സർവകലാശാലകൾ തട്ടിപ്പുശാലകളാകരുത്
text_fieldsരണ്ടുവട്ടം തോറ്റ വിദ്യാർഥികൾ മൂന്നാമത് പരീക്ഷ എഴുതാനുള്ള ഫീസടക്കാൻ എത്തിയപ്പ ോൾ ‘നിങ്ങൾ ജയിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ച കേരള സർവകലാശാലയുടെ മായാജാലം സ ൃഷ്ടിച്ച അമ്പരപ്പിലാണ് നാട്. തോറ്റതിൽ സംശയമില്ലാതിരുന്ന കുട്ടികൾ ‘ഇല്ല, ഞങ്ങൾ ജയിച്ചിട്ടില്ല’ എന്ന് വാശിപിടിച്ച് തർക്കിച്ച സംഭവം ലോകത്ത് മറ്റേതെങ്കിലും സർവ കലാശാലയിൽ നടന്നതായി കേൾവിയില്ല. ആരെയും കൂസാതെ മാർക്ക് വാരിക്കോരി നൽകാൻ അധികാ രപ്പെട്ടവരാണ് തങ്ങളെന്ന ഒരു കോക്കസിെൻറ അഹന്തയാണ് ഈ തട്ടിപ്പിലൂടെ പ്രകടമായത ്. 75 മാർക്ക് മോഡറേഷൻ നൽകാനുള്ള പാസ്ബോർഡിെൻറ ശിപാർശ ചവറ്റുകൊട്ടയിലെറിഞ്ഞ് 132 മാർക്ക് നൽകിയ തിരിമറി സർവകലാശാല നിയമങ്ങളുടെ നേർക്ക് കാർക്കിച്ചുതുപ്പുന്നതായി. നീണ്ട മൂന്നുവർഷക്കാലം സർവസ്വാതന്ത്ര്യത്തോടെ 16 പരീക്ഷകളാണ് ഇവർ അട്ടിമറിച്ചത്. തട്ടിപ്പുവീരന്മാരെയോ കൂട്ടുകച്ചവടക്കാരെയോ ക്രിമിനൽ കേസ് ചാർജ് ചെയ്ത് അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടായില്ല.
സ്വർണക്കടത്ത്, കുത്തുകേസ് പ്രതികളുടെ വീടുകളിൽനിന്ന് മാർക്ക്ലിസ്റ്റുകളും ചോദ്യ-ഉത്തരക്കടലാസുകളും കണ്ടെടുത്തത് നാണക്കേടിെൻറ പരകോടിയാണ്. എന്നിട്ടും ഒരുളുപ്പുമില്ലാതെ തട്ടിപ്പുകളെ ന്യായീകരിക്കാൻ രാഷ്ട്രീയതിമിരം ബാധിച്ച ഭരണസമിതിക്കാർ നടത്തുന്ന മലക്കംമറിച്ചിലുകൾ സർവകലാശാലയുടെ ശേഷിച്ച മാനവും ഇല്ലാതാക്കിയേ അടങ്ങൂ എന്ന മട്ടിലായിരിക്കുന്നു. കുറ്റം മുഴുവൻ കമ്പ്യൂട്ടറിനുമേൽ ചാർത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢശ്രമങ്ങൾ അപഹാസ്യമാണ്. മേലധികാരികളുടെ അനുമതി കൂടാതെ പാസ്വേഡുകൾ യൂസർ ഐഡിയിൽ എങ്ങനെ കടന്നുകൂടി എന്ന ചോദ്യത്തിന് മനസ്സിലാകുന്ന ഭാഷയിൽ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിരഹസ്യമായി വെക്കേണ്ട യൂസർ ഐഡിയും പാസ്വേഡും അബദ്ധവശാൽ ലഭിച്ചെന്നു പറയുന്നത് ആരു വിശ്വസിക്കാനാണ്? 2019 വരെയുള്ള മാർക്ക്ലിസ്റ്റുകളും രേഖകളും കമ്പ്യൂട്ടറിൽനിന്ന് മായ്ച്ചുകളഞ്ഞത് തെളിവുകൾ നശിപ്പിക്കാനാണെന്ന് പറഞ്ഞു കേൾക്കുന്നു. കുത്തഴിഞ്ഞ രഹസ്യസ്വഭാവത്തിെൻറയും ഓഫിസ് ഭരണത്തിെൻറയും ശോച്യാവസ്ഥക്ക് ഇതിനപ്പുറം എന്തു തെളിവാണ് വേണ്ടത്?
