Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇനി ലോകത്തെ വനിതകൾ...

ഇനി ലോകത്തെ വനിതകൾ നയിക്കും

text_fields
bookmark_border
womens day 2023
cancel

ഇന്ന് ലോക വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനം. 1908 ൽ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്കുക എന്നിവയായിരുന്നു സമരത്തി​െൻറ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു ലോക വനിതാ ദിനത്തിന് വിത്തുകൾ പാകിയത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിന്റെ കാതൽ. "ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യ"യുമാണ് 2023 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. അഥവാ സാങ്കേതിക വിദ്യയടക്കമുള്ള എല്ലാ രംഗത്തും ലിംഗ സമത്വത്തിനുള്ള അവസരം സംജാതമാക്കണമെന്നർത്ഥം.

പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം തന്നെ ലോക ജനസംഖ്യയുടെ പാതിയോ അതിലധികമോ ഉള്ള സ്ത്രീ ജനങ്ങളുടെ ഉയർത്തെഴുനെല്പിന്റെ കാലഘട്ടമാണ്. ചരിത്ര കാലം മുതലേ സ്ത്രീകളുടെ സ്ഥാനം പല കാരണങ്ങളാൽ പിന്തള്ളപ്പെട്ടിരുന്നു. സകല മതങ്ങളിലും പ്രത്യയ ശാസ്ത്രങ്ങളിലും അവൾക്ക് മാന്യമായ സ്ഥാനവും ആദരവും കല്പിക്കപ്പെട്ടിരുന്നുവെങ്കിലും പ്രയോഗിക തലത്തിൽ അതൊന്നും വേണ്ടത്ര പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് കാലം മാറി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും സ്ത്രീ ശബ്ദങ്ങൾക്കും ലോകം ഏറെ ചെവികൊടുക്കുന്നുണ്ട്.

ലോക ചലനങ്ങളിൽ സ്ത്രീകളുമിപ്പോൾ മാന്യമായ, അന്തസ്സുള്ള ഇടപെടലുകളും വ്യക്തി മുദ്രകളും നടത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും നോബൽ സമ്മാന ജേതാക്കളായ തവക്കുൽ കർമാനും മലാല യുസുഫുമൊക്കെ ഇതിന്റെ തെളിവുകളാണ്. കോവിഡെന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിൽ ലോകം ശ്രദ്ധിച്ച ആറ് രാജ്യങ്ങളുടെ ഭരണാധികാരികളോക്കെയും സ്ത്രീകളാണ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ, ഐസ്ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്സ്ഡോട്ടിർ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ, നോർവേ പ്രധാനമന്ത്രി എർന സോൽബെർഗ്, ജർമ്മനി ചാൻസലർ ഏഞ്ചല മെർക്കൽ എന്നിവരാണ് ആ പോരാളികൾ. ലോകം മൊത്തത്തിലെടുത്താലും ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷവും സ്ത്രീകളാണല്ലോ. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടി വേണമെന്നാവശ്യപ്പെട്ട് യുഎൻ ഉച്ചകോടിയിൽ ലോക നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗൊക്കെയാണല്ലോ ഇപ്പോൾ ലോകത്തിന്റെ ഐക്കൺ. ഇന്ത്യയിലേക്ക് വന്നാൽ ഭരണ കൂടത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭത്തിലും പൗരത്വ പ്രക്ഷോഭത്തിലും മറ്റ് അവകാശ പോരാട്ടങ്ങളിലുമൊക്കെ വമ്പിച്ച സ്ത്രീ പങ്കാളിത്തം ദൃശ്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനും രാഷ്ട്രപതി ദ്രൗപതി മുർമുവും കോൺഗ്രസ് നേതൃത്ത്വം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയും എച്. സി. എൽ. സിഇഒ റോഷ്‌നി നടാരും ബി.ബി.സി. യുടെ 100 പെണ്ണുങ്ങളിൽ ഇടം നേടിയ ബിൽകീസ് - അസ്മ ഖാത്തൂൻ ദീദിമാരുമൊക്കെ ഇന്ത്യൻ നവജാഗരണ സ്ത്രീത്വത്തിന്റെ അടയാളങ്ങളാണല്ലോ.

