തകർന്നുവീണത് ഇസ്രായേലിന്റെ സൈനികപ്പെരുമ
text_fieldsവമ്പൻ ദേശീയ സൈന്യങ്ങളോട് എതിരിട്ടപ്പോൾ പോലും നേരിടാത്തത്ര വലിയ തിരിച്ചടിയാണ് ഒക്ടോബർ ഏഴിനുണ്ടായത്
ഒക്ടോബർ ഏഴിന് പുലരിയിൽ ഗസ്സയിൽനിന്ന് നൂറുകണക്കിന് ഹമാസ് പ്രവർത്തകർ ഇസ്രായേലിന്റെ തെക്കൻ പട്ടണങ്ങളിലേക്ക് ഇരച്ചുകയറിയപ്പോൾ തകർന്നുവീണത് അതിർത്തിയിലെ ശതകോടി ഡോളറിന്റെ സുരക്ഷാവേലി മാത്രമായിരുന്നില്ല. ലോകത്തെ എന്നും വിസ്മയിപ്പിച്ച ഇസ്രായേലിന്റെ രഹസ്യാന്വേഷണ, സൈനികസംവിധാനങ്ങളുടെ പെരുമകൂടിയായിരുന്നു. മാസമൊന്ന് കഴിഞ്ഞിട്ടും അതിന്റെ ആഘാതത്തിൽനിന്ന് ഇസ്രായേൽ മുക്തമായിട്ടില്ല.
ഈ യുദ്ധം കഴിയുന്നതോടെ അതിന്റെ ആഘാതങ്ങൾ ഇസ്രായേലിന്റെ രാഷ്ട്രീയ, സൈനികരംഗങ്ങളിൽ അലയടിക്കുമെന്നുറപ്പാണ്. ആഭ്യന്തരമായി മാത്രമല്ല, നയതന്ത്രരംഗത്തുപോലും ബാധിക്കുകയും ചെയ്യും. യഥാർഥത്തിൽ വമ്പൻ ദേശീയ സൈന്യങ്ങളോട് എതിരിട്ടപ്പോൾ പോലും നേരിടാത്തത്ര വലിയ തിരിച്ചടിയാണ് ഒക്ടോബർ ഏഴിനുണ്ടായത്.
മരണസംഖ്യ ഏറിയത് മാത്രമല്ല, അതിർത്തികളുടെ നിയന്ത്രണം നഷ്ടമായി, ദിവസങ്ങളോളം സ്വന്തം ഭൂമിയിൽ യുദ്ധം ചെയ്യേണ്ടിവന്നതും വലിയ ക്ഷീണമായി. ’48ലെ ആദ്യ യുദ്ധത്തിന് ശേഷം ’67ൽ അറബ് സഖ്യസേനയെ തുരത്തി അതിർത്തികൾ വികസിപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞിരുന്നു.
’73ലെ യോം കിപ്പുർ യുദ്ധത്തിൽ ഈജിപ്തും സിറിയയും ആദ്യഘട്ടത്തിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ’67ൽ ഇസ്രായേൽ പിടിച്ചെടുത്ത മേഖലകളിലേക്ക് കടന്നുകയറാൻ മാത്രമേ അവരുടെ സൈന്യത്തിന് കഴിഞ്ഞിരുന്നുള്ളൂ. ഇസ്രായേലുമായുള്ള യുദ്ധങ്ങളിൽ കുറച്ചെങ്കിലും നേട്ടം അറബ് സേനകൾക്ക് അവകാശപ്പെടാനുള്ളതും ’73ൽ മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് ആക്രമണത്തിന് സൈനിക വീക്ഷണത്തിൽ പ്രാധാന്യം കൈവരുന്നത്.
ഹമാസ് ആക്രമണം ഉണ്ടാകുന്നതിനും മണിക്കൂറുകൾ മുമ്പേ ഗസ്സയിൽ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്നതിന്റെ സൂചനകൾ ഇസ്രായേലി ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻബെത്തിന്റെ ആസ്ഥാനത്ത് ലഭിച്ചിരുന്നതായി പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.
