ഗസ്സയിലെ ആ ആശുപത്രികൾ ഇന്നില്ല
text_fieldsഒക്ടോബർ ഒമ്പതിന് പുലർച്ചയാണ് ഞാൻ റഫയിൽ എത്തുന്നത്. ശക്തമായ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയും ഗസ്സ സിറ്റിയിലെ വീട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത ദിവസം ജോലിക്കായി ബന്ധുവിനൊപ്പം അൽശിഫ ആശുപത്രിയിലേക്ക് നടന്നെത്തി. 43 നാൾ നീളുന്ന ഭീകരാനുഭവങ്ങളുടെ നാന്ദി കുറിക്കുകയാണിവിടെയെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. ആ 43 നാളുകളിലും ഹോസ്പിറ്റലുകൾ പലതിലൂടെയായിരുന്നു എന്റെ യാത്ര. ആംഗ്ലിക്കൻ ചർച്ചിന്റെ മേൽനോട്ടത്തിലുള്ള, 1882ൽ സ്ഥാപിതമായ ഗസ്സയിലെ ഏറ്റവും പഴക്കമുള്ള അൽ അഹ്ലി (ബാപ്റ്റിസ്റ്റ്) ആശുപത്രിയിലും ഞാൻ പോയിരുന്നു.
ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ ഭീഷണിയെത്തി. എന്നാൽ, രോഗികളെ അവിടെ വിട്ട് ഒഴിഞ്ഞുപോകേണ്ടന്നായിരുന്നു ഡോക്ടർമാരുടെയും ജീവനക്കാരുടെയും തീരുമാനം. ഒക്ടോബർ 17ന് ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു ഞാൻ. അപ്പോഴാണ്, കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു മിസൈൽ വന്നുപതിക്കുന്നത്. തൊട്ടുപിറകെ, അത്യുഗ്രമായ സ്ഫോടനവുമുണ്ടായി. ഞാൻ ഇടനാഴിയിലേക്ക് കടന്നതും ആശുപത്രി മുറ്റം തീഗോളമായി കത്തിപ്പടരുന്നതായിരുന്നു കാഴ്ച.
അവിടെ കിടന്ന ആംബുലൻസുകളും കാറുകളുമടക്കം അഗ്നി വിഴുങ്ങുകയാണ്. ഒരാളുടെ കഴുത്തിൽനിന്ന് ശക്തമായി രക്തം ചാലിട്ടൊഴുകുന്നു. ആംബുലൻസ് എത്തുംവരെ മുറിവിൽ ഞാൻ കൈയമർത്തിപ്പിടിച്ചു. അൽശിഫ ആശുപത്രിയായിരുന്നു ലക്ഷ്യം. അൽപം കഴിഞ്ഞ് ഞങ്ങൾ അൽ അഹ്ലി മുറ്റത്ത് നടക്കുമ്പോൾ കണ്ടത് നിറയെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും. ഒരു കൊച്ചുകുഞ്ഞിന്റെ കുഞ്ഞുകരവുമുണ്ടായിരുന്നു അതിൽ.
ബ്രിട്ടനുമായി ബന്ധമുള്ളതായിട്ടും ഇവിടം ആക്രമിക്കപ്പെടില്ലെന്ന് ഇംഗ്ലണ്ടിലെ ബിഷപ് ഉറപ്പുനൽകിയിട്ടും അൽ അഹ്ലിക്കുമേലും മിസൈൽ വീണു. ഇനി വരാനിരിക്കുന്ന ഭീകരതകളുടെ, അഥവാ ഗസ്സയുടെ ആരോഗ്യ പരിചരണം അപ്പാടെ തകർത്തുകളയുംവരെ പൂർണ യുദ്ധമാണ് ഇസ്രായേൽ നയമെന്ന സൂചനയായിരുന്നു അത്. അൽ അഹ്ലി ആക്രമിക്കപ്പെട്ടിട്ടും ഒരാളും പ്രതിപ്പട്ടികയിൽ കയറിയില്ല. കുത്തനെ എഴുന്നുനിന്ന അധികാര ബിംബങ്ങൾ അതിദ്രുതം തകർന്നുവീഴാൻ തുടങ്ങി. ഒന്നിനുപിറകെ ഒന്നായി ആശുപത്രികൾ ആക്രമിക്കപ്പെട്ടു. ആസൂത്രിതമാണ് ഓരോ ആക്രമണവുമെന്ന് സുവിദിതമായിരുന്നു.
