വിവിപാറ്റ് പരിഹാരമോ?
text_fieldsഒരാൾ വോട്ടു ചെയ്തത് ആർക്കാണെന്ന് വോട്ടറെയും അധികാരികളെയും കൃത്യമായി ബോധ്യപ്പെടുത്തുകയാണ് വിവിപാറ്റിന്റെ (വോട്ടർ വെരിഫെയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ)ലക്ഷ്യം. രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിന്റ് ചെയ്ത കടലസ് സ്ലിപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സമ്മതിദായകർക്ക് കാണിച്ചുനൽകുന്ന രീതിയാണിത്. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് അഥവാ ചിഹ്നത്തിന് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഇതുവഴി ഉറപ്പാക്കാൻ അവർക്ക് കഴിയും.
സോഴ്സ് കോഡിന്റെ സുതാര്യത സംബന്ധിച്ചും മറ്റും ആരോപണം ഉയർന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ വിവിപാറ്റ് ആവിഷ്കരിച്ചത്. സാധാരണഗതിയിൽ, ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അവിടെയുള്ള മുഴുവൻ ബൂത്തിലും വിവിപാറ്റ് ഉപയോഗിക്കില്ല; മറിച്ച്, ഏതാനും മെഷീൻ യൂനിറ്റുകളിൽ മാത്രമായി പ്രിന്റർ ഘടിപ്പിക്കും.
ഏതെങ്കിലും ഘട്ടത്തിൽ വോട്ടെണ്ണലിലോ മറ്റോ തർക്കം ഉടലെടുത്താൻ വിഷയം പ്രസക്തമാണോ എന്നറിയാൻ വിവിപാറ്റ് എണ്ണും. ഇതാണ് നിലവിലെ രീതി.
പുറം മെഷീനുകളുമായി ബന്ധമില്ലാത്തതെന്ന വാദം പൊളിയും
ഒരു യന്ത്രത്തിന് എന്തെങ്കിലും പ്രിൻറ് ചെയ്യണമെങ്കിൽ അവിടെയൊരു ‘ഡേറ്റാഫീഡ്’നടന്നിരിക്കണം. സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയ ബാലറ്റ് യൂനിറ്റിൽ ഒരു വോട്ടർ വിരൽ അമർത്തുമ്പോൾ അക്കാര്യം അതുപോലെ പ്രിന്റ് ചെയ്യപ്പെടണമെങ്കിൽ ആ വിവരം മുൻകൂട്ടി ആ യന്ത്രത്തിൽ ആദ്യമേ സ്റ്റോർ ചെയ്തിരിക്കണം.
അതിൽ പ്രിൻറ് ചെയ്യുന്ന യന്ത്രത്തിന് നിയന്ത്രണമുണ്ടായിരിക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ ബാലറ്റ് യൂനിറ്റിലോ കൺട്രോൾ യൂനിറ്റിലോ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പിച്ചുപറയേണ്ടിവരും. ഈ ഫീഡിങ് നടക്കുക കമീഷനിങ് സമയത്തായിരിക്കുമല്ലോ; അഥവാ, വോട്ടിങ് യന്ത്രം നിയോജക മണ്ഡലങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്ന സമയത്ത്.
അപ്പോൾ മാത്രമായിരിക്കുമല്ലോ സ്ഥാനാർഥിയുടെ പേരുവിവരങ്ങൾ ലഭ്യമാവുക. ഈ ഡേറ്റ ഒരു ലാപ്ടോപ്പിന്റെ സഹായത്തോടെ ഒരു ബാഹ്യ സോഫ്റ്റ്വെയർ (സിംപൽ ലോഡിങ് സോഫ്റ്റവെയർ) ഉപയോഗിച്ചാണ് ചെയ്യുന്നത്. അപ്പോൾ പുറം മെഷീനുകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര യന്ത്രമാണ് ഇ.വി.എം എന്ന വാദം പൊളിയുന്നു.
ഉദ്ദേശിച്ചയാൾക്ക് വോട്ട് വീണോ എന്ന് ഉറപ്പിക്കാനാവില്ല
ചെയ്ത വോട്ട് ഉദ്ദേശിച്ചയാൾക്കുതന്നെയാണ് മെഷീൻ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താൻ വിവിപാറ്റ് സഹായകമാകുമോ എന്നതിലും സംശയമുണ്ട്. ഒരാൾ ആർക്കാണോ വോട്ട് ചെയ്തത് അത് പ്രിൻറ് ചെയ്ത് കാണിക്കുന്നുണ്ടെങ്കിലും അതേ ഡേറ്റയാണോ കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വോട്ടർമാർക്ക് ഉറപ്പിക്കാനാവില്ല.
വോട്ടുകൾ എണ്ണുന്നത് കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ബാലറ്റ് യൂനിറ്റ് വോട്ട് രേഖപ്പെടുത്താൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ; വിവിപാറ്റ് അത് പ്രിന്റ് ചെയ്യുന്നുവെന്ന് മാത്രം. ഇവിടെ വിവിപാറ്റ് ബന്ധിപ്പിച്ചിരിക്കുന്നത് ബാലറ്റ് യൂനിറ്റിലാണ്, കൺട്രോൾ യൂനിറ്റിലല്ല.
അതായത്, വിവിപാറ്റ് കൊണ്ട് ഉദ്ദേശിച്ചയാൾക്ക് വോട്ട് രേഖപ്പെടുത്തി എന്നു മാത്രമേ ഉറപ്പിക്കാനാവൂ; അത് കൃത്യമായി രേഖപ്പെടുത്തി എന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഘട്ടത്തിൽ തർക്കമുണ്ടായാൽ വിവിപാറ്റ് എണ്ണണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയാൽ പോലും കാര്യങ്ങൾ ശരിയായിക്കൊള്ളണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.