സ്ത്രീകൾ നിശബ്ദത വെടിയാൻ സമയമായിരിക്കുന്നു
text_fieldsസമൂഹമാധ്യമ ലോകത്ത് ഏറെ പരിചിതയായിരുന്ന ഒരു വ്ലോഗറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നടുക്കുന്ന വാർത്തകൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മോഡലും നടിയുമായ യുവതി കോഴിക്കോട് ദുരൂഹമരണത്തിന് കീഴടങ്ങിയത്. കലാ സാംസ്കാരിക രംഗത്തും സൈബർ ലോകത്തും അറിയപ്പെടുന്ന യുവതികളുടെ മരണങ്ങൾക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നുവെങ്കിൽ വലിയ വാർത്തയായി മാറാത്ത നിരവധി ദുരൂഹ മരണങ്ങളും സ്വയംഹത്യകളും കടന്നാക്രമണങ്ങളും ദിനം പ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നു.
സ്നേഹത്തോടെ, സന്തോഷത്തോടെ കൈടിപിച്ച് കൂടെപ്പോയ പങ്കാളികളുടെ ശാരീരിക- മാനസിക പീഡനങ്ങളാൽ കൊല്ലപ്പെടുന്ന, അല്ലെങ്കിൽ ജീവിതം തകർന്നുപോകുന്ന യുവതികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നു. ശക്തമായ നിയമ വ്യവസ്ഥകൾ നമുക്കുണ്ടെങ്കിലും ഒന്നുംതന്നെ ശരിയാം വിധം പ്രയോഗവത്കരിക്കപ്പെടുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളെ തുടർക്കഥയാക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ എത്ര ശക്തമായ തെളിവുകൾ ഉണ്ടെങ്കിലും സാക്ഷികൾ കൂറുമാറുകയും മൊഴിമാറുകയും ചെയ്യുന്ന സാഹചര്യങ്ങൾക്കാണ് നമ്മുടെ കോടതികൾ ദിനേനെയെന്നോണം സാക്ഷ്യം വഹിക്കുന്നത്. പലപ്പോഴും അടുത്ത സഹപ്രവർത്തകരും ചിലപ്പോൾ ഉറ്റ ബന്ധുക്കളും പോലും ഇരയെ പെരുവഴിയിലാക്കി വേട്ടക്കാരോടൊപ്പം കൈകോർക്കുന്നത് കാണാം.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ തീ കൊളുത്തിയും വെട്ടിനുറുക്കിയും കൊന്നുകളയുമ്പോൾ, സംശയത്തിന്റെ പേരിൽ ഇണകളെ ഇല്ലാതാക്കാൻ മുതിരുമ്പോൾ ആ കുറ്റവാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന വികാരം സ്നേഹം അല്ലെന്ന് സ്പഷ്ടം. പ്രണയവും വിവാഹവുമെല്ലാം സ്ത്രീയെ കീഴ്പ്പെടുത്താനും പുരുഷന്റെ മേൽകോയ്മ ആഘോഷിക്കപ്പെടാനുമുള്ള സങ്കേതങ്ങളാക്കി മാറ്റുമ്പോൾ, സുരക്ഷയും സംരക്ഷണവും നീതീയും ഉറപ്പാക്കേണ്ട സ്ഥാപനങ്ങളും ഉത്തരവാദിത്വമുള്ളവരും നിസംഗതയോ പക്ഷപാതമോ പ്രകടിപ്പിക്കുമ്പോൾ മാറ്റുവിൻ ചട്ടങ്ങളെ എന്നുറക്കെ വിളിച്ചു പറയുവാൻ സ്ത്രീകൾ തന്നെ, പെൺകുട്ടികൾ തന്നെ മുന്നോട്ടുവരികയേ മാർഗമുള്ളൂ.
എല്ലാം സഹിച്ചും ക്ഷമിച്ചും ഒതുങ്ങിയും വേണം മകളേ നീ ജീവിക്കാൻ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യച്ചൊല്ലുകൾ മക്കളെ പഠിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കപ്പെടേണ്ടത് സ്ത്രീകൾ മാത്രം ഒതുങ്ങിയും ത്യാഗം സഹിച്ചും ആവണമെന്ന ശാഠ്യത്തിന് ഇനിയാരും വഴങ്ങാതിരിക്കുക.
ലക്ഷക്കണക്കിന് രൂപയും പവൻ കണക്കിന് സ്വർണവും അത്യാധുനിക മോഡൽ വാഹനങ്ങളും സ്ത്രീധനമായി വാങ്ങി അതിനൊപ്പം അടികൊള്ളുമ്പോൾ കരച്ചിൽ പോലും പുറത്തുവരാതെ ഒപ്പം കഴിയുന്ന മാംസക്കഷ്ണങ്ങളെയാണ് താൻ ജീവിതത്തിലേക്ക് കൂട്ടിയിരിക്കുന്നത് എന്ന് കരുതി നിൽക്കുന്ന ആൺമക്കളെ പറഞ്ഞുതിരുത്താൻ മാതാപിതാക്കൾ മുന്നോട്ടുവരിക.
പെൺകുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അകറ്റാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അവയെയെല്ലാം അവഗണിച്ച് കഴിയുന്നത്ര വിദ്യാഭ്യാസം പ്രാപ്തമാക്കാൻ ഓരോ പെൺകുട്ടിയും തയാറാവുക. മക്കളെ സ്നേഹിക്കുന്നുവെങ്കിൽ ഓരോ രക്ഷിതാക്കളും നിർബന്ധമായും ചെയ്യേണ്ടത് അവർക്ക് ആഗ്രഹിക്കുന്നത്ര പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുകയാണ്.
എല്ലാ അവകാശങ്ങളും അധികാരങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യജീവിയായി അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറുള്ള പങ്കാളിയെയാണോ മകൾക്കായി കണ്ടെത്തിയതെന്ന് വിവാഹത്തിന് മുൻപായി മാതാപിതാക്കൾ ഉറപ്പുവരുത്തുക. സ്വന്തം മകൻ പെൺകുട്ടികളോട് മാന്യമായും മനുഷ്യ ചിന്തയോടും പെരുമാറുന്നവനാണ് എന്ന് ആൺകുട്ടികളുടെ മാതാപിതാക്കളും ഉറപ്പുവരുത്തുക.
വിഷമയമായ ബന്ധങ്ങളിൽ (toxic relationships) പെട്ടുപോയിയെങ്കിൽ പോലും അതിനുള്ളിൽ ശ്വാസംമുട്ടാൻ മകളെ വാക്കുകൾ കൊണ്ടുപോലും നിർബന്ധിക്കാതിരിക്കുക. അതിനു തയ്യാറാവാത്തിടത്തോളം കാലം ഓരോ പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളിലും മാതാപിതാക്കളും നിയമ വ്യവസ്ഥയും സമൂഹവും ഒരുപോലെ പങ്കാളികളും തെറ്റുകാരുമായിരിക്കുമെന്ന് മറക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.