പക്ഷേ, ഹമാസിന്റെ പ്രഹരശേഷിയെ വല്ലാതെ കുറച്ചുകണ്ട ഷിൻബെത്ത് ഡയറക്ടർ റോനെൻ ബാർ അത് അവഗണിച്ചു. ഇസ്രായേൽ സൈന്യത്തിലെ കൗണ്ടർ ടെററിസം വിഭാഗത്തിന്റെ ഭാഗമായ ‘ടെക്വില ടീമി’ന്റെ ചെറിയൊരുസംഘത്തെ പ്രദേശത്തേക്ക് നിയോഗിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
പക്ഷേ, പ്രതീക്ഷകളൊക്കെ തെറ്റിച്ച് ഇരച്ചെത്തിയ ഹമാസ് സംഘത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അതു മതിയാകുമായിരുന്നില്ല. രണ്ടുവർഷത്തിലേറെയായി ഹമാസിന്റെ റേഡിയോ ശൃംഖലയിലുള്ള നിരീക്ഷണം അവസാനിപ്പിച്ചതും തിരിച്ചടിയായി. യുദ്ധാനന്തരമുള്ള പരിശോധനകളിൽ ഈ വിഷയങ്ങളൊക്കെ ഉയർന്നുവരുമെന്ന് ഉറപ്പാണ്.
പിന്നീട് സംഭവിച്ചതെന്ത്?
ഒക്ടോബർ ഏഴിന്റെ പകലിനുശേഷം ആക്രമണമേഖലകളിൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഒമ്പതിന് വൈകീട്ടോടെയാണ് മേഖലയുടെ സമ്പൂർണ നിയന്ത്രണം തിരിച്ചുപിടിച്ചുവെന്ന ഔദ്യോഗിക പ്രസ്താവന വരുന്നത്. തൊട്ടടുത്ത ദിവസം ഏതാനും മാധ്യമപ്രവർത്തകരെ പ്രദേശത്തേക്ക് സൈന്യം കൊണ്ടുപോകുകയും ചെയ്തു. ഇതിനിടയിൽ നടന്ന സംഭവങ്ങളിലാണ് വലിയ സംശയങ്ങൾ ഉന്നയിക്കപ്പെടുന്നത്.
ഇസ്രായേലിലേക്ക് കടന്ന 2000ത്തോളം വരുന്ന ഹമാസ് പ്രവർത്തകരെ എങ്ങനെ ഉന്മൂലനം ചെയ്തു, വിവിധ പട്ടണങ്ങളിലെ ബന്ദി പ്രതിസന്ധി എങ്ങനെ അവസാനിപ്പിച്ചു, സെദോർത് ഉൾപ്പെടെ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. യുദ്ധം പൂർണമായി അവസാനിച്ചാലും പുറത്തുവരാൻ ഇസ്രായേൽ താൽപര്യപ്പെടുന്ന വിവരങ്ങൾ മാത്രമേ പുറത്തെത്തൂ.
ഏതുവിധേനയും പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും എത്രയും വേഗം ബന്ദി പ്രതിസന്ധികൾ അവസാനിപ്പിക്കാനും രണ്ടും കൽപിച്ചുള്ള നടപടികൾക്ക് ഇസ്രായേൽ മുതിരുകയായിരുന്നുവത്രെ. അതിൽ സ്വന്തം പൗരൻമാരുടെ സുരക്ഷയിൽപോലും വിട്ടുവീഴ്ചക്കൊരുങ്ങി എന്നും ആക്ഷേപമുണ്ട്.
