ഗുരുവിലെ ഇസ്ലാം; ഇസ്ലാമിലെ ഗുരു
text_fieldsശ്രീനാരായണ ഗുരുവിലെ ഇസ്ലാം! ഇസ്ലാമിലെ ഗുരു! ഇൗ വിഷയങ്ങൾക്ക് അക്കാദമിക പ്രാധാന്യം മാത്രമല്ല ഇന്നുള്ളത്. ആദ്യത്തേത് രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ഹിന്ദു-മുസ്ലിം വൈരുധ്യങ്ങൾക്കെതിരായ ആശയലോകം സൃഷ്ടിക്കുന്നു. രണ്ടാമത്തേത് ഇന്ത്യൻ ഇസ്ലാം ചെന്നുചാടാവുന്ന അപകടങ്ങളെ മുൻകൂർ പ്രതിരോധിക്കുന്നു. ഒന്നാമതായി, ശ്രീനാരായണ ഗുരുവിലെ ഇസ്ലാമിനെതന്നെ അദ്ദേഹത്തിെൻറ ജന്മദിനാഘോഷം കഴിയുകയും നബിദിനം വരവേൽക്കപ്പെടുകയും ചെയ്ത ഈ അവസരത്തിൽ പരിശോധിക്കാം. 1900 കാലത്ത് ഗുരുവിെൻറ പ്രധാനപ്പെട്ട കർമപരിപാടി താമസ ദൈവവിഗ്രഹങ്ങളെ നീക്കംചെയ്ത് സാത്വികദേവതകളെ പ്രതിഷ്ഠിക്കലായിരുന്നു. കോട്ടാറിലെ പിള്ളയാർകോവിലിലെ മരത്തണലുകളിൽനിന്ന് ചുടലമാടൻ, മറുത, കരിങ്കാളി, മല്ലൻ വിഗ്രഹങ്ങൾ എടുത്തുമാറ്റി പകരം ഗണപതിയെ പ്രതിഷ്ഠിച്ചു. മണ്ണന്തലയിൽ ജന്തുബലി ആവശ്യപ്പെട്ടിരുന്ന ഭദ്രകാളിയെ നിഷ്കാസനം ചെയ്ത് അവിടെ സാത്വികയായ ദേവിയെ വാഴിച്ചു. മൂത്തകുന്നം പ്രദേശങ്ങളിൽനിന്ന് എത്രയോ ചാത്തൻ- ചാമുണ്ഡി വിഗ്രഹങ്ങൾ പുഴക്കിയെടുത്ത് ചാക്കിൽകെട്ടി പുഴയിൽ ഒഴുക്കി.
ഗുരുവിെൻറ ഈ പ്രവൃത്തി അറേബ്യയിൽ മുഹമ്മദ് നബി ചെയ്തതിന് സമാനമായിരുന്നു. റസൂലിെൻറ കാലത്ത് മക്കയിലെ കഅ്ബയിൽ മൊത്തം 333 വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവത്രേ. ഉസ്സ, ലാത്ത തുടങ്ങിയ ദുർദേവതകളുടെ പ്രതിഷ്ഠകളായിരുന്നു അതിൽ പ്രധാനം. ഉസ്സയുടെയും ലാത്തയുടെയും ആരാധകർ തമ്മിൽ കടുത്ത സംഘർഷങ്ങൾ അന്ന് നിലനിന്നിരുന്നു. മക്ക വിജയം നടന്ന ഉടൻ മുഹമ്മദ് നബി ചെയ്ത കാര്യം കഅ്ബ ചുറ്റിനടന്ന് ഈ വിഗ്രഹങ്ങളെ മുഴുവൻ പടികടത്തലാണ്. അശരണരായ വിഗ്രഹാരാധകർക്ക് അദ്ദേഹം സർവശക്തനായ അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. താമസദൈവങ്ങളെ മാറ്റിസ്ഥാപിക്കാൻ ഗുരുവിന് പ്രചോദനമേകിയ ചരിത്രസംഭവമായി ഇതിനെ ഉദാഹരിക്കാം. മുഹമ്മദ് നബി പ്രപഞ്ചവിധാതാവായ അല്ലാഹുവിലേക്ക് മനുഷ്യരെ നയിച്ചപ്പോൾ ശ്രീനാരായണഗുരു ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ദേവി