ഇസ്ലാം മുസ്ലിംകൾക്ക് പട്ടയം കിട്ടിയതല്ല
text_fieldsഒരു ഹിന്ദുവിശ്വാസിക്ക് ഹിന്ദുക്കളോട് സംസാരിക്കാനുള്ള അത്രതന്നെ മുസ്ലിംകളോടും സംസാരിക്കാനുണ്ടല്ലോ. നിസ്കരിക്കുന്ന, നോമ്പ് നോൽക്കുന്ന, പള്ളിയിൽ പോകുന്ന, തൊഴിലെടുത്ത്, കച്ചവടം നടത്തി മര്യാദക്ക് ജീവിക്കുന്ന മുസ്ലിംകളോടാണ് ആദ്യം.
ഫ്യൂഡൽ കാലത്ത് ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിപ്പിങ് ബോയ്സ് എന്ന വർഗമുണ്ടായിരുന്നു. പ്രഭുകുമാരന്മാർ തോന്നിവാസം കാട്ടിയാൽ അവരെ തല്ലാൻ അധ്യാപകർക്ക് അധികാരമില്ല. ശിക്ഷ ഒഴിവാക്കാനും പറ്റില്ല. അതിനാൽ കീഴാളരായ വിപ്പിങ് ബോയ്സിനാണ് കണക്കാക്കി തല്ല് കൊടുക്കുക. 1947ൽ വിഭജനം നടന്ന മുതൽ ഇന്ത്യയിൽ നിങ്ങളുടെ അവസ്ഥ ഏറക്കുറെ ഇതാണ്. കൊളോണിയൽ കുത്തിത്തിരിപ്പിെൻറ ഫലമായ ഇന്ത്യ–പാക് വിഭജനത്തിൽ സാധാരണ മുസ്ലിംകൾക്ക് ഒരു പങ്കുമില്ലെങ്കിലും എല്ലാവരും പ്രതിയാക്കപ്പെട്ടു. രായ്ക്കുരാമാനം നിങ്ങളുടെ വേര് ഇന്ത്യൻ മണ്ണിൽനിന്ന് പിഴുതെടുക്കപ്പെട്ടു. സ്വപ്നത്തിൽപോലും കാണാത്ത ഒരു രാജ്യത്തിെൻറ കൂറുകാരായി പ്രഖ്യാപിക്കപ്പെട്ടു. വിഭജനം സൃഷ്ടിച്ച ഈ പൊതുബോധം സാമൂഹിക–സാമ്പത്തിക–സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം മുസ്ലിംകളെ പിന്നോട്ടടിപ്പിച്ചിട്ടുണ്ടെന്ന് സച്ചാർ കമീഷൻ വിലയിരുത്തുന്നുണ്ട്. ഇന്നിപ്പോൾ പാകിസ്താൻ ഭീകരർ ബി.എസ്.എഫിനെ ആക്രമിച്ചാലും കശ്മീരീ പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടിവന്നാലും സൽമാൻ റുഷ്ദിയെ ജയ്പുർ ഫെസ്റ്റിവലിൽ കടത്താതിരുന്നാലും തലതിരിഞ്ഞ ചെറുപ്പക്കാർ ഐ.എസിൽ ചേർന്നാലും സിറിയയിൽ അമുസ്ലിംകൾ കൊല്ലപ്പെട്ടാലും പൊന്നാനിയിലുള്ള അയമുട്ട്യാക്കക്ക് ഉത്തരം പറയേണ്ടിവരുന്നു.
