'താലിബാൻ' വീണ്ടും ഭരണത്തിലേക്കോ?
text_fieldsപ്രസിഡൻറ് പദമേറ്റെടുത്ത് 100 ദിവസം തികയുന്നതിനു മുമ്പുതന്നെ, അമേരിക്ക അഫ്ഗാനിസ്താനിൽനിന്ന് പിൻവാങ്ങുന്നത് സംബന്ധമായി ജോ ബൈഡൻ തീരുമാനമെടുക്കുകയുണ്ടായി. മുൻഗാമിയായ ഡോണൾഡ് ട്രംപ് 2020 ഫെബ്രുവരി 29ന് ഖത്തർ തലസ്ഥാനമായ ദോഹയിൽവെച്ച് താലിബാനുമായി ഒപ്പുവെച്ച സമാധാന ഉടമ്പടി തുടരാനാണ് അദ്ദേഹം ഒരുമ്പെട്ടത്. ഇതിൻപ്രകാരം 2500 അമേരിക്കൻ പടയാളികളെയും ഏതാണ്ട് ഏഴായിരത്തോളം വരുന്ന നാറ്റോ സൈനികരെയും അഫ്ഗാനിസ്താനിൽനിന്ന് പിൻവലിക്കാനുറച്ചു. 2021 മേയ് മാസംതന്നെ ഇത് തുടങ്ങുകയും ചെയ്തു. ഈ പിന്മാറ്റം 2021 സെപ്റ്റംബർ 11നകം പൂര്‍ത്തിയാക്കണമെന്ന് ബൈഡന് നിർബന്ധമുണ്ട്. കാരണം, 'അൽഖാഇദ' വാഷിങ്ടണിലും ന്യൂയോർക്കിലും ആക്രമണം നടത്തിയതിെൻറ ഇരുപതാം വാര്ഷികമാണന്ന്.
താലിബാനുമായി അമേരിക്ക 2001ൽ തുടങ്ങിയ യുദ്ധത്തിൽ നീണ്ട 20 വർഷങ്ങൾക്കകം 2400ലേറെ യു.എസ് പടയാളികൾ അവിടെ വധിക്കപ്പെട്ടു. ഇരുപതിനായിരത്തിലേറെ പേർ പരിക്കേറ്റു കിടക്കുന്നു. 1100 നാറ്റോ ഭടന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ട്രില്യൺ യു.എസ് ഡോളറാണ് ചെലവായതത്രെ! താലിബാനെതിരെ യു.എസിനൊപ്പം 'നാറ്റോ' സഖ്യരാഷ്ട്രങ്ങളും അഫ്ഗാൻ ഭരണകൂടവും പൊരിഞ്ഞ യുദ്ധത്തിലായിരുന്നു. അതിനിടയിലാണ് 2018ൽ ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്; അഫ്ഗാനിസ്താെൻറ 70 ശതമാനം ഭൂമിയും താലിബാൻ കൈയടക്കിയിരിക്കുന്നുവെന്ന്. ഇതുകേട്ട അമേരിക്കക്കാർ ചോദിച്ചുതുടങ്ങി, 'ഇനിയും എന്തിനാണ് ഞങ്ങളുടെ സൈനികരെ ഹിന്ദുകുശ് പർവതനിരകളിൽ കൊണ്ടുപോയി ഹോമിക്കുന്നത്' എന്ന്. അങ്ങനെയാണ് തങ്ങളുടെ സൈനികരെ പിൻവലിക്കാൻ അമേരിക്ക നിർബന്ധിതമാവുന്നത്. അതിനും എത്രയോ വർഷങ്ങൾ മുമ്പ് ജീവനും ജീവിതവും നഷ്ടപ്പെട്ട സൈനികരുടെ വിധവകളും മക്കളും മാതാപിതാക്കളും ചോദിച്ചിരുന്നതാണീ ചോദ്യം. സേനയുടെ പിന്മാറ്റം സുഗമമാക്കാനായി ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിന് ഡിഫൻസ് സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ, താലിബാെൻറ താൽപര്യങ്ങൾ സേനാപിന്മാറ്റത്തിൽ ഒതുങ്ങുന്നില്ല. അവർ ദോഹയിൽ അമേരിക്ക, റഷ്യ, ചൈന, പാകിസ്താൻ എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകൾ നടത്തുകയുണ്ടായി. രാഷ്ട്രീയകാര്യ സെക്രട്ടറി മുഹമ്മദ് നഈം ട്വീറ്റ് ചെയ്തതനുസരിച്ച് അവർ നിർണായകമായ ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. അതിലൊന്ന് അമേരിക്കയുടെ 'ബ്ലാക്ക് ലിസ്റ്റി'ൽനിന്ന് താലിബാൻ നേതാക്കളെ ഒഴിവാക്കുകയെന്നതായിരുന്നു. മറ്റൊന്ന്, അഫ്ഗാൻ ജയിലുകളിലുള്ള താലിബാൻ സേനാംഗങ്ങളെ വിട്ടയക്കണമെന്നും. താലിബാൻ കാബൂളിൽ അക്രമങ്ങൾ അവസാനിപ്പിക്കുകയും വാഷിങ്ടൺ 'തീവ്രവാദികളാ'യി മുദ്രകുത്തിയവരുമായി ബന്ധം അവസാനിപ്പിക്കുകയുമാണ് ബൈഡനു വേണ്ടത്. ഇതിന് 'താലിബാനെ' മെരുക്കിയെടുക്കാനുള്ള നടപടികൾ ആവശ്യമാണ്. ബൈഡെൻറ സുരക്ഷ ഉപദേശകനായ ജാക് സുല്ലിവൻ ഇതുസംബന്ധിച്ച് കാബൂളിലെ ഭരണകൂടവുമായി സംസാരിച്ചുവെന്നറിയുന്നു.
അഫ്ഗാനിസ്താനിൽ അടുത്ത കാലത്തായി ആഭ്യന്തര സുരക്ഷിതത്വം കൂടുതൽ അപകടത്തിലായ അവസ്ഥയാണ്. സംഘട്ടനങ്ങളും സ്ഫോടനങ്ങളും വീണ്ടും നിത്യസംഭവമായി. ശത്രുപക്ഷത്തുള്ളവർ മാത്രമല്ല, ഒട്ടേറെ നിരപരാധികളും കൊല്ലപ്പെടുന്നു. വിദേശ സൈനിക സാന്നിധ്യമാണ് ഇതിെൻറ മുഖ്യ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ, വിദേശ സൈന്യം പിൻവാങ്ങിയാൽ എന്തു സംഭവിക്കുമെന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. ആ വിടവ് നികത്താൻ അശ്റഫ് ഗനിയുടെ ഭരണകൂടം ശക്തമാണോ എന്നതാണ് പ്രധാന ആകുലത. ഭരണകൂടത്തിെൻറ ഭാഗമാകാൻ ആശയപരമായി യോജിക്കാതെ താലിബാൻ നേതൃത്വം സന്നദ്ധമാവില്ല. പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങൾക്കും സംഘട്ടനങ്ങള്‍ക്കും ഇത് കാരണമാകും. ഇതെങ്ങനെ മറികടക്കുമെന്നതാണ് പ്രധാന പ്രശ്നം. പുതിയ വൈദേശിക ഇടപെടലുകള്‍ക്ക് ഇത് കാരണമാകുമോ എന്നു സംശയിക്കുന്നവരുമുണ്ട്.
