ബി.ജെ.പിയെ തറപറ്റിച്ച് ഇഖ്റയുടെ വിജയം, ഇഷ്ഖിന്റെയും...
text_fieldsലഖ്നോ: ഉപ്പാപ്പ അഖ്തർ ഹസനും ഉപ്പ മുനവ്വർ ഹസനും ഉമ്മ തബസ്സും ഹസനും പ്രതിനിധാനംചെയ്തിട്ടുള്ള കൈറാന മണ്ഡലത്തിന്റെ പുതിയ എം.പിയായി ഇഖ്റ ഹസൻ എന്ന 29കാരി എത്തുന്നത് ജനസമ്മതി മാത്രം ഉറപ്പാക്കിയല്ല, മറിച്ച് വർഗീയശക്തികൾ അറുത്തുകളഞ്ഞ ഇരുസമുദായങ്ങൾ തമ്മിലെ സ്നേഹബന്ധങ്ങളെ കൂട്ടിയിണക്കിക്കൊണ്ടാണ്. 2013ലെ മുസഫർനഗർ കലാപശേഷമാണ് അക്കാലമത്രയും ക്ഷേമവും ക്ഷാമവും ഒരേ മനസ്സോടെ പങ്കിട്ടിരുന്ന ഇവിടത്തെ ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ അകൽച്ച ഉടലെടുക്കുന്നത്.
പിന്നാലെ നടന്ന 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി ജയിക്കുക കൂടി ചെയ്തതോടെ വർഗീയ ആഖ്യാനങ്ങളും കെട്ടുകഥകളും രാജ്യമൊട്ടുക്ക് പടർന്നു. ഉമ്മയെയും സഹോദരനും കൈറാന എം.എൽ.എയുമായ നാഹിദ് ഹസനെയും യു.പിയിലെ യോഗി സർക്കാർ ജയിലിലടച്ചതോടെയാണ് തന്റെ വഴിയും രാഷ്ട്രീയ പോരാട്ടങ്ങളുടേതാണെന്ന് ഈ യുവതി തീരുമാനിക്കുന്നത്. ലണ്ടനിലെ സോസ് സർവകലാശാലയിൽനിന്ന് ഇന്റർനാഷനൽ പൊളിറ്റിക്സിലും നിയമത്തിലും ബിരുദാനന്തര ബിരുദമെടുത്ത് നാട്ടിലെത്തിയ അവർ 2022ലെ യു.പി തെരഞ്ഞെടുപ്പ് വേളയിൽ ജയിലിലായിരുന്ന സഹോദരൻ നാഹിദിന്റെ പ്രചാരണ കാമ്പയിന് ചുക്കാൻ പിടിച്ചു.
വോട്ടു ചോദിക്കുന്നതിൽ മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിലും ശ്രദ്ധിച്ചതോടെ ജനകീയയായി മാറിയ ഇഖ്റയെത്തന്നെ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ച സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനം തെറ്റിയില്ല. ഏറെ വികസന പ്രശ്നങ്ങൾ നേരിടുന്ന ഈ കാർഷികമേഖലയിലെ വിദ്യാഭ്യാസം, തൊഴിൽ, സ്ത്രീ മുന്നേറ്റം, സമുദായ സൗഹാർദം എന്നിവയായിരുന്നു ഇഖ്റ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് അജണ്ടകൾ. പഞ്ചസാര ഫാക്ടറികളുടെ ചൂഷണത്തിനിരയാവുന്നവർക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന നിയുക്ത എം.പിയുടെ വാഗ്ദാനത്തിന്റെ മധുരപ്രതീക്ഷയിലാണ് മേഖലയിലെ കരിമ്പ് കർഷകരും തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.