ഈ സാഹചര്യത്തിൽ ശരാശരി ഇന്ത്യൻ മുസ്ലിം വല്ലാത്തൊരു വിഭജിതാവസ്ഥയിലാണ്. ഒരുവശത്ത് പിറന്ന മണ്ണിനോടുള്ള ജൈവബന്ധം. മറുവശത്ത് നിങ്ങൾ മറ്റെവിടുത്തേതോ ആണെന്ന മട്ടിൽ പൊതുസമൂഹത്തിെൻറ പെരുമാറ്റം. ഇങ്ങനെ കുറേക്കഴിയുമ്പോൾ നിങ്ങൾക്ക് നാട്ടിലെ കാര്യങ്ങളിൽനിന്ന് വല്ലാത്ത അകൽച്ച തോന്നും. തങ്ങൾകൂടി ഉൾച്ചേർന്ന് ഉൽപാദിപ്പിച്ച കലയിൽനിന്നും സംസ്കാരത്തിൽനിന്നും ഉത്സവാഘോഷങ്ങളിൽനിന്നും നിങ്ങൾ പിൻവലിയും. സ്വസമുദായത്തിെൻറ തോടിനകത്ത് ഒട്ടിപ്പിടിച്ചിരിക്കും. അതെ, അന്യവത്കരണം–അന്യവത്കരണത്തോടുള്ള പ്രതികരണത്തിൽനിന്ന് കൂടുതൽ അന്യവത്കരണം.
ഈ ദൂഷിതവൃത്തത്തിൽ ഒരിക്കലും നിങ്ങൾ കുടുങ്ങിപ്പോകരുതെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അങ്ങനെ ചെയ്താൽ തൽപരകക്ഷികൾ ആഗ്രഹിക്കുന്ന വർഗീയ ധ്രുവീകരണം രാജ്യത്ത് വളർന്ന് വികസിക്കുകയാണ് ചെയ്യുക. മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരികമൂലധനം നിങ്ങളും അധ്വാനിച്ചുണ്ടാക്കിയതാണ്, നിങ്ങൾക്കും ന്യായമായി അർഹതപ്പെട്ടതാണ്. വിവിധ സംസ്കാരങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിശുദ്ധ ഖുർആൻ ഓരോ നാട്ടിലെയും ആചാരങ്ങളടക്കം ദൈവദത്തമായി കണ്ട് സ്വീകരിക്കണമെന്നും അരുളുന്നില്ലേ? ഖുറൈശികളിൽനിന്ന് സർവേദ്രാഹങ്ങളും സഹിച്ച് ആട്ടിയോടിക്കപ്പെട്ടിട്ടും മക്കയാണ് തെൻറ പ്രിയപ്പെട്ട മണ്ണെന്ന് മുഹമ്മദ് നബി പ്രഖ്യാപിച്ചില്ലേ?
ന്യൂനപക്ഷങ്ങളോടുള്ള ശത്രുത ഇന്ന് പലവിധത്തിൽ പ്രത്യക്ഷമാണെങ്കിലും ഇന്ത്യയുടെ തനിസ്വഭാവം ഇതല്ലെന്ന് നിങ്ങൾ ഓർക്കണം. ചരിത്രമറിയാത്ത പുതുതലമുറക്കുട്ടികൾക്കും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. ഹിന്ദു–മുസ്ലിം സഹകരണത്തിെൻറയും സമന്വയത്തിെൻറയും ബൃഹദ്ചരിത്രം ഉത്തരേന്ത്യക്കുണ്ട്. ഭക്തിപ്രസ്ഥാനത്തിലൂടെയും മറ്റും അതാണ് ആവിഷ്കരിക്കപ്പെട്ടത്. കേരളത്തിലാണെങ്കിൽ ആദ്യകാല ഇസ്ലാം പ്രചാരകരെ പുതിയാപ്ലമാരെപ്പോലെ സ്നേഹാദരങ്ങളോടെയായിരുന്നു ഹൈന്ദവജനത എതിരേറ്റത്. അവർക്ക് പള്ളി വെക്കാൻ പറമ്പും നിക്കാഹ് കഴിക്കാൻ പെണ്ണും ഹിന്ദുരാജാക്കന്മാർ നിർലോഭം