സി.പി.എമ്മിനെ രക്ഷിക്കാൻ ഇസ്ലാം കാപ്സ്യൂൾ മതിയാവില്ല
text_fieldsഖലീഫമാരുടെ സച്ചരിതമാർഗം തുടരാനുള്ള ദൈവാധീനത്തിനും പൊരുത്തത്തിനുമുള്ള തേട്ടം വിശ്വാസികളുടെ ആഴ്ചപ്രാർഥനയുടെ ഭാഗമാണ്. സർവലോകർക്കുമായുള്ള പ്രാർഥന നമസ്കാരത്തിന്റെ അംശമാണ്. ഇസ്ലാമിന്റെ ഈ സവിശേഷതയാണ് ‘വിചാരധാര’ മുതൽ സംഘ്പരിവാറിന്റെ മുസ്ലിംകൾക്കെതിരായ ന്യായം. ആ ആരോപണം മുഖ്യമന്ത്രിയിൽനിന്നുയരുന്നത് വിചിത്രംതന്നെഏതു ചെകുത്താനുമായും കൂട്ടുപിടിച്ചും നിന്നു പിഴക്കാനുള്ള കമ്യൂണിസ്റ്റ് വഴക്കം ഒന്നുവേറെ തന്നെ....
ഖലീഫമാരുടെ സച്ചരിതമാർഗം തുടരാനുള്ള ദൈവാധീനത്തിനും പൊരുത്തത്തിനുമുള്ള തേട്ടം വിശ്വാസികളുടെ ആഴ്ചപ്രാർഥനയുടെ ഭാഗമാണ്. സർവലോകർക്കുമായുള്ള പ്രാർഥന നമസ്കാരത്തിന്റെ അംശമാണ്. ഇസ്ലാമിന്റെ ഈ സവിശേഷതയാണ് ‘വിചാരധാര’ മുതൽ സംഘ്പരിവാറിന്റെ മുസ്ലിംകൾക്കെതിരായ ന്യായം. ആ ആരോപണം മുഖ്യമന്ത്രിയിൽനിന്നുയരുന്നത് വിചിത്രംതന്നെ
ഏതു ചെകുത്താനുമായും കൂട്ടുപിടിച്ചും നിന്നു പിഴക്കാനുള്ള കമ്യൂണിസ്റ്റ് വഴക്കം ഒന്നുവേറെ തന്നെ. ‘വർഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടും മലത്തൊട്ടി തലയിലെടുത്തൊഴിക്കുകയായിരുന്നു ഞങ്ങൾ....ഇന്നിപ്പോൾ ഒറ്റയടിക്ക് എല്ലാം മറക്കാനും പൊറുക്കാനും ആളുകളെ എങ്ങനെ പാകപ്പെടുത്തും?’. സാമ്രാജ്യത്വദുര മൂത്ത് ഹിറ്റ്ലറുമായി യൂറോപ്പിനെ വീതംവെക്കാൻ സഖ്യമുണ്ടാക്കിയ സ്റ്റാലിൻ, അത് രണ്ടാം ലോകയുദ്ധത്തിനു തിരികൊളുത്തി, സോവിയറ്റ് യൂനിയനെ തിരിഞ്ഞുകൊത്തിയപ്പോൾ നടത്തിയ ഈ ആത്മഗതം ‘പിശാചുക്കളുടെ സഖ്യം: ഹിറ്റ്ലർ-സ്റ്റാലിൻ സന്ധി 1939-1941’ എന്ന കൃതിയിൽ റോജർ മൂർഹൗസ് രേഖപ്പെടുത്തുന്നു. നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ കരഞ്ഞുതീർക്കുന്നതു മാത്രമല്ല, കണ്ണിൽ കണ്ടവരെ ശകാരിക്കുന്നതും പാർട്ടിലൈൻ.
