പാർട്ടിക്കല്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയത്
text_fields‘അടക്കയാണേൽ മടിയിൽ വെക്കാം, അടക്കാമരമായാലോ?’ എന്ന് കാരണവന്മാർ പറയുന്നതുപോലെയാണ് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ഇപ്പോൾ സി.പി.എമ്മിനുണ്ടാക്കിക്കൊണ്ടിരിക്കുന്ന തലവേദന. പാർട്ടിയെ തന്നെ നന്നാക്കാൻ അച്ചടക്കത്തിന്റെ വടിയുമെടുത്ത് ഇറങ്ങിത്തിരിച്ചയാളാണ് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ്.
പക്ഷേ, എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ സംസ്ഥാന ഭരണകൂടത്തെപ്പോലും പ്രതിരോധത്തിലാക്കിയിട്ടും ന്യായീകരിച്ച് നാണം കെടാനല്ലാതെ കടുത്ത നടപടികളിലേക്ക് കടക്കാൻ മുതിരുന്നില്ല സി.പി.എം നേതൃത്വം. എക്കാലത്തും പ്രസ്ഥാനത്തിന്റെ ശക്തിയായ എസ്.എഫ്.ഐയോടുള്ള അടങ്ങാത്ത‘പിതൃസ്നേഹം’ മാത്രമല്ല അതിനു കാരണം.
കുട്ടിസഖാക്കൾക്കിടയിൽ വർധിച്ചുവരുന്ന തെറ്റായ പ്രവണതകൾക്ക് അവർ മാത്രമല്ല കാരണക്കാരെന്നും കേവലം തൊലിപ്പുറ ചികിത്സകൊണ്ട് മാത്രം ഇതിന് പരിഹാരം കാണാനാകില്ലെന്നും പാർട്ടി സെക്രട്ടറിക്ക് നല്ലപോലെ അറിയാം.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊണ്ടുവന്ന തെറ്റുതിരുത്തൽ രേഖ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിത്തുടങ്ങിയ ഘട്ടത്തിലാണ് എസ്.എഫ്.ഐക്കാരുടെ തെറ്റുകൾ മാത്രം ഭൂതക്കണ്ണാടിവെച്ച് നോക്കി കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ കാട്ടാക്കട കോളജിലെ വ്യാജ യു.യു.സിക്കാര്യവും മഹാരാജാസിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും പരീക്ഷയെഴുതാതെ പാസാവുന്ന വിദ്യയുമെല്ലാം വാർത്തയാക്കിയത്.
അതിരുവിട്ട മാധ്യമ പ്രവർത്തനം വേണ്ട എന്ന് സ്നേഹപൂർവം അവരെ ഒന്ന് ഓർമപ്പെടുത്തിയത് അതിനേക്കാൾ വലിയ വാർത്തയാക്കി. മാധ്യമ പ്രവർത്തകരുടെ ഭാഗത്തും തെറ്റുണ്ട്. ചിലരുടെ റിപ്പോർട്ടിങ് കണ്ടാൽ തോന്നും കേരളത്തിൽ ഇതാദ്യമായാണ് ആൾമാറാട്ടവും മാർക്ക് തിരുത്തലുമെല്ലാം നടത്തുന്നതെന്ന്.
കള്ളന്മാരെയും ആൾമാറാട്ടക്കാരെയും പിടികൂടുന്ന ഉശിരുള്ള പൊലീസ് കോൺസ്റ്റബിൾമാരെ കണ്ടെത്താനുള്ള പി.എസ്.സി പരീക്ഷക്കുപോലും കോപ്പിയടിച്ച്, തീക്കട്ട കാണിച്ചു പേടിപ്പിക്കേണ്ടെന്ന് തെളിയിച്ച വിദ്യാർഥി സഖാക്കൾ മുമ്പും ഇവിടെയുണ്ടായിട്ടുണ്ട്. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തെയും യൂനിവേഴ്സിറ്റി കോളജിനെയും താറടിച്ചു കാണിക്കാനുള്ള മാധ്യമ ഗൂഢാലോചന എന്നുപറഞ്ഞ് ന്യായീകരിച്ചുതുടങ്ങുമ്പോഴാണ് അന്ന് തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നത്.
