അവിടത്തെയത്ര ഭീതിയുണ്ടോ ഗവർണർ സാറെ?
text_fieldsഡൽഹിയിൽ തന്നെ കാണാൻ ഏതോ കേന്ദ്ര സെക്രട്ടറി വരാൻ മടിച്ചത് കേരള സർക്കാറിനെയും മുഖ്യമന്ത്രിയേയും പേടിച്ചാണ് എന്നാണ് ഡൽഹിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. വളരെ നാടകീയമായിട്ടാണ് ഖാൻ അത് പറഞ്ഞത്. കേരളത്തിൽ ഭീതിയുടെ ഭരണമാണ് എന്നാണ് പറയുന്നത്.
ആ പറഞ്ഞ ഭാവം കണ്ടാൽ തന്നെ മനസ്സിലാകും, കേരളത്തിലെ ജനങ്ങൾ ആരും ഇത് വിശ്വസിക്കില്ലെന്ന്. ഒന്നാമത്, നിയമപ്രകാരം ഒരു സെക്രട്ടറി ചെന്ന് ഗവർണറെ കാണുന്നതിന് എന്തിനാണ് സർക്കാറിനെ ഭയക്കുന്നത്. ഭരണകൂട സംവിധാനത്തിന്റെ ഭാഗമാണ് രണ്ട് പേരും. നേരായ രീതിയിലുള്ള ഒരു കണ്ടുമുട്ടൽ ആയിരുന്നു എങ്കിൽ ആരെയും ഭയപ്പെടേണ്ട കാര്യമില്ല, ഗവർണർ പറഞ്ഞ പോലെ സർക്കാർ അതിന് പരാതിപ്പെടും എന്നു കരുതേണ്ട ആവശ്യവുമില്ല. അപ്പോൾ ഇതൊരു കോഴി കട്ടവന്റെ തലയിൽ പൂട എന്നു പറഞ്ഞ പോലത്തെ ചിന്തയായി. രാജ്ഭവനിൽ മലയാളം അറിയാവുന്ന ആരേലും ഉണ്ടാകും, അവർ പറഞ്ഞു കൊടുക്കണം ഇതിന്റെ അർഥമെന്തെന്ന്.
പിന്നെ ഭീതിയുടെ ഭരണം, അത് കേരളത്തിലേക്കാൾ കൂടുതൽ എവിടെയാണ് ഉള്ളതെന്ന് ഉത്തരേന്ത്യയിൽ നിന്നു വരുന്ന ഗവർണർക്ക് വ്യക്തമായിട്ട് അറിയാം. ഒരു ഇന്ത്യൻ പൗരൻ എന്ത് വസ്ത്രം ധരിക്കണമെന്നും, എന്ത് ഭക്ഷണം കഴിക്കണമെന്നും, ആരെ ഇഷ്ടപ്പെടണമെന്നും, ഏത് ദൈവത്തെ ആരാധിക്കണമെന്നും ഗുണ്ടകൾ തീരുമാനിക്കുന്ന സ്ഥലങ്ങൾ കേരളത്തിൽ അല്ല ഉള്ളതെന്ന് പത്രം വായിക്കുന്ന ആരിഫ് ഖാനോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഭരണഘടന അനുശാസിക്കുന്ന സാമാന്യ സ്വാതന്ത്ര്യം ഏത് നാട്ടിലാണ് ജനങ്ങൾക്ക് ഇല്ലാത്തതെന്ന് ഗവർണർക്ക് അറിയാം, പക്ഷെ അത് പറയാനല്ലല്ലോ ഉത്തരവുള്ളത്!