കരയാക്രമണത്തിലെ കെടുതികൾ
ഒക്ടോബർ 27ന് വൈകീട്ടോടെയാണ് വലിയതോതിലുള്ള കരയാക്രമണം ഇസ്രായേൽ ഗസ്സയിലേക്ക് തുടങ്ങിയത്. ഇന്റർനെറ്റും ഫോൺ കണക്ഷനും ഉൾപ്പെടെ സകല വിനിമയസംവിധാനങ്ങളും വിച്ഛേദിച്ചായിരുന്നു കൊടിയ ആക്രമണം. എന്താണ് ആ മണിക്കൂറുകളിൽ ഗസ്സയിൽ നടക്കുന്നതെന്നറിയാതെ ലോകം ആശങ്കപ്പെട്ടു. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും വരെ തകർന്നടിഞ്ഞു.
ജബലിയ അഭയാർഥി ക്യാമ്പിന് നേരെ നവംബർ ഒന്നിനുണ്ടായ ആക്രമണത്തിൽ 2000 പൗണ്ടിന്റെ കൂറ്റൻ ബോംബാണ് രണ്ടുതവണ വർഷിച്ചത്. വലിയതോതിൽ സിവിലിയൻ മരണങ്ങളുണ്ടാകുമെന്നതിനാൽ യു.എസ് ഉൾപ്പെടെ രാഷ്ട്രങ്ങൾ ഇത്തരം ബോംബുകൾ ഉപയോഗിക്കില്ലെന്ന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രായേൽ പക്ഷേ, കരാറിൽ ഒപ്പിട്ടിട്ടില്ല.
കരയാക്രമണത്തിൽ വലിയ ആൾനാശം ഇസ്രായേലി സൈന്യത്തിനും ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഹമാസുമായുള്ള പോരാട്ടത്തിൽ 30 സൈനികർ ഇതിനകം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ, കുറഞ്ഞത് 260 സൈനികർക്ക് പരിക്കേറ്റതായി പരോക്ഷമായി ഐ.ഡി.എഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) സമ്മതിക്കുന്നുണ്ട്.
ഐ.ഡി.എഫിന്റെ സ്പെഷൽ ടാക്ടിക്സ് റെസ്ക്യൂ ടീം ആയ ‘യൂനിറ്റ് 669’ന്റെ കാര്യക്ഷമതയെ വാഴ്ത്തുന്ന നവംബർ മൂന്നിലെ ഔദ്യോഗിക ട്വീറ്റിലാണ് 260 പേരെ യുദ്ധമുഖത്തുനിന്ന് ഒഴിപ്പിച്ചെടുത്തതായി സൂചിപ്പിക്കുന്നത്. ഹമാസിന്റെ ടണൽ സംവിധാനങ്ങളിൽനിന്ന് വലിയ പ്രതിരോധം നേരിടുന്നുണ്ടെങ്കിലും എല്ലാം നിയന്ത്രണത്തിലാണെന്ന സൂചന നൽകാനായി കഴിഞ്ഞദിവസം ഏതാനും മാധ്യമപ്രവർത്തകരെ ഗസ്സക്കുള്ളിലേക്ക് ഐ.ഡി.എഫ് കൊണ്ടുപോയിരുന്നു.
കൊടിയ പോരാട്ടം നടക്കുന്ന മേഖലകൾ ഒഴിവാക്കി, നിലവിൽ ‘സുരക്ഷിത’മാക്കിയ പ്രദേശങ്ങളിലേക്കാണ് ന്യൂയോർക് ടൈംസ് ലേഖകൻ റോനൻ ബർഗ്മാൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചത്. പക്ഷേ, ഗസ്സയിലെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുള്ള സൂചനകൾപ്രകാരം വളരെ സാവകാശത്തിലാണ് ഐ.ഡി.എഫിന്റെ മുന്നേറ്റം.
ഗസ്സ ആക്രമണം നാൾവഴി
- ഒക്ടോബർ 7: ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ഹമാസ് ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി മിന്നലാക്രമണം നടത്തി. ‘അൽ അഖ്സ ഫ്ലഡ്’ എന്ന പേരിൽ ആരംഭിച്ച ആക്രമണത്തിൽ 250ലേറെ മരണം. ഞെട്ടിത്തരിച്ച ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ ആദ്യ ദിനം 232 മരണം.
