ഇനിയും പഠിക്കാത്ത പാഠങ്ങൾ
text_fieldsസമീപ വർഷങ്ങളിലൊന്നും കണ്ടിട്ടില്ലാത്തത്ര അസാധാരണ ചൂടായിരുന്നു ഇക്കുറി. ഏതാണ്ട് 600 കോടി രൂപയുടെ നഷ്ടമാണ് ഈ വരൾച്ച മൂലം കാർഷിക മേഖലയിൽ മാത്രമുണ്ടായത്. എന്നാൽ, മേയ് 22ാം തീയതിയോടെ ഭേദപ്പെട്ട രീതിയിൽ വേനൽ മഴ ലഭിച്ചതിനാൽ ഇപ്പോൾ ചിത്രം പാടേ മാറിയ പ്രതീതിയാണ്. ഏപ്രിൽ 30 വരെ കനത്ത മഴക്കമ്മിയാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ നിലവിലെ കണക്കുപ്രകാരം, 36 ശതമാനം അധിക വേനൽ മഴയാണ് ലഭിച്ചിരിക്കുന്നത്.
മഴയിൽ പൊതുവേ കാണപ്പെടുന്ന ഭാവമാറ്റം വേനൽ മഴയിലും പ്രകടം. മുൻകാലങ്ങളിൽ പെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ചെറിയ സമയത്തിനുള്ളിൽ അതിശക്തവും അതിതീവ്രവുമായ മഴയാണ് എത്തുന്നത്. മണിക്കൂറിൽ 100 മില്ലിമീറ്ററോ അതിലധികമോ മഴ പെയ്താൽ അതിനെ ‘മേഘവിസ്ഫോടനം’ എന്ന ഗണത്തിലാണ് പെടുത്തുക. ചെറിയൊരു ഭൂവിസ്തൃതിയിൽ മാത്രം പെയ്യുന്ന ഇത്തരം മഴ ആ പ്രദേശത്തെയൊട്ടാകെ വെള്ളത്തിലാഴ്ത്തുന്നു.
അതിതാപനം എന്ന അവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ മൂലകാരണം. മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന അതിതീവ്ര മഴവേളകളും അതിതാപനത്തിന്റെ പരിണത പ്രതിഭാസമാണ്. ഒറ്റ ദിവസം കൊണ്ട് 204.5 മില്ലിമീറ്ററോ അതിലേറെയോ മഴ ലഭിക്കുന്ന അവസരങ്ങളെയാണ് അതിതീവ്ര മഴവേളകളായി വിലയിരുത്തുന്നത്. 24 മണിക്കൂറിനകം 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചാൽ അത് ‘കനത്ത മഴ’യും, 115.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ പെയ്താൽ അത്, ‘അതിശക്തമഴ’ യുമാണ്. മിതമായ തോതിൽ ഏറെനേരം നീണ്ടുനിന്ന് പെയ്യുന്ന രീതി നന്നേ കുറഞ്ഞ് പകരം ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമോ, അതിതീവ്രമോ ആയ മഴപ്പെയ്ത്ത് വർധിച്ചുവരുകയാണ്.
എന്തുകൊണ്ട് അതിതീവ്രമഴകൾ?
അന്തരീക്ഷത്തിന് ചൂടേറുമ്പോൾ ഈർപ്പ ഗ്രാഹകശേഷി വർധിക്കുന്നു. താപനിലയിലെ ഓരോ ഡിഗ്രി സെന്റിഗ്രേഡ് വർധനവിനും വായുവിന്റെ ഈർപ്പ ഗ്രാഹക ശേഷി ഏഴുശതമാനം കണ്ട് വർധിപ്പിക്കാനാകും. കൂടുതൽ ഈർപ്പഭരിതമായ വായുവിൽനിന്ന് രൂപം കൊള്ളുന്ന മേഘങ്ങൾ സ്വാഭാവികമായും കൂടുതൽ ജലകണ സമ്പന്നമായിരിക്കും. ഇപ്രകാരം അതി താപന സാഹചര്യങ്ങൾ കനത്ത ജലാംശമുള്ള മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയൊരുക്കുന്നു. ഒരുപക്ഷേ, സമീപ വർഷങ്ങളിൽ കനത്ത മഴ നൽകുന്ന മേഘങ്ങൾ ഇത്തരത്തിൽപ്പെടുന്നവയാകാം. ഈ പശ്ചാത്തലത്തിൽ താപനമേറാനിടയുള്ള വരുംകാലങ്ങളിലും ഇത്തരം മഴപ്പെയ്ത്തുകളെ കരുതിയിരിക്കേണ്ടതുണ്ട്.
