ആർ.എസ്.എസ് ഞങ്ങൾക്ക് കുടുംബമാണ് -ഗോപാൽ ഗോദ്സെ
text_fieldsഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്സെയുടെ സഹോദരനായ ഗോപാൽ ഗോദ്സെയുടെ തുറന്നുപറച്ചിൽ. ഗാന്ധി വധ ഗൂഢാലോചന കേസിൽ 16 വർഷം ജയിൽശിക്ഷ അനുഭവിച്ച് 1964ൽ പുറത്തിറങ്ങിയ ഗോപാൽ, ആംഗ്ലോ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടനുവേണ്ടി സേവനമനുഷ്ഠിച്ചിരുന്നു. 2005 നവംബർ 26ന് മരിക്കുംവരെയും ഗാന്ധിവധത്തിൽ ഗോപാൽ ഖേദം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല തങ്ങൾ ചെയ്തത് ധീരവും ന്യായവുമായ കർത്തവ്യമാണെന്ന് വാദിച്ചുകൊണ്ടിരുന്നു
- നിങ്ങൾ ആർ.എസ്.എസിന്റെ ഭാഗമായിരുന്നുവോ?
നാഥുറാം, ദത്താത്രേയ, ഗോവിന്ദ്, ഞാൻ- ഞങ്ങൾ എല്ലാ സഹോദരങ്ങളും ആർ.എസ്.എസിലായിരുന്നു. വീട്ടിലേക്കാളേറെ ഞങ്ങൾ വളർന്നത് ആർ.എസ്.എസിലാണ്, അത് ഞങ്ങൾക്ക് ഒരു കുടുംബംപോലെയായിരുന്നു.
- നാഥുറാം ആർ.എസ്.എസിൽ തുടർന്നുവോ, അയാൾ സംഘടന വിട്ടിരുന്നില്ലേ?
നാഥുറാം ആർ.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു. കോടതിയിൽ നൽകിയ പ്രസ്താവനയിൽ ആർ.എസ്.എസ് വിട്ടുവെന്ന് പറഞ്ഞിട്ടുണ്ട്. ഗാന്ധി വധത്തിനുശേഷം ഗോൾവാൾക്കറും ആർ.എസ്.എസും ഒരുപാട് പ്രശ്നങ്ങളിലായതാണ് അങ്ങനെ പറയാൻ കാരണം. അദ്ദേഹം ആർ.എസ്.എസ് വിട്ടിട്ടില്ല.
- നാഥുറാമിന് ആർ.എസ്.എസുമായി ബന്ധമൊന്നുമില്ലെന്ന് അദ്വാനി പറയുകയുണ്ടായല്ലോ?
അങ്ങനെ പറയുന്നത് ഭീരുത്വമാണെന്ന് ഞാൻ മറുപടിയും പറഞ്ഞിരുന്നു. ഗാന്ധിയെപ്പോയി കൊന്നുവരൂ എന്ന് ആർ.എസ്.എസ് പ്രമേയമൊന്നും പാസാക്കിയിരുന്നില്ല എന്ന് നിങ്ങൾക്കു പറയാം, എന്നുവെച്ച് നിങ്ങൾക്ക് അദ്ദേഹത്തെ (നാഥുറാം) തള്ളിപ്പറയാൻ കഴിയില്ല. ഹിന്ദു മഹാസഭ അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല. 1944ൽ ബൗദ്ധിക് കാര്യവാഹ് ആയ സമയം മുതലാണ് നാഥുറാം ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
- ഗാന്ധിയെ കൊലപ്പെടുത്താ നുള്ള പദ്ധതി എപ്പോഴാണുണ്ടായത്?
ഹിന്ദുരാഷ്ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു നാഥുറാം. ഒരിക്കൽ ടെലിപ്രിന്ററിൽ നോക്കുമ്പോൾ അടുത്ത ദിവസം ഗാന്ധിജി നിരാഹാരം നടത്താൻ തീരുമാനിച്ച വാർത്ത കണ്ടു. പാകിസ്താന് നൽകാനുള്ള 55 കോടി തടഞ്ഞുവെക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു നിരാഹാരം.
വിഭജനാനന്തര ഒത്തുതീർപ്പിന്റെ ഭാഗമായ ആ തുക കശ്മീരിലെ പാകിസ്താൻ അതിക്രമത്തിന് അറുതിയാവുന്നതുവരെ പണം പിടിച്ചുവെക്കാനായിരുന്നു സർക്കാർ തീരുമാനം. ഇത് കണ്ടയുടനെ ഒരു പൂർണവിരാമം കുറിക്കണമെന്ന് നാഥുറാമിന് തോന്നിയിരിക്കണം. അതായിരുന്നു വഴിത്തിരിവ്.
പക്ഷേ, അതിനുമുമ്പും പല സമയങ്ങളിലും ഗാന്ധിയെ കൊല്ലണമെന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ടാകണം. അഭയാർഥി ക്യാമ്പുകളിൽ നമുക്ക് ദുരിതങ്ങൾ വരുത്തിവെച്ചയാളാണ്. പിന്നെയെന്തുകൊണ്ട് കൊന്നുകൂടാ. ഈ ചിന്ത പല തവണ ഉണ്ടായിട്ടുണ്ടാവാം.
ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ അടുത്ത 15 മിനിറ്റിനുള്ളിൽ കനത്ത മഴപെയ്തേക്കുമെന്ന് നമ്മൾ കരുതും. പക്ഷേ, കാര്യങ്ങൾ മറിച്ചായിരിക്കും. ഏതോ ഭാഗത്തുനിന്ന് കാറ്റുവന്ന് മേഘങ്ങളെ നീക്കിക്കളയും. മഴപ്പെയ്ത്തിന് അനുകൂലമായ താപനില ഒത്തുവരേണ്ടതുണ്ട്.
