മുസ്ലിം രാഷ്ട്രീയം ഇടത്തോട്ടു നീങ്ങുന്നുവോ?
text_fieldsമുസ്ലിംന്യൂനപക്ഷത്തിലെ മധ്യവർഗം പാർട്ടിയിലേക്ക് ആകൃഷ്ടരാവുന്നു എന്നാണ് ഈയിടെ സി.പി.എം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയത്. മുസ്ലിം മധ്യവർഗസമൂഹത്തിൽ സ്വാധീനം വർധിച്ചുവരുന്നു എന്ന ഈ വിലയിരുത്തലിെൻറ നേരെ ചൊവ്വേ അർഥമെന്താണ്? മുസ്ലിംസമുദായത്തിലെ, ഇടത്തരക്കാരും അതിനു മേലെയുള്ളവരുമായ വർഗം, പാർട്ടി പദപ്രയോഗങ്ങൾ കടമെടുത്താൽ പെറ്റി ബൂർഷ്വവർഗം, കമ്യൂണിസ്റ്റു പാർട്ടിയിൽ ചേർന്നു തുടങ്ങി എന്നുതന്നെ. കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ മുസ്ലിംസമുദായത്തിലെ സമ്പന്നവർഗത്തിെൻറകൂടി പാർട്ടിയായി സി.പി.എം മാറുകയാണ്. കേരളരാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ വെച്ചു ചിന്തിച്ചാൽ, വളരെയധികം അർഥതലങ്ങളുള്ള ഒരു മാറ്റമാണ്. പൊതുവിൽ മുസ്ലിം സമുദായത്തിൽ മുസ്ലിം ലീഗിനാണ് മേൽക്കൈ. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗിന് മുസ്ലിം പൊതുസമൂഹത്തിനുമേൽ ചില 'പിടുത്ത'ങ്ങളുണ്ട്. മഹല്ല് കമ്മിറ്റികൾ, സമുദായസംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പണ്ഡിതസമൂഹം, പ്രവാസി മലയാളികൾ, ആതുരസേവാ പ്രവർത്തനങ്ങൾ, ആത്മീയനേതാക്കൾ–ഈ ഘടകങ്ങളുടെമേൽ എക്കാലത്തും മുസ്ലിംലീഗിന് മേൽക്കൈയുണ്ട്.
മുസ്ലിം സമുദായവൃത്തങ്ങളിൽ മുസ്ലിംലീഗിനുള്ള ഈ സ്വാധീനം, പൊതുമണ്ഡലത്തിൽ സി.പി.എം നിലനിർത്തുന്ന അധികാരപ്രയോഗ സാധ്യതകൾക്ക് സമാനമാണ്. മുസ്ലിം മധ്യവർഗം ഇടതുപക്ഷത്തേക്കോ സി.പി.എമ്മിലേക്കോ ചായുന്നു എന്നു പറഞ്ഞാൽ അർഥം മുസ്ലിംസമൂഹത്തിനുമേലുള്ള ലീഗ് സ്വാധീനം എടുത്തുമാറ്റപ്പെടുന്നു എന്നാണ്; ഇടതുപക്ഷ മുസ്ലിം എന്നൊരു സ്വത്വം രൂപപ്പെടുന്നു എന്നാണ്. മുസ്ലിംലീഗിെൻറ ശക്തികേന്ദ്രമായ മലബാറിൽ സമ്പന്ന വിഭാഗം സി.പി.എമ്മിനോടടുക്കുന്നത് അതിെൻറ സൂചനയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പല മണ്ഡലങ്ങളിലും സി.പി.എം./സി.പി.ഐ സ്ഥാനാർഥികളായി മത്സരിച്ചത് മുസ്ലിം പ്രമാണിമാരായിരുന്നു എന്നോർക്കുക.
