ഇടതിനും അതിജീവനോപാധി വർഗീയതയോ?
text_fieldsകെ- റെയിലിനെതിരായ പ്രക്ഷോഭം കേരളത്തിലെ പൊതുസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള ആളുകളും സംഘടനകളും പരിസ്ഥിതിപ്രവർത്തകരും, റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമൊക്കെ ഏറ്റെടുത്തിട്ടുള്ളതാണ്. അതിനു ജാതിയോ മതമോ ഇല്ല. എന്നിട്ടും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നാമമാത്ര സ്വാധീനം മാത്രമുള്ള ഒരു മതസംഘടനയെ സെന്റർ സ്റ്റേജിൽ പ്രതിഷ്ഠിക്കുന്നതിന് പിന്നിലുള്ള അജണ്ട എന്തായിരിക്കും?
കേരളത്തിലെ വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്നതാരാണ്? യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു സംശയവുമില്ല. സി.പി.എം നേതാക്കൾക്കാർക്കുമില്ല. എന്നുമാത്രമല്ല, കേരളത്തിലെ മുസ്ലിം സമൂഹത്തെ വർഗീയവത്കരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമി തയാറാക്കുന്ന അജണ്ട ഏറ്റെടുക്കുകയാണ് ഇപ്പോൾ മുസ്ലിംലീഗ് എന്ന് അവർക്കുറപ്പുണ്ട്. ഈ അപകടത്തിൽനിന്ന് മുസ്ലിം ന്യൂനപക്ഷത്തെ വിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് സി.പി.എം. അതായത്, വർഗീയതയിലധിഷ്ഠിതമായ ഒരു സാമുദായിക ധ്രുവീകരണം കേരളത്തിൽ നടക്കുന്നു. എന്തുവിലകൊടുത്തും അത് തടഞ്ഞേ തീരൂ- ഇതാണ് കേരളത്തിലെ മൊത്തം ഇടതുപക്ഷത്തിന്റെ നിലപാട്.
ഇങ്ങനെ നിലപാടെടുക്കുന്നതിൽ ഒരു തെറ്റുമില്ല. ആർ.എസ്.എസിന്റെ വോട്ട് വേണ്ടെന്ന നിലപാടെടുത്തിട്ടുണ്ട് പണ്ട് സി.പി.എം. മുസ്ലിം രാഷ്ട്രീയ കക്ഷികളുടെയൊന്നും പിന്തുണയില്ലാതെ ഭരിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രിയും ഇടതുപക്ഷ പാർട്ടികളും പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന 'മുസ്ലിം തീവ്ര-വർഗീയവാദപ്പേടി'ക്ക് അത്തരത്തിലുള്ള താത്ത്വിക പിൻബലമില്ല.
കെ- റെയിലിനെതിരിലുള്ള പ്രക്ഷോഭമാണ് ഇപ്പോൾ മുസ്ലിം തീവ്രവർഗീയതയിലേക്കു ശ്രദ്ധക്ഷണിക്കലിന്റെ നിമിത്തമെങ്കിൽ അത് ഒട്ടുംതന്നെ നിലനിൽക്കുന്ന വാദമല്ല.
നോക്കൂ, കെ- റെയിലിനെതിരായ പ്രക്ഷോഭം കേരളത്തിലെ പൊതുസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള ആളുകളും സംഘടനകളും പരിസ്ഥിതിപ്രവർത്തകരും, റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമൊക്കെ ഏറ്റെടുത്തിട്ടുള്ളതാണ്. അതിനു ജാതിയോ മതമോ ഇല്ല. എന്നിട്ടും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നാമമാത്ര സ്വാധീനം മാത്രമുള്ള ഒരു മതസംഘടനയെ സെന്റർ സ്റ്റേജിൽ പ്രതിഷ്ഠിക്കുന്നതിന് പിന്നിലുള്ള അജണ്ട എന്തായിരിക്കും? മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ചെറുതും വലുതുമായ എല്ലാ നേതാക്കളുടെയും നിലപാടുകൾ സുസൂക്ഷ്മം വിശകലനം ചെയ്യുമ്പോൾ അതിൽ സാമുദായിക ധ്രുവീകരണമെന്ന ഇര കോർത്തുവെച്ച ഒരു ചൂണ്ടലിന്റെ സാന്നിധ്യം കാണാനാവും. ഈ ഇരയിൽ മൃദുഹിന്ദുത്വം എളുപ്പത്തിൽ കൊത്തും.