തുടങ്ങിയ സാത്വികദേവതകളെയല്ലേ പ്രതിഷ്ഠിച്ചതെന്ന് ചോദിക്കാം. സത്യത്തിൽ ജഗന്മയനായ ഏകദൈവത്തിെൻറ വ്യത്യസ്ത ഗുണവിശേഷങ്ങളുടെ പ്രതിനിധാനങ്ങളാണ് ഈ ദേവതകൾ. അല്ലാതെ മാനുഷികമായ തമോവികാരങ്ങളുടെ പ്രായോജകരല്ല. സർവഗുണസമ്പന്നനായ ജഗദീശ്വരൻതന്നെയായിരുന്നു മുഹമ്മദ് നബിയെപ്പോലെ ശ്രീനാരായണഗുരുവിെൻറയും ആത്യന്തികലക്ഷ്യമെന്ന് അദ്ദേഹത്തിെൻറ കളവങ്കോട്ടെ കണ്ണാടിപ്രതിഷ്ഠ വ്യക്തമാക്കുന്നുണ്ട്. മുഖം നോക്കാനുള്ള കണ്ണാടിയല്ല കളവങ്കോട്ട് സ്ഥാപിക്കപ്പെട്ടത്. കണ്ണാടിക്ക് പിറകിലുള്ള മായയാകുന്ന രസം ചുരണ്ടിക്കളഞ്ഞ് അവിടെ ഓം എന്ന് തെളിയിപ്പിച്ച് ദേവാലയത്തെ ഓംകാരേശ്വര ക്ഷേത്രമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയുടെ പ്രഥമവാക്യമായ അലിഫ്-ലാം-മീം ഓങ്കാരപ്പൊരുളിനെ സാക്ഷ്യപ്പെടുത്തുന്നതുമാണ്.
കീഴാളസ്നേഹം
ചാത്തൻ ചാമുണ്ഡ്യാതി തമോദൈവങ്ങളെ തള്ളി സദ്ദേവതകളെ പ്രതിഷ്ഠിച്ച ഗുരുദേവ നടപടി വരേണ്യവത്കരണ ശ്രമമാണെന്ന് ചിലർ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ, ചീത്ത അർഥത്തിലുള്ള വരേണ്യവത്കരണമായിരുന്നില്ല; കീഴാളരെയും കീഴാളമനസ്സുള്ളവരെയും സംസ്കാരത്തിെൻറ േശ്രഷ്ഠതയിലേക്ക് കൈപിടിച്ചുയർത്തലായിരുന്നു ഗുരുവിെൻറ ലക്ഷ്യം. വരേണ്യം എന്ന വാക്കിെൻറ അർഥംതന്നെ േശ്രഷ്ഠം എന്നാണല്ലോ. വരേണ്യതയുടെ കുത്തകയേറ്റെടുത്ത് ഇതരജനവിഭാഗങ്ങളോട് അയിത്തം കാട്ടുന്ന ബ്രാഹ്മണിസം സത്യത്തിൽ വരേണ്യതക്ക് (േശ്രഷ്ഠതക്ക്) എതിരാണ്. ഭാരതീയമായ ജ്ഞാനോപാധികൾ അവരിൽനിന്ന് പിടിച്ചെടുത്ത് അതെല്ലാം ശ്രീനാരായണ ഗുരു കീഴാളരുടെ സ്വന്തമാക്കിമാറ്റി. ലോകഭാഷകളിൽ ഏറ്റവും കാര്യക്ഷമത പുലർത്തുന്ന സംസ്കൃതം ബ്രാഹ്മണൻ തൊട്ട് അശുദ്ധമാക്കിയതാണെന്ന് കരുതി അദ്ദേഹം വർജിച്ചില്ല. പകരം സംസ്കൃതപ്രയോഗംകൊണ്ടുതന്നെ കപടവരേണ്യതകളെ പൊളിച്ചടക്കിക്കൊടുത്തു. മേലാള സംസ്കാരത്തിെൻറ ഒറ്റുകാരനെന്ന അധിക്ഷേപം ഗുരുവിനെതിരെ ഉയർത്തുന്നത് കടുത്ത കൃതഘ്നതയാണ്. അങ്ങനെ അധിക്ഷേപിക്കുന്നവരെക്കാൾ നൂറു മടങ്ങായിരുന്നു അദ്ദേഹത്തിെൻറ അടിയാളരോടുള്ള സ്നേഹവാത്സല്യങ്ങൾ.