നേതാക്കൾ മദ്യപിച്ച് നൃത്തം വെക്കുന്നതുൾപ്പെടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്, വിദ്യാർഥിനിയെ കൈയേറ്റം ചെയ്തത്, അധ്യാപികയെ ആക്രമിച്ചത് എന്നിങ്ങനെ ഒട്ടനവധി വിവാദങ്ങൾ. എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുന്ന സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാപ്പരീക്ഷയിൽ ജയിച്ചുവെന്ന വാർത്തയുടെ പഴി കെട്ടിയേൽപിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകയടക്കമുള്ളവരുടെ പേരിലാണ്.
വസ്തുത റിപ്പോർട്ട് വനിതാ റിപ്പോർട്ടറുടെ നടപടിയാണോ എസ്.എഫ്.ഐയുടെ ചെങ്കോട്ട എന്നെഴുതി വെച്ചിരിക്കുന്ന അതേ കോളജിലുണ്ടായിരുന്ന കെ. വിദ്യ എന്ന വനിതാ നേതാവ് ചമച്ച വ്യാജ സർട്ടിഫിക്കറ്റാണോ അപകീർത്തികരമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ പലരും ചോദിച്ചു തുടങ്ങിയപ്പോൾ, അവർ നേതാവായിരുന്നില്ല എന്ന വിശദീകരണം വന്നു.
കാലടി സംസ്കൃത സർവകലാശാലയിലെ പാർട്ടി സൈദ്ധാന്തികർ ചേർന്ന് പട്ടികജാതി സംവരണം അട്ടിമറിച്ച് പ്രവേശനം ഉറപ്പിക്കുകയും സർവകലാശാല വിദ്യാർഥി യൂനിയൻ ഭാരവാഹിത്വത്തിലേക്ക് പാർട്ടി നിർദേശാനുസരണം മത്സരിച്ച് ജയിപ്പിക്കുകയും ചെയ്ത കെ. വിദ്യക്ക് വേണ്ടിയുള്ള ന്യായീകരണം ടി.വി ചാനലുകളിലെ പാർട്ടി ചാർച്ചികർ എന്തായാലും അവസാനിപ്പിച്ചിട്ടില്ല.
വെള്ളക്കൊടി പിടിച്ചുനടക്കുന്നവർ മുഴുവൻ വ്യാജ സർട്ടിഫിക്കറ്റ് ന്യായീകരണ വാദികളൊന്നുമല്ല. മറ്റൊരു യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹിയായ കായംകുളത്തെ നിഖിൽ സഖാവിന്റെ വ്യാജ ഡിഗ്രിക്കാര്യം പുറത്തുകൊണ്ടുവന്നത് എതിരാളികളോ ബൂർഷ്വാ ‘മാപ്ര’കളോ അല്ല, ജില്ല കമ്മിറ്റിയംഗമായിരുന്നു ആ വിസിൽ ബ്ലോവർ. പാർട്ടിക്കുള്ളിൽ നൽകിയ പരാതി ശരിയെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയില്ലാതെ സംരക്ഷിക്കപ്പെട്ട ഘട്ടത്തിലാണ് വിവരം പുറത്തെത്തിയത്.
കുട്ടിനേതാവിന്റെ കലിംഗ സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി എല്ലാം ഒറിജിനലാണെന്ന് കാലവും ചട്ടവുമെല്ലാം ഉദ്ധരിച്ച് പി.എം. ആർഷോ പ്രഖ്യാപിക്കുന്നു. ഹാജറില്ലാതെ പരീക്ഷയെഴുതാൻ കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിൽ അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാധ്യമങ്ങളെ ഉദ്ബോധിപ്പിക്കുന്നു.
അൽപനേരം കഴിഞ്ഞ്, ഇങ്ങനെയൊരാൾ ഇവിടെ പഠിച്ചിട്ടേയില്ലെന്ന് ആ സർവകലാശാല രജിസ്ട്രാർ വെളിപ്പെടുത്തുമ്പോൾപോലും അദ്ദേഹത്തിന് തെറ്റുപറ്റിയതാവും എന്ന് വിശ്വസിക്കാൻ അണികളെ ശീലിപ്പിക്കുന്ന രീതിശാസ്ത്രം കാണുമ്പോഴാണ് പിഴച്ചത് എസ്.എഫ്.ഐക്കല്ല, പാർട്ടിക്കും അവരെ വിശ്വസിച്ച് ഭരണമേൽപിച്ച നമ്മൾക്കുമല്ലേ എന്ന് ജനം ചിന്തിച്ചുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.