ഇസ്രായേലിന്റെ വംശഹത്യ പദ്ധതിയും പൊതു മലയാളിയും
text_fieldsമോദിയുടെ ഇസ്രായേൽ പിന്തുണക്ക് പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടെന്ന് കാണാതിരുന്നുകൂടാ. ഇപ്പോൾ ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങൾ ഹിന്ദുത്വത്തിന് എതിരെ തിരിഞ്ഞതും ബിഹാറിലെ നിധീഷ് കുമാർ സർക്കാർ ജാതി സർവേ ഫലം പുറത്തുവിട്ടതും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ കൈവരിച്ച മുന്നേറ്റവുമെല്ലാം മോദിയെയും കൂട്ടരെയും കുറച്ചൊന്നുമല്ല അന്ധാളിപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രതിസന്ധികളെ ഗതിമാറ്റിക്കൊണ്ട് ഇസ്ലാമോഫോബിയ ആളിക്കത്തിക്കാനാണ് അവർ ഈ അവസരം വിനിയോഗിക്കുന്നത്
ഒരു ജനതയുടെ നിലനിൽപിനെത്തന്നെ റദ്ദുചെയ്യുന്ന തരം അപ്പാർത്തീഡ് നടപ്പാക്കുന്ന ലോകത്തിലെ ഏറ്റവും വിധ്വംസകമായ ഭീകരവാദ രാഷ്ട്രമാണ് ഇസ്രായേൽ. കൊളോണിയലിസ്റ്റുകളുടെ വിഭജനതന്ത്രത്തിന്റെ സന്തതിയായി പിറന്നുവീണ അന്നുമുതൽ ഫലസ്തീൻ ജനതയുടെ വാസസ്ഥലങ്ങൾ കൈയേറുകയും അവരെ അഭയാർഥികളാക്കി മാറ്റുകയും മാത്രമല്ല, ആയുധശക്തികൊണ്ടും അല്ലാതെയും വംശഹത്യയിലേക്ക് തള്ളിയിടുകയുമാണ് ഇസ്രായേലി ഭരണവർഗം ചെയ്യുന്നത്.
ഇപ്രകാരം കാലങ്ങളായി തുടരുന്ന അതിക്രമങ്ങൾക്കും അന്യാധീനപ്പെടലിനുമെതിരെ ഫലസ്തീനിലെ അധിനിവേശ വിരുദ്ധ പോരാട്ട സംഘടനയായ ഹമാസിന്റെ നേതൃത്വത്തിൽ ഒക്ടോബർ ഏഴാം തീയതി ഒരു പ്രത്യാക്രമണമുണ്ടായി. അതിശക്തർ നടത്തുന്ന കടന്നാക്രമണങ്ങളോട് ദുർബലരുടെ ഭാഗത്തുനിന്നുണ്ടായ ചെറിയൊരു ചെറുത്തുനിൽപായിരുന്നു അത്.
ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ചാരസംഘടനയുള്ള, സകല സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും ബുദ്ധി ഉപദേശിക്കുകയും രഹസ്യായുധങ്ങൾ കൈമാറുകയും ചെയ്യുന്ന ഇസ്രായേലിലെ ഭരണവർഗത്തിന് വലിയ ആഘാതമാണ് ഇത് വരുത്തിവെച്ചത്. സയണിസ്റ്റുകൾ സ്വയം കൽപിച്ചിട്ടുള്ളതും മുതലാളിത്ത വംശീയ രാഷ്ട്രങ്ങൾ ആശീർവദിച്ചു അംഗീകരിച്ചിട്ടുള്ളതുമായ ‘ഇസ്രായേലിന്റെ ദൈവദത്തമായ പദവി’ തന്നെയാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിലൂടെ തകർന്നടിഞ്ഞത്.
പ്രത്യാക്രമണം ഉണ്ടായ അതേസമയം തന്നെ അമേരിക്കയും യൂറോപ്പിലെ പ്രധാന രാഷ്ട്ര മേധാവികളും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു; ആയുധങ്ങളും മറ്റിതര സഹായങ്ങളും നൽകി. മക് ഡൊണാൾഡ് പോലുള്ള കുത്തക കമ്പനികൾ ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷ്യവിതരണം ആരംഭിച്ചു. ഇതിനൊപ്പം ഫലസ്തീൻ ജനതയെയും മുസ്ലിം ലോകത്തെ ആകമാനവും പിശാചുവത്കരിച്ചുകൊണ്ടുള്ള വ്യാജ പ്രചാരണങ്ങളുടെ പെരുമഴയുമായി പാശ്ചാത്യ മാധ്യമങ്ങളും അവിടത്തെ അതിയാഥാസ്ഥിതികരും നവ നാസികളും രംഗത്തുവന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് അന്നേക്കന്ന് പിന്തുണയറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തോട് ഇന്ത്യ ഇതേവരെ പുലർത്തിപ്പോന്നിരുന്ന സഹഭാവത്തിൽനിന്നുള്ള വ്യതിചലനമായിരുന്നു മോദി പ്രഖ്യാപിച്ച പിന്തുണ. ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് പാശ്ചാത്യ ഭരണ മേധാവികൾക്കൊപ്പം മോദിയും പറഞ്ഞത്.
