ഇങ്ങനെ പോയാൽ പോരാ ഉന്നത വിദ്യാഭ്യാസ മേഖല
text_fieldsയു.ജി.സി മാർഗരേഖകൾ അനുസരിച്ച്, അസോസിയറ്റ് പ്രഫസർക്കുള്ള സെലക്ഷൻ പ്രോസസിൽ, ഉദ്യോഗാർഥികളുടെ ഗവേഷണ മികവും പ്രവൃത്തി പരിചയവും അടിസ്ഥാനപ്പെടുത്തിയുള്ള റിസർച് സ്കോറിന് വലിയ പ്രാധാന്യമാണുള്ളത്. കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ഡോ. പ്രിയ വർഗീസിന് അസോസിയറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് തീർപ്പുകൽപിക്കപ്പെട്ടതാണെങ്കിലും നിയമനപ്രക്രിയയിലെ സുതാര്യതക്കുറവ് ഒരു പ്രധാന ചോദ്യമായി ഇന്നും നിലനിൽക്കുന്നു
പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്ത് അനേകം മാതൃകകൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികച്ച നിലവാരം നിലനിർത്തുന്നുണ്ട്. മികച്ച പൊതുവിദ്യാലയങ്ങളുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് മികച്ച കലാലയങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് കൂടുതൽ കാലികപ്രസക്തിയുള്ള ഒരു ഘട്ടത്തിലാണ് നമ്മളിന്ന്.
കേന്ദ്ര സർക്കാറിന്റെ റാങ്കിങ് ഏജൻസിയായ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) പുറത്തുവിട്ട ഈ വർഷത്തെ റാങ്കിങ്ങിൽ, കേരളത്തിലെ സർവകലാശാലകൾക്കും അവയോട് അഫിലിയേറ്റ് ചെയ്ത കോളജുകൾക്കും അഭിമാനിക്കാവതായി ഒന്നുമില്ല. എൻ.ഐ.ആർ.എഫ് റാങ്കിങ് മാനദണ്ഡങ്ങളിൽ പരിമിതികൾ ഉണ്ടാകാമെങ്കിലും, സ്വകാര്യ ഏജൻസികളുടെ റാങ്കിങ്ങിനെ അപേക്ഷിച്ച് കൂടുതൽ വിശ്വാസയോഗ്യമാണ്.
അധ്യാപക-വിദ്യാർഥി അനുപാതം, അധ്യാപകരുടെ യോഗ്യത, റിപ്പോർട്ടുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഗുണനിലവാരം, ഗവേഷക വിദ്യാർഥികളുടെ എണ്ണം എന്നിങ്ങനെ അനേകം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.ആർ.എഫ് സർവകലാശാലകളുടെ റാങ്കിങ് തയാറാക്കുന്നത്. റാങ്കിങ്ങിന്റെ പല മാനദണ്ഡങ്ങളെയും അധ്യാപനത്തിന്റെ ഗുണനിലവാരം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നത് കാണാൻ കഴിയും. നിയമനങ്ങളിലെ കാലതാമസം, സുതാര്യതക്കുറവ്, മികവിന്റെ അടിസ്ഥാനത്തിലല്ലാത്ത നിയമനങ്ങൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ അധ്യാപന ഗുണനിലവാരത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട് എന്നതിനോടൊപ്പം അതിന്റെ ഉത്തരവാദിത്തം സർവകലാശാലകളുടെയും കോളജുകളുടെയും ഭരണകൂടത്തിനാകുന്നുവെന്നതും ഗൗരവത്തോടെ കാണണം.
ഏകദേശം 50ൽ അധികം സർക്കാർ കോളജുകളും അതിന്റെ മൂന്നിരട്ടിയിലധികം സർക്കാർ എയ്ഡഡ് കോളജുകളും അൺഎയ്ഡഡ് കോളജുകളുമുള്ള കേരളത്തിൽ, ഒന്നുപോലും മികച്ച 25 കോളജുകളുടെ പട്ടികയിൽ ഇല്ലായെന്നത് ഗൗരവത്തോടെതന്നെ കാണണം. മികച്ച കോളജുകളുടെ പട്ടികയിൽ ഡൽഹിയിലെ 14 കോളജുകളും തമിഴ്നാട്ടിലെ ഏഴ് കോളജുകളും ഇടംപിടിച്ചിട്ടുണ്ട്. മികച്ച 25 സർവകലാശാലകളുടെ പട്ടികയിൽ കേരള സർവകലാശാല 24 സ്ഥാനത്ത് നിൽക്കുമ്പോൾ ഡൽഹിയിലെ മൂന്ന് സർവകലാശാലകളും തമിഴ് നാട്ടിലെ ആറ് സർവകലാശാലകളും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
അധ്യാപക നിയമനങ്ങളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സർവകലാശാല-കോളജ് ഭരണകൂടങ്ങൾ പ്രതീക്ഷകൾക്കനുസരിച്ച് ഉയരുന്നില്ലയെന്നത് സംസ്ഥാനത്ത് അനേകം വർഷങ്ങളായി കേൾക്കുന്ന പരാതിയാണ്. നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഉൾപ്പെടെ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ നിയമനങ്ങളിൽ ഗുണപരമായ ചില മാറ്റങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, രാജ്യാന്തര നിലവാരമുള്ള മികച്ച അധ്യാപകരെയും ഗവേഷകരെയും സർവകലാശാലകളിൽ നിയമിക്കുന്നതിന് നിലവിലെ പ്രക്രിയ കൊണ്ട് സാധിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. സർക്കാർ എയ്ഡഡ് കോളജിലെ നല്ലൊരു ശതമാനം നിയമനങ്ങളിലും മികവ് പ്രധാന മാനദണ്ഡമേയാകുന്നില്ലെന്നത് മറ്റൊരു യാഥാർഥ്യം.
