വീർ ദാസ് ചെയ്തത് കുറ്റമാണോ?
text_fieldsവീർ ദാസ് ഈയിടെ കെന്നഡി സെൻററിൽ നടത്തിയ ആത്മഭാഷണത്തെച്ചൊല്ലി ആഞ്ഞടിക്കുന്ന വിവാദ കൊടുങ്കാറ്റ് ഒരുപാട് അസ്വസ്ഥമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ആരാണ് 'നല്ല ഇന്ത്യക്കാർ' ആവാൻ യോഗ്യത നേടിയതെന്ന് നമുക്ക് നമ്മോടുതന്നെ ചോദിക്കാം?
ഓരോ പൗരനെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒരാളെ 'മോശം ഇന്ത്യക്കാരനാ'ക്കുന്നുണ്ടോ?
വാഷിങ്ടൺ ഡി.സിയിലെ കെന്നഡി സെൻററിൽ അവതരിപ്പിച്ച, അതിശ്രദ്ധയോടെ ചിട്ടപ്പെടുത്തിയ ആറു മിനിറ്റ് നീളുന്ന ആശയപ്രകാശനത്തിെൻറ പേരിൽ വീർ ദാസിനെ അറസ്റ്റ് ചെയ്യണമെന്ന സംഘടിത പ്രചാരണത്തിൽനിന്ന് ഒരു കാര്യം വ്യക്തം- ഇന്നത്തെ കാലത്ത് ഇന്ത്യക്കാർ എന്നതിെൻറ അർഥം ഉൾക്കൊള്ളാനുള്ള അധികാരം ഏറ്റെടുത്ത അതിവിധേയ സമൂഹത്തിലെ ഒരു വിഭാഗം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വൃത്തികെട്ട ഇന്ത്യയെക്കുറിച്ച് കേൾക്കാനും കാണാനും ആഗ്രഹിക്കുന്നില്ല.
ഇന്ത്യക്കാരാവുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല- ഈ ആശയംതന്നെ വൈരുധ്യങ്ങളാൽ നിറഞ്ഞതാണ്! വീർ ദാസ് തെൻറ അനനുകരണീയമായ ശൈലിയിൽ 'രണ്ട് ഇന്ത്യ'യെക്കുറിച്ച് സംസാരിച്ചതുപോലെ, ഒന്നിലധികം ഇന്ത്യകളെ തിരിച്ചറിയാൻ കഴിയുന്ന വേറെയും ചിലരുണ്ട്- അവതന്നെ ഓരോന്നും പൂർണവും അപര്യാപ്തവുമാണ്.
ഓരോ ഇന്ത്യക്കാരനും അവെൻറ/അവളുടെ രാഷ്ട്രത്തിന് വ്യാഖ്യാനം ചമക്കാൻ അവകാശമുണ്ട്. എല്ലാ വ്യാഖ്യാനങ്ങൾക്കും സാധുതയുമുണ്ട്. അങ്ങനെ നിരവധി ഇന്ത്യകളും നിരവധി പൗരജനങ്ങളുമുണ്ട്. മറ്റ് ഇന്ത്യകളെക്കാൾ മേൽക്കോയ്മയോ ശ്രേഷ്ഠതയോ അവകാശപ്പെടാനുള്ള മത്സരത്തിൽ ഒരു ഇന്ത്യക്കും വിജയിക്കാനാവില്ല.
നൂറ്റാണ്ടുകളായി, നമ്മുടെ എണ്ണമറ്റ പതിപ്പുകളുടെ താൽക്കാലികമായി തടഞ്ഞുെവച്ച യാഥാർഥ്യങ്ങളുമായി നമ്മൾ ജീവിക്കുന്നു. എന്നിട്ടും അതിജീവിച്ചു! പിന്നെയെന്തിനാണ് പൊടുന്നനെ ഈ അമിത പ്രതികരണം? ''വിദേശ മണ്ണിൽ രാജ്യത്തെ താറടിക്കാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു'' എന്ന വാദം പൊള്ളയാണ്, അല്ലെങ്കിൽ തനി മണ്ടത്തമാണ്. നാം ഒരു സാങ്കൽപിക പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നു, അതിൽ ശാരീരികമായി എവിടെ നിൽക്കുന്നുവെന്നത് അപ്രസക്തമാണ്. വീർ ദാസിന് ചൊവ്വയിൽ പോയി ചൊവ്വാഗ്രഹവാസികളെ അഭിസംബോധന ചെയ്യാമായിരുന്നു, അപ്രകാരം ചെയ്താലും അദ്ദേഹത്തിെൻറ എഴുത്ത് വൈറലാകുമായിരുന്നു.