വേനൽ മാസങ്ങളിൽ മുമ്പൊന്നുമില്ലാത്ത വിധം വരളുകയും വർഷകാലത്ത് വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്യുന്ന സമീപകാല അവസ്ഥകൾക്ക് പൊതുവായ ഒരു കാരണമുണ്ട് - അധികജലം സംഭരിക്കുകയും സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ ജലസ്രോതസ്സുകളാക്കുകയും ചെയ്തിരുന്ന തരത്തിലുള്ള ഭൗമഘടനയല്ല ഇപ്പോൾ നമ്മുടെ നാടിനുള്ളത്. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞു കിടക്കുന്നതാണ് കേരളത്തിന്റെ സ്വാഭാവിക ഭൂമിശാസ്ത്രം. അത്തരമൊരു ഭൂപ്രകൃതിയുള്ളതിനാൽ മഴക്കാലം എത്ര മികച്ചതായാലുമതെ, മഴ നിലക്കുന്നതോടെ കേരളം വരളും.
ധാരാളം മഴവെള്ളം പിടിച്ചുവെക്കുന്ന തോടുകളും കുളങ്ങളും ജലം ധാരാളമായി ഭൂമിയിലേക്ക് സാവകാശം ആഴ്ന്നിറങ്ങാൻ സഹായിക്കുന്ന പാടശേഖരങ്ങളും ഉണ്ടായിരുന്നതിനാലാണ് മുൻകാലങ്ങളിൽ കേരളം വെള്ളക്കെട്ടും വരൾച്ചയും മെയ്യിൽത്തട്ടാതെ പിടിച്ചു നിന്നിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഭൂവിനിയോഗ ക്രമത്തിലുണ്ടായ വ്യതിയാനം ജലസംഭരണം, ജലനിർഗമനം എന്നിവക്കുള്ള ഉപാധികൾ വലിയൊരളവിൽ ഇല്ലാതാക്കിയിരിക്കുന്നു. മുൻകാലങ്ങളിൽ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകൾ, കുളങ്ങൾ എന്നിവ ഇല്ലാതായിരിക്കുന്നു. നെൽവയലുകളുടെ വിസ്തൃതിയിൽ വൻ കുറവുണ്ടാകുകയും ചെയ്തിരിക്കുന്നു. 1950കളിൽ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന നെൽവയലുകളുടെ വിസ്തീർണം നിലവിൽ ഏതാണ്ട് രണ്ടുലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മഴവെള്ളം വൻതോതിൽ സംഭരിച്ച് ഭൂഗർഭ ജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെൽവയലുകളും മറ്റ് തണ്ണീർത്തടങ്ങളും വരൾച്ചാവേളകളിൽ ജലസ്രോതസ്സുകൾ കൂടിയായിരുന്നു.
അക്കാലത്തെ അധികപ്പെയ്ത്തുജലം ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികൾ വെള്ളക്കെട്ടിനെയും പ്രളയക്കെടുതികളെയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു. ഇവയിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജല ശേഖരം ഭൂഗർഭത്തിൽ സംഭരിക്കപ്പെട്ടിരുന്നതുകൊണ്ടാവാം, അക്കാലങ്ങളിൽ വരൾച്ചാ വേളകളെ കേരളത്തിന് അതിജീവിക്കാനായതും. എന്നാൽ, ഇപ്പോൾ നെൽവയലുകളും തണ്ണീർത്തടങ്ങളും കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടിയോ, നഗരവത്കരണത്തിന് വേണ്ടിയോ നികത്തപ്പെടുന്ന സാഹചര്യത്തിൽ അധിക ജലത്തെ ഉൾക്കൊള്ളാനുള്ള സ്വാഭാവിക സംഭരണികൾ ഇല്ലാതാവുകയും അതിശക്തിയായി മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ആദ്യ പടിയായി വെള്ളക്കെട്ടിലേക്കും, പിന്നീട് ജലനിരപ്പ് ദ്രുതഗതിയിൽ ഉയർന്ന് പ്രളയ സമാന സാഹചര്യങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുന്നു.