രാജ്യത്തെ സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക നിയമനങ്ങൾ പൊതുവിൽ യു.ജി.സിയുടെ മാർഗരേഖകൾക്കനുസരിച്ചാണ് നടക്കുന്നത്. 2018ൽ ഇറക്കിയ മാർഗരേഖകൾ അനുസരിച്ച്, അസിസ്റ്റന്റ് പ്രഫസർ നിയമന പ്രക്രിയയിൽ, ഉദ്യോഗാർഥികളുടെ മാർക്കുകളും ഗവേഷണ മികവും പ്രവൃത്തിപരിചയവും അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കുന്ന അക്കാദമിക് റെക്കോഡിനെ, കേവലം ചുരുക്കപ്പട്ടിക തയാറാക്കാൻ മാത്രമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.
നിയമനങ്ങൾ മുഴുവൻ സെലക്ഷൻ കമ്മിറ്റികൾ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായി മാറി. ഇത് നിയമനങ്ങളിൽ മികവ് അട്ടിമറിക്കപ്പെടാൻ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്ന വിമർശനം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ ഒന്നായ ജെ.എൻ.യുവിൽ, രണ്ടുവർഷം മുമ്പ് നടന്ന നിയമനങ്ങളിൽ മികവ് പ്രധാന മാനദണ്ഡമായില്ലെന്നും മികച്ച ഉദ്യോഗാർഥികൾ പിന്തള്ളപ്പെട്ടുവെന്നും ആരോപണം ഉയർന്നിരുന്നു. സർവകലാശാലയിലെ പ്രഫസർമാർ ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർഥിച്ച് കത്തുകൾ അയച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
കണ്ണൂർ സർവകലാശാലയിലെ നിയമന പ്രക്രിയയിലെ സുതാര്യത ഇല്ലായ്മയും ഈ വിഷയത്തോട് ചേർത്തുകാണേണ്ടതാണ്. യു.ജി.സി മാർഗരേഖകൾ അനുസരിച്ച്, അസോസിയറ്റ് പ്രഫസർക്കുള്ള സെലക്ഷൻ പ്രോസസിൽ, ഉദ്യോഗാർഥികളുടെ ഗവേഷണ മികവും പ്രവൃത്തി പരിചയവും അടിസ്ഥാനപ്പെടുത്തിയുള്ള റിസർച് സ്കോറിന് വലിയ പ്രാധാന്യമാണുള്ളത്.
കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ഡോ. പ്രിയ വർഗീസിന് അസോസിയറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് തീർപ്പുകല്പിക്കപ്പെട്ടതാണെങ്കിലും നിയമനപ്രക്രിയയിലെ സുതാര്യതക്കുറവ് ഒരു പ്രധാന ചോദ്യമായി ഇന്നും നിലനിൽക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഡോ. പ്രിയ മികച്ച റിസർച് സ്കോർ ഉള്ള ഒരു ഉദ്യോഗാർഥിയാണെങ്കിലും, അതിലേറെ മികച്ച റിസർച് സ്കോർ ഉള്ള ഉദ്യോഗാർഥി ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ട്.
മികച്ച റിസർച് സ്കോറും അധ്യാപന പരിചയവുമുള്ള ഉദ്യോഗാർഥി എങ്ങനെ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ടുവെന്ന ചോദ്യം സുതാര്യതയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഗവേഷകരും അധ്യാപകരും പലപ്പോഴും നമ്മളുടെ സർവകലാശാലകളിലും കോളജുകളിലും നിയമനങ്ങളിൽ അക്കാദമിക് മെറിറ്റ് പ്രധാന ഘടകം ആകുന്നില്ല എന്ന് അഭിപ്രായപ്പെടാറുണ്ട്.