എന്നാൽ, പ്രതിരോധിക്കാനുള്ള അവകാശത്തെ എങ്ങനെയാണ് ഇസ്രായേൽ വിനിയോഗിക്കുന്നത്? ഗസ്സയിൽ വെള്ളവും വെളിച്ചവും ഭക്ഷണവും നിരോധിച്ചുകൊണ്ടുള്ള ഉപരോധമേർപ്പെടുത്തുകയാണവർ ചെയ്തത്. ഏറ്റവും നശീകരണശേഷിയുള്ള രാസായുധങ്ങൾ ജനങ്ങൾക്കുമേൽ പ്രയോഗിക്കുക, ആശുപത്രികൾ ബോംബിട്ടു തകർക്കുക, കുട്ടികളെയും ഗർഭിണികളെയും കൂട്ടക്കശാപ്പ് ചെയ്യുക മുതലായ, എല്ലാതരം അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റങ്ങൾ. ഫലസ്തീൻ ജനതയുടെ വംശഹത്യയാണ് അവർ ലക്ഷ്യമാക്കുന്നതെന്ന് പകൽപോലെ വ്യക്തം.
മോദിയുടെ ഇസ്രായേൽ പിന്തുണക്ക് പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടെന്ന് കാണാതിരുന്നുകൂടാ. ഇപ്പോൾ ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങൾ ഹിന്ദുത്വത്തിന് എതിരെ തിരിഞ്ഞതും, ബിഹാറിലെ നിധീഷ് കുമാർ സർക്കാർ ജാതി സർവേ ഫലം പുറത്തുവിട്ടതും, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ കൈവരിച്ച മുന്നേറ്റവുമെല്ലാം മോദിയെയും കൂട്ടരെയും കുറച്ചൊന്നുമല്ല അന്ധാളിപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രതിസന്ധികളെ ഗതിമാറ്റിക്കൊണ്ട് ഇസ്ലാമോഫോബിയ ആളിക്കത്തിക്കാനാണ് അവർ ഈ അവസരം വിനിയോഗിക്കുന്നത്.
തൽഫലമായി നാട്ടിലും വിദേശത്തുമുള്ള ഹിന്ദുത്വവാദികൾ ഫലസ്തീനിലെ മുസ്ലിം ജനത കൂട്ടക്കൊലക്ക് വിധേയമാകുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി. ചരിത്രകാരനും യൂനിവേഴ്സിറ്റി അധ്യാപകനുമായ ഒരേൽ ബെയ്ലിൻസൺ. ‘എക്സി’ലൂടെ ചൂണ്ടിക്കാട്ടിയത് നെതന്യാഹുവിനെ പിന്തുണക്കുന്ന കമന്റുകളെല്ലാം ഹിന്ദിയിലുള്ളതാണെന്നും രാജി ആവശ്യപ്പെടുന്നത് ഹീബ്രു ഭാഷയിലുമാണെന്നാണ്. പരിഹാസത്തിനപ്പുറം വസ്തുത തന്നെയാണിത്.
ഈ സാഹചര്യത്തെ മലയാളികളുടെ പൊതുഭാവുകത്വം എങ്ങനെയാണ് സമീപിച്ചതെന്ന അന്വേഷണവും പ്രസക്തമാണെന്നു തോന്നുന്നു. പൊതുവേ പുരോഗമന സമൂഹമെന്നും സോഷ്യലിസ്റ്റ് ചിന്തകൾക്കും അധിനിവേശവിരുദ്ധ മനോഭാവത്തിനും വേരോട്ടമുള്ള മണ്ണാണെന്നും അഭിമാനപ്പെടുന്ന കേരളീയ പൊതുമണ്ഡലം വളരെയധികം കുഴമറിഞ്ഞാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ ഉൾക്കൊണ്ടതെന്നാണ് ദൃശ്യപ്പെട്ടത്. ഇസ്രായേലിന്റെയും പാശ്ചാത്യ വംശീയ മുതലാളിത്ത ശക്തികളുടെയും വംശഹത്യ പദ്ധതിയെയും അവരുടെ ഭൗമ രാഷ്ട്രീയ നീക്കങ്ങളെയും ഒരുവിധത്തിലും അടയാളപ്പെടുത്താതെയാണ് പ്രമുഖ ചാനലുകളും മുഖ്യധാര മാധ്യമങ്ങളും ജനങ്ങൾക്കുമുന്നിൽ വിഷയമവതരിപ്പിച്ചത്.
കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി അധിനിവേശവിരുദ്ധ ചെറുത്തുനിൽപുകളെ ഉപാധികളില്ലാതെ പിന്തുണക്കുന്നതിനുപകരം, പരസ്പരവിരുദ്ധമായ നിലപാടുകളാണ് കേരളത്തിലെ ഇടതുപക്ഷ പൊതുബോധത്തിലും രൂപപ്പെട്ടത്. ചില ന്യൂനപക്ഷ പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റുകളിലെ ഒരു വിഭാഗവും ചില വിമത ബുദ്ധിജീവികളും ഒഴിച്ചാൽ കേരളത്തിലെ മാധ്യമവത്കൃത പൊതുമണ്ഡലം അപ്പാടെ ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശമെന്ന സാമ്രാജ്യത്വ പ്രചാരണത്തിൽ വീണുപോവുകയാണുണ്ടായത്. അതിനവർ പറയുന്ന ന്യായം, ഹമാസ് ഒരു മുസ്ലിം മതരാഷ്ട്രവാദ സംഘടനയാണെന്നതാണ്.
ഇക്കൂട്ടർ മറന്നുപോകുന്ന കാര്യം, അധിനിവേശവിരുദ്ധ മുന്നേറ്റമെന്നത് ഐക്യമുന്നണിയുടെ ഭാഗമായി ഉണ്ടാവുന്നതെന്നതാണ്. മുൻകാലങ്ങളിൽ സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും നേതൃത്വത്തിൽ നടന്ന അധിനിവേശവിരുദ്ധ സമരങ്ങളും സമൂഹങ്ങളിലെ വ്യത്യസ്തതകളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടവതന്നെയാണ്. കേവലമൊരു ഭീകരവാദ പ്രസ്ഥാനമല്ല, കമ്യൂണിസ്റ്റുകൾ അടക്കമുള്ളവർ ഉൾപ്പെടുന്ന ബഹുജന മുന്നണിയും കൂടിയാണ് ഫലസ്തീനിലെ പോരാട്ടങ്ങളുടെ മുൻനിരയിലുള്ളത്.
കേരളത്തെ സംബന്ധിച്ച് ഹിന്ദുത്വത്തിന്റെ ഉയർച്ചയെ ‘ഹിന്ദുമത രാഷ്ട്രവാദ’മായി തെറ്റിദ്ധരിച്ച് അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക പരിമിതിയും ഇവിടെ പ്രകടമാണ്. അതായത്, ഹിന്ദുത്വമെന്നത് ഹിന്ദുമത രാഷ്ട്രവാദമല്ലെന്നും അത് സങ്കുചിത ദേശീയതയിലും നവ ആഭിജാതരുടെ അധികാര തൃഷ്ണയിലും നിലനിൽക്കുന്ന ഫാഷിസ്റ്റ് ഘടകമാണെന്നും വ്യക്തമാണ്. എങ്കിലും കേരളത്തിലെ ഇടതുപക്ഷ സൈദ്ധാന്തികരും ബഹുജന നേതാക്കളും അതിനെ ഹിന്ദുമതരാഷ്ട്ര വാദമെന്നുതന്നെ ആവർത്തിച്ചുറപ്പിക്കുകയാണ് നിരന്തരമായി ചെയ്യുന്നത്. ഇതിലൂടെ ഹിന്ദു സമൂഹത്തിലെ അനേകം കീഴാളധാരകൾ അദൃശ്യമാകുന്നതിനൊപ്പം, ന്യൂനപക്ഷ പ്രസ്ഥാനത്തിലെയും അവരുടെ മതപരമായ സ്വത്വം നിലനിർത്താനുള്ള സമരങ്ങളെയും ഹിന്ദുമത രാഷ്ട്രവാദത്തിന്റെ നേർപകർച്ചയായി കാണേണ്ടിവരുന്നു എന്നതാണ് ഇവിടത്തെ സൈദ്ധാന്തിക പരിമിതി.