ഇ.എം.എസിന്റെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് 16 മാസം കഴിഞ്ഞപ്പോൾ കൊല്ലത്തെ ഫാക്ടറിയിൽ ആർ.എസ്.പി നേതൃത്വത്തിൽ സമരം ചെയ്തവർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സംസ്ഥാനസമിതിയിൽ വാർത്തയെത്തിയപ്പോൾ കമ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് തൊഴിലാളികളെ വെടിവെച്ചുകൊല്ലുകയോ എന്ന് എല്ലാവരും തരിച്ചിരുന്നുവത്രെ. ഇത്തരമൊന്ന് ആവർത്തിക്കില്ലെന്നു പറഞ്ഞു തൊഴിലാളികളോടു മാപ്പപേക്ഷിക്കണമെന്നതിൽ കൗൺസിൽ ഒറ്റക്കെട്ടായി. എന്നാൽ, ചർച്ച പുരോഗമിക്കെ കഥ മാറി. പൊലീസിനെ തൊട്ടാൽ മനോവീര്യം കുറയും, വീര്യം കുറഞ്ഞാൽ കമ്യൂണിസ്റ്റു വിരുദ്ധരുടെ കരുത്തു കൂടും, അതു കൂടിയാൽ നമ്മുടെ ഗവൺമെന്റ് മറിഞ്ഞുവീഴും, വീണാൽ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിയാകും എന്നായി തീസിസ്. അങ്ങനെ പൊലീസിനെ ന്യായീകരിച്ചു പ്രമേയം പാസാക്കി. അത് സംഭവസ്ഥലത്ത് വിശദീകരിക്കാൻ പാർട്ടി കെ. ദാമോദരനെ ശട്ടംകെട്ടി. ‘ഞാൻ ഒന്നരമണിക്കൂർ സംസാരിച്ചു. തനി വായാടിത്തം. മൂന്നു തൊഴിലാളികളുടെ മരണം ഞാൻ ആർ.എസ്.പിയിൽ ആരോപിച്ചു. തൊഴിലാളികളെ കൊലക്ക് കൊടുത്തതെന്തിനെന്നു വിശദീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു.... അന്നു രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ എനിക്ക് ഉള്ളിൽ ഓക്കാനം വന്നു. ഉറങ്ങാനായില്ല. പാർട്ടിയെ ന്യായീകരിക്കുന്ന പണി ഞാൻ നിഷേധിക്കേണ്ടതായിരുന്നു. എനിക്ക് ഭ്രാന്തു പിടിക്കുമെന്നു തോന്നി. ഞാൻ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരവസ്ഥയിൽ കൊണ്ടെത്തിച്ച പാർട്ടി നേതാക്കളോട് ആക്രോശിക്കുകയും ശകാരിക്കുകയും ചെയ്യുന്നതിനു പകരം ഞാൻ ഭാര്യയോട് വക്കാണം കൂടി’-എന്ന് അദ്ദേഹം ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഭരണകൂടത്തിന്റെ മർദനോപാധിയുടെ മനോവീര്യത്തിന് ജനജീവനെക്കാൾ വിലയിടുന്ന സർ സി.പിമുതൽ ബൂർഷ്വാ ഭരണകൂടങ്ങളുടെ ന്യായം കമ്യൂണിസ്റ്റുകൾ കടംകൊണ്ടത് അന്നാണ്. പൊലീസിൽ പ്രകടമായ ആർ.എസ്.എസ് സ്വാധീനവും വംശവെറിയും പാർട്ടിക്കും ഇടതുസർക്കാറിനും വിനയായിട്ടും ഇ.എം.എസ് തുടങ്ങിയ കീഴ്വഴക്കം പിണറായിയും തുടരുന്നു. അതിലെ വിമ്മിട്ടം തീർക്കാൻ ഇസ്ലാമിനെയും മുസ്ലിംകളെയും ശകാരിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പാർട്ടി നേതൃത്വം.