വീറിെൻറ അവതരണം വിഷമയവും പ്രകോപനപരവുമെന്ന് വിശേഷിപ്പിച്ചവർ 'വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ' പ്രത്യേകം ആസൂത്രണം ചെയ്തതെന്നും അമേരിക്കയിൽ പോയി ഇന്ത്യയെ താറടിക്കാൻ കോടികൾ പറ്റിയ പാകിസ്താനി ഏജെൻറന്നുമൊക്കെ ആരോപിക്കുന്നത് കേൾക്കാനിരിക്കുകയാണ്. ഉടൻതന്നെ സഞ്ചികളുമെടുത്ത് അയൽരാജ്യത്തേക്കു പൊയ്ക്കോയെന്നും അവർ അദ്ദേഹത്തോട് പറയും. കാരണം, ഇന്നത്തെ ഇന്ത്യയിൽ ഒരു വീർ ദാസിന് സ്ഥാനമില്ല.
ഇപ്പോൾ, സമൂഹമാധ്യമ ഭൂമികയിലെങ്കിലും, രണ്ടു വ്യത്യസ്ത ഇന്ത്യകൾ ഏറ്റുമുട്ടുന്നതായി കാണാനാവും- വീർ ദാസിെൻറയും കങ്കണ റണാവത്തിെൻറയും. തീർത്തും വ്യത്യസ്തമായ സന്ദർഭങ്ങളിലും വിഷയങ്ങളിലുമാണെങ്കിലും ഇരു വ്യക്തികളും വിനോദവ്യവസായരംഗത്തെ പ്രതിനിധാനം ചെയ്യുന്നു. ഇരുവർക്കും വൻ ആരാധകവൃന്ദമുണ്ട്, അനുയായികളുടെ കണ്ണിൽ മൂർത്തികളാണവർ. ഞാൻ മനസ്സിലാക്കിയിടത്തോളം, വീർ ദാസ് ഒരു രാഷ്ട്രീയ പാർട്ടിയുമായോ/പ്രത്യയശാസ്ത്രവുമായോ സ്വയം ചേർന്നുനിന്നിട്ടില്ല, വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരരാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിക്കാനുമാവില്ല. ഇപ്പോൾ, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കങ്കണ അദ്ദേഹത്തെ ക്രിമിനൽ എന്നു വിളിക്കുകയും 'മൃദു തീവ്രവാദം' ആരോപിക്കുകയും ചെയ്തു. രാഷ്ട്രീയ രക്ഷാകർതൃത്വം ലഭിക്കാൻ ദാസ് വേണ്ടത്ര അനുഗൃഹീതനല്ല. (ഞാൻ പല തലങ്ങളിലും ആത്മാർഥമായി ആദരിക്കുന്ന) പത്മശ്രീ കങ്കണ റണാവത്ത് പൗരജനങ്ങളുടെ ചെലവിൽ മഹാരാഷ്ട്ര സർക്കാർ മുഖേന വൈ-കാറ്റഗറി പൊലീസ് സംരക്ഷണം ലഭിക്കാൻതക്ക വിശേഷാവകാശമുള്ള വ്യക്തിയാണ്.
സ്വയം എഴുതിത്തയാറാക്കിയ രചനകളുടെ ബലത്തിൽ ആരാധകരോട് നേരിൽ സംവദിക്കുന്ന ഏകാന്തപഥികനായ വീർ ദാസ് ഡറാഡൂണിൽനിന്നാണ്, മിസ് റണാവത്ത് ഭാംബ്ലയിൽനിന്നും. ആ അർഥത്തിൽ, രണ്ടുപേരും അവർ ഉൾപ്പെടുന്ന വിനോദവ്യവസായത്തിെൻറ ആകർഷകമായ വൃത്തങ്ങൾക്കു പുറത്താണ് പ്രവർത്തിക്കുന്നത്. ഇരുവരും സ്വജനപക്ഷപാതത്തിൽനിന്ന് പ്രയോജനം നേടിയെന്ന് ആരോപിക്കാനുമാവില്ല.