ജലനിർഗമന മാർഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴിതെളിക്കുന്ന മറ്റൊരു പ്രധാനകാരണം. തോടുകൾ, ചാലുകൾ കനാലുകൾ എന്നിവ നാട്ടിൻ പുറങ്ങളിൽ പ്രകൃത്യായുണ്ടായിരുന്ന ജലനിർഗമന മാർഗങ്ങളായിരുന്നു. പരസ്പരബന്ധിതമായ തോടുകൾ, കനാലുകൾ എന്നിവയിലൂടെ പെയ്ത്ത് വെള്ളം ഏറക്കുറെ സുഗമമായി ഒഴുകി പുഴകളിലും കായലുകളിലും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് സുപ്രധാന പങ്കുണ്ട്.
എന്നാൽ, തോടുകൾ, കനാലുകൾ തുടങ്ങിയ സ്വാഭാവിക ജലനിർഗമന മാർഗങ്ങൾ ഇപ്പോൾ ഏറക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമിച്ച കൃത്രിമ ജലനിർഗമന മാർഗങ്ങൾ, പ്രധാന റോഡുകളുടെ പാർശ്വങ്ങളിലുള്ള നിർമിത ചാലുകൾ എന്നിവ കാര്യക്ഷമമായ രീതിയിൽ കൈകാര്യം ചെയ്താൽ ചുരുങ്ങിയ പക്ഷം കനത്തമഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടെങ്കിലും ഒഴിവാക്കാം. എന്നാൽ, ഇത്തരം ചാലുകളിൽ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാർഹിക മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി ജലം സുഗമമായി ഒഴുകാനനുവദിക്കുന്നില്ല. എന്നു മാത്രമല്ല, ഇവയിൽ നിന്നുള്ള മാലിന്യം കെട്ടിക്കിടക്കുന്ന ജലത്തിലൂടെ പടർന്ന് ഗുരുതരമായ ജലജന്യ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കുന്നു.
അടുത്ത ദിവസം കേരളത്തിലെ പല നഗരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും പ്രളയ സമാന സാഹചര്യങ്ങളും ഉണ്ടായതിന് പ്രധാന കാരണം ചെറിയ സമയത്തിനുള്ളിൽ പെയ്ത തീവ്ര-അതിതീവ്ര മഴയാണ്. കാലാവസ്ഥാ വ്യതിയാന/ ആഗോളതാപന കാലഘട്ടത്തിൽ ഇത്തരം മഴവേളകൾ ആവർത്തിച്ചുണ്ടാകുമെന്നും സാധാരണ തരത്തിലുള്ള മഴവേളകളും മഴദിനങ്ങളും കുറയുമെന്നും ധരിക്കേണ്ടതുണ്ട്.. 2018ലെ മഹാ പ്രളയം, 2019, 2020, 2021ലെ മിന്നൽ പ്രളയങ്ങൾ, തുടർന്നുണ്ടായ ഉരുൾപൊട്ടലുകൾ, അവ വരുത്തിവെച്ച ജീവനാശം എന്നിവ നമ്മുടെ ഓർമകളിൽനിന്ന് മറയാറായിട്ടില്ല.
പറഞ്ഞുവരുന്നതെന്തെന്നാൽ, ഈ കാലവർഷക്കാലത്തും തീവ്രമഴകളുണ്ടാകാം; അതി തീവ്രമഴകളുമുണ്ടാകാം. എന്നാൽ, അവയിലൂടെ ഉണ്ടാകാവുന്ന ദുരന്തങ്ങൾക്ക് അതിഭീകരമാനം കൈവരുന്നതാകട്ടെ, പരിസ്ഥിതി സംരക്ഷണത്തിൽ നമ്മൾ പുലർത്തിവരുന്ന കെടുകാര്യസ്ഥതയും അവിവേകവും കൊണ്ടുകൂടിയാണ്. ഇതുവരെയറിഞ്ഞ പാഠങ്ങളിൽനിന്നും ഇനിയും നമ്മൾ ഒന്നും പഠിച്ചിട്ടില്ലയെന്ന് ചുരുക്കം...
(കാർഷിക സർവകലാശാല കാലാവസ്ഥാശാസ്ത്ര വിഭാഗത്തിൽ സയന്റിഫിക് ഓഫിസറായിരുന്നു ലേഖകൻ. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗ്രന്ഥങ്ങളുടെ രചയിതാവാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.