ഇതു ബി.ജെ.പിയുമായുള്ള ഒത്തുകളിയല്ലേ?
text_fieldsപ്രിയപ്പെട്ട ശ്രീ പിണറായി വിജയന്,
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്ഫലത്തില് അതിരറ്റ് ആഹ്ലാദിക്കുന്ന താങ്കള്‍ ഇപ്പോള്‍ വിജയ ലഹരിയില്‍ മതിമറന്നു നടത്തുന്ന വിലയിരുത്തലുകളും വെല്ലുവിളികളും അതിരുകടക്കുന്നു എന്ന തോന്നലാണ് ഇൗ തുറന്ന കത്തിന് പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയും ജയിക്കുകയും ചെയ്യുമ്പോള്‍ നേതാക്കള്‍ നടത്തുന്ന വിലയിരുത്തലുകളും വിമര്‍ശനവും രാഷ്ട്രീയമാന്യതയും മര്യാദയും ഉള്‍ക്കൊള്ളുന്നതാവണം.
കഴിഞ്ഞദിവസം താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചത് 'യു.ഡി.എഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്നു സംശയിക്കുന്നു' എന്നാണ്. കോണ്‍ഗ്രസിെൻറ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനും കോണ്‍ഗ്രസിനെ ആരു നയിക്കണമെന്നു തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും താങ്കള്‍ ചോദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പേരില്‍ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടതായി പ്രത്യക്ഷപ്പെട്ട വാര്‍ത്തയെ അവലംബമാക്കിയാണ് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫ് ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കടിച്ചുകീറാനുള്ള വിരോധം ഉള്ളിലൊതുക്കി കഴിയുന്ന താങ്കൾ ഇത്തരമൊരു വാര്‍ത്ത സൃഷ്ടിച്ചെടുത്തതെന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം.
ബി.ജെ.പിയും ആര്.എസ്.എസും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണമാണ് താങ്കള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്നും യു.ഡി.എഫില്‍ ലീഗിെൻറ അപ്രമാദിത്വമാണെന്നുമുള്ള സംഘ്പരിവാര്‍ പ്രചാരണം ഏറ്റെടുത്തതിലൂടെ സഖാവ് പിണറായി വിജയന് സര് സംഘ് ചാലക് വിജയനായി അധഃപതിക്കുകയാണ്. കെ.പി.സി.സി പ്രസിഡൻറിനെ മാറ്റണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന താങ്കള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത്? വിഷം ചീറ്റുന്ന വര്‍ഗീയപ്രചാരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നത് രാഷ്ട്രീയമര്യാദയുടെയും മാന്യതയുടെയും അതിരുകള്‍ ലംഘിക്കുന്ന നടപടിയാണ്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മുഖ്യമന്ത്രി ഏറ്റവുമധികം തവണ പ്രതികരിച്ചത് യു.ഡി.എഫ്- വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടി എന്ന ദുഷ്പ്രചാരണത്തിനാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി 2015 ലെ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയത് താങ്കളുടെ പാര്‍ട്ടിയല്ലേ? 53 പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സി.പി.എം അധികാരം പങ്കിട്ടപ്പോള്‍ താങ്കളല്ലേ പാര്‍ട്ടി സെക്രട്ടറി? 2020 ലെ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണ ഉണ്ടാക്കി മത്സരിച്ചതിെൻറ തെളിവുകള്‍ ഹാജരാക്കാം. 62 തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിെൻറ വിശദവിവരം വെളിപ്പെടുത്തിയ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിെൻറ പ്രസ്താവന ഒരു സി.പി.എം നേതാവും ഇതുവരെ നിഷേധിച്ചിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എസ്.ഡി.പി.ഐയുമായി എവിടെയെങ്കിലും ധാരണ ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് സി.പി.എം സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ വിജയരാഘവന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടുവോ? തീവ്രവര്‍ഗീയവാദികള്‍ എന്നു താങ്കള്‍ മുദ്രകുത്തിയ എസ്.ഡി.പി.ഐയുമായി ചേര്‍ന്നു സി.പി.എം മത്സരിച്ചതിെൻറ നേട്ടമാണ് അവര്‍ക്കു ഇത്തവണ ലഭിച്ച 95 ജനപ്രതിനിധികള്‍. തെരഞ്ഞെടുപ്പു കാലത്ത് താങ്കളും പാര്‍ട്ടി സെക്രട്ടറിയും നടത്തിയ പ്രചാരണമെന്തായിരുന്നു? യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടി, ഹസന്, അമീര്‍ കൂട്ടുകെട്ടാണ് എന്നല്ലേ? അതിലും ബി.ജെ.പിയുടെ പ്രചാരണം തന്നെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയത ചൂഷണം ചെയ്ത് വോട്ടുകള്‍ നേടാന്‍ നടത്തിയ വര്‍ഗീയ പ്രചാരണം ഇപ്പോഴും താങ്കള്‍ ആവര്ത്തിച്ചതിനുള്ള തെളിവാണ് ഫേസ്ബുക്ക് പോസ്റ്റ്.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയെന്ന പഴകി ദ്രവിച്ച പ്രചാരണവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നട്ടാല്‍ കുരുക്കാത്ത ഈ നുണ പ്രചാരണം മാര്‍ക്സിസ്റ്റ് അണികള്‍ ഏറ്റെടുത്ത് ന്യൂനപക്ഷ ഭവനങ്ങളില്‍ കയറിയിറങ്ങി ബി.