നവോത്ഥാനകാലത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിൽ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും വഹിച്ചിട്ടുള്ള പങ്ക് സുവ്യക്തമായി അവതരിപ്പിച്ച്കൊണ്ട് സാക്ഷരതാ മിഷൻ ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ’ എന്ന പേരിൽ ഈ അടുത്തിടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. . ആധുനിക കേരളത്തിന്റെ നാൾ വഴികളിൽ സ്ത്രീകളുടെ നേതൃത്വത്തില് നടത്തിയിട്ടുള്ള വിവിധ പോരാട്ട ചരിത്രങ്ങളുടെ സംക്ഷിപ്ത വിവരണങ്ങളാണതിലുള്ളത്. കേരളത്തിലെ അദ്യത്തെ സ്ത്രീമുന്നേറ്റമെന്ന് വിശേഷിപ്പിക്കുന്ന മാറുമറയ്ക്കല് സമരത്തെക്കുറിച്ചുള്ള വിവരണങ്ങൾ മുതൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില് നടത്തിയ പ്രക്ഷോഭങ്ങളുടെ വിവരങ്ങളടക്കം അതിൽ പ്രദിപാദിക്കുന്നുണ്ട്. കുട്ടിമാളു 'അമ്മ, അക്കാമ്മ ചെറിയാൻ, സുശീല ഗോപാലൻ എന്നിവരിലൂടെ വളർന്ന് കെ.ആർ. ഗൗരിയമ്മ, കമല സുരയ്യയിലൂടെ വികസിച്ച സ്ത്രീ പാരമ്പര്യമാണ് കേരളത്തിനുള്ളത്. രാഹുൽ ഗാന്ധിയുടെ പ്രഭാഷണം മലയാളീകരിക്കാൻ നിസ്സങ്കോചം കയറിച്ചെന്ന പെൺകുട്ടി മുതൽ റാങ്കുകൾ വാരിക്കൂട്ടുന്ന പെൺകുട്ടികൾ വരെ കേരള സ്ത്രീത്വത്തിന് അഭിമാനമാണ്. വിദേശ പഠനത്തിൽ പോലും ഇപ്പോൾ പെൺകുട്ടികളാണ് മുന്നിൽ. കേരളത്തിലെ ഐ.എ.എസ്., ഐ.പി.എസ് മേഖലകളിലൊക്കെയും ഒട്ടേറെ നാരികളുണ്ടിപ്പോൾ.

സ്ത്രീ മുന്നേറ്റത്തിന്റെയും ശാക്തീകരണത്തിന്റെയും കാഹളം മുഴങ്ങുമ്പോഴും ലോകത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ. ലോകത്ത് സ്ത്രീകളിൽ മൂന്നിലൊരാൾ വീതം ഏതെങ്കിലുമർത്ഥത്തിൽ അപായം നേരിടുന്നതായാണ് അനുഭവം. അത് പൊതു ഇടങ്ങളിൽ നിന്നോ വിദ്യാലയങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചിലപ്പോൾ വീട്ടകങ്ങളിൽ നിന്ന് തന്നെയോ ആകാം. സ്ത്രീ ജനിക്കുന്ന സമയത്ത് തന്നെയുള്ള ഭ്രൂണ ഹത്യകൾ മുതൽ മരണാനന്തര ചടങ്ങുകളിലെ വിവേചനം വരെ അത് തുടരുന്നു.

ലണ്ടൻ ആസ്ഥാനമായുമുള്ള തോമസ് റോയ്റ്റേഴ്സ് ഫൗണ്ടേഷൻ എന്ന ലോക വാർത്ത വിവര ഏജൻസിയുടെ അഭിപ്രായത്തിൽ സ്ത്രീകളെ സംബന്ധിച്ചേടത്തോളം ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് നമ്മെ ദുഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ച് കൊണ്ടേയിരിക്കുന്നു. 2012 ന് ശേഷം കുറ്റകൃത്യങ്ങൾ 6.4% എന്ന തോതിൽ വർദ്ധിച്ച് ഇന്നത് ഓരോ മൂന്ന് മിനിട്ടിലും ഒരു സ്ത്രീ എന്ന തോതിൽ പല രീതിൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഡൽഹിയിലെ നിര്ഭയയും, കശ്മീരിലെ ആസിഫയും ഉത്തർ പ്രദേശിലെ ഹത്രാസ് പെണ്കുട്ടിയുമൊക്കെ നമ്മെ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ടല്ലോ.