അതുകൊണ്ടാണ് കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ഭാഗമായി നിലനിന്നുകൊണ്ട് സോഷ്യൽ മീഡിയ ആക്ടിവിസം നടത്തുന്ന പ്രമുഖ സാംസ്കാരിക-മാധ്യമ പ്രവർത്തകരും ചില ബഹുജന നേതാക്കളും തുടക്കത്തിൽ ‘ഹമാസ് വെടി’ മുഖ്യ പ്രശ്നമായി ഉയർത്തിക്കാണിച്ചത്. എങ്കിലും ഇടതുപക്ഷത്ത് തന്നെയുള്ള ചില സുപ്രധാന വ്യക്തികളുടെ സമയോചിതമായ ഇടപെടലുകൾ മൂലവും, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉപാധികളില്ലാതെ ഫലസ്തീനിലെ പോരാട്ടത്തെ അംഗീകരിച്ചതും ബ്രസീൽ പോലുള്ള രാഷ്ട്രങ്ങളുടെ നിലപാടുകളും ഇടതുപക്ഷ പൊതുബോധത്തിലുണ്ടായ കടുത്ത വിള്ളലുകൾ കുറക്കാൻ സഹായകമായി മാറി.
മറ്റൊരു പൊതുബോധം ഉയർന്നുവന്നത് കേവല സമാധാനവാദികളിൽനിന്നുമാണ്. അമേരിക്ക എന്ന പ്രബല സാമ്രാജ്യത്വ ശക്തിയോടും ദർശനങ്ങളോടും ചെറുത്തുനിൽപ് നടത്തി വിജയം വരിച്ചതാണ് വിയറ്റ്നാം ജനത. വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധങ്ങൾക്കെതിരെ ‘ഒരു അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങളുടെ വിചാരണ കോടതി’ രൂപവത്കരിച്ചത് ബർട്രാൻഡ് റസ്സലിന്റെ നേതൃത്വത്തിലാണ്. കേവല സമാധാനവാദമല്ല യുദ്ധവിരുദ്ധ പ്രസ്ഥാനമെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ദുർബലരുടെ പക്ഷം പിടിക്കാതെയും സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ എതിർക്കാതെയും പോരാടാനുള്ള മൗലികമായ അവകാശത്തെ അംഗീകരിക്കാതെയുമുള്ള സമാധാനവാദം ശക്തരെ പിൻവാതിലിലൂടെ ന്യായീകരിക്കുന്നതിന് സമാനമാണെന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നാമതായി കാണപ്പെട്ട മറ്റൊരു കാര്യം; കേരളത്തിൽ പലപ്പോഴും ഒളിപ്പിച്ചുവെച്ചിരുന്ന ഇസ്ലാമോഫോബിയ മറനീങ്ങി പുറത്തുവന്നു എന്നതാണ്.
ഇസ്ലാമോഫോബിയയുടെ ഈ വളർച്ചയെ ഹിന്ദുത്വത്തെ മാത്രം പ്രതിസ്ഥാനത്തുനിർത്തി കണ്ടാൽ മതിയാവില്ല. മറിച്ച് വിദ്യാസമ്പന്നരായ മലയാളികൾക്കിടയിൽ തുടക്കത്തിൽ ഫാഷനായും കൗതുകമായും പടർന്നുകയറിയ നവ നാസ്തിക സംഘങ്ങൾ രൂപപ്പെടുത്തിയ ശാസ്ത്രീയ വംശീയ വാദത്തിലും ഇതിന്റെ വേരുകൾ കണ്ടെത്തേണ്ടതുണ്ട്. അധികാര വ്യവസ്ഥയുടെ സമവാക്യങ്ങളെയും ജാതി-മത-വർഗ ഘടകങ്ങളെയും പുറന്തള്ളിക്കൊണ്ട് ‘മതനിരാസത്തിലൂ’ന്നിയ ശാസ്ത്രീയത പറയുന്നു ഇക്കൂട്ടർ. കൃത്യമായും ഇസ്ലാമോഫോബിയയും കീഴാളവിരുദ്ധതയും സംവരണത്തോടുള്ള വെറുപ്പുമാണ് കേരളീയ പൊതുബോധത്തിൽ നിക്ഷേപിച്ചത്. ഹിന്ദുത്വവാദികൾക്കൊപ്പം തന്നെ ഇക്കൂട്ടരും ഫലസ്തീൻ ജനതയെ അവമതിക്കാൻ മുന്നിൽ നിൽക്കുന്നുണ്ടെന്നത് യാദൃച്ഛികമല്ല.
പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു കൂട്ടർ ചില അതിമൗലികവാദികളായ ക്രിസ്ത്യൻ സംഘങ്ങളാണ്. സാമ്രാജ്യത്വ വിധേയതയും ഹിന്ദുത്വ ദാസ്യവും മൂലധനമായിട്ടുള്ള ഇവരും ഫലസ്തീൻ വിഷയത്തിൽ ശക്തർക്കൊപ്പമാണ് നിലകൊള്ളുന്നത്.ഇത്തരത്തിലുള്ള രൂപവത്കരണങ്ങളെയും കൂടി അടയാളപ്പെടുത്തിക്കൊണ്ടാവണം അധിനിവേശവിരുദ്ധ മനോഭാവം വികസിപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.