നെയ്യാറ്റിൽ മുങ്ങി ശിവലിംഗ പ്രതിഷ്ഠക്കു വേണ്ട കല്ലെടുത്ത ഗുരു അതും കൈയിൽ പിടിച്ച് ധ്യാനനിരതനായിനിന്ന് മണിക്കൂറുകളോളം മിഴിനീർ വാർത്തുവേത്ര. ആധ്യാത്മികമണ്ഡലങ്ങളിൽനിന്ന് നൂറ്റാണ്ടുകളായി അകറ്റിനിർത്തപ്പെട്ട കീഴാളജനതയെ ഓർത്തായിരിക്കണം ആ കണ്ണുനീർപ്രവാഹം. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ക്ഷേത്രപ്രവേശനത്തിന് അനുമതി ലഭിച്ച ദലിതർ കുളിച്ച് കുറിയിട്ട് അമ്പലത്തിൽ കയറുന്നതിന് ദൃക്സാക്ഷിയായപ്പോൾ ഗുരുദേവൻ സന്തോഷം സഹിക്കവയ്യാതെ വാവിട്ട് കരയുകയും ചെയ്തു. സമൂഹത്തിലെ വിവിധ വർഗങ്ങളോട് മുഹമ്മദ് നബി മക്കയിൽ സ്വീകരിച്ച നിലപാട് നോക്കുക. ഒരു ൈകയിൽ സൂര്യനെയും മറു ൈകയിൽ ചന്ദ്രനെയും പതിച്ചു കിട്ടിയാലും സവർണാധികാരികളായ ഖുറൈശികളുടെ ജീർണതകൾ ഏറ്റെടുക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. എന്നുവെച്ച് ഖുറൈശികൾ മലിനപ്പെടുത്തിയതാണെന്ന ന്യായത്തിൽ കഅ്ബ ഇടിച്ചുപൊളിച്ച് നിരത്താനൊന്നും ആ ലോകൈക വിവേകശാലി ആലോചിച്ചില്ല. മറിച്ച് പുതുക്കിയെടുത്ത ദൈവഗേഹത്തെ അടിമകൾക്കും അടിയാളർക്കും ചാർത്തിക്കൊടുത്തു. തനിക്ക് വിവാഹസമ്മാനമായി ലഭിച്ച സൈദ് എന്ന അടിമയെ സ്വന്തം പുത്രനെപ്പോലെ റസൂൽ പോറ്റിവളർത്തി പടനായകനാക്കി. ഒടുവിൽ സൈനബ് എന്ന സവർണ വനിതയെ അവന് വിവാഹവും ചെയ്തുകൊടുത്തു. ഖുറൈശികൾ ജീവച്ഛവമാക്കി വിട്ട ബിലാലിനെയും പ്രവാചകൻ സംരക്ഷിച്ച് യുദ്ധവീരനാക്കി ഉയർത്തി.
പ്രവാചക സ്തുതി
മക്ക വിജയസമയത്ത് പരമദ്രോഹികളായ ഖുറൈശിമൂപ്പന്മാർക്ക് റസൂൽ മാപ്പ് നൽകി സന്മാർഗത്തിലേക്ക് നയിച്ചപോലെതന്നെയാണ് പരമേശ്വരയ്യർ, അനന്തഷേണായി തുടങ്ങിയ ആഢ്യൻ ബ്രാഹ്മണരെ ജാതിക്കേടു തീർത്ത് ഗുരുദേവൻ ധർമസംഘത്തിൽ ചേർത്തതെന്ന് നിരീക്ഷിക്കാം. മഹത്ത്വ മഹത്ത്വത്തെ തിരിച്ചറിയുക തന്നെ ചെയ്യുമല്ലോ. തന്നിലുള്ള ഇസ്ലാം വിങ്ങിപ്പൊട്ടിയതുകൊണ്ടായിരിക്കണം ‘കരുണാവാൻ നബി മുത്തുരത്ന’മെന്ന് ‘അനുകമ്പാദശക’ത്തിൽ ഗുരു പ്രവാചകനെ ശങ്കയില്ലാതെ പ്രകീർത്തിച്ചത്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു തുടങ്ങിയ അവതാരങ്ങളെയും ദൈവദൂതരെയും സൂചനകളിലൂടെ ധ്വനിപ്പിച്ചപ്പോൾ റസൂലിനെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചതിനും പ്രസക്തിയുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ കുനിഷ്ടുകൾ ഹിന്ദു-മുസ്ലിം വൈരുധ്യം സൃഷ്ടിച്ച് ഇന്ത്യയിൽ ഇസ്ലാം അന്യപ്പെടാനുള്ള സാധ്യത മുൻകൂർ കണ്ടതുകൊണ്ട് തന്നെയായിരിക്കണം അദ്ദേഹം ഇസ്ലാമിനോടും നബിയോടുമുള്ള ഐക്യദാർഢ്യം പച്ചക്ക് പ്രഖ്യാപിച്ചത്.