ഒരു കാലത്ത് മുസ്ലിംലീഗിൽ പ്രവർത്തിച്ചവരും മത–സാമുദായിക സംഘടനകളുടെ ഭാഗമായിരുന്നവരും കൂടിയായിരുന്നു അവർ. ഏതാനും വർഷങ്ങളായി സി.പി.എം നടത്തിവരുന്ന പരീക്ഷണമാണ് പാർട്ടിയിലേക്ക് പണക്കാരെ കൂടി കൊണ്ടുവരുക എന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പരീക്ഷണം വിപുലമായി തന്നെ നടത്തി. ഇതു മുസ്ലിം സമൂഹത്തിൽ ഇടത് ആഭിമുഖ്യം വർധിക്കുന്നതിെൻറ ലക്ഷണമാണ്. അതോടൊപ്പം ചില സാമുദായിക സംഘടനകളുടെ പിന്തുണ കൂടിയായപ്പോൾ മുസ്ലിം ന്യൂനപക്ഷത്തിനിടയിൽ സി.പി.എമ്മിന് സ്വാധീനം വർധിച്ചു. മുസ്ലിം ലീഗ് കോട്ടകളിലുണ്ടായ വോട്ടുചോർച്ച അതിനു തെളിവുമാണ്. ഇത് സമ്മതിക്കുക മാത്രമാണ് സി.പി.എം ഇപ്പോൾ ചെയ്തിട്ടുള്ളത്.
മുസ്ലിംലീഗ് തിരിച്ചറിയുന്നുവോ?
ഈ വിലയിരുത്തലിൽ അന്തർഭവിച്ചിട്ടുള്ള പാഠങ്ങൾ മുസ്ലിംലീഗ് തിരിച്ചറിഞ്ഞിട്ടുണ്ടോ? യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മുസ്ലിം ലീഗ് പ്രസരിപ്പിച്ച സന്ദേശം ലീഗ് കോട്ടകൾ ഭദ്രമാണെന്നാണ്. വിജയപരാജയങ്ങൾ പരിശോധിച്ചാൽ അത് ശരിയുമാണ്. എന്നാൽ, പാഠാന്തരവായനയിൽ ഈ ആത്മവിശ്വാസത്തിൽ പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്നു കാണാം. യു.ഡി.എഫ് അപ്പാടെ തകർന്നപ്പോഴും മുസ്ലിംലീഗ് അഭിമാനാർഹമായ വിജയം നേടി എന്നതു ശരിതന്നെ. പക്ഷേ, തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമായ ജനപിന്തുണയുടെ കാര്യത്തിലോ? എക്കാലത്തും മുസ്ലിംലീഗിനെ വൻ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുന്ന മുസ്ലിംലീഗ് കോട്ടകളുണ്ട് മലപ്പുറം ജില്ലയിൽ. ഇതേപോലെ സി.പി.എം കോട്ടകൾ കണ്ണൂരിലുമുണ്ട്. കണ്ണൂരിലെ സി.പി.എമ്മിെൻറ സ്വാധീനമേഖലകളിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ ഭൂരിപക്ഷം അമ്പതിനായിരവും അറുപതിനായിരവുമായി ഉയർന്നപ്പോൾ മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടകളിൽ അത് കുത്തനെ കുറഞ്ഞു. ഇതു നൽകുന്ന സൂചനകൾ പാർട്ടി യഥാവിധം തിരിച്ചറിഞ്ഞു എന്നു തോന്നുന്നില്ല.
തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗിലുണ്ടായ അപസ്വരങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ഒരു ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമായും ഉണ്ടാവുന്ന അഭിപ്രായഭേദങ്ങൾ മാത്രമേ ലീഗിലും ഉണ്ടായിട്ടുള്ളൂ എന്നത് നൂറു ശതമാനം ശരിയാണ്. അത് പർവതീകരിച്ചുകാണിക്കുന്നതിൽ പലർക്കും ദുഷ്ടലാക്കുണ്ടെന്നതും ശരി. എങ്കിലും മുസ്ലിംലീഗ് പോലെയുള്ള ഒരു പാർട്ടിയിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതുമായ രീതിയിലാണ് സംഭവങ്ങൾ കുഴഞ്ഞുമറിഞ്ഞത്. ഈ സംഭവവികാസങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കാൻ പാർട്ടിക്ക് കഴിയുന്നുണ്ടോ എന്ന് രാഷ്ട്രീയനിരീക്ഷകർ ചോദിക്കുന്നത് സ്വാഭാവികവുമാണ്.
എന്നാൽ, മുസ്ലിംലീഗിെൻറ ചരിത്രം വിശകലനം ചെയ്യുമ്പോൾ ഇത്തരം പ്രതിസന്ധികളെ വിജയകരമായി തരണംചെയ്യാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട് എന്നു ബോധ്യപ്പെടും. മുസ്ലിംലീഗിനെ തകർക്കാൻ ഇവിടത്തെ മുഖ്യധാരാ പാർട്ടികൾ പണ്ടുമുതലേ ശ്രമിച്ചിട്ടുണ്ട്. സമസ്ത ലീഗും േപ്രാഗ്രസിവ് ലീഗും അങ്ങനെ പിറന്നതാണ്. പക്ഷേ, അവ ഉദിച്ചേടത്തുതന്നെ അസ്തമിച്ചു പോയി. സി.പി.എമ്മിെൻറ കനത്ത പിന്തുണയോടെയാണ് അഖിലേന്ത്യ മുസ്ലിംലീഗ് രൂപം കൊണ്ടതും പ്രവർത്തിച്ചതും. പാർട്ടിക്ക് എം.എൽ.എമാരും മന്ത്രിമാരുമുണ്ടായി. അധികാരരാഷ്ട്രീയത്തിൽ അവർ പങ്കാളികളായി. എന്നിട്ടെന്ത്? നിരുപാധികം മുസ്ലിംലീഗിൽ ലയിക്കാനായിരുന്നു പാർട്ടിയുടെ വിധി.
പാഠവും പാഠഭേദവും
ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ ഇന്ത്യൻ നാഷനൽ ലീഗും വലിയ മുന്നൊരുക്കത്തോടെ രൂപവത്കരിച്ചതാണ്. ബാബരി മസ്ജിദ് പ്രശ്നത്തിെൻറ പേരിൽ മുസ്ലിം മനസ്സിൽ നീറിക്കത്തിയ ഉൾക്ഷോഭത്തിെൻറ ചൂടും സേട്ടിെൻറ ജനസമ്മിതിയിൽനിന്ന് ഉൽഫുല്ലമായ വികാരതരംഗവുമെല്ലാം പശ്ചാത്തലത്തിലുണ്ടായിട്ടും ഐ.എൻ.എല്ലിന് ഒട്ടും വേരോട്ടമുണ്ടായില്ല. സി.പി.എമ്മിെൻറ വാൽ എന്നതിനപ്പുറം ആ പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയുമില്ല; ഇതെല്ലാം സൂചിപ്പിക്കുന്നത് മുസ്ലിം സമുദായത്തിെൻറ രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ മുസ്ലിംലീഗിനുള്ള സ്ഥാനം ഇളക്കിയെടുക്കാൻ എതിർശക്തികൾക്ക് കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ്. അതിലേറെ പ്രധാനമാണ് 2006ലെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കുശേഷം മുസ്ലിംലീഗിനുണ്ടായ ഉയിർത്തെഴുന്നേൽപ്.
