കസ്തൂരിരംഗൻ എന്ന പാഠപുസ്തകം
text_fieldsവിദ്യാഭ്യാസ ചട്ടക്കൂടുകളിലേക്ക് ആഴത്തിലിറങ്ങിച്ചെന്ന് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയ ശ്രദ്ധേയനും സമർഥനുമായ ശാസ്ത്രജ്ഞനായിരുന്നു പ്രഫസർ കൃഷ്ണസ്വാമി കസ്തൂരിരംഗൻ അഥവാ ഡോ. കസ്തൂരിരംഗൻ. രാജ്യ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാപ്രതിഭയുടെ വിയോഗം ഒരിക്കലും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ വളർന്നുവന്നവരാണ് ഞാനടക്കമുള്ള തലമുറ. അറിവിനായുള്ള അന്വേഷണത്തിനും രാജ്യത്തിന്റെ പുരോഗതിക്കായുള്ള അവയുടെ പ്രയോഗത്തിനും മുൻതൂക്കം നൽകിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഒടുവിൽ ഇവിടെ അവസാനിക്കുന്നു. ഈ ഘട്ടത്തിൽ ഡോ. കസ്തൂരിരംഗൻ എന്ന മഹാപ്രതിഭ രാജ്യത്തിനായി നൽകിയ എണ്ണമറ്റ നേട്ടങ്ങൾ ഒരു വരിയെങ്കിലും രേഖപ്പെടുത്താതെപോകുന്നത് ചരിത്രത്തോടും കാലത്തോടും അദ്ദേഹത്തോടുമുള്ള നീതിനിഷേധമാകും.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രണ്ടു വർഷം മുൻപ് സന്ദർശിച്ചപ്പോൾ
ബോംബെ സർവകലാശാലയിൽനിന്ന് എക്സ്പിരിമെന്റൽ ഹൈ എനർജി അസ്ട്രോണമിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ അക്കാദമിക വൈഭവം തുടക്കകാലത്ത് ബഹിരാകാശ പര്യവേക്ഷണമേഖലിൽ മികച്ച നേട്ടങ്ങൾ കൊയ്യാൻ രാജ്യത്തെ ഏറെ സഹായിച്ചിട്ടുണ്ട്. 1971ൽ അഹ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ഡോക്ടറേറ്റ് സ്വന്തമാക്കുന്നത്. ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്ററിൽ (ഇപ്പോൾ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ) ജോലി ചെയ്തിരുന്ന കാലത്ത്, ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ഇന്ത്യയുടെ റിമോട്ട് സെൻസിങ് പ്രോഗ്രാമിന്റെ വിപുലീകരണമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിലൊന്ന്. ഡോ. കസ്തൂരിരംഗന്റെ കാലത്ത് വിക്ഷേപിച്ച IRS-1C, IRS-1D പോലുള്ള ഉപഗ്രഹങ്ങൾ രാജ്യത്തെ കൃഷി, വനം, ജലവിഭവങ്ങൾ, നഗര ആസൂത്രണം മേഖലയിലെ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയത്. ബഹിരാകാശ ശാസ്ത്രം എങ്ങനെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. നൂതന സാങ്കേതികവിദ്യയും വികസനവും തമ്മിലുള്ള വിടവ് നികത്താൻ ഡോ. കസ്തൂരിരംഗന്റെ കാഴ്ചപ്പാടുകൾ രാജ്യത്തിന് സഹായമായി.
1990-2000 കാലഘട്ടത്തിൽ ബഹിരാകാശ പ്രവർത്തനങ്ങളുടെ ആഗോള വീക്ഷണങ്ങൾ കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. രണ്ടു പതിറ്റാണ്ടോളം ഇസ്രോയുടെ പ്രധാന സാറ്റലൈറ്റ് ടെക്നോളജി കേന്ദ്രമായ ഇസ്രോ സാറ്റലൈറ്റ് സെന്ററിന്റെ നട്ടെല്ലുതന്നെ ഡോ. കസ്തൂരിരംഗനായിരുന്നു.
1994 മുതൽ 2003 വരെ ബഹിരാകാശ വകുപ്പിന്റെ ചെയർമാനും സെക്രട്ടറിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ പുരോഗതിക്കും നിരവധി പ്രധാന ദൗത്യങ്ങൾക്കും രാജ്യം സാക്ഷ്യംവഹിച്ചു. ആശയവിനിമയത്തിനും കാലാവസ്ഥ ശാസ്ത്രത്തിനുമായി ഇൻസാറ്റ്, ഭൗമ നിരീക്ഷണത്തിനുള്ള ഐ.ആർ.എസ് തുടങ്ങിയ സുപ്രധാന ഉപഗ്രഹ പരമ്പരകളുടെ വിജയകരമായ വിക്ഷേപണത്തിനും അദ്ദേഹം നേതൃത്വം നൽകി. പി.എസ്.എൽ.വിയുടെ വിജയകരമായ കുതിപ്പിനും ജി.എസ്.എൽ.വിയുടെ പരീക്ഷണങ്ങൾക്കും ചുക്കാൻ പിടിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 വിഭാവനം ചെയ്തെന്നുകൂടി ഓർക്കുമ്പോൾ ആ ജീവിതത്തോട് എത്രമാത്രം രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാകും.
ബഹിരാകാശ സംഭാവനകൾക്ക് പുറമെ ഭാവിതലമുറക്കായി ഇന്ത്യയുടെ വിദ്യാഭ്യാസ, ശാസ്ത്ര നയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡോ. കസ്തൂരിരംഗൻ നിർണായക പങ്കുവഹിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020 രൂപവത്കരിക്കാന് നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. സമഗ്രമായ വികസനം, വിമർശനാത്മക ചിന്ത, സാങ്കേതികവിദ്യയുടെ സംയോജനം എന്നിവയിൽ ഊന്നൽ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം- 2020, രാജ്യത്തിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചിന്തയെ പ്രതിഫലിപ്പിക്കുന്നതാണ്.
മഹാന്മാർ വിതച്ച വിത്തുകൾ വലിയ വൃക്ഷങ്ങളായി വളർന്ന്, വരുംതലമുറകൾക്ക് തണലും ജീവനും പ്രദാനംചെയ്യാറുണ്ട്. അതുവഴി സമ്പന്നമായ ഒരു ആവാസവ്യവസ്ഥയും പാരമ്പര്യവും സൃഷ്ടിക്കപ്പെടുകയാണ് പതിവ്. ബഹിരാകാശത്തും വിദ്യാഭ്യാസത്തിലും ഡോ. കസ്തൂരിരംഗൻ ദീർഘവീക്ഷണത്തോടെ പാകിയ വിത്തുകൾ വരുംകാലങ്ങളിൽ വലിയ വൃക്ഷങ്ങളായി വളരുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറക്കുള്ള പാഠപുസ്തകമാണ്. ആ പുസ്തകം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാൻ വളർന്നുവരുന്ന തലമുറയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.