ജെ.പി പേടി വർധിപ്പിച്ച് അവരുടെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് ആരുടെ നിർദേശപ്രകാരമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. തെരഞ്ഞെടുപ്പു രംഗത്ത് വര്‍ഗീയതയുടെ വ്യാപാരിയായിട്ടാണ് താങ്കള്‍ പ്രവര്ത്തിച്ചതെന്നതിെൻറ തെളിവുകളാണിതെല്ലാം. കോണ്‍ഗ്രസിനെതിരെ ബി.ജെ.പി നടത്തുന്ന വര്‍ഗീയ പ്രചാരണം ഏറ്റെടുക്കുകയും അവരെ പരോക്ഷമായി സഹായിക്കുകയും ചെയ്യുന്ന താങ്കളുടെ പാര്‍ട്ടിയല്ലേ ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയത്? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്ക്കാറിനെതിരെയുമുള്ള താങ്കളുടെ വിമര്‍ശനങ്ങള്‍ എത്ര വിനയത്തോടു കൂടിയാണെന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്ന മുഖ്യമന്ത്രി ഇതുവരെ പൊട്ടിത്തെറിക്കുന്നതു ജനങ്ങള്‍ കണ്ടിട്ടില്ല. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പരസ്പര സഹായ സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
താങ്കള്‍ നടത്തുന്ന മറ്റൊരു പ്രചാരണം യു.ഡി.എഫ് അപ്രസക്തമായി എന്നാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം യു.ഡി.എഫിെൻറ 8032 പേരും എല്‍.ഡി.എഫിെൻറ 10,165 പേരും ബി.ജെ.പിയുടെ 1600 പേരുമാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പുണ്ടാക്കുമെന്നു കണക്കുകൂട്ടിയ ബി.ജെ.പിയല്ലേ അപ്രസക്തമായത്? അതേക്കുറിച്ച് മൗനം ദീക്ഷിക്കുന്ന താങ്കള്‍ യു.ഡി.എഫ് അപ്രസക്തമായി എന്ന് ആവര്‍ത്തിക്കുന്നത് അവരെ സഹായിക്കാനല്ലേ? ബി.ജെ.പിയെ കേരളത്തിലെ മുഖ്യ പ്രതിപക്ഷമാക്കാന്‍ താങ്കള്‍ ശബരിമല സമരകാലത്ത് ആരംഭിച്ച പ്രചാരണത്തിെൻറ തുടര്‍ച്ചയാണ് യു.ഡി.എഫ് അപ്രസക്തമായി എന്നത്. മോദിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിെൻറ വകഭേദമായ യു.ഡി.എഫ് മുക്ത കേരളമെന്ന പുതിയ മുദ്രാവാക്യമാണ് യു.ഡി.എഫ് അപ്രസക്തമായി എന്ന താങ്കളുടെ വിലയിരുത്തലില്‍ ഒളിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ യു.ഡി.എഫ് അപ്രസക്തമായി എന്നു പറയുന്ന താങ്കള്‍ അഴിമതി ആരോപണങ്ങളെല്ലാം അപ്രസക്തമായി എന്നു പറയാന്‍ തയാറെടുക്കുകയാണെന്ന് ജനങ്ങള്‍ക്കറിയാം. താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. അഡീ.പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചത് താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അത് ആസൂത്രണം ചെയ്തത് താങ്കളുടെ ഓഫിസിലുമാണ്. സ്വര്‍ണക്കള്ളക്കടത്തിലും ബിനാമി ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് തേച്ചുമാച്ചു കളയാനോ അപ്രസക്തമാക്കാനോ ആര്‍ക്കെങ്കിലും കഴിയുമോ?
തെരഞ്ഞെടുപ്പിലെ ജനവിധി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ അപ്രസക്തമാക്കി എന്നുപറയാന്‍ താങ്കൾ തയാറുണ്ടോ? സര്‍ക്കാറിെൻറ അഴിമതിക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചിട്ടില്ല എന്നൊന്നും കരുതേണ്ട. അഴിമതിയെ അതിജീവിക്കാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് പാര്‍ട്ടി സെക്രട്ടറി വിജയരാഘവന് വിലയിരുത്തിയിട്ടുണ്ട്. വിജയത്തില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന താങ്കളും പാര്‍ട്ടിയും ഭരണത്തുടര്‍ച്ച ഉറപ്പിക്കാനാണ് വര്‍ഗീയതയെ വാരിപ്പുണരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയെ മാറി മാറി ചൂഷണം ചെയ്യാന്‍ എന്തൊക്കെ നീചകൃത്യങ്ങളാണ് ചെയ്യുന്നതെന്ന് ചിന്തിച്ചു നോക്കൂ. മത-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പർധ വളര്‍ത്തുക, ന്യൂനപക്ഷങ്ങളില്‍ ബി.ജെ.പി പേടി വർധിപ്പിക്കുക, ഭൂരിപക്ഷത്തിെൻറ ന്യൂനപക്ഷ ആശങ്ക വളര്‍ത്തുക -ഇതൊക്കെയല്ലേ താങ്കള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ജനങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാർദവും ശക്തിപ്പെടുത്തേണ്ട കേരളത്തിെൻറ മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരിയായി മാറുന്നത് ദയനീയമാണ്. താൽക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഇതെല്ലാം ഉപകരിക്കുമെങ്കിലും മതേതര കേരളത്തിന് ഇതുണ്ടാക്കുന്ന വിനാശകരമായ അപകടത്തെക്കുറിച്ച് മുഖ്യമന്ത്രിയായ താങ്കള്‍ ശാന്തമായി ചിന്തിക്കണമെന്ന് ഞാന്‍ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.