2006 ൽ കേരള നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിെൻറ പ്രമുഖ നേതാക്കളെല്ലാവരും തോറ്റുപോയി; അതിനു മുമ്പ് മഞ്ചേരി പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.പി.എ. മജീദിനെ തോൽപിച്ച് ടി.കെ. ഹംസ എം.പിയായി. സാധാരണ നിലക്ക് മുസ്ലിംലീഗിെൻറ തകർച്ചയുടെ തുടക്കമാണത് എന്നായിരിക്കും ആരും കരുതുക. അങ്ങനെ വിലയിരുത്തപ്പെടുകയും ചെയ്തു. പക്ഷേ, ആരെയും ഞെട്ടിക്കുന്ന തരത്തിലാണ് മുസ്ലിംലീഗ് തിരിച്ചുവന്നതും പലിശ സഹിതം കണക്കു തീർത്തതും. ഇങ്ങനെയൊരു പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയകക്ഷിക്ക് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുക പ്രയാസമാവില്ല, ശരിയായ തിരിച്ചറിവോടെ കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ.
ഈ തിരിച്ചറിവ് കൈവരിക്കുന്നതിൽ പാർട്ടി ശരിയായ രീതിയിൽ വിജയിക്കുന്നുവോ എന്ന സംശയമുന്നയിക്കുന്നവരുണ്ട്. അത്തരമൊരവസ്ഥയിലാണ് ചന്ദ്രിക ഫണ്ടും ഹരിത പ്രശ്നവും മറ്റും പാർട്ടിയെ തിരിഞ്ഞുകൊത്തുന്നത്. ഇത്തരം സാഹചര്യങ്ങളെ, കമ്യൂണിസ്റ്റു പാർട്ടിക്ക് മുസ്ലിം മധ്യവർഗ സമൂഹത്തിൽ സ്വാധീനം വർധിക്കുന്നു എന്ന സി.പി.എം അവകാശവാദത്തോട് ചേർത്തുവെച്ചു വായിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മുസ്ലിം മധ്യവർഗം സി.പി.എമ്മിലേക്ക് ആകർഷിക്കപ്പെടുന്നത്? ഒരിക്കലും അത് പാർട്ടി കൈക്കൊണ്ട മുസ്ലിം ന്യൂനപക്ഷ അനുകൂല നിലപാടുകളുടെ പേരിലായിരിക്കുകയില്ല. ശരീഅത്ത് പ്രശ്നം, ബാബരി മസ്ജിദ് തകർച്ച, സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കൽ, സംവരണം തുടങ്ങിയ വിഷയങ്ങളിലൊന്നും മുസ്ലിം സാമുദായിക വികാരങ്ങൾക്കൊപ്പം സി.പി.എം നിന്നിട്ടില്ല. പക്ഷേ, ബി.ജെ.പിക്കെതിരായി ന്യൂനപക്ഷങ്ങൾക്ക് ആശ്രയിക്കാവുന്ന രാഷ്ട്രീയ ശക്തി എന്ന നിലയിൽ സ്വയം വെളിപ്പെടാൻ സി.പി.എമ്മിനു സാധിച്ചിട്ടുണ്ട്. അത് മുസ്ലിം ജനസാമാന്യത്തെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ, മധ്യവർഗ മുസ്ലിംകൾ(അതായത് സമ്പന്നർ) സി.പി.എമ്മിലേക്ക് ആകർഷിക്കപ്പെടുന്നുവെങ്കിൽ, അതിനു കാരണം മുസ്ലിംലീഗിന് അധികാരം നഷ്ടപ്പെടുന്നു എന്നതു തന്നെയാണ്; അധികാരമില്ലാത്തവരോടൊപ്പം എന്തിന് സ്ഥാപിതതാൽപര്യങ്ങൾ നിറവേറ്റാനില്ലാത്തവർ നിലകൊള്ളണം? ഇതു തിരിച്ചറിയുകയും മുൻഗണനകൾ പുനർനിർണയിക്കുകയുമാണ് മുസ്ലിംലീഗ് ഇപ്പോൾ ചെയ്യേണ്ടത്.
