ഇന്റർനെറ്റ് നിരോധനം മണിപ്പൂരിൽ വരുത്തിവെച്ചത്
text_fieldsപതിനേഴു വർഷമായി ഡൽഹിയിലെ ഒരു പുറംകരാർ സ്ഥാപനത്തിനുവേണ്ടി ശബ്ദലേഖന ജോലി ചെയ്യുകയാണ് മണിപ്പൂരിലെ ചുരാചന്ദ്പുർ സ്വദേശിയായ ടോൻസിങ് എന്ന 46കാരൻ. 2020ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതൽ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യവും ലഭ്യമായി.
പക്ഷേ, വീട്ടിലിരുന്ന് ജോലി സൗകര്യം അദ്ദേഹത്തിനിപ്പോൾ അസാധ്യമായിരിക്കുന്നു. മെയ്തേയ്-കുക്കി വിഭാഗങ്ങളുടെ വംശീയ സംഘർഷ പശ്ചാത്തലത്തിൽ മേയ് മാസം നാലു മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് ഏറക്കുറെ നിരോധിതമാണ്. കൂടുതൽ കാലം വിട്ടുനിന്നാൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടേക്കുമെന്ന ഭീതിയിൽ മേയ് മാസം പകുതിയോടെ ടോൻസിങ് അയൽസംസ്ഥാനമായ മിസോറമിലേക്ക് താമസം മാറി.
ജോലി സംരക്ഷിക്കാനും പിഞ്ചു പൈതൽ ഉൾപ്പെടെ അഞ്ചു മക്കളും ഭാര്യയുമുള്ള കുടുംബം പോറ്റാനും ഇതല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. ഇന്റർനെറ്റിനെ ആശ്രയിച്ച് ജീവിതമാർഗവും കച്ചവടങ്ങളും മുന്നോട്ടുനീങ്ങിയിരുന്ന ആയിരക്കണക്കിനാളുകളാണ് ഇപ്പോൾ വഴിമുട്ടി നിൽക്കുന്നത്.
ജമ്മു -കശ്മീരിന് പുറത്ത് മറ്റൊരു സംസ്ഥാനത്ത് ഇത്രദീർഘ കാലം ഇന്റർനെറ്റ് നിരോധിക്കുന്നത് ഇതാദ്യം. ഇംഫാലിലെ ഏതാനും ചില വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കർഫ്യൂ ഇളവുള്ള സമയങ്ങളിൽ മാത്രം തീർത്തും പരിമിതമായി അനുവദിക്കപ്പെടുന്നതൊഴിച്ചാൽ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യത ഇല്ലെന്നുതന്നെ പറയാം.
ഓൺലൈൻ പണമിടപാടും ജി.എസ്.ടി സമർപ്പണം തുടങ്ങി ഒരു കാര്യവും നടക്കുന്നില്ല, വ്യാപാരങ്ങൾ ഏറക്കുറെ അടച്ചുപൂട്ടേണ്ട അവസ്ഥയിലായി- മണിപ്പൂർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് മൻമീത് സിങ് അറോറയുടെ വാക്കുകളിൽനിന്ന് അവസ്ഥ സുവ്യക്തം.
ഓൺലൈൻ വ്യാപാരങ്ങൾ പ്രതിസന്ധിയിൽ
മണിപ്പൂരിലെ പരമ്പരാഗത കരകൗശല ഉൽപന്നങ്ങളും സാരിയും മറ്റും വിൽക്കുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോം നടത്തിയിരുന്ന ഹിറോജിത് ശർമ ബിസിനസ് പൂർണമായി സ്തംഭിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ഉപഭോക്താക്കൾ മണിപ്പൂരിന് പുറത്തുനിന്നുള്ളവരാണ്, വ്യാപാര ഇടപാടുകൾ മുഴുവൻ നടത്തിയിരുന്നത് ഓൺലൈൻ മുഖേനയാണ്.
ഇന്റർനെറ്റ് ഇല്ലാതായതോടെ ബന്ധപ്പെടാൻപോലും മാർഗമില്ലാതായി. അഞ്ചു പേർക്ക് തൊഴിൽ നൽകിയിരുന്ന ഈ സ്റ്റാർട്ട്അപ് സംരംഭം സംഘർഷത്തിന് മുമ്പ് പ്രതിമാസം എട്ടുമുതൽ ഒമ്പതു ലക്ഷം രൂപയുടെ കച്ചവടം നടത്തിയിരുന്നു, ഇപ്പോൾ വട്ടപ്പൂജ്യമായി.
അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കുവേണ്ടി മണിപ്പൂരിൽ ഇരുന്ന് ജോലി ചെയ്തിരുന്ന നിരവധി പ്രഫഷനലുകൾക്ക് നാടുവിട്ട് പോകേണ്ടി വന്നിരിക്കുന്നു. അമേരിക്കൻ ആരോഗ്യ പരിരക്ഷാ സ്ഥാപനത്തിലെ സീനിയർ അനലിസ്റ്റ് ആയിരുന്ന മുങ് ഹൗലായി കഴിഞ്ഞ മാസം മുതൽ ഡൽഹിയിലേക്ക് മാറി.