ശകാരം ഇസ്ലാമിനും മുസ്ലിംകൾക്കും നേരെ
ഭരണം മുഖം കെടുമ്പോഴും വോട്ടുലാഭത്തിൽ കണ്ണുനട്ടുമാണ് ഈ മുസ്ലിം വിരുദ്ധ പടയണി എന്നു സമുദായം തിരിച്ചറിഞ്ഞെന്ന് പ്രതികരണങ്ങൾ തെളിയിക്കുന്നു. മുസ്ലിംകളെ മാറ്റിനിർത്തുന്നതാണ് ഭൂരിപക്ഷവോട്ട് നേടിത്തരികയെന്ന കണക്കുകൂട്ടലിലാണ് എൺപതുകളിൽ ശരീഅത്തിനെതിരെ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരസ്യ ആക്രമണം. സി.പി.എമ്മും ഇടത്തും വലത്തുമുള്ള നവലിബറലുകളും നാവായൊരു മാതൃഭൂമിയും ചേർന്നതാണ് ഈ യുദ്ധമുന്നണി. മുസ്ലിം വീടുകളെയും സ്ഥാപനങ്ങളെയും സംഘടനകളെയും വട്ടമിടുന്ന ഇവരുടെ പരിഷ്കരണക്കണ്ണുകൾ ഇതര സമുദായങ്ങളുടെ മറക്കുടകൾ കടന്നു ചെല്ലാറില്ല. ആക്രമണത്തിന്റെ ഉന്നം തിരിച്ചറിയാതിരിക്കാൻ ചിലരെ നാട്ടക്കുറിയാക്കും, അവരെ മാത്രമാണ് എറിയുന്നത് എന്നു വരുത്താൻ. ശരീഅത്ത് വിവാദകാലത്ത് അത് മുസ്ലിം ലീഗായിരുന്നു. പിന്നെപ്പിന്നെ ഇതര മുസ്ലിം നേതൃത്വങ്ങളും കക്ഷികളുമായി. അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിക്കാണ് ആ യോഗം.
ജമാഅത്ത് അന്ന് മാർക്സിസ്റ്റ്, ഇന്ന് ആർ.എസ്.എസ്
ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയും വിലയിരുത്തുന്ന പി. ജയരാജന്റെ കൃതിയാണ് മുസ്ലിം ആക്രമണത്തിന്റെ പുതിയ വെടിമരുന്ന്. പ്രകാശനത്തിരി കൊളുത്തിയ മുഖ്യമന്ത്രി പാർട്ടിയുടെ ആക്രമണമുഖം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ കോഴിക്കോട്ട് മുസ്ലിം വിഷയത്തിൽ പിണറായി സംസാരിക്കുന്നത് ഒന്നും കാണാതെയാവില്ല. സർക്കാറിന്റെ അങ്ങുന്നിങ്ങോളമുള്ള നടപടികളെക്കുറിച്ച് മുസ്ലിംകൾക്കിടയിൽ ഒട്ടേറെ സന്ദേഹങ്ങളുണ്ട്. എഴുതിത്തയാറാക്കിയ പ്രസംഗം അതിന്റെ തീർപ്പായിരുന്നു. മുസ്ലിം രാഷ്ട്രീയത്തിലുള്ള സി.പി.എം നയം മുഖ്യമന്ത്രി വ്യക്തമാക്കി. അതുപ്രകാരം മുസ്ലിംലീഗ് റിഫോമിസ്റ്റ്. ജമാഅത്തെ ഇസ്ലാമി റിവൈവലിസ്റ്റ്. ആദ്യത്തേത് പരിഷ്കരണവാദം, രണ്ടാമത്തേത് പഴയതിന്റെ പുനരുജ്ജീവനം. രണ്ടിനും അർഥഭേദമുണ്ട് -ലീഗുകാർ ഭീകരരുടെ കൂടക്കിടപ്പുകാർ. ജമാഅത്ത് ആർ.എസ്.എസ് പതിപ്പ്.