സമ്മാനിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പറഞ്ഞപോലെ മാലിക് ദിനാറിെൻറ കൂടെ വന്ന പന്ത്രണ്ടു പേർ പന്ത്രണ്ടു ലക്ഷമായി പെരുകിയത് ഹിന്ദുനാടുവാഴികളുടെ പരിലാളനത്താലാണ്. കടൽത്തീര മുക്കുവകുടുംബങ്ങളിൽ ഒരുത്തനെങ്കിലും ഇസ്ലാംമതം സ്വീകരിക്കണമെന്നത് സാമൂതിരിപ്പാടിന് നിർബന്ധമായിരുന്നു. ഹിന്ദുക്കൾ അടിസ്ഥാനപരമായി മുസ്ലിംവിരോധികൾ ആയിരുന്നില്ല, അല്ല, ആവുകയുമില്ല. ഈ സത്യം ഏത് ദുർഘടഘട്ടങ്ങളിലും നിങ്ങൾ തിരിച്ചറിയണം. കാരണം മൗലികമായ ജീവിതവീക്ഷണങ്ങളിൽ ഇസ്ലാമും ഹൈന്ദവതത്ത്വങ്ങളും ഏറക്കുറെ സമാനമാണ്. ലോ ഓഫ് കോൺട്രാക്ടിെൻറ അടിസ്ഥാനമായ ‘ട്രസ്റ്റി’നെ ആദ്യമായി ഉയർത്തിപ്പിടിച്ചത് അൽഅമീൻ എന്ന് കേളികേട്ടിരുന്ന മുഹമ്മദ് നബിയായിരുന്നെങ്കിൽ പറഞ്ഞ വാക്ക് തെറ്റാതിരിക്കാൻ രാജ്യമുപേക്ഷിക്കുക, ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇന്ത്യൻ ഇതിഹാസകഥാപാത്രങ്ങളുടെ പതിവ് ശൈലിയായിരുന്നു. ലൈംഗികത ഹൈന്ദവതയിലായാലും ഇസ്ലാമിലായാലും പാപമല്ല, ദൈവദത്തമായ സൗഭാഗ്യമാണ്. നോമ്പ്, ശുദ്ധാശുദ്ധ സങ്കൽപങ്ങൾ എന്നിവ രണ്ടു മതത്തിലും നിലനിൽക്കുന്നുണ്ട്.
മുസ്ലിം സംഘടനകൾ അറിയാൻ
രണ്ടാമതായി എനിക്ക് കാര്യം പറയാനുള്ളത് രാജ്യത്തെ മുസ്ലിം സംഘടനകളോടാണ്. സംസ്കാരവൈവിധ്യത്തിനനുസരിച്ചായാലും വ്യത്യസ്ത വായനകൾക്കനുസരിച്ചായാലും ഇസ്ലാം ഏകമുഖമല്ല, ആകാനും പാടില്ല. കാരണം സംസ്കാര ബഹുലതകളെയും വേദഗ്രന്ഥത്തിെൻറ ഒടുങ്ങാത്ത വ്യാഖ്യാനങ്ങളെയും ഇസ്ലാം അനുവദിക്കുന്നുണ്ട്. അതിനാൽ സംഘടനകൾ തീർച്ചയായും ഉണ്ടാകും. അവ പലപ്പോഴും േട്രഡ് യൂനിയനിസത്തിലേക്ക് വഴുതിവീഴുന്നതാണ് പ്രശ്നം. മതവും സാമുദായികതയും വ്യത്യസ്തമാണെന്ന് തിരിച്ചറിയാതെ മതസംഘടനകൾ സാമുദായികതക്കുള്ളിൽ വീണ്ടും സാമുദായികത സൃഷ്ടിക്കുന്നു. മുജാഹിദുകാരെൻറ കടയിൽ സുന്നി കയറാതിരിക്കുന്നതുവരെ ചിലപ്പോൾ കാര്യങ്ങൾ എത്തുന്നു. മദമത്സരങ്ങൾക്കിടയിൽ ഇസ്ലാമികാദർശങ്ങൾ കൈമോശം വന്ന് മുസ്ലിമിനെപ്പറ്റി തെറ്റായ പ്രതിച്ഛായ ചമക്കാൻ നിങ്ങളിൽ പലരുടെയും സർക്കസുകൾ കാരണമാകാറുണ്ട്. പ്രതിച്ഛായ മോശമാക്കുന്ന ചെറിയ കാര്യംപോലും ഇസ്ലാമോഫോബിയയുടെ ഇക്കാലത്ത് ഗുരുതരമാണെന്ന് മനസ്സിലാക്കണം.
