Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഞങ്ങള്‍ പെണ്ണുങ്ങള്‍...

ഞങ്ങള്‍ പെണ്ണുങ്ങള്‍ കുറ്റവാളി ഗോത്രമല്ല

text_fields
bookmark_border
ഞങ്ങള്‍ പെണ്ണുങ്ങള്‍ കുറ്റവാളി ഗോത്രമല്ല
cancel

നാലു പേരില്‍ ആരു ചെയ്തപ്പോഴാണ് ഏറ്റവും സുഖിച്ചത്? ഭാഗ്യലക്ഷ്മിയിലൂടെ പുറത്തുവന്ന വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട് പുറത്തത്തെിയ ഈ പൊലീസ് ചോദ്യം അത്ര വലിയ അദ്ഭുതമൊന്നും എന്നില്‍ ഉണ്ടാക്കിയില്ല. കാരണം, വര്‍ഷങ്ങള്‍ക്കു മുമ്പ് സിതാരയെഴുതിയ അഗ്നിയെന്ന ചെറുകഥ വായിച്ചപ്പോള്‍ ഇപ്പോള്‍ ഞെട്ടാത്ത ഞെട്ടലുകള്‍ അന്നേ തീര്‍ന്നു പോയിരുന്നു. തന്നെ ബലാത്സംഗം ചെയ്ത മൂന്നു പുരുഷന്മാരോട് ഒരു പെണ്‍കുട്ടി നീ പോരെന്നും നീ തരക്കേടില്ളെന്നുമൊക്കെ പറയുന്നു. ബലാത്സംഗം ഒരതിക്രമമാണെന്നാണ് എന്‍െറ പക്ഷം. അതിന് ലൈംഗികതയുമായി ഒരു ബന്ധവുമില്ല. സമ്മതമില്ലാതെ തന്‍െറ ശരീരത്തില്‍ കടന്നുകയറി അതിക്രമം കാണിച്ചവരോട് അതു തനിക്കു നല്‍കിയ സുഖത്തെപ്പറ്റി സംസാരിക്കുന്ന ഒരു പെണ്‍കുട്ടി സ്ത്രീവിമോചനത്തിന്‍െറ തീയായി വിലയിരുത്തപ്പെട്ടത് എന്നെ അന്നു വല്ലാതെ അദ്ഭുതപ്പെടുത്തിയിരുന്നു.

ബലാല്‍ ഭോഗിക്കുന്ന ഒരുത്തന് എന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനുമുള്ള ഏത് അധികം സാധ്യതയാണുള്ളത് എന്നത് ഒരിക്കലും മനസ്സിലായിട്ടില്ല. അതിന് ചാരിത്ര്യം, മാന്യത എന്നിവയുമായി ഒരു ബന്ധവുമില്ല. വേദനയാണത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്നോടുപയോഗിച്ച വാക്ക് ‘ഉപദ്രവിച്ചു’ എന്നായിരുന്നു. പൂച്ച എലിയെ ഓടിക്കുന്നതുപോലെ അയാള്‍ എന്നെ കട്ടിലിനു ചുറ്റുമിട്ട് ഓടിച്ചുവെന്നാണ് വിതുരയിലെ പെണ്‍കുട്ടി പറഞ്ഞത്. കേരള ഹൈകോടതി സൂര്യനെല്ലി പെണ്‍കുട്ടിക്ക് ലൈംഗികബന്ധത്തിനു സമ്മതമായിരുന്നുവെന്ന് കണ്ടത്തെി. കോട്ടയം പ്രത്യേക കോടതി വിതുര പെണ്‍കുട്ടിക്ക് വിസമ്മതം ഉണ്ടായിരുന്നുവെന്നു കണ്ടത്തൊനാകാതെ വിഷമിച്ചു. ഇപ്പോഴിതാ പേരാമംഗലത്തെ പൊലീസുകാരന്‍ അശ്ളീലഭാഷയില്‍ പെണ്‍കുട്ടിയെ ചോദ്യംചെയ്യുന്നു. കിട്ടിയ അടികളില്‍ ഏതടിയാണ് ഏറ്റവും സുഖകരമെന്ന് അടിമകളോട് യജമാനന്‍ ചോദിക്കുന്നതുപോലെയായിരുന്നു പൊലീസിന്‍െറ ചോദ്യം. ഒരുപക്ഷേ, പെണ്‍കുട്ടി ഇതു പറഞ്ഞു കരയുന്നത് അവള്‍ക്ക് രസികത്തം ഇല്ലാത്തതുകൊണ്ടാണ് എന്നു വരെ വിലയിരുത്തപ്പെട്ടേക്കാം.

