അന്താരാഷ്ട്ര നിയമങ്ങളുടെ ഉപജ്ഞാതാവിന് യാത്രാമൊഴി
text_fieldsഅന്താരാഷ്ട്ര നിയമ വ്യവഹാര ബന്ധത്തിലെ യുഗാന്ത്യമായിരുന്നു ആ മരണം. ഇൗജിപ്തിൽ ജനിച്ച് വിശ്വ നീതിന്യായ നഭസ്സിലെ നക്ഷത്രമായി പരിലസിച്ച മഹ്മൂദ് ശരീഫ് ബാസിയൂനി ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് മരണത്തിന് കീഴടങ്ങിയപ്പോൾ ലണ്ടനിലെ മിഡിൽസെക്സ് യൂനിവേഴ്സിറ്റിയിലെ നിയമവിഭാഗം മേധാവി വില്യം സ്കാബ്സ് പുറത്തുവിട്ട പ്രസ്താവനയിൽ ആ അസാധാരണ വ്യക്തിത്വത്തിെൻറ മാഹാത്മ്യം സ്പഷ്ടമായിരുന്നു. ഇപ്രകാരമായിരുന്നു ആ പ്രസ്താവന: ‘‘അന്താരാഷ്ട്ര മനുഷ്യാവകാശ നിയമകാര്യങ്ങളിൽ ബാസിയൂനിക്ക് തുല്യനായി മറ്റൊരാളില്ല. 1980കളിൽ ഞാൻ നിയമപഠനത്തിനിറങ്ങിത്തിരിക്കെ, അന്താരാഷ്ട്ര ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ച് അദ്ദേഹം എഴുതിയതല്ലാത്ത ഒരു പുസ്തകംപോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല.’’ സമകാല സാർവദേശീയ നിയമങ്ങളിലെ അവഗാഹംമൂലം അദ്ദേഹം നൊബേൽ പുരസ്കാരത്തിനു വരെ നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി.
1937ൽ ഇൗജിപ്ത് തലസ്ഥാനമായ ൈകറോയിൽ ജനനം. ഹിറ്റ്ലറുടെ ജർമനി നടത്തിയ യുദ്ധപാതകങ്ങളായിരുന്നു വാസ്തവത്തിൽ നിയമപഠനത്തിനും ഭരണകൂട അതിക്രമങ്ങൾക്കെതിരായ നിയമപോരാട്ടങ്ങൾക്കുമുള്ള ആദ്യാവേശം ബാസിയൂനിയിൽ പകർന്നത്. ഹിറ്റ്ലർ നടത്തിവരുന്ന പാതകങ്ങൾ ഒരു ജർമൻ യുവാവ് പിതാവിനോട് വിവരിക്കുന്നത് കേൾക്കാനിടയായ ബാസിയൂനി, ൈകറോയിൽ രണ്ടാം ലോകയുദ്ധകാലത്ത് ജർമനി നടത്തിയ അധിനിവേശ വേളയിൽ ‘‘ഞാൻ ഹിറ്റ്ലറെ നേരിടും’’ എന്ന് കളിത്തോക്കേന്തി പ്രഖ്യാപിക്കുകയുണ്ടായി. ബാല്യകാലത്തെ ആ ആവേശം വിടാതെ സൂക്ഷിച്ച ബാസിയൂനി പിൽക്കാലത്ത് അന്താരാഷ്ട്ര നിയമപഠന ഗവേഷണത്തിലൂടെ അഭിനവ ഹിറ്റ്ലർമാരെ കുരുക്കിൽ വീഴ്ത്തുകയുമുണ്ടായി. ആയുഷ്കാലം മുഴുവൻ അന്താരാഷ്ട്ര നിയമവ്യവഹാരങ്ങൾക്കും പൗരാവകാശ പോരാട്ടങ്ങൾക്കും വേണ്ടി മാറ്റിവെച്ചതിനാൽ ‘അന്താരാഷ്ട്ര നിയമങ്ങളുടെ പിതാവ്’ എന്ന അപരനാമം ബസിയൂനിക്ക് സിദ്ധിക്കുകയുണ്ടായി.