പദാവലികളുടെ രാഷ്ട്രീയം
വികസനവിരോധികളുടെ വർഗവിഭജനം നടത്തുമ്പോൾ വളരെ സൂക്ഷ്മമായ പദാവലികളാണ് പിണറായി വിജയൻ പ്രയോഗിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിക്കാണ് സമരത്തിന്റെ നേതൃത്വം എന്നാണ് അദ്ദേഹവും പാർട്ടി നേതാക്കളും എപ്പോഴും പറയുന്നത്. ഈ പേര് കൗശലപൂർവം തെരഞ്ഞെടുത്തതാകാനാണിട. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയേക്കാൾ ശേഷിയും സാധ്യതയുമുള്ള വേറെയും സംഘടനകളുണ്ട്.എന്നിട്ടും ശക്തമായ രാഷ്ട്രീയാടിത്തറയുള്ള മുസ്ലിംലീഗിനെ വർഗീയവത്കരിക്കാൻ ജമാഅത്തിന് സാധിക്കുമെന്നും അതിനെ നേരിടാൻ സമൂഹം സജ്ജമായി നിൽക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുമ്പോൾ, കേരളത്തിൽ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മൃദുഹിന്ദുത്വത്തെ മുസ്ലിം വിരോധമാക്കി പരിവർത്തിപ്പിച്ച് രാഷ്ട്രീയമായി അനുകൂലമാക്കി മാറ്റാനുള്ള സൂത്രംകൂടി കാണാം. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ നല്ലൊരു ഭാഗം ഇന്ന് യു.ഡി.എഫിനൊപ്പമാണ്. മുസ്ലിംലീഗിന് യു.ഡി.എഫിൽ നിർണായകമായ മേൽക്കൈയും ഉണ്ട്.
മുസ്ലിംകൾ ഭരണസ്വാധീനത്തിലൂടെയും മറ്റും അനർഹമായ നേട്ടങ്ങൾ സ്വായത്തമാക്കുന്നു എന്ന പരാതി, ഇതര സമുദായക്കാരിൽ ഉണ്ടുതാനും. മുസ്ലിം സമൂഹം അടുത്തകാലത്ത് കൈവരിച്ച സാമൂഹിക-സാമ്പത്തിക പുരോഗതിയും പൊതുമണ്ഡലത്തിൽ അവർക്കുള്ള ദൃശ്യതയുമെല്ലാം ഈ 'മുസ്ലിം അനിഷ്ട'ത്തിന് കാരണമായിട്ടുണ്ടാവാം. ഈ അനിഷ്ടത്തെ പൊലിപ്പിച്ചെടുത്ത് ഇതര സമുദായക്കാർക്കിടയിൽ യു.ഡി.എഫ് ആഭിമുഖ്യം ഇല്ലാതാക്കുക എന്ന 'രാഷ്ടീയലക്ഷ്യം' മാത്രമേ ഇപ്പോൾ സി.പി.എമ്മിനുള്ളൂ. അടുത്ത തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് നോക്കാനുള്ള ദീർഘദൃഷ്ടിയൊന്നും സി.പി.എമ്മിന് ഇല്ല. 'വോട്ടുരാഷ്ടീയം' മാത്രമേ പാർട്ടിയുടെ അജണ്ടയിലുള്ളൂ. അതിനുപയോഗിക്കാവുന്ന ഏറ്റവും നല്ല രൂപകമാണ് ജമാഅത്തെ ഇസ്ലാമി; കുറച്ചുകൂടി തുറന്നുപറഞ്ഞാൽ ഇസ്ലാം. ഇസ്ലാം വിരോധത്തിന്റെ രാഷ്ട്രീയസാധ്യതകളിലാണ് സി.പി.എമ്മിന്റെ ഊന്നൽ; അല്ലാതെ സി.പി.എം ഹിന്ദുത്വ രാഷ്ടീയത്തിലേക്ക് ചാഞ്ഞു എന്നൊക്കെയുള്ള സാമാന്യവത്കരണങ്ങൾ അസ്ഥാനത്താണ്.
കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽ അപ്രസക്തമായ 'ജമാഅത്തെ ഇസ്ലാമി'യെ സംസ്ഥാനത്തെ സാമുദായിക ധ്രുവീകരണത്തിന്റെയും വികസനത്തിന്റെയും പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് സംഘടനയുടെ പേരിനകത്തുള്ള 'ഇസ്ലാമിക സ്പർശം' മൂലമാണ്. ഇസ്ലാമിനോടുള്ള അനിഷ്ടത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ ഇസ്ലാമികസ്പർശമുള്ള ഒരു പേരിന്റെ അർഥധ്വനികൾ തീർച്ചയായും സഹായകമായിരിക്കും.
ഇടതുപക്ഷ മുന്നണിയുടെ വികസന സങ്കൽപങ്ങൾക്കും മതേതര കാഴ്ചപ്പാടിനും തുല്യനീതി എന്ന ആശയത്തിനുമെല്ലാം എതിരുനിൽക്കുന്നത് ഇസ്ലാമാണെന്ന് അറിയാതെയെങ്കിലും ധരിച്ചുവശായിപ്പോയ ആളുകളിലേക്ക് 'ജമാഅത്തെ ഇസ്ലാമി' എന്ന സംജ്ഞ സംക്രമിപ്പിക്കുമ്പോൾ, അത് പ്രസ്തുത സംഘടനയെ മാത്രമല്ല ഉന്നംവെക്കുന്നത്, മുസ്ലിം വിരോധത്തിന്റെ മുഴുവൻ രാഷ്ട്രീയസാധ്യതകളെയുമാണ്. അതായത്, ഇടതുപക്ഷം ജമാഅത്തെ ഇസ്ലാമിയെ തിരഞ്ഞുപിടിച്ച് മുഖ്യ ശത്രുവാക്കുന്നത് ആകസ്മിക പ്രക്രിയയല്ല. ശത്രുസ്ഥാനത്ത് നിർത്താൻ എസ്.ഡി.പി.ഐയോ പി.ഡി.പിയോ ഇല്ലാഞ്ഞിട്ടുമല്ല; പേരുകൊണ്ടു നേടാവുന്ന കേവല രാഷ്ട്രീയസാധ്യതയിൽ മാത്രമാണ് ഊന്നൽ. .
പ്രത്യയശാസ്ത്രമോ പ്രായോഗികരാഷ്ട്രീയമോ?
പിണറായി വിജയൻ മാത്രമല്ല, ഉത്തരവാദപ്പെട്ട സി.പി.എം നേതാക്കൾ വേറെയും ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്. 'സിജി'ക്കെതിരെ എളമരം കരീം ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധിക്കുക. 'സിജി' ഒരു മുസ്ലിം മുൻകൈ ആണ്. മുസ്ലിം വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാക്കാൻ ആസൂത്രിതമായി ശ്രമിക്കുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ മൂലം പൊതുവിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇത്തരം ധാരാളം മുൻകൈകൾ മുസ്ലിംസമൂഹത്തിൽ ഇന്നുണ്ട്.
അതിന്റെ ഫലങ്ങൾ സമുദായത്തിന്റെ ആധുനികവത്കരണത്തെ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്. 'സിജി'യെ റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിച്ച സഖാവ് കരീമിന്റെ വിലയിരുത്തലിന് പിന്നിലുള്ളതും മുസ്ലിംകളുടെ മുന്നേറ്റത്തിൽ 'ഹിന്ദുത്വ ശക്തികൾക്കോ ക്രിസംഘികൾക്കോ' ഉണ്ടായേക്കാവുന്ന അസഹിഷ്ണുതയെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുക എന്ന രാഷ്ട്ര്ട്രീയ ലക്ഷ്യമാണ്.
മുസ്ലിം സ്വത്വനിർമിതിയോടോ ജമാഅത്തെ ഇസ്ലാമിയോട് തന്നെയുമോ സി.പി.എമ്മിന് വല്ല വിരോധവുമുണ്ടോ? പ്രത്യയശാസ്ത്രപരമായി കാണുമായിരിക്കാം. പക്ഷേ, പ്രായോഗിക രാഷ്ട്രീയ തലത്തിൽ ഇല്ലതന്നെ. മുസ്ലിംകളും ഹിന്ദുക്കളും രണ്ട് ദേശീയതകളാണെന്ന് സിദ്ധാന്തിച്ച രാഷ്ട്രീയ നേതാവാണ് മുഹമ്മദലി ജിന്ന. ആ സിദ്ധാന്തത്തിന്റെ ബലത്തിലാണ് അദ്ദേഹം പാകിസ്താൻ എന്ന മുസ്ലിം രാഷ്ട്രത്തിനുവേണ്ടി വാദിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഈ വാദത്തെ അനുകൂലിച്ചു.