എല്ലാ വിഷയങ്ങളിലും വലിയ വെല്ലുവിളികൾ പതിയിരിക്കുന്നതോടൊപ്പം അവസരങ്ങളും കാത്തുകിടക്കുന്നതായാണ് പ്രമുഖ തിങ്ക്ടാങ്കായ ചാതം ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും അഫ്ഗാൻ കാര്യ വിദഗ്ധനുമായ മാറ്റ് വാൾഡ്മാൻ നിരീക്ഷിക്കുന്നത്. ഏതാനും പ്രമാണിമാർ നിയന്ത്രിക്കുന്ന, ഏതു സമയവും അടിപൊട്ടാവുന്ന അതിലോലമായ ഒരു സമ്പ്രദായമാണ് അവിടെ ജനാധിപത്യം. വോട്ട് രേഖപ്പെടുത്തുന്നതിൽ താൽപര്യമില്ലെന്നു മാത്രമല്ല രാഷ്ട്രീയംതന്നെ വെറുപ്പാണ് ജനങ്ങൾക്ക്. തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് അഴിമതിയാണ് എന്നാണവരുടെ വിലയിരുത്തൽ. 2004 മുതലാണ് തെരഞ്ഞെടുപ്പിൽനിന്ന് ജനങ്ങൾ മാറിനില്‍ക്കുന്ന സ്ഥിതി വന്നത്. പക്ഷേ, ഗോത്രസംഘട്ടനങ്ങളും ഭരണകൂട ഉപജാപങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ ഒരു നല്ല ഭരണനേതൃത്വം നിലവിൽ വരണമെങ്കിൽ വോട്ട് ചെയ്യൽ അനിവാര്യമാണെന്ന് വന്നു. ഇതാണ് 2014ലെ തെരഞ്ഞെടുപ്പിൽ നല്ല ജനപങ്കാളിത്തത്തിന് വഴിയൊരുക്കിയത്. ഈ വിശ്വാസത്തെ പിന്തുണച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ സഹകരണം അത്യാവശ്യമാണ്. അവർ യുവജനതയെ രാഷ്ട്രീയത്തിൽ തൽപരരാക്കുകയും അഴിമതിമുക്തമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് അവരെ പ്രാപ്തരാക്കേണ്ടതുമാണ്. വിവിധ ഗ്രൂപ്പുകൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.
ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളിൽ അനുരഞ്ജന സംരംഭങ്ങളിലേർപ്പെടുന്നവരുടെ പ്രഥമ പരിഗണന കക്ഷികൾക്കിടയിൽ സംശയങ്ങൾ ദൂരീകരിക്കുകയും സമാധാനം കൈവരിക്കുകയുമായിരിക്കണം. താലിബാനും അഫ്ഗാൻ ഗവൺമെൻറും തമ്മിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ ആവശ്യമെങ്കിൽ അമേരിക്ക, ചൈന എന്നീ രാഷ്ട്രങ്ങളുടെ സാന്നിധ്യംകൂടി ഉറപ്പുവരുത്തുന്നത് നന്നായിരിക്കുമെന്നാണ് അഭിജ്ഞ മതം. ചിലപ്പോൾ, പാകിസ്താനെയും ഭാഗഭാക്കാക്കേണ്ടിവന്നേക്കാം. അഫ്ഗാനിസ്താനിലെ സർക്കാർ വിരുദ്ധ സംഘടനകളിൽ ഏറ്റവും ശക്തം താലിബാൻ തന്നെയാണ്. വർഷങ്ങൾക്കുമുമ്പ് പുലർത്തിയിരുന്ന ദുശ്ശാഠ്യം അൽപം മയപ്പെട്ടിട്ടുെണ്ടന്നാണ് എതിരാളികളുടെ വിലയിരുത്തൽ. എന്നാൽ, ആയുധം ഉപേക്ഷിക്കാനോ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കാനോ അവർ സന്നദ്ധമല്ല. സായുധസമരത്തിലൂടെ മുന്നേറാനും തക്കംനോക്കി ഭരണം പിടിച്ചെടുക്കാനുംതന്നെയാണ് അവർ ലക്ഷ്യമിടുന്നത്. അമേരിക്കയും യൂറോപ്യൻ യൂനിയനും താങ്ങിനിർത്തുന്ന അശ്റഫ് ഗനിയുടെ ഗവൺമെൻറ് സേനക്ക് താലിബാനെ തടഞ്ഞുനിർത്താനാവില്ല.
യു.എസ് ഭരണകാര്യാലയത്തിൽ പലർക്കും സേനാപിന്മാറ്റത്തിൽ ശുഭാപ്തിയില്ല. ആഭ്യന്തര കലാപം ഏതു സമയവും ആരംഭിച്ചേക്കാമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ അധിനിവേശത്തിനു മുമ്പുണ്ടായിരുന്ന അവസ്ഥ വീണ്ടെടുക്കാൻ അവസരം കാത്തിരിക്കുന്ന താലിബാന് കാര്യങ്ങൾ കൂടുതൽ സുഗമമായേക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.