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ പുരോഗമിച്ച്, വികസിച്ച് ആത്യന്തിക ഫെമിനിസത്തിലും വനിതാ മതിലിലും ഏകീകൃത യൂണിഫോമിലും ന്യൂട്രൽ ജെന്ററിലുമൊക്കെ എത്തി നിൽക്കുമ്പോഴും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ സ്ത്രീകളുടെ അവസ്ഥ ഒട്ടും മെച്ചമല്ലെന്ന് പറയേണ്ടി വരും. മാത്രമല്ല സ്ത്രീയെ സ്ത്രീയായി കാണാത്ത പല ഉട്ടോപ്യൻ വാദങ്ങളും വിവാദങ്ങളും അവർക്ക് തന്നെ ദോഷമായി ഭവിക്കുന്നതായാണനുഭവം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 10,139 കേസുകളും കേരളത്തിലാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു! സ്ത്രീധനവും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമൊക്കെ ഭീതിപ്പെടുത്തും വിധം വർധിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ പുറത്തുവന്ന നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ കുറ്റകൃത്യങ്ങളുടെ റേറ്റിങ്ങിൽ 92.5% ത്തിലെത്തി ഗുജറാത്തിനേയും പശ്ചിമ ബംഗാളിനെയുമെല്ലാം പിന്തള്ളിയത് നമ്മെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മൂന്നുവർഷത്തിനിടെ 34 ഓളം സ്ത്രീകൾ സ്ത്രീധനവുമായി ബന്ധപ്പെട്ട കൊല ചെയ്യപ്പെടുകയുണ്ടായെന്നാണ് കേരള ഗവൺമെന്റിന്റെ കണക്കുകൾ തന്നെ പറയുന്നത്. തുഷാര, കൃതി, ഉത്ര, വിസ്മയ, പ്രിയങ്ക, അർച്ചന, മൊഫിയ എന്നിവരൊക്കെയും നിരന്തരം ആവർത്തിക്കപ്പെടുന്ന സ്ത്രീധന പീഢന കഥകളിലെ ദുരന്ത കഥാ പത്രങ്ങളാണെന്ന കാര്യം നാം മറന്നിട്ടില്ലല്ലോ. വീട്ടിലും റോട്ടിലും പള്ളിയിലും പള്ളിക്കൂടത്തിലും താമസ സ്ഥലത്തും ജോലിസ്ഥലത്തുമൊക്കെ പീഡനക്കഥകളാൽ മലീമസമാണ് അന്തരീക്ഷം. ഒടുവിൽ കെട്ടിയവന്മാരുടെ തന്നെ പീഡനവും വെച്ചുമാറലും അരങ്ങു തകർക്കുമ്പോൾ എവിടെയാണ് നമ്മുടെ നാട്ടിൽ സ്ത്രീസുരക്ഷ?

മദ്യ മയക്കുമരുന്നുകളുടെ തേരോട്ടത്തിലും പ്രേമ-പ്രണയ കഥകളിലും ദാമ്പത്യ തകർച്ചകളിലുമെല്ലാം കൂടുതൽ ഇരകളാകുന്നതും സ്ത്രീകളും കുട്ടികളുമാണ് എന്നതാണ് സങ്കടകരം. സോഷ്യൽ മീഡിയകളുടെ ചതിക്കുഴികളിൽ വീഴുന്നതും ഏറ്റവും കൂടുതൽ സ്ത്രീകളാണ്. ഏറ്റവും ഒടുവിൽ വിദ്യാർത്ഥിനികളും ചെറുപ്പക്കാരികളും സാമൂഹിക മാധ്യമങ്ങളിലൂടെ അവമതിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്തിന്റെ കഥകളാണല്ലോ ബുള്ളി ബായും സുള്ളി ഡീലും പോലുള്ള വിവാദങ്ങൾ.

സ്ത്രീശാക്തീകരണത്തെ കുറിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വാതോരാതെ സംസാരിക്കും. എന്നാൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ പുറത്തിരിക്കാനാണ് വനിതകളുടെ വിധി. ഏഴ് പതിറ്റാണ്ടിനിടയിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് എട്ടുവനിതകൾ മാത്രമാണ്. കേരളത്തിൽ ഇന്നുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലെയും വോട്ടർ പട്ടിക പരിശോധിച്ചാൽ വനിതകളാണ് കൂടുതൽ. എന്നാൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ഇത്തരം അവഗണനകൾക്കും പീഡനങ്ങൾക്കുമെതിരെ സ്ത്രീകൾ തന്നെ രംഗത്തിറങ്ങിയാലേ ലോകത്ത് സുസ്ഥിരമായ ഒരു മാറ്റം സാധ്യമാകൂ. വിദ്യാഭ്യാസ- സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലുള്ള അവരുടെ വളർച്ചയും പുരോഗതിയും ഇത്തരമൊരു മാറ്റം സാധ്യമാക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. സ്ത്രീകൾക്കെതിരായ മുൻവിധികളും വിവേചനങ്ങളും ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി നമുക്കൊരുമിച്ച് കൈകോർക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens day 2023
News Summary - International Women's Day
Next Story