സമുദായത്തിലെ ഉപരിവർഗത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുകയല്ല, ഒരു സർഗാത്മക ന്യൂനപക്ഷമെന്ന നിലയിൽ സ്വയം പുനർനിർമിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കുകയായിരിക്കണം പുതിയ കാലത്ത് മുസ്ലിംലീഗിെൻറ വഴി. അതിന് സംഘടന ആശ്രയിക്കേണ്ടത് ഏതു സമയത്തും കൂറുമാറാവുന്ന മധ്യവർഗത്തെയല്ല, കീഴാള സമൂഹത്തെയാണ്; സാമാന്യ ജനത്തെയാണ്, ദലിത്–പിന്നാക്ക–ന്യൂനപക്ഷ ഐക്യനിര കെട്ടിപ്പെടുത്തുകൊണ്ടായിരിക്കണം പാർട്ടി പ്രയോറിറ്റികൾ പുനർനിർണയിക്കേണ്ടത്. പൗരാവകാശങ്ങളും പരിസ്ഥിതിയും സ്ത്രീയുമൊക്കെ ആലോചന വിഷയമാവണം. പറയുന്നത് പഴയ കണ്ണട പോരാ എന്നു തന്നെ.
ദുർബലമായാൽ
മുസ്ലിംലീഗിനു ബദലായി ഇടതുമുന്നണിയിൽ സ്ഥാനം കണ്ടെത്തിയിട്ടുള്ള ഐ.എൻ.എല്ലിന് ഇങ്ങനെയൊരു പുതിയ നോട്ടവും കാഴ്ചപ്പാടുമുണ്ടോ? ഉണ്ടാക്കാനാവുമോ? ഇല്ലെന്നുവേണം കരുതാൻ. പേരുമാറ്റിയതുകൊണ്ടും പിണറായി സ്തുതികൾ ഉരുക്കഴിച്ചതുകൊണ്ടും ഇടതാണെന്നു പറഞ്ഞതുകൊണ്ടും നേടാനാവുന്നതല്ല ഈ പുതിയ കാഴ്ചപ്പാട്. എത്ര മതേതരത്വം പറഞ്ഞാലും ഐ.എൻ.എൽ മുസ്ലിംലീഗ് ഭൂമികയിൽ തഴുത്തുവളർന്ന മറ്റൊരു ലീഗാണ്. അതിനാൽ, സമുദായ താൽപര്യങ്ങളുടെ പുള്ളികൾ ദേഹത്തുനിന്നു കുടഞ്ഞുതെറിപ്പിക്കാൻ പാർട്ടിക്കു സാധിക്കുകയില്ല.
നിർഭാഗ്യവശാൽ, മതേതരമാവണോ സാമുദായികമാവണോ അല്ലെങ്കിൽ ഇടതാവണോ വലതാവണോ എന്ന അസ്തിത്വ പ്രതിസന്ധിയിലാണ് ഐ.എൻ.എൽ. അതിനിടയിലാണ് പിളർപ്പ് എന്ന ഭൂതം ഐ.എൻ.എല്ലിനെ ആവേശിച്ചതും. ആയതിനാൽ, മുസ്ലിം ലീഗിനു ബദൽ എന്ന നിലയിൽ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന് പുതിയ മുഖം രൂപപ്പെടുത്താൻ ഐ.എൻ.എല്ലിന് സാധിക്കുകയില്ല. അങ്ങനെ വരുമ്പോൾ, മുസ്ലിംലീഗിലെ വിള്ളലുകൾ സി.പി.എമ്മിനു തന്നെയായിരിക്കും ഗുണം ചെയ്യുക. പഴയ ചരിത്രമാണ് പാഠമെങ്കിൽ ഇതെല്ലാം തിരിച്ചറിഞ്ഞു മുന്നോട്ടുപോവാൻ മുസ്ലിംലീഗിനു സാധിച്ചേക്കും. ഇല്ലെങ്കിലോ–ശേഷം ചിന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.