അതേപോലെ പൊതുസമൂഹത്തിൽ നിന്ന് അന്യവത്കരിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾക്ക് ഒരു സംഘടനക്കാരും മുസ്ലിംകളെ േപ്രരിപ്പിക്കരുത്. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളിൽനിന്ന് പുറംതിരിഞ്ഞുനിൽക്കാനുള്ള ചിലരുടെ പ്രവണത ഏതു നിലക്കും കടുത്ത വിഡ്ഢിത്തംതന്നെയാണ്. ഒന്നാമതായി അത്തരം സമീപനങ്ങൾ മുസ്ലിംകളെ അപരവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരുന്നു. രണ്ടാമതായി മുഹമ്മദ് നബി ഉയർത്തിപ്പിടിച്ച സഹമതസഹകരണത്തെയും നാട്ടാചാര ആദരവിനെയും വെല്ലുവിളിക്കുന്നു.
ഹിന്ദുക്കൾക്കിടയിൽ 41 ദിവസമോ ഒരു മാസമോ വെറും ഒരാഴ്ചയോ നോൽമ്പെടുത്ത് ശബരിമലയിൽ പോകുന്നവരുണ്ട്. ഭക്ഷണം കഴിച്ച് ക്ഷേത്രദർശനം നടത്തുന്നവരും ഭക്ഷണം കഴിക്കാതെ ദർശനം നടത്തുന്നവരുമുണ്ട്. ഇങ്ങനെ മതത്തെ ഈഷൽഭേദങ്ങളോടെ ആചരിക്കാനുള്ള സ്വാതന്ത്ര്യം മുസ്ലിംകളും സൂക്ഷിക്കുന്നുണ്ട്. അതിനാൽ നിലവിളക്ക് കൊളുത്തുന്ന മുസ്ലിംകളും കൊളുത്താത്ത മുസ്ലിംകളും ഉണ്ടാകുന്നതിൽ തെറ്റില്ല. അവർ പരസ്പരം സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്നതും തെറ്റല്ല. എന്നാൽ, എല്ലാവരെക്കൊണ്ടും നിലവിളക്ക് കൊളുത്തിച്ചേ അടങ്ങൂ എന്ന് ചിലർ വാശിപിടിക്കുന്നതാണ് പ്രശ്നം. വിളക്ക് കൊളുത്തൽ ചർച്ച ചെയ്ത്, ചർച്ചചെയ്ത് ഇരുൾ പരത്താൻ ശ്രമിക്കുന്നവർക്ക് മുസ്ലിം സംഘടനകൾ വഴങ്ങിക്കൊടുക്കുന്നത് പോഴത്തവുമാണ്.