അന്താരാഷ്ട്ര ട്രൈബ്യൂണലുകളുടെ രീതിശാസ്ത്രത്തെ പൊളിച്ചെഴുതി എന്നതാണ് ബാസിയൂനിയുടെ ഏറ്റവും മഹത്തായ സംഭാവന. അന്നോളം ഏകപക്ഷീയമായി പ്രവർത്തിച്ച ഇത്തരം ട്രൈബ്യൂണലുകൾ അദ്ദേഹത്തിെൻറ രംഗപ്രവേശത്തോടെ നിഷ്പക്ഷ സ്വഭാവമാർജിച്ചു. യുദ്ധത്തിലെ ജേതാക്കൾ തല്ലിക്കൂട്ടുന്ന ട്രൈബ്യൂണലുകൾ പരാജിതരെ വിചാരണ െചയ്ത് വീണ്ടും ഇരകളാക്കി മാറ്റുന്ന രീതി അദ്ദേഹം ഉടച്ചുവാർത്തു.
യൂഗോസ്ലാവ്യ ശിഥിലീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതി നിേയാഗിച്ച അന്താരാഷ്ട്ര യുദ്ധപാതകാന്വേഷണ കമീഷെൻറ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ബാസിയൂനി ഏകപക്ഷീയതയുടെ പ്രതീകമായ ട്രൈബ്യൂണലുകളുടെ കുത്സിതരീതികൾ പൂർണമായി തുടച്ചുനീക്കുന്നതിൽ വിജയം വരിച്ചു. രാഷ്ട്രീയ സമ്മർദങ്ങളില്ലാതെ ആ അന്വേഷണം അഭിമാനകരമായി പൂർത്തീകരിക്കാൻ സാധിച്ചെന്നാണ് പിൽക്കാലത്ത് ബസിയൂനി അവകാശപ്പെട്ടത്.
ബോസ്നിയയിൽ സെർബുകളും േക്രാട്ടുകളും നടത്തിയ മാനഭംഗങ്ങളെ സംബന്ധിച്ചും പീഡനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചപ്പോൾ ഷോക്കേറ്റതുപോലെ തെൻറ ഹൃദയം വിറങ്ങലിച്ചതായും അദ്ദേഹം അഭിമുഖങ്ങളിൽ വെളിപ്പെടുത്തി.
ചരിത്രത്തിലെ ഏറ്റവും ഹീനമായ മാനഭംഗങ്ങളായിരുന്നു യൂഗോസ്ലാവ്യൻ മേഖലകളിൽ അരങ്ങേറിയത്. ബോസ്നിയൻ മുസ്ലിംകളെയും ക്രോട്ടുകളെയും വംശഹത്യ നടത്തുക എന്ന സെർബിയൻ അജണ്ട ആസൂത്രിതമായി നടപ്പാക്കിയതിനെ സംബന്ധിച്ച് 3500 പേജുള്ള റിപ്പോർട്ടാണ് ബാസിയൂനിയും സംഘവും തയാറാക്കി അന്താരാഷ്ട്ര ട്രൈബ്യൂണലിന് കൈമാറിയത്. ഇൗ രേഖകൾ പ്രകാരം റാഡ്കോ മിലാദിച്, റാഡോവാൻ കരാദിച് എന്നീ യൂഗോസ്ലാവ്യൻ കശാപ്പുകാരെ ട്രൈബ്യൂണൽ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിക്കുകയും ചെയ്തു.അന്താരാഷ്ട്ര ക്രിമിനൽ കോടതി (െഎ.സി.സി) എന്ന പുതിയ അന്താരാഷ്ട്ര നീതിനിർവഹണ സംവിധാനം ഹേഗിൽ സ്ഥാപിക്കാൻ ഇൗ ട്രൈബ്യൂണലിെൻറ വിജയം പ്രേരണയാവുകയും ചെയ്തു. െഎ.സി.സിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ അദ്ദേഹം ശ്ലാഘനീയമായ സേവനങ്ങൾ കാഴ്ചവെച്ചു. എന്നാൽ, ചില പ്രമുഖർക്കെതിരെ നിശിതമായ നടപടികൾ സ്വീകരിക്കുന്നതിൽ െഎ.സി.സി പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിയില്ലായ്മ ബാസിയൂനിയിൽ നൈരാശ്യം സൃഷ്ടിച്ചു. ഇതിനെ തുടർന്ന് െഎ.സി.സി വൻ പരാജയമെന്ന് അദ്ദേഹം നൽകിയ മുന്നറിയിപ്പ് നിയമപോരാളികളെ അന്ധാളിപ്പിക്കാനിടയാക്കി.