പന്തീരാണ്ടിനുമപ്പുറം മാതൃഭൂമി ബുക്സ് സി.പി.എമ്മിന്റെ പാർട്ടി ക്ലാസ് അധ്യാപകൻ കൂടിയായ ഹമീദ് ചേന്നമംഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന ഇസ്ലാം ആക്ഷേപം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമി മാർക്സിസത്തിന്റെ പകർപ്പാണ് എന്നായിരുന്നു ആരോപണം. പുസ്തക പ്രചാരണാർഥം മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 ജനുവരി രണ്ടിന് പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിന്റെ ശീർഷകം ‘മൗദൂദിസത്തിന്റെ ‘ഒറിജിനൽ’ കാൾ മാർക്സിൽ’ എന്നായിരുന്നു. മതചിന്തകൾ എന്നതിലുപരി രാഷ്ട്രീയ ചിന്തകളത്രെ മൗദൂദി അവതരിപ്പിച്ചത്. അതിന് അദ്ദേഹം ഹെഗലിന്റെയും മാർക്സിന്റെയും മറ്റും ആശയങ്ങൾ തരാതരം കോപ്പിയടിക്കുകയും ആവശ്യാനുസൃതം വക്രീകരിക്കുകയും ചെയ്തു എന്നായിരുന്നു അന്നത്തെ വായന. ജീവിതവും മരണവും പോലെ നേരവും തരവും നോക്കി ചാപ്പ പാർട്ടി തീരുമാനിക്കും.
ഇസ്ലാമിന്റെ സാർവദേശീയതയിൽ ആർ.എസ്.എസിനൊപ്പമോ?
സർവരാജ്യ തൊഴിലാളികളുടെ സംഘാടനമാണ് കമ്യൂണിസം. അതിന്റെ നേതാവ് ജമാഅത്തെ ഇസ്ലാമിക്ക് കണ്ട കുറ്റം സാർവദേശീയത. അതാവട്ടെ, ജമാഅത്തിന്റെയല്ല, ഇസ്ലാമിന്റെ ‘കുറ്റവും’. എല്ലാവരും സർവലോകരുടെയും നാഥനിൽ വിശ്വസിക്കുന്ന, ഒരേ ദിശയിലേക്ക് പ്രാർഥിക്കുന്ന, ഒരേ ഗ്രന്ഥം പ്രമാണമാക്കുന്ന, ഒരേ പ്രവാചകന്മാരെയും ഖലീഫമാരെയും അംഗീകരിക്കുന്ന വിശ്വാസസംഹിതയും ജീവിതരീതിയുമാണല്ലോ ഇസ്ലാം (അതിന്റെ മനോഹര വർണന ഇഖ്ബാൽ പാടിയത് പണ്ട് ശംഖുംമുഖം പ്രസംഗത്തിന് ‘ബക്കറ്റും കടൽവെള്ളവും’ കഥ കുറിച്ചുതന്നയാളോട് ചോദിച്ചാൽ മതി). ഖലീഫമാരുടെ സച്ചരിതമാർഗം തുടരാനുള്ള ദൈവാധീനത്തിനും പൊരുത്തത്തിനുമുള്ള തേട്ടം വിശ്വാസികളുടെ ആഴ്ചപ്രാർഥനയുടെ ഭാഗമാണ്. സർവലോകർക്കുമായുള്ള പ്രാർഥന നമസ്കാരത്തിന്റെ അംശമാണ്. ഇസ്ലാമിന്റെ ഈ സവിശേഷതയാണ് ‘വിചാരധാര’ മുതൽ സംഘ്പരിവാറിന്റെ മുസ്ലിംകൾക്കെതിരായ ന്യായം. ആ ആരോപണം മുഖ്യമന്ത്രിയിൽനിന്നുയരുന്നത് വിചിത്രംതന്നെ. ഗാന്ധിജിയെപോലുള്ള മഹാപുരുഷന്മാർ പുകഴ്ത്തിയതാണ് ഖലീഫമാരുടെ മാതൃകജീവിതം. മാർക്സിസ്റ്റ് സർക്കാർ മതങ്ങളുടെ ജീവനെടുക്കും മുമ്പ് പാഠപുസ്തകങ്ങളിൽ അവരുടെ സൽക്കഥകൾ കുഞ്ഞുങ്ങൾ പഠിച്ചുവന്നതാണ്.
മറന്നോ പാകിസ്താൻ തീസിസ്?