ബാലഗോപാൽ മന്ത്രി ഇനിയും പറഞ്ഞാൽ വിവരമറിയും എന്നതാണ് ഗവർണർ പറഞ്ഞ മറ്റൊരു വിഷയം. ഇപ്പോൾ പ്രീതി മാത്രമാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്, ഇനി അതിനപ്പുറത്തേക്ക് കടക്കാൻ നിർബന്ധിക്കരുത് എന്ന താക്കീതാണ് ഗവർണർ നൽകിയത്. ഇക്കാര്യത്തിൽ തന്റെ കത്തിന് ഒരു വിലയും മുഖ്യമന്ത്രി കല്പിച്ചില്ല എന്ന രോഷത്താലാകും ഈ രണ്ടാം താക്കീത്. മറ്റ് സംസ്ഥാനങ്ങളെ കുറിച്ചു മോശമായി സംസാരിച്ചാൽ അത് ഭരണഘടന വിരുദ്ധമാകുമത്രേ. ഗവർണർ കുറഞ്ഞ പക്ഷം പഴയ പത്രങ്ങൾ എങ്കിലും കമ്പ്യൂട്ടറിൽ വായിച്ചു നോക്കണം, സർക്കാർ ഈ-സംവിധാനത്തിനൊക്കെ ചേർത്ത് ഈയിടെ 75 ലക്ഷം ചെലവാക്കാൻ അനുവദിച്ചിട്ടുണ്ടല്ലോ. പണ്ടൊരു മഹാശയൻ ഇവിടെ വന്ന് കേരളം സോമലിയയേക്കാൾ മോശമായ സ്ഥിതിയിലാണ് എന്ന് പറഞ്ഞത് ആരിഫ് ഖാന് വായിച്ചെടുക്കാൻ സാധിക്കും.
കേരളത്തിലെ ജനങ്ങൾ അന്ന് അയ്യോ ഭരണഘടന എന്നു പറഞ്ഞു നിലവിളിച്ചില്ല. പക്ഷെ, അത്തരക്കാരെ തെരഞ്ഞെടുപ്പിൽ നിലം തൊടാതെ തോൽപ്പിച്ചു വിട്ടു. അവരൊന്നും പിന്നെ ഇവിടെ വന്നു അതുപോലുള്ള വങ്കത്തങ്ങൾ പറഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെങ്കിൽ ആദ്യം ഗവർണർ അത് കേന്ദ്ര സർക്കാറിനോടാണ് പറയേണ്ടത്. അവരുടെ ഹ്യൂമൻ ഡെവലപ്മെന്റ് സൂചികകളിൽ ആരിഫ് ഖാന്റെ സ്വന്തം സംസ്ഥാനവും, സുഹൃത്തുക്കളുടെ സംസ്ഥാനവും കേരളത്തേക്കാൾ വളരെ പുറകിലാണ്. പലപ്പോഴും പല സൂചികകളിലും കണക്ക് കൂട്ടുന്ന രീതികളിൽ മാറ്റം വരുത്തിയിട്ടും ഇപ്പറയുന്ന പല സംസ്ഥാനങ്ങൾക്കൊന്നും കേരളത്തിന്റെ ഒപ്പം എത്താൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. അതു കൊണ്ടു അത്തരം സൂചികകൾ ഭരണഘടന വിരുദ്ധമാണെന്നും, അവക്ക് ആ സംസ്ഥാനങ്ങളിലെ സർക്കാറുകൾ പ്രീതി പിൻവലിക്കുന്നു എന്നു പറയാൻ സാധിക്കുമോ! അപ്രിയ വസ്തുതകൾ തെറ്റാണെന്നു പറയുന്നത് മണ്ടത്തരമാണെന്ന് ആരിഫ് ഖാന് അറിയാത്തതല്ല.
ഇനി, മറ്റ് സംസ്ഥാനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടന വിരുദ്ധമാണെങ്കിൽ അത് ആദ്യം കുറഞ്ഞ പക്ഷം പറഞ്ഞു കൊടുക്കേണ്ടത് ഗവർണറുടെ അടുത്ത ആളുകളായ എൻ.ഡി.എ നേതാക്കളോടാണ്. തെലങ്കനായിൽ ഇന്നൊരു കേസുണ്ട്, നാല് എം.എൽ.എമാരെ വാങ്ങാൻ ശ്രമിച്ചതിനാണ്. അതിന് ചുക്കാൻ പിടിച്ചതെന്നു ആരോപിക്കപ്പെടുന്ന ആൾ എൻ.ഡി.എയുടെ കേരളത്തിലെ തലവനാണ് എന്ന കാര്യം ഗവർണർ ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.