അതുപോലെ പലയിടങ്ങളിലും നടന്ന ഗൂഢാലോചനകളെയും കാറ്റ് വന്ന് നീക്കിക്കളഞ്ഞിരിക്കാം. പക്ഷേ, എല്ലാ ഘടകങ്ങളും അനുകൂലമായി വരുമ്പോൾ ഗൂഢാലോചനയുടെ ലക്ഷ്യം ഫലംകാണുന്നു.
- നിങ്ങളും വീർസവർക്കറും തമ്മിലെ ബന്ധമെന്താണ്?
ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഞങ്ങളുടെ ഗുരുവായി കാണുന്നു, രാഷ്ട്രീയ ഗുരു. ഞങ്ങൾ അദ്ദേഹത്തിന്റെ രചനകൾ മുഴുവൻ വായിക്കുമായിരുന്നു. അദ്ദേഹത്തെ പൂർണമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഇത് ചെയ്യണോ എന്ന് ചോദിക്കുന്നത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള മണ്ടത്തമാവും.
ദുർബലഹൃദയനായ ഒരാൾക്ക് ഗുരുവിന്റെ അനുഗ്രഹം ആവശ്യമായിരിക്കും. ഗുരു നിങ്ങളുടെ കൈകൾ പിടിച്ചുവെച്ച് ‘വിഡ്ഢികളേ, അങ്ങനെയൊന്നും ചെയ്യരുത്’ എന്നു പറയുന്നുവെന്ന് കരുതുക, പക്ഷേ അദ്ദേഹത്തിന്റെതന്നെ ഒരാൾ അത് ചെയ്യുന്നുവെന്നും. അന്നേരം ഗുരു പിടിച്ചുവെച്ചതുകൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങളിത് ചെയ്തേനേ എന്നു പറയുന്നത് നമ്മുടെ സ്വന്തം ഭയത്തെ മറച്ചുപിടിക്കലും ഗുരുവിനെ അപകീർത്തിപ്പെടുത്തലുമാണ്.
- എന്തായിരുന്നു സവർക്കറുടെ പ്രതികരണം?
‘ഈ വിവരമറിഞ്ഞ് ഞാൻ അസ്വസ്ഥനായിരുന്നു’ എന്ന മട്ടിൽ മറ്റ് ഏത് പൊതു നേതാക്കളെയുംപോലെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം.
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് ഹിന്ദു സംസ്കാരത്തെ സന്നിവേശിപ്പിച്ചതിന് ഗാന്ധിയാണ് ഉത്തരവാദിയെന്ന് പല എഴുത്തുകാരും വാദിക്കുന്നുണ്ട്. നിങ്ങൾക്ക് എന്തു തോന്നുന്നു?
ഇത് നേരായിരുന്നുവെങ്കിൽ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് അയാൾ സർക്കാറിനെ സഹായിക്കുമായിരുന്നു. പക്ഷേ, അയാളത് ആഗ്രഹിച്ചിരുന്നില്ല. മരണവേളയിൽ ഗാന്ധി ഹേ റാം എന്നുരുവിട്ടുവെന്നത് കോൺഗ്രസ് കെട്ടിച്ചമച്ച കഥ മാത്രമാണ്. ആ നുണയിലൂടെ രാമനെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു.
- ഗാന്ധിയുടെ ഹിന്ദുമത വ്യാഖ്യാനം സ്ത്രൈണമായിരുന്നുവെന്നും വീരത്തമുള്ള പൗരുഷഭാവത്തിന് ഊന്നൽ നൽകിയില്ലെന്നും പലരും വിമർശിച്ചുകാണാറുണ്ട്. എന്തു തോന്നുന്നു?
ഇത് ഏറെ സംശയാസ്പദമാണെന്ന് കാണാം. ഉദാഹരണത്തിന്, യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റൂസ് വെൽറ്റ്, ഹിറ്റ്ലർ തുടങ്ങി എല്ലാ യുദ്ധപ്രഭുക്കന്മാർക്കും അയാൾ കമ്പിസന്ദേശം അയച്ചിരുന്നു.
എന്നാൽ, ഈ സ്ഥലം സംരക്ഷിക്കാൻ പട്ടാളത്തെ അയക്കട്ടെ എന്ന് നെഹ്റു ചോദിച്ചതും അയാൾ സമ്മതം നൽകി. എന്തേ അയാൾ ചർക്കയേന്തിയ സൈന്യത്തെ അയച്ചില്ല? അതിൽനിന്ന് മനസ്സിലാവുന്നത് അയാൾ മറ്റുള്ളവരെ പഠിപ്പിക്കും, പക്ഷേ സ്വന്തം പറച്ചിലും പ്രവൃത്തിയും വ്യത്യസ്തമാണ് എന്നല്ലേ.
- ഹിന്ദു മഹാസഭയും ബി.ജെ.പിയും തമ്മിലെ ഒരു തുടർച്ച എങ്ങനെയാണ് കാണുന്നത്?
അവർ എല്ലാവരുംതന്നെ ഹിന്ദുരാഷ്ട്രത്തിന്റെ മാർഗത്തിലേക്കു വരണം. മറ്റു ബദലുകളൊന്നുമില്ല. ഹിന്ദുക്കളും മുസ്ലിംകളും ഇടകലർന്ന് കഴിഞ്ഞാൽ ധ്രുവീകരണമുണ്ടാവും, അപ്പോൾ ബോസ്നിയയിലേതിന് സമാനമാവും അവസ്ഥ.
(1994 ജനുവരി 28 ലക്കം ഫ്രണ്ട് ലൈൻ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.