മാർക്ക് തട്ടിപ്പ്, ചോദ്യ-ഉത്തരക്കടലാസ് ചോർച്ച, തോറ്റവരെ ജയിപ്പിക്കൽ, മാർക്ക്ലിസ്റ്റ് മോഷണം, തീയതി തിരുത്തി േചാദ്യപേപ്പർ വിതരണം, ആൾമാറാട്ടം എന്നിങ്ങനെ സാംസ്കാരിക കേരളത്തിന് അപമാനകരമായ വാർത്തകളുടെ കുത്തൊഴുക്കാണ് നമ്മുടെ സർവകലാശാലകളിൽനിന്ന് പ്രവഹിക്കുന്നത്. ഇക്കാര്യത്തിൽ പരസ്പര മത്സരമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനുമാകില്ല. ഉന്നത സരസ്വതീപീഠങ്ങളിൽ വ്യത്യസ്ത ശൈലികളിലായി അരങ്ങേറുന്ന തട്ടിപ്പുകൾ കണ്ടും കേട്ടും സമൂഹ മനഃസാക്ഷി മരവിച്ചിരിക്കുന്നു. ആർക്കും ആരുടെ മേലും നിയന്ത്രണമില്ലാത്ത നാഥനില്ലാക്കളരികളാണ് നമ്മുടെ സർവകലാശാലകളെന്നതിെൻറ നേർചിത്രമാണ് ഈ തിരിമറികളൊക്കെയും.
എം.ജിയിൽ മന്ത്രി നേരിട്ടാണ് മാർക്ക് ദാനം ചെയ്തതെങ്കിൽ കേരളയിൽ നടന്നത് തോന്നിയപോലുള്ള കൂട്ടദാനം. സാങ്കേതിക സർവകലാശാലയും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് തെളിയിച്ചു. ഒരു മാർക്കുപോലും മോഡറേഷനായി കൂടുതൽ നൽകാൻ മന്ത്രിക്കോ വി.സിക്കോ സിൻഡിക്കേറ്റിനോ അധികാരമില്ലെന്നിരിക്കെ നടത്തിയ ദാനങ്ങളൊക്കെയും നിയമങ്ങളെ പുച്ഛിക്കുന്നതായി. തനിക്ക് നന്മയുടെ ദുർബോധമുണ്ടാകുേമ്പാൾ നിയമം വഴിമാറണമെന്ന വകുപ്പുമന്ത്രിയുടെ ശാഠ്യം പരിധികളൊക്കെയും ലംഘിക്കപ്പെടുന്നതായി.
വിജ്ഞാനപ്രസരണം നടത്തേണ്ട സർവകലാശാലകൾ നേരിടുന്ന ധാർമികച്യുതി സാമൂഹിക-സാംസ്കാരിക ശോഷണങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. തട്ടിപ്പുകൾ പുറത്തായാൽ പേരിനൊരു അന്വേഷണം, അല്ലറ ചില്ലറ സസ്പെൻഷൻ, കൂട്ടത്തിൽ ചില ഇരിപ്പിടമാറ്റങ്ങൾ-ഇവിടംകൊണ്ട് അവസാനിക്കുന്നു കാര്യങ്ങൾ. കമ്പ്യൂട്ടറിനെ പ്രതിസ്ഥാനത്തു നിർത്തി യഥാർഥകുറ്റവാളികളെ രക്ഷിക്കുന്നതാണ് അന്വേഷണ പ്രഹസനമെങ്കിൽ അത് സർവകലാശാലയെ തകർച്ചയുടെ പൂർണതയിലെത്തിക്കുന്നതാകും. ഇപ്പോഴത്തെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു ദശാബ്ദക്കാലമായി നടത്തിയ പരീക്ഷകളൊെക്ക പരിശോധനക്കു വിധേയമാക്കിയുള്ള സമ്പൂർണ ശുദ്ധീകരണമാണ് അടിയന്തരമായി വേണ്ടത്.പ്രകടമായ രാഷ്ട്രീയവത്കരണം സർവകലാശാലകളുടെ അന്തഃസത്ത തകർക്കുന്നതായി. രാഷ്ട്രീയ സ്വാധീനവും യൂനിയൻ മേധാവിത്വവും ചിലർക്ക് എന്തുമാകാമെന്ന മനോഭാവത്തെ ദൃഢപ്പെടുത്തിയിരിക്കുന്നു. ഇതിെൻറ ഫലമായി വൈസ് ചാൻസലർ നോക്കുകുത്തിയും അദ്ദേഹത്തിെൻറ ഓഫിസിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരൻ കാര്യസ്ഥനുമാകുന്ന അവസ്ഥയിലേക്ക് സർവകലാശാലഭരണം കൂപ്പുകുത്തിയിരിക്കുന്നു. രാഷ്ട്രീയശക്തികൊണ്ട് ഗുമസ്തന്മാർപോലും സർവകലാശാലഭരണം ഹൈജാക്ക് ചെയ്യുേമ്പാൾ ഇതിനപ്പുറം നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്ര വലിയ കുറ്റങ്ങൾക്കും രക്ഷാകവചം തീർക്കുന്ന രാഷ്ട്രീയ മുഖംമൂടികൾ സർവകലാശാലകളുടെ ശാപമായിരിക്കുന്നു. വിദ്യാഭ്യാസം തോൽക്കുകയും രാഷ്ട്രീയം ജയിക്കുകയും ചെയ്യുന്ന സർവകലാശാലകൾ മഹാപ്രളയത്തേക്കാൾ വലിയ ആഘാതങ്ങളാണ് നാടിന് ഏൽപിക്കുന്നത്.