ജോലിയുള്ള തൊഴിൽരഹിതർ
ചുരാചന്ദ്പുരിലെ വിദ്യാസമ്പന്നരായ യുവജനങ്ങൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ജോലിയാണ് ട്രാൻസ്ക്രിപ്ഷൻ. നൂറല്ല, ആയിരക്കണക്കിനാളുകളാണ് ഇതൊരു ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടൻ, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ക്ലയന്റുകൾക്കുവേണ്ടി പുറംകരാർ ഏറ്റെടുത്തിരിക്കുന്ന ഡൽഹിയിലെ ചില സ്ഥാപനങ്ങൾക്കുവേണ്ടിയാണ് ഇവരുടെ ജോലി.
ജോലിഭാരമനുസരിച്ച് 15,000 മുതൽ 40,000 രൂപ വരെ പ്രതിമാസം സമ്പാദിച്ചിരുന്ന തോമസ് മുആൻ(27) രണ്ടു മാസമായി ജോലിയും ശമ്പളവുമില്ലാതെ ഇരുന്നു, ഒടുവിൽ ഡൽഹിക്ക് വണ്ടികയറി. അതുപോലെ ഒരുപാടു പേരും.
ഓൺലൈൻ സ്കൂളുകളും പൂട്ടി
ജോലിക്കും കച്ചവടത്തിനും മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും ഇന്റർനെറ്റ് നിരോധനം കനത്ത തിരിച്ചടി സൃഷ്ടിച്ചു. കലാപാന്തരീക്ഷത്തെത്തുടർന്ന് സ്കൂളുകൾ രണ്ടര മാസമായി അടഞ്ഞുകിടപ്പാണ്. ബദൽ മാർഗമായ ഓൺലൈൻ ക്ലാസുകളും നടത്താൻ പറ്റാത്ത സാഹചര്യം. ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ മക്കളുടെ പഠനമെങ്കിലും മുന്നോട്ടുപോകുമായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകൻ കെന്നി ഖയ്റാപ്കം പറയുന്നത്.
സ്കൂൾ കുട്ടികൾക്ക് പരിശീലന കേന്ദ്രം നടത്തുന്ന ഹോദം ദേവകിഷോർ സിങ് കോവിഡ് കാലത്തുപോലും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നതാണ്. ഇപ്പോൾ അതും അസാധ്യമായി.
ജൂൺ അഞ്ചിന് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുടെ പ്രവർത്തനം സർക്കാർ പുനരാരംഭിച്ചിരുന്നു. എന്നാൽ, ചുരുക്കം ചില കുട്ടികൾ മാത്രമാണ് സ്കൂളിലെത്തിയത്. നൂറോളം സ്കൂളുകൾ കലാപബാധിതർക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്.
ഈ നിരോധനംകൊണ്ട് എന്തു ഗുണം?
പ്രകോപനം സൃഷ്ടിക്കുന്ന വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയിടാനാണ് ഇന്റർനെറ്റ് നിരോധനം എന്നാണ് പറയപ്പെടുന്നത്. എന്നാൽ, അക്രമങ്ങൾക്ക് ഒരു കുറവുമില്ല. ഓൺലൈനിൽ വസ്തുതാ പരിശോധന നടത്താനുള്ള അവസരം കൂടി ഇല്ലാതായതോടെ മറ്റു മാർഗങ്ങളിലൂടെ കിംവദന്തികളും തെറ്റായ വിവരങ്ങളും ഒരു തടസ്സവുമില്ലാതെ പ്രചരിക്കുന്നുണ്ട്-ആകയാൽ ഈ നിരോധനം വിപരീതഫലമാണ് സൃഷ്ടിക്കുന്നതെന്ന് ജനം വാദിക്കുന്നു.
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആശയവിനിമയവും ഏകോപനവും ആവശ്യമുണ്ട്, അതിനുള്ള അവസരം നഷ്ടമാക്കുന്നത് ക്രമരഹിതമായ പ്രവർത്തനങ്ങൾക്ക് പ്രേരകമായേക്കാം എന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പ്രവർത്തക ഗായത്രി മൽഹോത്രയുടെ അഭിപ്രായം.
സംസ്ഥാനത്തുടനീളം ലീസ്ഡ് ലൈനുകൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കാൻ ആളുകളെ അനുവദിച്ച് നിരോധനം ഭാഗികമായി നീക്കാനും ഫൈബർ-ടു-ഹോം കണക്ഷനുകൾ പരിഗണിക്കാനും ജൂലൈ ഏഴിന് മണിപ്പൂർ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.
(scroll.in ൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.