കാരണം, ബലാല്‍ ഭോഗികള്‍ക്കും അതാഗ്രഹിക്കുന്നവര്‍ക്കും മുന്നില്‍ പുഞ്ചിരിയും കടക്കണ്ണുമായി നില്‍ക്കാനാണ് ചില വിമോചന വാദികളെങ്കിലും പെണ്‍കുട്ടികളോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് ബലാത്സംഗത്തില്‍ പെണ്ണിന് വേണമെങ്കില്‍ ആനന്ദിക്കാം, തുറിച്ചുനോട്ടത്തില്‍ അവര്‍ നിര്‍ബന്ധമായും ആനന്ദിക്കണം എന്നിങ്ങനെയുള്ള വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരപ്പെടുന്നു. ബലാത്സംഗത്തിന്‍െറ അവസാന നിമിഷത്തില്‍ ‘ഏകപക്ഷീയമല്ലാത്ത’ ഒരു സുഖം വാഗ്ദാനംചെയ്ത കഥയായിരുന്നു മേതിലിന്‍െറ ‘ഉടല്‍ ഒരു ചൂഴ്നില’. അന്നുതന്നെ ഏറെ വിമര്‍ശനങ്ങള്‍ അതിനെതിരെ ഉയര്‍ന്നുവന്നു. ‘ഈ ഉടലെന്നെ ചൂഴുമ്പോള്‍’ എന്ന മറുപടിക്കഥ സാറാ ജോസഫ് എഴുതി. അന്നത്തെ സ്ത്രീകള്‍ പലരും ഈദൃശവാദങ്ങളില്‍ ഒരപകടം മണത്തവരായിരുന്നു. അണിയറയില്‍ ബലാത്സംഗത്തിന് അനുകൂലമായി എന്തോ ഒരുങ്ങിവരുന്നുണ്ടെന്ന തോന്നല്‍ അന്നു ശക്തമായി. പുഴയിലൂടെ അത്ര വളരെ വെള്ളം ഒഴുകിപ്പോയില്ളെങ്കിലും കാലം മാറുകയായിരുന്നു. റെസ്പോണ്‍സിബിള്‍ ടൂറിസം പോലുള്ള ഒരു വികസന പദ്ധതി നടപ്പില്‍വന്നതിന്‍െറ പശ്ചാത്തലം അത്ര നിസ്സാരമായിരുന്നില്ല. അതിനു തക്കരീതിയില്‍ സ്ത്രീവിമോചന നിലപാടുകളെ മെരുക്കിയെടുക്കാനുള്ള ദൗത്യം ഒരു ആണ്‍കോയ്മാ സമൂഹം ഏറ്റെടുത്തതുകൂടിയാണ് നാം കണ്ടത്.

എത്രയോ തവണ പറഞ്ഞുകഴിഞ്ഞതാണ് ബലാത്സംഗത്തിനു പകരം ഉപയോഗിക്കാവുന്ന വാക്കല്ല ‘മാനഭംഗം’ എന്നത്. പെണ്ണിന്‍െറ മാനത്തിന് ഒരു ഭംഗവും സംഭവിക്കുന്നില്ല. മാനംകെട്ടവര്‍ അഥവാ നാണമില്ലാത്തവര്‍ ചെയ്യുന്ന ആ പണിക്ക് പെണ്ണല്ല വിലകൊടുക്കേണ്ടത്. അതു ചെയ്തവര്‍തന്നെയാണ്. സാംസ്കാരികമായ ആ വില ഈടാക്കലാണ് കേസുകളുടെ നിയമപരതയിലൂടെ നടക്കുന്നത്/ നടക്കേണ്ടത്. അപ്പോള്‍ മാത്രമാണ് നിയമങ്ങള്‍ നീതിക്കുവേണ്ടിയുള്ളതാവുക. ആ നിലക്ക് സമൂഹത്തെ സംസ്കാരസമ്പന്നമാക്കാന്‍ ചുമതലപ്പെട്ട സംവിധാനങ്ങളാണ് പൊലീസും ജുഡീഷ്യറിയും.