- ഒക്ടോബർ 8 : ഗസ്സക്കെതിരെ ഇസ്രായേലിന്റെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം.
- ഒക്ടോബർ 9: ഇസ്രായേൽ ഗസ്സക്കുമേൽ, ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി തടയുന്ന സമ്പൂർണ ഉപരോധം.
- ഒക്ടോബർ 10: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരിച്ചുവീണത് 140 കുഞ്ഞുങ്ങൾ. ആകെ മരണം 700.
- ഒക്ടോബർ 11: ഇന്ധനം തീർന്ന് ഗസ്സയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം നിലച്ച് ഗസ്സ ഇരുട്ടിൽ.
- ഒക്ടോബർ 12: ഒറ്റ ദിവസം ഗസ്സയിൽ 151ലേറെ മരണം. ആകെ മരണം 1448 ആയി. 6200 പേർക്ക് പരിക്ക്. ഇസ്രായേലിൽ മരണസംഖ്യ 1300.
- ഒക്ടോബർ 13: വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ താക്കീത്.
- ഒക്ടോബർ 17: ഗസ്സ അൽഅഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്ന് 471 പേർ മരിച്ചു. മരണം 3500 കവിഞ്ഞു.
- ഒക്ടോബർ 20: 1150ൽ സ്ഥാപിതമായ ഗ്രീക് ഓർത്തഡോക്സ് സെന്റ് പോർഫിറിയോസ് ചർച്ചും ചരിത്രപ്രാധാന്യമുള്ള അൽ ഉമരി പള്ളിയും ആക്രമണത്തിൽ തകർന്നു, 18 മരണം.
- ഒക്ടോബർ 21: സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് കൈറോ സമാധാന ഉച്ചകോടി.
- 24 മണിക്കൂറിനിടെ 345 മരണം. മൊത്തം മരണം 4385 ആയി. 20 ട്രക്കുകൾക്ക് റഫ അതിർത്തിയിൽ പ്രവേശനം.
- ഒക്ടോബർ 24: ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളിൽ 704 ഗസ്സ നിവാസികളെ കൊന്ന് ഇസ്രായേൽ.
- ഒക്ടോബർ 25: യു.എൻ രക്ഷാസമിതി മന്ത്രിതല യോഗത്തിലെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി.
- ഒക്ടോബർ 27: ഗസ്സയിൽ കനത്ത കരയാക്രമണം തുടങ്ങി ഇസ്രായേൽ.
- ഒക്ടോബർ 28: ഗസ്സയിലെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായി റദ്ദാക്കി ഇസ്രായേലിന്റെ വ്യോമാക്രമണവും കരയാക്രമണവും.
- ഒക്ടോബർ 30: ഖാൻ യൂനുസിൽ ബോംബിങ്ങിൽ 93 പേർ കൊല്ലപ്പെട്ടു.
- ഒക്ടോബർ 31: ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ തകർത്ത് ഇസ്രായേൽ നൂറിലേറെ ഫലസ്തീനികളെ കൊന്നു. ഇസ്രായേലിനെതിരെ യമൻ ഹൂതികളുടെ ആക്രമണം.
- നവംബർ 1: ജബലിയയിൽ വീണ്ടും ആക്രമണം. ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെ വധിച്ചു. കരയുദ്ധത്തിൽ 14 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു.
- നവംബർ 2: ജബലിയ ക്യാമ്പിൽ 200ലേറെ മരണം.
- നവംബർ 4: ഗസ്സയിൽ ജബലിയ അഭയാർഥി ക്യാമ്പിലെ യു.എൻ സ്കൂളിലും ഇസ്രായേൽ ബോംബാക്രമണം. 20 പേരുടെ മരണം സ്ഥിരീകരിച്ചു. മൊത്തം മരണസംഖ്യ 9488.
- നവംബർ 5: 24 മണിക്കൂറിനിടെ മൂന്ന് അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ ബോംബാക്രമണം. ഇതുവരെ 9770 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.