ഇറാനും സൗദിയും പുതു സമവാക്യങ്ങളും
text_fieldsഗൾഫ് രാഷ്ട്രങ്ങൾ ഈ കരാറിലൂടെ ചൈനയുടെയും റഷ്യയുടെയും ദുഷ്ടവലയത്തിൽ എത്തിയിരിക്കുന്നു. ഇത് പാശ്ചാത്യ വിരുദ്ധ സഖ്യമാണ്. എന്നാൽ, അമേരിക്കൻ ഭരണകക്ഷിയിൽ നേതൃപരമായി പങ്കുവഹിക്കുന്ന പലരും ഈ ചേരിമാറ്റം തങ്ങളുടെ പോരായ്മകൊണ്ട് സംഭവിച്ചതാണെന്ന് സമ്മതിക്കുന്നു. അടുത്തകാലത്തായി ഗൾഫ് രാഷ്ട്രങ്ങൾ, പ്രത്യേകിച്ചും സൗദി അറേബ്യ അമേരിക്കയെ വിശ്വസിക്കാവുന്ന ഒരു രാഷ്ട്രമായിട്ടല്ല കരുതിയതെന്നവർ പറയുന്നു
ഏറെക്കാലം വൈരികളായിരുന്ന ഇറാന്റെയും സൗദിയുടെയും പുന:സമാഗമം സമാധാനകാംക്ഷികൾക്ക് ഏറെ സന്തോഷവും പ്രത്യാശയുമാണ് നൽകുന്നതെങ്കിൽ പല വമ്പൻ രാഷ്ട്രങ്ങളെയും അത് ഞെട്ടിച്ചിരിക്കുന്നു.
ബഗ്ദാദിലും ഒമാനിലുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിൽ ചൈനയിൽ രൂപപ്പെട്ട അവസാനവട്ട അനുരഞ്ജനങ്ങൾക്കുശേഷം തികച്ചും നാടകീയമായാണല്ലോ ഈ ഉടമ്പടി വാർത്ത പുറത്തുവന്നത്. ലോകത്തുതന്നെ ഏറ്റവും ശക്തമായത് എന്ന ഖ്യാതികേട്ട ഇസ്രായേലിന്റെയും അമേരിക്കയുടെയും ചാരവൃത്തങ്ങൾക്ക് ഇതേക്കുറിച്ച് സൂചനപോലും ലഭ്യമായില്ല എന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്നു.
വഴിയൊരുക്കിയത് യു.എസ് നിലപാടുകൾ
അമേരിക്കയുടെ വൻ ശക്തി മനോഭാവത്തിന് ഇത് പോറലേൽപിച്ചു. ബൈഡൻ ഭരണകൂടത്തിന്റെ ഭാഷയിൽ, ഗൾഫ് രാഷ്ട്രങ്ങൾ ഈ കരാറിലൂടെ ചൈനയുടെയും റഷ്യയുടെയും ദുഷ്ടവലയത്തിൽ എത്തിയിരിക്കുന്നു. ഇത് പാശ്ചാത്യ വിരുദ്ധ സഖ്യമാണ്. എന്നാൽ, അമേരിക്കൻ ഭരണകക്ഷിയിൽ നേതൃപരമായി പങ്കുവഹിക്കുന്ന പലരും ഈ ചേരിമാറ്റം തങ്ങളുടെ പോരായ്മകൊണ്ട് സംഭവിച്ചതാണെന്ന് സമ്മതിക്കുന്നു. അടുത്തകാലത്തായി ഗൾഫ് രാഷ്ട്രങ്ങൾ, പ്രത്യേകിച്ചും സൗദി അറേബ്യ അമേരിക്കയെ വിശ്വസിക്കാവുന്ന ഒരു രാഷ്ട്രമായിട്ടല്ല കരുതിയതെന്നവർ പറയുന്നു.