എന്നുമാത്രമല്ല, സ്വാതന്ത്ര്യാനന്തര കാലത്ത്, കോൺഗ്രസ് മുസ്ലിംലീഗിനെ വർഗീയകക്ഷിയായി മുദ്രകുത്തുന്ന അവസരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ലീഗിനുമേൽ ഒരു അനഭിമത്വവും ചുമത്തിയിരുന്നില്ല. ഇന്നാകട്ടെ, വർഗീയതയുടെ പേരിൽ ലീഗിന്നില്ലാത്ത കുറ്റമില്ല. പക്ഷേ, കേരള രാഷ്ട്രീയത്തിൽ മുസ്ലിംലീഗിന് ആദ്യമായി മന്ത്രിസ്ഥാനങ്ങളും സാമൂഹികമാന്യതയും നൽകിയത് ഇടതുപക്ഷമാണ്. ജമാഅത്തെ ഇസ്ലാമിയുടെ നേരെയും ഇടതുമുന്നണിയോ സി.പി.എമ്മോ നേരത്തേ അസ്പൃശ്യത പുലർത്തിയതായി കാണുന്നില്ല. ഇടതുമുന്നണി ഭരണകാലത്ത് വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക സമിതികളിൽ ജമാഅത്തെ ഇസ്ലാമിയുെട പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞാൽ ഇനിയും ജമാഅത്തെ ഇസ്ലാമിക്കാർ അഭിമതരായിക്കൂടെന്നുമില്ല. അങ്ങനെ ആലോചിക്കുമ്പോൾ സി.പി.എമ്മിന്റെ ഇപ്പോഴത്തെ വർഗീയവിരുദ്ധ സമീപനങ്ങൾ, മൃദുഹിന്ദുത്വത്തെ താലോലിക്കുന്നതിലൂടെ ൈകവശപ്പെടുത്താവുന്ന താൽക്കാലിക രാഷ്ട്രീയനേട്ടങ്ങളിൽ മാത്രം കണ്ണുവെച്ചുകൊണ്ടുള്ളവയാണ്.
മുണ്ടുടുത്ത മോദി
ഈ പ്രക്രിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദി പ്രയോഗിക്കുന്ന തന്ത്രങ്ങളുമായി അതിയായ സാമ്യമുണ്ടെന്നത് ആകസ്മികമാവാനിടയില്ല. മോദിയുടേത് വിജയിച്ച രാഷ്ട്രീയ തന്ത്രങ്ങളാണ്. അവയെ മാതൃകയാക്കുകയാണ് പിണറായി ചെയ്യുന്നത്. തന്റെയും തന്റെ സർക്കാറിന്റെയും വികസനപദ്ധതികളെ എതിർക്കുന്നവരെ 'കേരളീയ സമൂഹത്തിൻെറ പുരോഗതി തടസ്സപ്പെടുത്തുന്നവരും വർഗീയവാദികളുമായി' ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ പതിവ്. ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം അതിനെ ഒരു സാമാന്യ തത്ത്വമായി വികസിപ്പിച്ചെടുത്തിരിക്കുന്നു.
സി.പി.എം അണികൾ അതേറ്റെടുക്കുകകൂടി ചെയ്തതോടെ കെ- റെയിലിനെ എതിർക്കുന്നവരും പൊലീസ് മർദനത്തിൽ പ്രതിഷേധിക്കുന്നവരും പൗരാവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരുമെല്ലാം 'വർഗീയവാദികളും ജമാഅത്തെ ഇസ്ലാമിയാൽ സ്വാധീനിക്കപ്പെട്ടവരു'മായി. അവരങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നായി പൊതുബോധം. സാംസ്കാരികനായകരും ബുദ്ധിജീവികളും അതിനനുസരിച്ച് സ്വയം പാകപ്പെടുത്തിയെടുത്തു. പൗരാവകാശ പ്രവർത്തകരെയും പരിസ്ഥിതിവാദികളെയുമെല്ലാം 'അർബൻ നക്സലുകളെ'ന്നാരോപിച്ച് തടവിലിട്ട നരേന്ദ്ര മോദിയുടെ സൂത്രത്തിന്റെ കേരള മാതൃകയാണ് പിണറായി വിജയൻ കാണിച്ചുതന്നത്.
