യാപകർ പോലും ചുരുങ്ങിയ കാലംകൊണ്ട് ഇ-ലേണിങ്ങിനുവേണ്ടിയുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കി. ഓൺലൈൻ ക്ലാസുകൾ വിജയകരമായതിൽ അധ്യാപകരും വിദ്യാർഥികളും ഒരുപോലെ പങ്കുവഹിച്ചു. എന്നാൽ, സാങ്കേതിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും സ്ക്രീനുകൾ മുഖേനയുള്ള ക്ലാസുകൾ വിദ്യാർഥികൾക്ക് ഒരു പരിധിയിൽ കവിഞ്ഞ് ശ്രദ്ധിക്കാനാവില്ല എന്ന കാര്യം മറക്കരുത്. അവിടെയാണ് സമന്വയ പാഠ്യപദ്ധതിയുടെ പ്രസക്തി.
അടിസ്ഥാന പാഠങ്ങൾ ഓൺലൈൻ ക്ലാസുകളിലൂടെ നൽകിയ ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സ്കൂളുകളിലെത്തിച്ച് അസൈൻമെൻറ്, ഗ്രൂപ് ആക്ടിവിറ്റികൾ, പ്രോജക്ടുകൾ എന്നിവ നടത്തുകയും അധ്യാപകർ നേരിട്ട് സംശയ നിവാരണം നൽകുകയും ചെയ്യുക. ഇൻറർനെറ്റിെൻറയും ഡിജിറ്റൽ പാഠ്യോപകരണങ്ങളുടെയും ലഭ്യത കുറഞ്ഞവരുൾപ്പെടെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകാനും ഈ അവസരം ഉപയോഗപ്പെടുത്താം. ജീവൻമരണ പോരാട്ടം കണക്കെ വാശി പ്രകടമാവുന്ന ജംബോ യുവജനോത്സവങ്ങൾക്കും മേളകൾക്കും പകരം കഴിവുകളെ പരിപോഷിപ്പിക്കാനും കലാസ്വാദന ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും വളർത്തുവാനും ഉപകരിക്കുന്ന കുട്ടികളുടെ ഉത്സവങ്ങൾ മുടക്കമില്ലാതെ നടത്താനും കഴിയും. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും സാമൂഹിക അകലം നിലനിർത്താനും അധ്യാപക വിദ്യാർഥി അനുപാതം കുറക്കുവാനുമെല്ലാം ഈ പ്രക്രിയ സഹായകമാവും. സർക്കാറുകൾക്കോ സ്വകാര്യ വിദ്യാഭ്യാസ സംരംഭകർക്കോ കെട്ടിടങ്ങൾ നിർമിച്ചുകൂട്ടുന്നതിനായി നിക്ഷേപം നടത്തേണ്ടതുമില്ല. എന്നാൽ, അധ്യാപകരുടെ അധ്വാനത്തെ മാനിക്കാനും വിലമതിക്കാനും മതിയായ പരിശീലനവും പ്രതിഫലവും നൽകാനും ശ്രദ്ധിക്കേണ്ടതുണ്ട്. പഠനത്തെ ഒരു ബാധ്യതയായി കാണാതെ ആസ്വദിക്കുന്ന ഒരു തലമുറയാവും അതുവഴി രൂപംകൊള്ളുന്നത്.
(ദേശീയ അധ്യാപക അവാർഡ് ജേതാവും ദമ്മാമിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പലുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.