എന്നാല്‍, എന്താണ് കേരള പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്? സൂര്യനെല്ലി കേസ് തൊട്ടുള്ളവ പരിശോധിച്ചാല്‍ ഈ അലംഭാവത്തിന്‍െറ തോതു മനസ്സിലാവും. ഇരയോടു ചെയ്യുന്ന അനീതി സമൂഹത്തോടു ചെയ്യുന്ന അനീതിയാണെന്ന് കേരള പൊലീസ് ഇന്നും തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. കിളിരൂര്‍ കേസ് അന്വേഷണ സന്ദര്‍ഭത്തില്‍ പൊലീസ് ഡയറി സീല്‍ ചെയ്യാന്‍ ഹൈകോടതി തയാറായി. ഇന്നത്തെ അവസ്ഥ കുറേക്കൂടി സങ്കീര്‍ണമായിരിക്കുന്നു. പ്രമാദമായ ജിഷ കേസില്‍ കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സേന കാണിച്ചുകൂട്ടിയ അകൃത്യങ്ങള്‍ അന്നുതന്നെ വിമര്‍ശനവിധേയമായിരുന്നു. അനാഥമായ രണ്ടു ചെരിപ്പുകള്‍ കെട്ടിത്തൂക്കിയാണ് അമീറുല്‍ ഇസ്ലാമിലേക്ക് കേസ് എത്തിച്ചത്.

കഴിഞ്ഞ ആഗസ്റ്റ് 25ന് ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ കൃഷ്ണകുമാറെന്ന ഓട്ടോ ഡ്രൈവര്‍ മുഖ്യമന്ത്രിക്ക് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് സ്വയം ജീവനൊടുക്കാനിടയായ സാഹചര്യം സൃഷ്ടിച്ചത് തൃക്കുന്നപ്പുഴ പൊലീസായിരുന്നു. കേസന്വേഷണത്തിനു പോയിട്ട് പെണ്ണിനെ കയറിപ്പിടിക്കുന്ന അവസ്ഥവരെ എത്തുന്നു എന്നത് അത്ര നിസ്സാരമാണോ? അതും സാക്ഷാല്‍ പ്രതിപക്ഷ നേതാവിന്‍െറ മണ്ഡലത്തില്‍ത്തന്നെ! അതായത് മുന്‍ ആഭ്യന്തര മന്ത്രിയുടെ മണ്ഡലം!
ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍നിന്നോ പൊലീസില്‍നിന്നോ സംഭവിക്കുന്ന അവിചാരിതമായ അബദ്ധം എന്നനിലക്കല്ല ഇവയൊന്നും നടന്നത്. ഒറ്റപ്പെട്ട സംഭവങ്ങളല്ലതന്നെ ഇവയൊന്നും. കേരളത്തില്‍ പല പ്രദേശങ്ങളിലായി ചിതറിക്കിടക്കുകയാണ് പൊലീസ് സ്റ്റേഷനുകള്‍. വ്യത്യസ്ത സ്റ്റേഷനുകളിലെ പരസ്പരമറിയാത്ത പൊലീസുകാര്‍  സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഒരുപോലെ പെരുമാറുന്നതെന്തുകൊണ്ട്? പരാതിക്കാരിയായ പെണ്ണിനോടും കുടുംബത്തോടും അക്രമോത്സുകമായി പെരുമാറാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?

പെണ്ണ് ശരീരം മാത്രമാണെന്ന മതബോധം കേരള പൊലീസിനെ അബോധമായി നിയന്ത്രിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ആ ശരീരത്തിന്മേല്‍ എന്തക്രമവും ആര്‍ക്കും നടത്താം, പൊലീസിനും നടത്താം. അതില്‍ കുറ്റം ആക്രമിക്കല്ല ആക്രമിക്കപ്പെടുന്ന അവള്‍ക്കുതന്നെയാണ്. മറ്റൊന്ന് ഉദാര ലൈംഗികതാവാദങ്ങള്‍ ഉണ്ടാക്കിയെടുത്ത അയവുകളാണ്. ശരീരത്തെയും ലൈംഗികതയെയും കേന്ദ്രീകരിക്കുന്ന പുതിയ ഇനം ആനന്ദവാദങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വതന്ത്ര ലൈംഗികബന്ധങ്ങളുടെ ലേബലിലും ചെലവിലുമാണ് ഇത് വിറ്റഴിക്കപ്പെടുന്നത്. അതിന്‍െറ നേരിട്ടുള്ള പ്രതിഫലനങ്ങളായി വേണം സാം മാത്യു-ബ്രിട്ടാസ് ഉല്‍പന്നമായ പടര്‍പ്പവതരണംപോലുള്ള പരിപാടികളെ മനസ്സിലാക്കാന്‍. അതായത് പാരമ്പര്യവാദത്തിന്‍െറയും നവ ഉദാരതാ വാദത്തിന്‍െറയും സംയുക്ത സഹായത്തോടെ ആണ്‍കോയ്മ പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളി ഗോത്രമാണ് പെണ്ണുങ്ങള്‍. അപ്പോള്‍ ആര് എന്ത് അവളോടു പ്രവര്‍ത്തിച്ചാലും കുറ്റം പെണ്ണിനാകും. അതുകൊണ്ട് ആര്‍ക്കും എന്തും അവളോടു ചെയ്യാം. ആണുങ്ങള്‍ ഒറ്റക്കും കൂട്ടായും ചെയ്തു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അബോധമായ ഈ ആത്മവിശ്വാസത്തിന്‍െറ ഫലമാണ്.