പരസ്യമായി അശുഭാപ്തി പ്രകടിപ്പിച്ചുവെങ്കിലും അക്ഷീണ പ്രയത്നത്തിെൻറ പ്രതീകമായ അദ്ദേഹം ഇറാഖ്, അഫ്ഗാൻ, റുവാണ്ട, ബഹ്റൈൻ തുടങ്ങിയ പ്രശ്നങ്ങളിൽ െഎക്യരാഷ്ട്രസഭക്ക് നിയമോപദേശങ്ങൾ നൽകി. കൂടാതെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറും നാഷനൽ പബ്ലിക് റേഡിയോയും നിരവധി പ്രശ്നങ്ങളിൽ അദ്ദേഹത്തെ സ്രോതസ്സായി അവലംബിച്ചു. മിതഭാഷി ആയിരുന്നുവെങ്കിലും നിയമലംഘകർക്ക് മുന്നിൽ ധീരമായ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്ന ആർജവം അദ്ദേഹത്തിെൻറ സവിശേഷതയായിരുന്നു. ഗ്വണ്ടാനമോ തടങ്കൽപാളയം സ്ഥാപിച്ച് തടവുപുള്ളികളെ ക്രൂരമായി പീഡിപ്പിച്ച പ്രശ്നത്തിൽ േജാർജ് ബുഷിനെ എന്തുകൊണ്ട് വിചാരണ ചെയ്യാൻ തയാറാകുന്നില്ല എന്ന ചോദ്യം അദ്ദേഹം ആവർത്തിച്ച് ഉന്നയിച്ചു. ഗ്വണ്ടാനമോയിലെ തടവുകാരെ അന്താരാഷ്ട്ര അന്വേഷകരുടെ ദൃഷ്ടിയിൽ മറച്ചുവെക്കുന്നതിനെയും അദ്ദേഹം ചോദ്യംചെയ്തു.
െഎക്യരാഷ്ട്രസഭയുടെ 22 ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ബസിയൂനി നിരവധി അവാർഡുകളും ഒാണററി ബിരുദങ്ങളും സ്വന്തമാക്കി. 1995ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നേരിൽ പരിചയപ്പെടുന്നത്. മരണംവരെ ആ ബന്ധം ഞങ്ങൾ നിലനിർത്തി. നിയമപഠനത്തിൽ അവഗാഹം നേടാൻ അദ്ദേഹം സദാ എന്നെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. എനിക്ക് മാത്രമല്ല നിരവധി പേരുടെ മാർഗദർശിയും ഉപദേഷ്ടാവുമായി അദ്ദേഹം നിലകൊണ്ടു. കർമബഹുലമായ തെൻറ ജീവിതത്തിലെ തിരക്കുകൾ മാറ്റിവെച്ച് സൗഹൃദത്തിേൻറയും സ്നേഹത്തിേൻറയും കണ്ണികൾ ചേർക്കാൻ സമയം കണ്ടെത്തിയ അപൂർവ മഹത്ത്വത്തിെൻറ ഉടമയായിരുന്നു ബസിയൂനി. നിയമവിദഗ്ധനും കോളമിസ്റ്റും ഇന്ത്യാനയിലെ വാൾപറൈയ്സോ കലാശാലയിലെ ലോ സ്കൂൾ അധ്യാപകനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.