'മുണ്ടുടുത്ത മോദി' എന്ന സുമന്ത്രബോസിന്റെ (എൻ.പി. ഉല്ലേഖിന്റെ 'കണ്ണൂർ: ഇൻസൈഡ് ഇന്ത്യാസ് ബ്ലഡിയെസ്റ്റ് റിവൻജ് പൊളിറ്റിക്സ്' എന്ന പുസ്തകത്തിനെഴുതിയ അവതാരിക) പ്രയോഗം അത്യുക്തിയല്ല എന്നുറപ്പ്. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം തന്ത്രങ്ങൾ മാപ്പാക്കപ്പെടുമായിരിക്കും. പക്ഷേ, ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥയിൽ സി.പി.എമ്മിന്റെ ഈ തന്ത്രം സാമുദായിക ധ്രുവീകരണത്തേക്കാൾ കൂടിയ അപകടങ്ങൾ വരുത്തിവെക്കാനാണിട. ഹിന്ദു വോട്ട് ബാങ്ക് ഒന്നടങ്കം തങ്ങൾക്കെതിരായി ചിന്തിച്ച 2019ലെ പാർലമെന്റ് തെരെഞ്ഞടുപ്പിലെ അനുഭവങ്ങളാണ് 'മൃദുഹിന്ദുത്വമാണ് കാമ്യം' എന്ന ചിന്തയിലേക്ക് സി.പി.എമ്മിനെ എത്തിച്ചത്.
കോൺഗ്രസ് മുക്ത ഭാരതം എന്നുപറയുമ്പോൾ ബി.ജെ.പി ഉദ്ദേശിക്കുന്നത് തീവ്രഹിന്ദുത്വത്തിന്റെ വാഴ്ചതന്നെ. കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യത്തോടെ സി.പി.എം മൃദുഹിന്ദുത്വത്തെ താലോലിക്കുകയാണെങ്കിൽ, അത് ബി.ജെ.പി.യുടെ പണി എളുപ്പമാക്കിത്തീർക്കും. മുസ്ലിമിൽ ഒരു അപരനെ കേരളീയ പൊതുബോധം കണ്ടെത്തും. ജമാഅത്തെ ഇസ്ലാമിയാൽ നിയന്ത്രിക്കപ്പെടുന്ന ദേശവിരുദ്ധനും മതേതരവിരുദ്ധനും തീവ്രവാദിയും ഭീകരനുെമാക്കെയായ ഈ മുസ്ലിമിനെ ആക്രമിക്കുക എന്നതായിത്തീരും 'ഇടതുപക്ഷ പുരോഗമന മുഖ്യധാര'യുടെപോലും അജണ്ട. പിണറായിയും സി.പി.എമ്മും അറിഞ്ഞായാലും അറിയാതെയായാലും ചെയ്യുന്നത് അതാണ്.
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ കേവലം 'ഫ്രിഞ്ച് എലമെന്റ്' എന്നുപറയാവുന്ന ജമാഅത്തെ ഇസ്ലാമിയെ അവർക്കില്ലാത്ത പ്രാധാന്യം നൽകി, 'ഭീകരബിംബ'മായി അവതരിപ്പിക്കുന്നതിന്റെ ആഘാതങ്ങളായിരിക്കും കൂടുതൽ ഭീകരം. വർഗീയതയെ കൃത്യമായ മതേതരചിന്തകൊണ്ടായിരിക്കണം ഇടതുപക്ഷം എതിർക്കേണ്ടത്, അല്ലാതെ ഇത്തരം തന്ത്രങ്ങൾ വഴിയല്ല. കോൺഗ്രസിൽ മുസ്ലിംകൾ അവഗണിക്കപ്പെടുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പുതിയ വെളിപാട് ഇതിനോട് ചേർത്തുവെച്ചാലോ -കേരളീയ സമൂഹത്തെ വർഗീയവത്കരിക്കാനുള്ള മറ്റൊരു സൂത്രമായി മാത്രമേ അതിനെ കാണാനാവൂ. ദൈവമേ, ഇടതുപക്ഷ-പുരോഗമന-മതേതര ശക്തികൾക്കും അതിജീവനോപാധി സാമുദായികതയും വർഗീയതയും തന്നെയോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.