ഇസ്ലാമിനെ സ്വസമുദായ വൃത്തത്തിനകത്ത് വട്ടംകറക്കാനല്ല, ബാഹ്യലോക വ്യവഹാരങ്ങളിൽ ഇടപെടുത്താനാണ് മുസ്ലിംപ്രസ്ഥാനങ്ങൾ പരിശ്രമിക്കേണ്ടത്. എന്തെന്നാൽ ‘ഹേ മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്യുന്ന ഇസ്ലാം, മുസ്ലിംകൾക്ക് പട്ടയം കിട്ടിയ സ്വകാര്യസ്വത്തല്ല. അനാഥസംരക്ഷണത്തിലായാലും കാരുണ്യപ്രവർത്തനത്തിലായാലും സാമ്പത്തികസംരംഭങ്ങളിലായാലും പ്രസിദ്ധീകരണ പദ്ധതികളിലായാലും മൊത്തം സമൂഹത്തെയും ഉൾച്ചേർത്താൽ മാത്രമേ നിങ്ങളുടെ പ്രസക്തിയും പ്രാധാന്യവും പൊതുധാരയിൽ വർധിക്കയുള്ളൂ. അതോടൊപ്പം ഇസ്ലാമിെൻറ അന്തസ്സും വളരുകയുള്ളൂ.
സാമുദായികതക്കുപരി മതമൂല്യങ്ങളിൽ ഉൗന്നുക എന്നതായിരിക്കും ഏതു കാര്യത്തിലും ഇന്ത്യൻ മുസ്ലിമിന് സ്വീകരിക്കാവുന്ന നേർമാർഗം. ഇപ്പോൾ വിവാദമായിരിക്കുന്ന മുത്തലാഖും ബഹുഭാര്യത്വവും പരിശോധിച്ചുനോക്കൂ. മുസ്ലിംകളിലെ വിശാലമനസ്കർക്കെല്ലാം ആ വിഷയത്തിൽ ഇസ്ലാമിെൻറ സ്ത്രീപക്ഷപ്പൊരുളിന് അനുയോജ്യമായ പരിഷ്കരണം ഇന്ത്യൻ മുസ്ലിം വ്യക്തിനിയമത്തിൽ വേണമെന്നുണ്ട്. സൂക്ഷ്മാംശങ്ങളിൽ അഭിപ്രായഭേദങ്ങളോടെതന്നെ– പ്രസ്തുത സാഹചര്യത്തിൽ കമ്യൂണിറ്റി ക്ലെയിം സംരക്ഷണത്തിനല്ല, സ്ത്രീപക്ഷസംരക്ഷണത്തിനാണ് മുസ്ലിം പേഴ്സനൽ ലോ ബോർഡ് വ്യഗ്രതപ്പെടേണ്ടത്. ഉദ്ദേശ്യശുദ്ധിയില്ലാത്തവർ പറയുന്നു എന്ന ഒരൊറ്റ കാരണത്താൽ മുസ്ലിം സ്ത്രീക്ക് നീതി ലഭ്യമാക്കുക എന്ന ഉദ്ദേശ്യശുദ്ധി അവർ പണയപ്പെടുത്തരുത്. സ്ത്രീകളെ സംബന്ധിക്കുന്ന സംഗതിയിൽ ഏറ്റവും സൂക്ഷ്മവും തത്ത്വാധിഷ്ഠിതവുമായ നിലപാടായിരിക്കണം മുസ്ലിം സംഘടനകൾ പാലിക്കേണ്ടത്.
മനുഷ്യചരിത്രത്തിൽ സ്ത്രീവിമോചന ആശയങ്ങൾ ആദ്യമായി ഉയർത്തിപ്പിടിച്ച ഇസ്ലാം സ്ത്രീവിരുദ്ധമാണെന്ന പ്രതീതി ഒരിക്കലും സൃഷ്ടിക്കപ്പെടരുത്. ശക്തിപ്രാപിക്കുന്ന പകുതിയിലേറെ ലോകജനസംഖ്യക്ക് തങ്ങളുടെ കാര്യത്തിൽ എല്ലാ മതങ്ങളും കണക്കാണെന്ന തോന്നൽ, ചില മുഷ്കന്മാരുടെ ദുശ്ശാഠ്യത്താൽ സംജാതമായാൽ അത് മതത്തിെൻറ പ്രസക്തിയെ നഷ്ടപ്പെടുത്തിയേക്കും.
(നാളെ: മുസ്ലിംകൾ തീർക്കേണ്ട പരാതികൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.