പെണ്‍വര്‍ഗത്തെ ആണ്‍കോയ്മ ഏതൊക്കെമട്ടില്‍ കുറ്റവാളി ഗോത്രമായി പരസ്യ പ്രഖ്യാപനം ചെയ്തിരിക്കുന്നുവെന്നതിന്‍െറ ഏറ്റവും പുതിയ ഉദാഹരണമാണ് വടക്കാഞ്ചേരി സംഭവം. കേട്ടത് മുഴുവന്‍ സത്യമാണെങ്കില്‍ സംഭവിച്ചത് ഒന്നപഗ്രഥിച്ചു നോക്കൂ. ഭര്‍ത്താവിന്‍െറ നാലു സുഹൃത്തുക്കള്‍ നടത്തുന്ന കൂട്ടബലാത്സംഗം.  ഇരക്കുനേരെയുള്ള പൊലീസിന്‍െറ അശ്ളീല ഭാഷാപ്രയോഗം.  പ്രതിയുടെ പേരു പറയുകയാണെങ്കില്‍ വാദിയുടെ പേരും പറയാമല്ളോ എന്ന് മുന്‍ മന്ത്രി/ സ്പീക്കര്‍. അതോടൊപ്പം അവള്‍ക്കു കൊടുത്ത ചീത്ത അമ്മ പദവി. ബന്ധപ്പെട്ട സ്ത്രീനേതാവിന്‍െറ ന്യായീകരണ ശ്രമം. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ആളെ രക്ഷിക്കാന്‍ ഇറക്കിയ സാമൂഹികക്ഷേമ മന്ത്രിയുടെ പ്രസ്താവന. ബഹുമുഖകുറ്റങ്ങളാണ് അപ്പോള്‍ അവളുടേത്. പുരുഷന്മാര്‍ക്ക് ബലാല്‍ ഭോഗിക്കാന്‍ പാകത്തില്‍ അവള്‍ക്കൊരു ശരീരമുണ്ടായി. അവള്‍ പൊലീസില്‍ പരാതിപ്പെട്ടു. ആക്രമിയുടെ പേര് സമൂഹത്തിനു മുമ്പാകെ വെളിപ്പെടുത്തി. മുന്‍ സ്പീക്കര്‍ക്കു തൃപ്തികരമായവിധം അവള്‍ സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കുന്നവളായിരുന്നില്ല.

ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന സമൂഹമെന്ന നിലക്ക് ഒരു ആണ്‍കോയ്മാ സമൂഹത്തിലെ ഏറ്റവും വലിയ കുറ്റവാളി ഗോത്രമായി പെണ്ണുങ്ങള്‍ മാറിയിരിക്കുന്നു. സാമാന്യമായി എല്ലാ സ്ത്രീശരീരങ്ങളും ആ ഗോത്രപരിധിയില്‍ വരുമെങ്കിലും സവിശേഷമായി ആക്രമിച്ച ആണുങ്ങള്‍ക്കെതിരെ പരാതിക്കാരികളായ സ്ത്രീകളാണ് ഈ ഗോത്രത്തിന്‍െറ ഉപജ്ഞാതാക്കള്‍. ‘‘പടു രാക്ഷസ ചക്രവര്‍ത്തിയെന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ’’ എന്ന് പുതിയ സീത പ്രതികരിച്ചുകൂടാ. പാരമ്പര്യക്കാരായ ഇലമുള്ളുവാദക്കാരും ആധുനികോത്തര രായ സുഖവാദക്കാരും ഇവളെ ഒന്നിച്ചാക്രമിച്ചുകളയും. രണ്ടു കൂട്ടരും സംഗമിക്കുന്ന ഒരു സഫലബിന്ദുവായി കേരള പൊലീസ് പ്രതികരിക്കുന്ന അനുഭവത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരിക്കും എന്താണ് പരിഹാരം? ചിറകടിച്ച് കൂടുകള്‍ തകര്‍ത്ത് പുറത്തുവരുകയല്ലാതെ പെണ്ണങ്ങള്‍ക്ക് മറ്റെന്താണ് പരിഹാരം?!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casewomen issues
News Summary - issues of women
Next Story