വളരെ പെട്ടെന്ന് മോർഫിനും കെറ്റാമിനും സ്റ്റോക്ക് തീർന്നു. വേദനസംഹാരിയായി മറ്റൊന്നും ലഭ്യമല്ലാത്തതിനാൽ പാരസെറ്റമോൾ മാത്രമായി പിന്നെ ആശ്രയം. പതിനായിരക്കണക്കിന് കുരുന്നുകളടക്കം ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ ഇരകൾ ശസ്ത്രക്രിയക്ക് വിധേയരായത് അനസ്തേഷ്യയില്ലാതെയായിരുന്നു. നിങ്ങളുടെ കൈകൾ നൽകുന്ന കടുത്ത വേദന താങ്ങാനാകാതെ കുരുന്നുകൾ ആർത്തുകരയുന്നത് ശരിക്കും ഹൃദയഭേദകമാണ്, അതുകൊണ്ടേ അവരുടെ ജീവൻ ബാക്കിയാകൂ എന്നാകിലും.
ഒമ്പത് വയസ്സ് മാത്രമുള്ള ഒരു കുഞ്ഞ് വല്ലാതെ നോവ് പടർത്തി. ശരീരം നിറയെ വെടിയുണ്ടകളായിരുന്നു അവൾക്ക്. ഞാനാണ് അവളുടെ ശസ്ത്രക്രിയ നടത്തിയത്. ഓരോ 36 മണിക്കൂറിലും അണുമുക്തമാക്കിയില്ലെങ്കിൽ അവളുടെ ജീവൻ നിലനിർത്താനാവില്ലായിരുന്നു. അത് നടക്കാത്തതിനാൽ ശരീരതാപം ഉയരുകയാണെന്നും പതിയെ അവൾ മരണം മുഖാമുഖം കാണുകയാണെന്നും ഞാൻ പിതാവിനോട് പറഞ്ഞു. മോർഫിനും കെറ്റാമിനും ഇല്ലാത്തതിനാൽ ഏക പോംവഴി ഓരോ മുറിവും അണുമുക്തമാക്കലായിരുന്നു. അതാകട്ടെ, കൊടുംവേദന നൽകുന്നതും. ഓരോ തവണയും അത് ചെയ്യുമ്പോൾ അവൾ വേദനയാൽ പുളഞ്ഞു. ആർത്തുകരഞ്ഞു. പിതാവും കൂടെ കരഞ്ഞു. എനിക്കും കണ്ണീരടക്കാനായില്ല.
രാസായുധപ്രയോഗം മൂലം മുറിവുപറ്റിയ നിരവധി പേരെയാണ് ഞാൻ ചികിത്സിച്ചത്. രാസ ബോംബുകൾ ശരിക്കും മനുഷ്യശരീരത്തെ സ്വിസ് പാൽക്കടി പോലെയാക്കും. ശരീരത്തിലെ ഓക്സിജൻ സ്പർശമേൽക്കുംവരെ അത് ജ്വലിച്ചുകൊണ്ടിരിക്കും. ഓക്സിജൻ കൂടിയാലോ ജ്വലനം കൂടും. ഞാൻ ആദ്യം ചികിത്സിച്ച 13കാരനായ ബാലന് ഇങ്ങനെ രാസായുധ മുറിവുകൾ അവന്റെ എല്ലുകൾ തൊട്ടിരുന്നു. തുടക്കത്തിലേ, ഒരു വലിയ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു- എത്തുന്ന പരിക്കേറ്റവരിൽ ഏറെ പേരും ചികിത്സ ഫലിക്കുംമുമ്പ് മരണം വരിക്കാനുള്ളവരാണെന്ന്.