സൗദിയുടെ പ്രതിരോധാവശ്യാർഥം 2019ൽ സംവിധാനിച്ച ‘പാട്രിയറ്റ്’, ‘തഢ്’ മിസൈലുകൾ 2021ൽ എടുത്തുമാറ്റിയത് അവർ ഇതിന് തെളിവായി ഉദ്ധരിക്കുന്നു. ഈ പൊളിച്ചുമാറ്റലാകട്ടെ, സൗദി എണ്ണ ശുദ്ധീകരണശാലകൾ ഹൂതികളുടെ ആക്രമണങ്ങൾ നേരിടുന്ന വേളയിലായിരുന്നു. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ സൗദി അറേബ്യയിലെ സന്ദർശനം മാറ്റിവെച്ചതല്ലാതെ മറ്റ് പ്രതികരണങ്ങളൊന്നും അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാവാതെ വന്നപ്പോഴാണ് റഷ്യൻ ഡ്യൂമയിലെ അന്താരാഷ്ട്ര കാര്യ മേധാവി ലിയോ സലസ്കിയെ (Leonid Slutsky) സൗദി ഭരണകൂടം ആദരിച്ചത്. ഇത് അമേരിക്കക്കെതിരെയുള്ള അപകടകരമായ വെല്ലുവിളിയാണെന്ന് നിരീക്ഷകർ അന്നുതന്നെ അഭിപ്രായപ്പെട്ടിരുന്നു. സൗദി ഇൻറലിജൻസ് സർവിസ് തലവനായിരുന്ന പ്രിൻസ് തുർക്കി അൽ ഫൈസൽ സി.എൻ.ബി.സി ചാനലിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കയുടെ നടപടി ദുരൂഹമാണെന്ന് കുറ്റപ്പെടുത്തുകയും മിസൈലുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നിട്ടും ബൈഡൻ അത് കാര്യമായി പരിഗണിച്ചില്ല.
‘ഏറ്റവും മുന്നിൽ അമേരിക്ക’ (America First) എന്ന തത്ത്വത്തിൽ ഊന്നിനിൽക്കുന്ന ഭരണകൂടം ഗൾഫ് രാജ്യങ്ങളെ, പ്രത്യേകിച്ചും സൗദിയെ അവഗണിക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകൻ ക്രിസ്റ്റ്യൻ ഒബേർട്ട് വിലയിരുത്തിയത്.
ശത്രുവിന്റെ ശത്രു മിത്രം
ചൈനയിൽ സൗദിയുടെ നിക്ഷേപം 100 ബില്യണിലും കൂടുമത്രേ. 144 ബില്യൺ റിയാലിന്റെ കയറ്റുമതിയും ചെയ്യുന്നു. ഇതിൽ 85 ശതമാനം എണ്ണയാണ്. 45 ബില്യൺ റിയാലിന്റെ ഇറക്കുമതിയും നടത്തുന്നു. അതായത്, ചൈനയുമായുള്ള വ്യാപാരം
സൗദി അറേബ്യക്ക് ഗുണകരമാണെന്നർഥം. റഷ്യയുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾക്ക് ‘ഒപെക് +’ (OPEC Plus) വേദിയായി. ബൈഡന്റെ അപേക്ഷ തിരസ്കരിച്ചുകൊണ്ട്, ദിനേന രണ്ട് മില്യൺ ബാരൽ എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം അമേരിക്കയെ അലോസരപ്പെടുത്തി. ‘ബ്രിക്സ്, ഷാങ്ഹായ്’ കൂട്ടായ്മകളിൽ അംഗമാകാനുള്ള സൗദി അറേബ്യയുടെ അപേക്ഷ പാശ്ചാത്യ ശക്തികൾ വെല്ലുവിളിയായാണ് കാണുന്നത്. കരാറിലേർപ്പെട്ടുവെങ്കിലും സൗദി അറേബ്യയും ഇറാനും പരസ്പര ബന്ധം സന്തുലിതമാക്കാൻ സമയമെടുക്കുമെന്ന് സംശയിക്കുന്നവരുണ്ട്. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളാണ് അടുത്തകാലത്ത് അമേരിക്ക പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക കടമ്പകൾ മറികടക്കാൻ സൗദി അറേബ്യയുമായുള്ള ബന്ധം സഹായകമാകുമോ എന്നതാണ് ഇറാന്റെ പ്രശ്നം. സാമ്പത്തിക സുരക്ഷയോടൊപ്പം സൈനിക ശക്തി കൂടി ഇറാന്റെ പരിഗണനാ വിഷയമാണ്. വാസ്തവത്തിൽ, ഒരുവിധ ആശയപ്പൊരുത്തവും ഇല്ലാഞ്ഞിട്ടും അമേരിക്ക തങ്ങളുടെ ശത്രുവാണെന്ന തിരിച്ചറിവാണ് തെഹ്റാനെ ബെയ്ജിങ്ങുമായി അടുപ്പിച്ചു നിർത്തുന്നത്. ആണവ കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതാണല്ലോ തെഹ്റാനെയും വാഷിങ്ടണിനെയും കൂടുതൽ അകറ്റിയത്. ആ നിലക്ക് ചൈനയും റഷ്യയും കൂടെയുണ്ടാവുമെന്ന വസ്തുത ഇറാന്റെ കരങ്ങൾക്ക് ശക്തി പകരുന്നതാണ്.
എങ്ങനെ പരിഗണിച്ചാലും, ‘ബെയ്ജിങ് കരാറി’ലൂടെ ഇറാൻ മിഡിൽ ഈസ്റ്റിൽ സ്വീകാര്യത നേടുന്ന ശക്തിയായി മാറുകയാണ്. ഉപരോധം വഴി സാമ്പത്തികമായി ഞെരുങ്ങി, പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ഇസ്രായേലിന്റെയും തന്ത്രങ്ങൾമൂലം അറബ് രാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞുപോന്ന ഇറാന് രാഷ്ട്രാന്തരീയ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സന്ദർഭം
കൈവന്നിരിക്കുകയാണ്. വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെൻറി റോമും ഗ്രാൻഡ് റൂംലിയും കുറിക്കുന്നത്, ‘ഇറാൻ തങ്ങളുടെ ആണവ കരാറിനുള്ള മൗനസമ്മതമായി ഇതിനെ വിലയിരുത്തിയേക്കാം’ എന്നാണ്.
ഗൾഫ് മേഖലയുടെ നിയന്ത്രണം ചൈന കൈയാളുന്നത് ഏറെ അലോസരപ്പെടുത്തുന്നത് അമേരിക്കയെയാണ്. ഓർക്കാപ്പുറത്ത് ലഭിച്ച ഈ പ്രഹരം ഇസ്രായേലിനെയും ഭീതിയിലാക്കി. സൈമൺ ഹാൻഡേഴ്സൺ വിശകലനം ചെയ്തപോലെ ചൈന കാമദേവന്റെ (Cupid) രംഗം അഭിനയിച്ചു. പരസ്പരം പിണങ്ങി നടന്ന രണ്ടു ശക്തികളെ വളരെ പ്രയാസപ്പെട്ടാണ് ബെയ്ജിങ് ഒരേ മേശക്കുചുറ്റും ഇരുത്തിയത്. അതാകട്ടെ, വളരെ രഹസ്യമായും!
സൗദി അറേബ്യയെയും ഇറാനെയും കൂട്ടിയിണക്കുക മാത്രമല്ല, ഗൾഫ് രാഷ്ട്രങ്ങളുടെ ഉച്ചകോടിതന്നെ വിളിച്ചുചേർക്കുന്നതിൽ ചൈന വിജയിച്ചു. ഇത് പാശ്ചാത്യ ശക്തികൾക്ക്, പ്രത്യേകിച്ചും അമേരിക്കക്ക് ചൈന നൽകുന്ന പ്രഹരമാണ്. ഈ കരാർ ചൈനയുടെയും റഷ്യയുടെയും കീഴിൽ ഒരു പുതിയ ചേരി വളർന്നുവരുന്നതിന് കാരണമാകുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.