1949 ഡിസംബർ 22; ആരും പറയാത്ത ഇസ്മാഈലിന്റെ കഥ
text_fieldsപള്ളിയുടെ ഇരുണ്ട മൂലകളിലൊന്നില്‍ കുറച്ചുനിമിഷങ്ങള്‍ അദ്ദേഹം പതുങ്ങിയിരുന്നു. തനിക്കു മുന്നിലൂടെ നീങ്ങുന്ന നിഴലുകളെ ഭീതിയോടെ തുറിച്ചുനോക്കി. മുന്നില്‍ നടക്കുന്ന സന്യാസി എന്തോ മുറുക്കെ പിടിച്ചിട്ടുണ്ട്. ഇരുളിലൂടെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു വിഗ്രഹമാണതെന്ന് വ്യക്തമായി. ഇസ്മാഈലിന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്പിണര് പാഞ്ഞു. വിഭ്രാന്തിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഇസ്മാഈല്‍ ഒരു ഭൂതാവേശിതനെപ്പോലെ മുന്നോട്ടുകുതിച്ചു
ബാബരി മസ്ജിദിന്റെ നാലര നൂറ്റാണ്ടുകാലത്തെ സംഭവബഹുലമായ ചരിത്രത്തിനുനേരെ വാതില്‍ കൊട്ടിയടച്ച് മുഹമ്മദ് ഇസ്മാഈല്‍ ഉറങ്ങാന്‍ പോയി. വാതിലിനപ്പുറത്ത് അവസാന വിശ്വാസിയും പള്ളിവളപ്പ് കടന്ന് വീടുകളിലേക്കു മടങ്ങി. ഇശാ നമസ്കാരാനന്തരം പള്ളി അങ്ങനെ വിജനമായി. ഗേറ്റില്‍ തനിച്ചായ പൊലീസുകാരന് നിഗൂഢമായ മയക്കത്തിലേക്കു വഴുതി.
പള്ളിക്കുള്ളിലെ വിളക്കുകളെല്ലാം അണച്ച് മുഅദ്ദിന് മുഹമ്മദ് ഇസ്മാഈല്‍ തന്റെ കിടക്ക തട്ടിക്കുടഞ്ഞ് വലിച്ചിട്ടു. ഉയരംകുറഞ്ഞ, ഉറച്ച ശരീരമുള്ള ഒരു കറുമ്പനാണ് അദ്ദേഹം. നീണ്ട കുര്‍ത്തയും ലുങ്കിയുമാണ് പതിവുവേഷം. വര്‍ഷങ്ങളായി ബാബരി മസ്ജിദിന്റെ മിനാരങ്ങളില്‍നിന്ന് പ്രതിധ്വനിക്കുന്ന ബാങ്ക് വിളി ശബ്ദത്തിന്റെ ഉടമ അദ്ദേഹമാണ്. അയോധ്യക്കു മേല്‍ മൂടല്‍മഞ്ഞിന്റെ ഇരുള്‍കമ്പളം വീണു. സൂചികുത്തുന്ന തണുപ്പില്‍ മൂടിപ്പുതച്ച് ഇസ്മാഈല്‍ ഉറക്കമായി.
പുറത്ത്, പള്ളിവളപ്പിന് വാരകള്‍ അകലെ ചിലര്‍ ഉണര്‍ന്നിരിക്കുകയാണ്. നേരം അര്‍ധരാത്രിയോട് അടുക്കുന്നു. എന്തോ ഭാരമുള്ളത് വന്നുവീഴുന്നതുപോലുള്ള ശബ്ദം കേട്ട് ഇസ്മായില്‍ ഞെട്ടിയുണര്‍ന്നു. ഒരിക്കലും അവസാനിക്കാത്ത കാളരാത്രിയിലേക്കാണ് താന്‍ കണ്മിഴിക്കുന്നതെന്ന് ഇസ്മാഈല്‍ ഓര്‍ത്തില്ല.
ശ്രദ്ധിച്ചപ്പോള്‍ അതൊരു കാലടിശബ്ദമാണ്. അതിലൊരു അസാധാരണത്വമുണ്ട്. ആരാണ് ഈ നേരത്ത് പള്ളിക്കുള്ളില്‍. ഇസ്മാഈല്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നോക്കി. ചെങ്കല്ലുപാകിയ നടവഴിയിലൂടെ ഒരു സംഘം പള്ളിയിലേക്ക് നടന്നടുക്കുകയാണ്.
പള്ളിക്കെതിരായ ഗൂഢാലോചനകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ഇസ്മാഈല്‍ ചകിതനായി. പള്ളിയുടെ ഇരുണ്ട മൂലകളിലൊന്നില്‍ കുറച്ചുനിമിഷങ്ങള്‍ അദ്ദേഹം പതുങ്ങിയിരുന്നു. തനിക്കു മുന്നിലൂടെ നീങ്ങുന്ന നിഴലുകളെ ഭീതിയോടെ തുറിച്ചുനോക്കി. 1934ലെ കലാപ സമയത്തുപോലും ഇസ്മാഈല്‍ ഇത്ര പേടിച്ചിട്ടില്ല. അന്നാണ് പള്ളി ആക്രമിക്കപ്പെട്ടതും മിനാരങ്ങള്‍ ഭാഗികമായി തകര്‍ത്തതും.
ഒരു മിനാരത്തില്‍ വലിയൊരു ദ്വാരംതന്നെ സൃഷ്ടിക്കപ്പെട്ടു. സമീപ ഗ്രാമത്തില്‍ വലിയപെരുന്നാളിന് പശുവിനെ കശാപ്പുചെയ്തെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് അന്ന് ജനക്കൂട്ടം പള്ളി ആക്രമിച്ചത്. അന്നത്തെപ്പോലെ വലിയൊരു ജനക്കൂട്ടമല്ലെങ്കില്കൂടി അപകടഭീഷണി ചെറുതല്ലെന്ന് ഇസ്മാഈലിന്റെ മനസ്സ് പറഞ്ഞു.