ഭാരതത്തിെൻറ സുകൃതമായ ശ്രീനാരായണഗുരു മഹിതമായ ഹൈന്ദവ പാരമ്പര്യത്തിെൻറ പരിശുദ്ധപ്രതീകമാണ്. അഴുക്കുകൾ അരിച്ചുമാറ്റിയ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഉൾപ്പൊരുളാണ്. മഹാത്മാവായ ഗാന്ധിജിക്കുപോലും ആരാധ്യനാണ്. ഗുരുദേവനിൽ പലവിധത്തിൽ ഒളിവെട്ടുന്ന ഇസ്ലാം നിർണായകമായ ചില സന്ദേശങ്ങൾ പ്രക്ഷേപിക്കുന്നുണ്ട്. ചരിത്രപരമായും താത്വികമായും ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഏകോദരസഹോദരരെപ്പോലെ കഴിയേണ്ടവരാണ് എന്നതാണ് ആ സന്ദേശം. അതിനാൽ, ഇസ്ലാമോഫോബിയയും പള്ളിപൊളിക്കലും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മറ്റും ശത്രുക്കളായി കണ്ട് ഉപദ്രവിക്കലും ഹൈന്ദവതയുടെ സഹജഭാവത്തിന് വിരുദ്ധവും ഗുരുഹിതത്തെ നിന്ദിക്കലുമാണ്. പ്രയോഗതലത്തിൽ ഇന്ത്യയുടെ പുരോഗതിക്കും ഐശ്വര്യത്തിനും അത് ഹാനികരവുമാണ്. അതിനാൽ, ശശികല ടീച്ചറെപ്പോലുള്ളവർ ചീറ്റുന്ന അന്യമതവിദ്വേഷം ഹിന്ദുക്കളെ അവരുടെ ഗുരുപാരമ്പര്യത്തിൽനിന്ന് ഞെട്ടറ്റ് വീഴ്ത്തുക മാത്രമല്ല, രാജ്യത്തെ മൊത്തം കുളംതോണ്ടുകകൂടി ചെയ്യും. ഹിന്ദുവിെൻറ ആത്മാവിെൻറ ശത്രുക്കളാണ് അത്തരം അവിവേകികൾ. നൂറായിരം മൃത്യുജ്ഞയഹോമങ്ങൾ നടത്തിയാലും ജീവൻ രക്ഷിക്കാനാകാത്ത അവസ്ഥയിൽ അവർ ഹിന്ദുക്കളെ എത്തിക്കും. ന്യൂനപക്ഷങ്ങളെ സമ്മർദത്തിലാക്കാൻ വർഗീയ ഹിന്ദുത്വവുമായി കൂട്ടുചേരുന്നത് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിന് തീകൊടുക്കലാണെന്ന് എസ്.എൻ.ഡി.പി ക്കാരും ആലോചിക്കണം. തെൻറ പൈതൃകത്തെ വികലമാക്കുന്ന ചെയ്തികളോടുള്ള ഗുരുവിെൻറ ശാപത്താലായിരിക്കണം ബി.ഡി.ജെ.എസ്-എൻ.ഡി.എ സഖ്യം കേരളത്തിൽ നിരന്തരം അലസുന്നത്.
