അധിനിവേശം, വികസനം, പൗരാവകാശം
text_fieldsഡോ. എസ്. മുഹമ്മദ് ഇർഷാദ്വികസനത്തെ നരവംശ ശാസ്ത്രം അധിനിവേശത്തിനുള്ള ഉപാധിയായി ചിത്രീകരിക്കാറുണ്ട്. ചരിത്രത്തിൽ ഇതിന് ഒട്ടനവധി തെളിവുകൾ ഉണ്ടുതാനും. ഭരണകൂടവും മുതലാളിത്തവും ഒരേകേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെട്ട കാലത്താണ് ഇതിന് തുടക്കംകുറിച്ചത്. കൊളോണിയൽ കാലത്തിനുശേഷം രാഷ്ട്രീയാധികാരത്തെ നിയന്ത്രിക്കാൻ കഴിയുന്നതരത്തിൽ മാറ്റിത്തീർക്കപ്പെട്ട സ്വകാര്യ മൂലധനം അധിനിവേശത്തിന് കാരണമായിട്ടിട്ടുണ്ട്. ദേശരാഷ്ട്രങ്ങളെക്കാൾ ഇന്ന് ഭൂമിശാസ്ത്രപരമായി വികസിക്കാൻ ശ്രമിക്കുന്നത് വൻകിട കോർപറേറ്റ് മുതലാളിത്തമാണ്. എന്നാൽ, സാമ്പ്രദായികരീതിയിലെ മൂലധന വികാസത്തെക്കാൾ പൂർണമായും സർക്കാർ പിന്തുണയോടെ അതിവേഗം വളരുന്ന മൂലധനത്തിനാണ് ഇന്ന് പ്രാധാന്യംകിട്ടുന്നത്.
പരസ്പരം മത്സരിക്കാതെ, രാഷ്ട്രീയ പിന്തുണയോടെ വികസിക്കുന്ന മൂലധനത്തിെൻറ ചരിത്രം പഠിച്ചാൽ നമ്മൾ ചെന്നുനിൽക്കുക നാസി കാലത്താണ്. നാസികളുടെ നിയന്ത്രണത്തിൽ വികസിച്ച മൂലധന മുതലാളിത്തമാണ് നാസി പാർട്ടിയെ നിലനിർത്തിയിരുന്നത് (ഇതിനെ കുറിച്ചൊരു പുസ്തകം തന്നെയുണ്ട്). ഇത്തരം മൂലധനം വികസിക്കുന്നതിന് ഏറ്റവും തടസ്സം സൃഷ്ടിക്കുന്നത് ജനാധിപത്യമാണ്.
സാവധാനത്തിലെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്ക് മൂലധനശക്തികൾ എത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ലക്ഷദ്വീപ് കേന്ദ്രമാക്കി നടക്കുന്ന പുതിയ പദ്ധതികളെ വിലയിരുത്തേണ്ടത്. ഇപ്പോൾ സർക്കാർ മുന്നോട്ടുവെക്കുന്ന വൻകിട ടൂറിസം വികസനപദ്ധതികൾ ഫലത്തിൽ തദ്ദേശവാസികളെ അവരുടെ ജീവിതത്തിൽനിന്നും ജീവനോപാധികളിൽനിന്നും തനത് സംസ്കാരത്തിൽനിന്നുമൊക്കെ പറിച്ചുമാറ്റപ്പെടും വിധത്തിലാണ്. ജനാധിപത്യ സർക്കാർതന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്തിെൻറ യുക്തിയാണ് പരിശോധിക്കേണ്ടത്.