രാഷ്ട്രീയ ഇസ്ലാം എന്നത് ഇടതു ലിബറൽ കൂട്ടുകെട്ടിന് ഒരു ആക്ഷേപവാക്കാണ്. അതില്ലാത്ത ഇസ്ലാമാണ് പഥ്യം. മൻമോഹൻ സിങ്ങിനും തോമസ് ഐസക്കിനും ഇസ്ലാമിക് ബാങ്കിങ് വിൻഡോ തുറക്കാനും കിഫ്ബിയിൽ നിക്ഷേപം തേടാനും പലിശരഹിത സാമ്പത്തിക വ്യവസ്ഥ കൊള്ളാം. കമ്യൂണിസം ജനകീയമാക്കാൻ ലെനിനും സ്റ്റാലിനും മുതൽ ഇസ്ലാമിന്റെ രാഷ്ട്രീയബോധം മുതൽക്കൂട്ടാം. കൊൽക്കത്ത തീസിസ് പഠിക്കുന്ന സി.പി.എം പാർട്ടിക്കാർ ജനറൽ സെക്രട്ടറി ഡോ. ഗംഗാധർ അധികാരിയുടെ പാകിസ്താൻ തീസിസ് ചർച്ചക്കെടുക്കാറില്ല. അധികാരിയും പി.സി. ജോഷിയും പാകിസ്താൻവാദത്തിന് പിന്തുണപാടി അവിഭക്ത മുസ്ലിംലീഗിനെ പാട്ടിലാക്കാൻ നോക്കിയത് ഇസ്ലാമിന്റെ രാഷ്ട്രീയം പറഞ്ഞാണ്. അതേ, ഇസ്ലാം എന്ന ജീവിതവ്യവസ്ഥയിൽ രാഷ്ട്രീയവും ഉൾച്ചേർന്നത് ആർക്കും നിഷേധിക്കാനാവില്ല. രാജ്യത്തിനും ജനതക്കും വേണ്ടിയുള്ള മതപണ്ഡിതന്മാരുടെ രാഷ്ട്രീയാഹ്വാനം (അവരുടെ രാഷ്ട്രീയനേട്ടത്തിനല്ല) സൈനുദ്ദീൻ മഖ്ദൂമിലും മമ്പുറം തങ്ങന്മാരിലും ഉമർ ഖാദിയിലും അവസാനിക്കാതെ ഇന്നും തുടരുന്നു. വെള്ളിയാഴ്ച വെച്ച വോട്ടെടുപ്പിൽ സമ്മതിദാനാവകാശം ദൈവാരാധനപോലെ അർഥവത്തായി നിർവഹിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആഹ്വാനം മുഴങ്ങിയല്ലോ. രാഷ്ട്രീയവും ഇസ്ലാമും തമ്മിലെ ഈ ബന്ധം തിരിച്ചറിയാൻ ജയരാജൻ സഖാവിനെപോലെ ജമാഅത്തുകാരുടെ കൃതികൾ പരതേണ്ട. കമ്യൂണിസ്റ്റ് ഗ്രന്ഥകാരൻ എൻ.എം. മുഹമ്മദലി എഴുതി ‘ചിന്ത’ പ്രസിദ്ധീകരിച്ച ‘ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും’ വാങ്ങി വായിച്ചാൽ മതി.
രാഷ്ട്രീയമായ സ്വയംബോധ്യങ്ങളിൽ രക്ഷാപ്രവർത്തക വേഷംകെട്ടുകാരെ കാത്തുനിൽക്കാതെ മുസ്ലിംകൾ മുന്നിട്ടിറങ്ങുന്നതിലെ അസ്വസ്ഥതയാവാം കലക്കിയ പൂരത്തിൽ പുതിയ വോട്ടുതേടിയിറങ്ങുന്ന സി.പി.എമ്മിന്റെ ഇസ്ലാമിനെ പ്രശ്നവത്കരിക്കാനുള്ള പ്രേരണ. പക്ഷേ, കേരളത്തിലെ സി.പി.എമ്മിനെ രക്ഷിക്കാൻ ഈ ഇസ്ലാം ആക്ഷേപ കാപ്സ്യൂൾ മതിയാവില്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.