ഒരേ ദർശനം
ഇനി ഇസ്ലാമിലുള്ള ഗുരുവിനെ കണ്ടെടുത്ത് ഇന്ത്യൻ ഇസ്ലാം ചെന്ന് ചാടാവുന്ന അഗാധഗർത്തത്തെ തടയിടാൻ ശ്രമിക്കാം. വർഗീയതയും വംശീയതയും അനുവദിക്കപ്പെടാത്ത ഇസ്ലാമിൽ മനുഷ്യർ മുഴുവൻ ഒരൊറ്റ ജാതിയാണ്. ഒരേയൊരു മതമേ പ്രവചിക്കപ്പെട്ടിട്ടുള്ളൂവെന്നും അത് അഴുകുമ്പോൾ നവീകരണം നടത്താനാണ് ദൈവദൂതരെല്ലാം ജനിച്ചിട്ടുള്ളതെന്നുമാണ് ഇസ്ലാമികവിശ്വാസം. ദൈവത്തിെൻറ ഏകത്വത്തെക്കുറിച്ച് പിന്നെ സംശയമേയില്ല. അതിനാൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം, പല മതസാരവുമേകം തുടങ്ങിയ അരുളപ്പാടുകൾ ഇസ്ലാമിനകത്തുള്ള ഗുരുദേവ ദർശനത്തെ തന്നെയാണ് വിളംബരപ്പെടുത്തുന്നത്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹിതവചനം മതത്തിൽ നിർബന്ധമില്ല എന്ന ഖുർആൻ സൂക്തത്തിലും നിർലീനമാണ്. വ്യക്തികളെ പരിഗണിക്കുന്നതിൽ മുഹമ്മദ് നബി ഒരിക്കലും മതം മാനദണ്ഡമാക്കിയിട്ടില്ല. മദീനയിൽ സ്വന്തം വീട്ടുകാര്യങ്ങൾ അദ്ദേഹം വിശ്വാസപൂർവം ഏൽപിച്ചിരുന്നത് അയൽക്കാരനായ ജൂതനെയായിരുന്നു. ജീവിതാവസാനം വരെ ഇസ്ലാം സ്വീകരിക്കാതിരുന്ന പിതൃവ്യൻ അബുത്വാലിബും റസൂലിന് എത്രയും പ്രിയങ്കരനായിരുന്നു.
ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ ശ്രീനാരായണഗുരുവിെൻറ ആവിർഭാവം ഹിന്ദുക്കളെ നേരെയാക്കാൻ മാത്രമല്ല, മുസ്ലിംകൾക്ക് വഴിതെറ്റാതിരിക്കാനും വേണ്ടിയാണെന്ന് കരുതേണ്ടിവരും. കാരണം ഇസ്ലാമിനകത്ത് മുഴങ്ങുന്ന ഗുരുവചനങ്ങൾ, ചില ഭീകരവാദികൾ മുസ്ലിംകളെ ഇതര സമുദായങ്ങളിൽനിന്ന് അകറ്റുന്നതിനും മറ്റു മതാചാരങ്ങളെ അവഹേളിക്കുന്നതിനും ‘കാഫിരീങ്ങളെ’ കാണാൻ മടിച്ച് യമനിലേക്ക് നാടുകടക്കുന്നതിനും സകലരെയും തങ്ങൾതന്നെ സ്വർഗത്തിൽ എത്തിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കുന്നതിനും എതിരായ താക്കീതുകൂടിയാണ്.
ഇത്രയെല്ലാം പറഞ്ഞാലും അദ്വൈതിയായ ശ്രീനാരായണ ഗുരുവും ദ്വൈതാധിഷ്ഠിതമായ ഇസ്ലാമും ഒരിക്കലും ഒക്കില്ലെന്ന് ഇംഗ്ലീഷിലൂടെ സംസ്കൃതം പഠിച്ച സാൻസ്ക്രിറ്റ് പ്രഫസേഴ്സ് കലമ്പുമായിരിക്കും. ദ്വൈതത്തിനകത്തുള്ള അനൽഹഖിനെയും ആദിശങ്കരൻ മുതൽ ശ്രീനാരായണൻ വരെയുള്ള അദ്വൈതികൾ രചിച്ച ഈശ്വരസ്തുതികളെയും അവർ കാണാൻ കൂട്ടാക്കുകയില്ല. എന്നാലും, നമ്മൾ അത് കാണുകതന്നെ ചെയ്യണം. വർഗീയ നരകത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു രാഷ്ട്രത്തിെൻറ കച്ചിത്തുമ്പുപിടിത്തംപോലെ നമ്മൾ സാധാരണക്കാർ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കുമെല്ലം ഇടയിൽ സൃഷ്ടിക്കപ്പെടുന്ന ദ്വൈതാതിർത്തികളെ ഏതുവിധവും കീറിമുറിക്കണം. അതിനുവേണ്ടി ഗുരുവിലെ ഇസ്ലാമിനെയും ഇസ്ലാമിലെ ഗുരുവിനെയും ഉച്ചൈസ്തരം പ്രഘോഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.