കാലത്തിനനുസരിച്ച സിലബസ് പരിഷ്കരണത്തിലും അക്കാദമിക് എക്സലൻസിയിലും വഴിമുട്ടിയ സർവകലാശാലകളുടെ പ്രവർത്തനം കേവലം പരീക്ഷനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഒതുങ്ങിയിരിക്കുന്നു. അതാകട്ടെ, പിഴകൾ നിറഞ്ഞതും. അക്കാദമിക് മികവിൽ പിറകിലും വിദ്യാഭ്യാസ കച്ചവടത്തിൽ മുന്നിലുമെന്ന കീർത്തിമുദ്രയാണ് ഇതരദേശങ്ങൾ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്മേൽ ചാർത്തിയിരിക്കുന്നത്. തുടർച്ചയായുള്ള സർവകലാശാലതട്ടിപ്പുകൾ ഇപ്പോൾ കൂനിന്മേൽ കുരുവായിരിക്കുന്നു. തൊഴിൽ-ഉപരിപഠന മേഖലകളിൽ വലിയതോതിലുള്ള അവസരനിഷേധത്തിന് ഈ തിരിമറികൾ വഴിയൊരുക്കുമെന്നതിൽ സംശയം വേണ്ട.
ഗുണപരമായ മാറ്റത്തിന് സർവകലാശാലകളുടെ ഭരണതലപ്പത്തും അക്കാദമിക് ഘടനയിലും സമ്പൂർണ അഴിച്ചുപണികൂടിയേ മതിയാകൂ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും പരീക്ഷാക്രമക്കേടുകളിലും മനംമടുത്ത് പ്രഗല്ഭരായ വിദ്യാർഥികൾ ഗവേഷണപഠനങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഇവരുടെ ബൗദ്ധികനേട്ടങ്ങൾ പ്രയോജനപ്പെടുത്തി അവർ വികസനക്കുതിപ്പ് നടത്തുേമ്പാൾ ഇവിടെ സർവകലാശാലകൾ തട്ടിപ്പുശാലകളായി മാറിക്കൊണ്ടിരിക്കുന്നു. പലവിധ മോഡറേഷനുകൾ വഴി വിജയശതമാനം പെരുപ്പിച്ചുകാട്ടുന്നതിലുപരി കാര്യക്ഷമതയിലും അക്കാദമിക നിലവാരത്തിലും വികസന രാജ്യങ്ങളിലെ ഏതെങ്കിലും ഒന്നാംകിട കോളജിനോടുപോലും കിടപിടിക്കാൻ നമ്മുടെ സർവകലാശാലകൾക്ക് മത്സരബുദ്ധിയുള്ള വിദ്യാർഥികളും യോഗ്യരായ അധ്യാപകരും വിഭവശേഷിയുള്ള സാധ്യതകളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് കഴിയാതെ പോകുന്നുവെന്നത് ആഴത്തിൽ പരിശോധിക്കപ്പെടണം.വൈസ്ചാൻസലർ കസേരയിലും ഭരണസമിതികളിലും ആശ്രിതന്മാരെ കുടിയിരുത്താനുള്ള വ്യഗ്രത അവസാനിപ്പിച്ച് അക്കാദമിക ഔന്നത്യത്തിനും ഭരണപരിചയത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുൻതൂക്കം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.