ഇൻസ്റ്റഗ്രാമിലെ റണാവത്തിെൻറ പരുഷമായ പോസ്റ്റുകൾ ചൂടും ചൂരും സൃഷ്ടിക്കാനുദ്ദേശിച്ച് രൂപപ്പെടുത്തുന്നവയാണ്. (അവരുടെ സമീപകാല 'ഭീഖ്' കമൻറ് കാണുക) വിദ്വേഷത്തിനു മേൽ സ്നേഹം പരത്താൻ അഭ്യർഥിച്ചുകൊണ്ടാണ് കെന്നഡി സെൻററിലെ തെൻറ വികാരാധീനമായ മോണോലോഗ് വീർ അവസാനിപ്പിക്കുന്നത്. അദ്ദേഹം ഇന്ത്യയെ 'മഹത്തരം' എന്ന് പലവുരു വിശേഷിപ്പിക്കുന്നു. ദേശസ്നേഹികളാവുന്നതു സംബന്ധിച്ച അവരിരുപേരുടെയും വ്യാഖ്യാനങ്ങൾ വിരുദ്ധവശങ്ങളിൽ നിലയുറപ്പിക്കുന്നു. അതെ, ഇരുവരും നിലവിലെ അവസ്ഥയുടെ 'ഭഞ്ജകർ' ആവാൻ യോഗ്യരാണ്. സത്യം പറഞ്ഞാൽ, നമുക്ക് അവ രണ്ടും ആവശ്യമാണ്! സ്വയം സംതൃപ്തിയടയുന്നത് മതിയാക്കാം, നിഷേധങ്ങളും നിർത്താം. ഇവിടെയെല്ലാം സുഖമായിരിക്കുന്നുവെന്ന നാട്യങ്ങൾ അവസാനിപ്പിക്കാറായി. നാശം, അങ്ങനെയല്ല!
വീറിെൻറ 'സത്യങ്ങൾ' നമ്മളെ ത്രസിപ്പിച്ചു. കങ്കണയുടേതുമതെ. പക്ഷേ, തികച്ചും വ്യത്യസ്തമായ കാരണങ്ങളാൽ. പത്മശ്രീ കങ്കണ നടത്തിയ ചരിത്രത്തിെൻറയും സ്വാതന്ത്ര്യപ്രസ്ഥാനത്തിെൻറയും വ്യാഖ്യാനം പ്രമുഖ വ്യക്തികൾ രേഖപ്പെടുത്തിയ എല്ലാ വിവരണങ്ങളെയും വെല്ലുവിളിക്കുന്നു. മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന നിലയിൽ പരക്കെ അംഗീകരിക്കുന്ന ജനകീയ ധാരണയിൽ മാറ്റം വരുത്താനും ശ്രമിക്കുന്നു. ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ മാത്രമാണെന്ന് അവർ അവകാശപ്പെടുന്നു (ആ യാദൃച്ഛികത അവഗണിച്ചേക്കുക!) ഒരു തരത്തിൽ, യഥാർഥ സ്വാതന്ത്ര്യനഷ്ടം 2014ൽ ആരംഭിച്ചതായി വീർ തറപ്പിച്ചുപറയുന്നു! ഇരുവർക്കും അവരവരുടെ കാഴ്ചപ്പാടുകൾ സൂക്ഷിക്കാൻ സകല അധികാരവുമുണ്ട്. ഓരോ പൗരനും തങ്ങളുടെ അഭിപ്രായം സൂക്ഷിക്കാനുള്ള തുല്യമായ അവകാശത്തെയല്ലേ സജീവ ജനാധിപത്യത്തിെൻറ സുപ്രധാന ഘടകമായി നമ്മൾ അംഗീകരിക്കുന്നത്?
ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വീറിെൻറ അഭിപ്രായങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ രോഷാകുലരാക്കി- ആ കൊടിയ വിമർശകർക്കും രോഷാകുലരാവാനുള്ള എല്ലാവിധ അവകാശവുമുണ്ട്. പക്ഷേ, സ്ത്രീകളെ 'ആരാധിക്കുന്നു' എന്നു പറയുന്ന ഒരു രാജ്യത്തെ സ്ത്രീസുരക്ഷയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് തീർത്തും തെറ്റാണോ? അതേപോലെത്തന്നെ ഇന്ത്യയിലെ 30 വയസ്സിനു താഴെയുള്ള ജനവിഭാഗം 75 വയസ്സിനു മുകളിലുള്ള നേതാക്കൾ പ്രചരിപ്പിക്കുന്ന 150 വർഷം പഴക്കമുള്ള ആശയങ്ങൾ കേൾക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ, നിറഞ്ഞുകവിഞ്ഞ കെന്നഡി സെൻററിൽനിന്നുയർന്നത് ഇടിവെട്ടുന്ന ശബ്ദത്തിന് സമാനമായ കൈയടിയൊച്ചയായിരുന്നില്ലേ. അവിടെ വന്നുചേർന്നവർ കൂലിക്ക് വിളിച്ചുവരുത്തിയ ആൾക്കൂട്ടമായിരുന്നോ? കെന്നഡി സെൻററിൽ ദാസിെൻറ പരിപാടി കേൾക്കാനുള്ള ടിക്കറ്റിന് 29 ഡോളറിനും 59 ഡോളറിനും ഇടയിലായിരുന്നു നിരക്ക്-അതൊട്ടും കുറഞ്ഞ നിരക്കല്ല. അദ്ദേഹം പുറത്തുവിട്ട ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത് ടിക്കറ്റുകൾ പൂർണമായി വിറ്റഴിഞ്ഞ പ്രകടനമായിരുന്നു അതെന്നാണെന്നാണ്.
അദ്ദേഹം ഹര്ഷോന്മത്തനാവുകയോ ഗാലറിക്കുവേണ്ടി കളിക്കുകയോ ചെയ്തില്ല. തനതുരീതിയിൽ തികച്ചും സ്വാഭാവികമായി നിന്നു പറയുകയായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്ന ആളുകളെയും നമ്മുടെ അലംഭാവത്തെ അസ്വസ്ഥമാക്കുന്നവരെയും നമുക്ക് സഹിക്കാൻ കഴിയില്ലല്ലോ. അദ്ദേഹത്തിെൻറ അവതരണത്തിൽ തരിമ്പ് നാടകീയത ഇല്ലായിരുന്നു. ആക്രമണസ്വഭാവവും ഇല്ലായിരുന്നു. വെറും ആറു മിനിറ്റ് നീളുന്ന അവതരണം അവസാനിക്കവെ നമ്മിൽ പലർക്കും മരവിപ്പ് അനുഭവപ്പെട്ടു-എന്തുകൊണ്ട്? കാരണം അസ്ഥിയിൽ സ്പർശിക്കുംവിധത്തിൽ വീർ ദാസ് മുറിച്ചിരുന്നു, ചോരയൊലിക്കുമോ എന്നുപോലും നമുക്ക് തോന്നിപ്പോയി. കലർപ്പില്ലാത്ത അവതരണത്തിെൻറ വിജയമാണത്. വാക്കുകളിൽ മധുരം പുരട്ടിയിരുന്നില്ല. മിഠായിമേളങ്ങളുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു.
കാണികൾ കൈയടിക്കുകയും കൂടുതൽ പറയണമെന്ന് ആർത്തുവിളിക്കുകയും ചെയ്യുന്നതിനിടെ വേദിയിൽനിന്നയാൾ ഇറങ്ങിനടന്നു. അതിലൊന്നും ഒട്ടും കാട്ടിക്കൂട്ടലുകളില്ല. ആധികാരികതക്കുതന്നെയായിരിക്കും അവസാന വിജയം. വിദ്വേഷത്തിൽനിന്നും വെറുക്കുന്നവരിൽനിന്നും പിന്തിരിയാൻ നാമേവരെയും പ്രേരിപ്പിച്ചതിനാൽ അദ്ദേഹത്തിെൻറ സന്ദേശം അനിഷേധ്യമാംവിധം പോസിറ്റിവായിരുന്നു. അതൊരു കുറ്റമാണോ? ആണെന്നു വരികിൽ, അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ഉടനടി സാധൂകരിക്കപ്പെട്ടിരിക്കുന്നു. ജയ് ഹിന്ദ്!
കടപ്പാട്: എൻ.ഡി.ടി.വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.