മുന്നില്‍ നടക്കുന്ന സന്യാസി എന്തോ മുറുക്കെ പിടിച്ചിട്ടുണ്ട്. ഇരുളിലൂടെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു വിഗ്രഹമാണതെന്ന് വ്യക്തമായി. ഇസ്മാഈലിന്റെ നട്ടെല്ലിലൂടെ ഒരു മിന്നല്പിണര് പാഞ്ഞു. വിഭ്രാന്തിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഇസ്മാഈല്‍ ഒരു ഭൂതാവേശിതനെപ്പോലെ മുന്നോട്ടുകുതിച്ചു. വിഗ്രഹവുമായി മുന്നില്‍ നടന്ന അഭിറാം ദാസിനെ പിറകില്‍നിന്ന് കടന്നുപിടിച്ചു. പിടിവലിയായി.
കുതറിമാറിയ അഭിറാം ദാസും സഹായികളും ഇസ്മാഈലിനുനേരെ തിരിഞ്ഞു. അഭിറാം ദാസിന്റെ കൈയില്‍ നിന്ന് ഇസ്മായില്‍ വിഗ്രഹം ഏതാണ്ട് പിടിച്ചെടുത്തതാണ്. അപ്പോഴേക്കും പിറകില്‍നിന്ന് അടിവീണു. നാലുപാടുനിന്നും നിരവധി കരങ്ങൾ ഇസ്മാഈലിന്റെ ശരീരത്തില്‍ മേഞ്ഞുനടന്നു. അടിതെറ്റി ഒടുവില്‍ ഇസ്മാഈല്‍ നിലത്തുവീണു. ചെരിപ്പിട്ടതും നഗ്നവുമായ കാലുകള്‍ തലമുതല്‍ പാദം വരെ ആഞ്ഞുപതിച്ചു.
മര്‍ദനത്തിന്റെ ഇടവേളകളിലൊന്നില്‍ ആക്രമിസംഘത്തിന്റെ പിടിയില്‍നിന്ന് ഇസ്മാഈല്‍ കുതറിമാറി. വാതില്‍ക്കലേക്ക് ഓടി. സംഘം പിറകേ. ഗേറ്റ് കടന്ന് ഇസ്മാഈല്‍ ജീവനുംകൊണ്ടു പാഞ്ഞു. ബാബരി മസ്ജിദിന്റെ കവാടം കടന്ന് ഇരുളിലേക്ക് ഇസ്മാഈല്‍ പാഞ്ഞു. ഇനിയൊരിക്കലും മടങ്ങിവരാനാകില്ലെന്ന് തിരിച്ചറിയാതെ. ഓരോ കാലടിപ്പാടിലും രക്തം ഇറ്റിച്ച് ചതക്കപ്പെട്ട ഒരു കരിമ്പിന്തണ്ടുപോലെ ഇസ്മാഈല്‍ ബാബരി മസ്ജിദിന്റെ ചരിത്രത്തില്‍നിന്ന് നിഷ്ക്രമിച്ചു.
രണ്ടു മണിക്കൂറിലേറെ നിര്‍ത്താതെ ഓടിയ ഇസ്മാഈല്‍, ഫൈസാബാദിന്റെ പ്രാന്തപ്രദേശത്തെ തന്റെ ഗ്രാമമായ പഹാര്‍ഗഞ്ച് ഗോസിയാനയിലെത്തിയാണ് നിന്നത്. ഇസ്മാഈല്‍ പറഞ്ഞ കഥ കേട്ട് ഗ്രാമവാസികള്‍ ഞെട്ടിത്തരിച്ചു. പക്ഷേ, അവര്‍ നിസ്സഹായരായിരുന്നു. ജീവച്ഛവമായ ഇസ്മാഈലിന് അവര്‍ പ്രഥമശുശ്രൂഷ നല്കി.
ക്രമേണ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. ബാബരി മസ്ജിദിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് വ്യക്തമായതോടെ ഗ്രാമത്തിലെ ചെറിയൊരു പള്ളിയില്‍ മുഅദ്ദിനായി ജോലി തുടങ്ങി. 1980കളുടെ തുടക്കത്തില്‍ മരണം വന്ന് വിളിക്കുംവരെ കാലം മായ്ക്കാത്ത മുറിവുകളുടെ വേദനയോട് മല്ലിട്ട് അവിടെ അദ്ദേഹം കഴിഞ്ഞുകൂടി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതി നിര്‍ണായകമായ ഒരു മുഹൂര്‍ത്തത്തിന്റെ അപൂര്‍വം ദൃക്സാക്ഷികളിലൊരാളായിരുന്ന ഇസ്മായില്‍ ശിഷ്ടജീവിതം ഏതാണ്ടൊരു അജ്ഞാതവാസത്തിലെന്നപോലെയാണ് കഴിച്ചുകൂട്ടിയത്. ഒരു കോടതിയും സാക്ഷി പറയാന്‍ അദ്ദേഹത്തെ വിളിച്ചില്ല. ഒരു മാധ്യമപ്രവര്‍ത്തകനും ആ ഗംഭീര ‘സ്റ്റോറി’യെ അന്വേഷിച്ചുപോയില്ല. ഒരു സംഘടനയും ആ ‘ഇര’യെ ആദരിച്ചുമില്ല.
അവലംബം: AYODHYA THE DARK NIGHT, Dhirendra K Jha / Krishna Jha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.