ഏകപക്ഷീയമായ ഈ പദ്ധതി തീരുമാനം ഏതൊരു മാനദണ്ഡം െവച്ച് നോക്കിയാലും ജനാധിപത്യവിരുദ്ധമാണ്. എന്നാൽ, കേരളത്തിലുണ്ടായതുപോലെയുള്ള പ്രതിഷേധങ്ങൾ ഒന്നുംതന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളിൽ ലക്ഷദീപിന് വേണ്ടി ഉണ്ടാകുന്നില്ല എന്നതും നിരാശ ജനിപ്പിക്കുന്നു. ശക്തമായ രാഷ്ട്രീയപാർട്ടി സ്വാധീനം ഉള്ളപ്പോഴും പൗരസമൂഹ രാഷ്ട്രീയം നിലനിൽക്കുന്നതുകൊണ്ടുകൂടിയാണ് കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായത്. വൻകിട കോർപറേറ്റുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിൽ ഇന്ത്യയിലെ ഒരു പാർലമെൻററി പാർട്ടിയും എതിരല്ല എന്നത് വിസ്മരിക്കാൻ കഴിയില്ല. കോർപറേറ്റുകൾ കുടിയിറക്കിയ ആദിവാസി ജനതയുടെ എണ്ണം ഇന്നും ഒരു ഏജൻസിയുടെ പക്കലുമില്ല.
എതിർപ്പുകളും മാധ്യമശ്രദ്ധയും വന്ന സ്ഥിതിക്ക് കടുത്ത നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാൽപോലും ലക്ഷദ്വീപിൽ പൂർണമായ നയംമാറ്റത്തിന് കേന്ദ്രസർക്കാർ സന്നദ്ധമാകും എന്ന് പറയാൻ കഴിയില്ല. ലക്ഷദീപിലെ ജനങ്ങളുടെ മതസ്വത്വവും സർക്കാറിെൻറ നടപടികളെ സ്വാധീനിക്കുന്നുണ്ട്.
പ്രത്യക്ഷത്തിൽ സർക്കാറിന് ഈ അധിനിവേശത്തെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ട്, അതിലൊന്ന് സർക്കാർ ഭാഷയിലെ വികസന നിർവചനമാണ്. എന്നാൽ, ലക്ഷദ്വീപിലെ മനുഷ്യർക്ക് ഈ വികസനപദ്ധതി അവരുടെ പൗരാവകാശങ്ങളുടെ ലംഘനമാണ്. എല്ലാ അധികാരങ്ങളും ഒരേ പ്രത്യയശാസ്ത്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നതിെൻറ തെളിവായി പോലും ലക്ഷദ്വീപിലെ സർക്കാർ ഇടപെടലിനെ വിലയിരുത്താം. ന്യൂനപക്ഷത്തെ അപരവത്കരിച്ചുകൊണ്ടും തദ്ദേശ സമൂഹത്തിെൻറ തനത് സാമൂഹികാവകാശത്തെ നിഷേധിച്ചുകൊണ്ടുള്ള ഇടപെടലുകൾ പലപ്പോഴും തികച്ചും ഏകപക്ഷീയമായ അധികാര പ്രയോഗമായി മാറും.
കേന്ദ്രസർക്കാർ വിഭാവനംചെയ്യുന്ന പദ്ധതികൾ വരാൻപോകുന്ന ബ്ലൂ ഇക്കണോമിയുടെ ഒരു പരീക്ഷണമായും കാണാം. കേരളത്തിൽ ബ്ലൂ ഇക്കണോമിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്ന ഒരുകാലത്താണ് ലക്ഷദ്വീപിൽ ഇത്തരം പരീക്ഷണം നടക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും നിഷേധിച്ചുകൊണ്ടുള്ള മൂലധന-അധിനിവേശനങ്ങളുടെ ഭാവിയും ഗൗരവമായിതന്നെ കാണ്ടേണ്ടതുണ്ട്. ഇത്തരം മൂലധനത്തിെൻറ ഭാവി സർക്കാർ സംരക്ഷണത്തിലും ഒത്താശയിലുമാണ് നിലനിൽക്കുന്നത്. ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ഇത്തരം സംരക്ഷണങ്ങൾ പൗരാവകാശത്തെക്കൂടി ഇല്ലാതാക്കും എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
(മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.