അനർഹരെ തിരുകിക്കയറ്റാനും മികച്ച ഉദ്യോഗാർഥികൾ പിന്തള്ളപ്പെടാനുമെല്ലാം മേൽപറഞ്ഞ നിയമങ്ങൾ കാരണമാകുന്നുവെന്ന ആരോപണം രാജ്യത്തെ വിവിധ സർവകലാശാലകൾ നേരിടുമ്പോൾ, ബദൽ ഭരണം എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണകൂടങ്ങൾ മികച്ച ഉദ്യോഗാർഥികൾ നിയമനങ്ങളിൽ പിന്തള്ളപ്പെടാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ടതാണ്.
മികച്ച വിദേശ സർവകലാശാലകളിലേക്കും ഡൽഹി സർവകലാശാല, ജെ.എൻ.യു തുടങ്ങിയ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലേക്കുമുള്ള കേരളത്തിലെ വിദ്യാർഥികളുടെ ഒഴുക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും, നിലവാരമില്ലാത്ത വിദേശ സർവകലാശാലകളിലും അന്യസംസ്ഥാനങ്ങളിലെ കോളജുകളിലും ചേർന്ന് വഞ്ചിതരാകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായത് അടുത്ത കാലത്താണ്.
രണ്ട് പതിറ്റാണ്ടുമുമ്പ് ഫിസിക്സ്, രസതന്ത്രം പോലുള്ള വിഷയങ്ങളിൽ നിലവാരമുള്ള വിദ്യാർഥികൾ ബിരുദത്തിന് ചേർന്നിരുന്ന സാഹചര്യം മാറി പ്ലസ്ടുവിന് കുറഞ്ഞ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കുള്ള കോഴ്സുകളായി പല കോളജുകളിലെയും ഈ ബിരുദങ്ങൾ മാറിയിട്ടുണ്ട്. വിദ്യാർഥികളുടെ എണ്ണം തികക്കാൻ ചില എയ്ഡഡ് കോളജുകളിൽ അധ്യാപകർക്ക് വിദ്യാർഥികളെ തേടിപ്പിടിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടത്രേ.
സർക്കാർ, എയ്ഡഡ് കോഴ്സുകളേക്കാൾ ശോചനീയമായ അവസ്ഥയിലാണ് സെൽഫ് ഫിനാൻസ് കോഴ്സുകൾ മുന്നോട്ടുപോകുന്നത്. പഠന നിലവാരവും സാമ്പത്തിക സ്ഥിതിയുമുള്ള കുട്ടികൾ ഉന്നത പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും പോവുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠന-സാമ്പത്തിക മികവില്ലാത്ത കുട്ടികളും അധ്യാപകരും മാത്രമാവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. ഉപരിപഠനത്തിന് സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ ആകൃഷ്ടരായി വികസിത രാജ്യങ്ങളിൽ തന്നെ തുടരുകയാണ് പതിവ്. സംസ്ഥാനത്തെ മികച്ച മാനവശേഷിയാണ് ഈ രീതിയിൽ നഷ്ടമാകുന്നത്.
വിദ്യാർഥിരാഷ്ട്രീയമാണ് കലാലയങ്ങളുടെ മികവ് ഇല്ലാതാക്കുന്നതെന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും, റാങ്കിങ് പട്ടികയിൽ മുന്നിലുള്ള ജെ.എൻ.യുവിലും ഡൽഹി സർവ്വകലാശാലയിലുമെല്ലാം വിദ്യാർഥികൾ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നത് കാണാൻ കഴിയും. പഠനത്തിനൊപ്പം ജീവിക്കുന്ന കാലത്തോട് നീതിപൂർവം പ്രതികരിക്കുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന കലാലയങ്ങൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മികവിന്റേതായിരിക്കുമെന്ന് മാത്രമല്ല നിലവിൽ കാമ്പസുകളെ ബാധിച്ചിരിക്കുന്ന പല ജീർണതകൾക്കും പരിഹാരവുമേകും.
മികച്ച 50 കോളജുകളുടെയും സർവ്വകലാശാലകളുടെയും പട്ടികയിൽ കേരളത്തിലെ അഞ്ച് കോളജുകളും മൂന്ന് സർവകലാശാലകളും ഉൾപ്പെടുന്നുവെന്നത് പ്രത്യാശക്ക് വക നൽകുന്നതാണ്. മറ്റൊരു റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല രാജ്യത്തെ നാലാമത്തെയും ഏഷ്യയിലെ തൊണ്ണൂറ്റഞ്ചാമത്തേയും മികച്ച സർവകലാശാലയായി ഇടംപിടിച്ചത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ജോലിയെടുക്കുന്നവർക്ക് വലിയ പ്രചോദനം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ, മികച്ച മാനവശേഷിക്ക് വലിയ മൂല്യങ്ങളുള്ള ഈ കാലഘട്ടത്തിൽ മികച്ച വിദ്യാർത്ഥികളെയും അധ്യാപകരേയും ഗവേഷകരെയും വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാനത്തെ സർവകലാശാലകൾ മാറണമെങ്കിൽ നമ്മൾ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.