അവിടം വിട്ടുപോരുകയെന്നത് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും കടുത്ത തീരുമാനമായിരുന്നു. എന്നാൽ, വടക്കൻ ഗസ്സയിൽ ശസ്ത്രക്രിയകൾ നടക്കില്ലെന്നായപ്പോൾ തെക്കോട്ട് വരാൻ തീരുമാനിച്ചു. അവിടെയെങ്കിലും ശസ്ത്രക്രിയ മുറികൾ പ്രവർത്തനക്ഷമമായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ, ആറുമണിക്കൂർ തുടർച്ചയായി നടന്നു. വഴിയിലുടനീളം ഞെട്ടിക്കുന്നതായിരുന്നു മഹാനാശത്തിന്റെ കാഴ്ചകൾ. നിറയെ മൃതശരീരങ്ങൾ, ശരീരഭാഗങ്ങൾ... ഞാൻ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെത്തിയപ്പോൾ അവിടം അൽപം മെച്ചമാണ് സ്ഥിതിയെന്ന് കണ്ടു. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരുണ്ട്, പക്ഷേ, ആവശ്യമായ ഉപകരണങ്ങളാണ് കുറവ്. ആശുപത്രികൾ പ്രവർത്തനക്ഷമമല്ലെന്ന് ബോധ്യമായതോടെ, ഗസ്സയിൽ ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിലെത്തി.
ഇന്നിപ്പോൾ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ് ഞാൻ. അവിടെ കണ്ട രോഗികളാണിപ്പോഴും കണ്ണുനിറയെ. അവരുടെ മുഖങ്ങൾ, പേരുകൾ, അവരുമായി നടത്തിയ ആശയവിനിമയങ്ങൾ... എല്ലാം. മനസ്സിപ്പോഴും ചോദിക്കുന്നത് അവർ ജീവനോടെയുണ്ടോയെന്നാണ്. അതോ, മുറിവുകൾ അവരെ മരണത്തിന് വിട്ടുകൊടുത്തോ? അതല്ല, കൊടും പട്ടിണിയിൽ വീണുപോയിട്ടുണ്ടാകുമോ? ആറു മക്കളെ ഒന്നിച്ച് ശസ്ത്രക്രിയ നടത്തിയ ദിവസം ഓർത്തുപോവുകയാണ്. മണിക്കൂറുകൾ മുമ്പുവരെ ഒന്നിച്ച് ജോലി ചെയ്ത സഹപ്രവർത്തകർ കൊല്ലപ്പെട്ട വാർത്തകളാണ് ചിലപ്പോൾ ഞെട്ടലായെത്തുക.
200 നാൾ പിന്നിട്ട വംശഹത്യക്കൊടുവിലും ഞാൻ ചിന്തിച്ചുപോകുന്നത് ഇതൊക്കെ മുമ്പും കഴിഞ്ഞുപോയതല്ലേ എന്നാണ്. അപ്പോഴാണ് അടുത്ത ഭീകരതയുടെ വാർത്തയെത്തുന്നത്. ആശുപത്രികൾ കൽക്കൂമ്പാരമാക്കപ്പെട്ടിരിക്കുന്നു. ഇസ്രായേൽ സേന അറുകൊല നടത്തിയ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടങ്ങളാണ് അവയിന്ന്. പലരും കൈകൾ പിറകോട്ട് കെട്ടിയ നിലയിലായിരുന്നു കൊലചെയ്യപ്പെട്ടത്. അൽശിഫ, നാസർ ആശുപത്രികളിൽ അവർ നടത്തിയ കൊടുംക്രൂരതകൾ ലോകം തത്സമയം കണ്ടതാണ്. എന്നിട്ടും ഇസ്രായേലിനെ ആരും പ്രതിചേർത്തില്ല. പകരം ലോകം നിശ്ശബ്ദമായി നോക്കിനിന്നു. രാജ്യങ്ങളും സ്ഥാപനങ്ങളും ഇസ്രായേലിനെ പിന്തുണച്ചും ന്യായീകരിച്ചും കൂടെനിന്നു. ഇപ്പോഴും എപ്പോഴും ആയുധങ്ങൾ നിർബാധം നൽകി.
ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയിലായിരുന്നു എന്റെ മെഡിക്കൽ വിദ്യാഭ്യാസം. വൈരുധ്യമാകാം, അവരാണ് ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്ന അക്കാദമിക രംഗത്തെ നിക്ഷേപകരിൽ പ്രധാനി. അങ്ങനെ ഞാൻ, പൂർവ വിദ്യാർഥിയെന്ന നിലക്ക് റെക്ടർ തസ്തികയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. 80 ശതമാനം വോട്ടോടെ ജയിക്കുകയും ചെയ്തു. യൂനിവേഴ്സിറ്റിയുടെ ഇസ്രായേൽപക്ഷ സമീപനം അവിടെ പഠിക്കുന്നവരുടെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു എന്റെ ജയം. സ്നേഹവും പിന്തുണയും തുളുമ്പിയൊഴുകുന്നതായിരുന്നു വിദ്യാർഥികളുടെ സമീപനം.
എന്നാൽ, എന്റെ ജയവും മാധ്യമങ്ങൾക്ക് മുന്നിലെത്തലും നീതി തേടിയുള്ള പോരാട്ടവും ആയതോടെ മറുവശത്ത് വിദ്വേഷ കാമ്പയിനുകളുടെ ഒഴുക്കായിരുന്നു. കള്ളപ്രചാരണങ്ങൾ പലത് നടന്നു. ജർമനിയിൽ പ്രവേശന വിലക്ക് വരെ വീണു. മൂന്നു മണിക്കൂർ ബന്ദിയാക്കപ്പെട്ടു. ഒടുവിൽ നാടുകടത്തി. ഒരു കോൺഫറൻസിൽ സംബന്ധിക്കാനായിരുന്നു ഞാൻ പോയത്. നാം ജീവിക്കുന്ന കാലത്തെ ഭീകരതയുടെ ആഴം ഇപ്പോഴും എനിക്കത്ര പിടികിട്ടുന്നില്ല. ടി.വിയിൽ തത്സമയ കാഴ്ചകളായി ഒരു വംശഹത്യ അരങ്ങേറുന്നു. അതും പല രാജ്യങ്ങൾ, രാഷ്ട്രീയക്കാർ, ബഹുമാന്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ.
34,000ത്തിലേറെ ഫലസ്തീനികളെ ഇസ്രായേൽ നിർദയം അറുകൊല നടത്തി. അതിലേറെ പേരുടെ അവയവങ്ങൾ ഛേദിക്കപ്പെട്ടു. ഗസ്സ കനത്ത ബോംബുവർഷത്തിൽ ചാരമാക്കപ്പെട്ടു. എന്നിട്ടും റഫയിൽ കരയാക്രമണം നടത്തുമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നു. അവിടം അഭയം പ്രാപിച്ച ലക്ഷങ്ങളെയാണ് അത് ബാധിക്കുക. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിരവധി കേസുകൾ ഇസ്രായേലിനെതിരെ പുരോഗമിക്കുന്നു. ഇത്രയൊക്കെയായിട്ടും ഇസ്രായേൽ പൂർണ നിരപരാധിത്വം ആസ്വദിക്കുന്നു.
ഗസ്സയിൽ സാധാരണ ജീവിതത്തിന്റെ സമസ്ത അടയാളങ്ങളും ഇസ്രായേൽ തുടച്ചുനീക്കി. സ്കൂളുകൾ, മസ്ജിദുകൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, ബേക്കറികൾ... എല്ലാം. ജീവകാരുണ്യ സഹായം മുടക്കി. വൈദ്യുതി നിഷേധിച്ചു. വെടിനിർത്തൽ വന്നാലും ജീവിതം സാധ്യമാകരുതെന്നാണ് ലക്ഷ്യമെന്ന് വ്യക്തം. അൽ ശിഫ ആശുപത്രിയിൽ ആദ്യം പ്രവേശിച്ച ഇസ്രായേൽ സൈനികർ ചെയ്തത് മെഡിക്കൽ ഉപകരണങ്ങളും യന്ത്രങ്ങളും തകർക്കലായിരുന്നു. ഇനി ആശുപത്രി പ്രവർത്തിക്കരുതെന്നായിരുന്നു ലക്ഷ്യം. ഇന്നിപ്പോൾ ആശുപത്രികൾ പോലുമില്ല.
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാകുമ്പോഴും ഗസ്സക്കായി പിടക്കുകയാണ് എന്റെ ഹൃദയം. അതിനാൽതന്നെ നീതിക്കും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും എന്റെ പോരാട്ടം തുടർന്നുകൊണ്ടിരിക്കും.
കടപ്പാട്: അൽജസീറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.