ജെ. ചിഞ്ചുറാണി; സി.പി.െഎയുടെ ആദ്യ വനിതാ മന്ത്രി
text_fieldsസി.പി.െഎയുടെ ആദ്യ വനിത മന്ത്രിയെന്ന ബഹുമതിയുമായാണ് ജെ. ചിഞ്ചുറാണി (56) മന്ത്രിസഭയിലേക്കെത്തുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായിരിക്കെ സി.പി.െഎ പ്രതിനിധിയായി മുമ്പ് കെ.ആർ. ഗൗരിയമ്മ മന്ത്രിയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളുടെ അനുഭവസമ്പത്തുമായിട്ടാണ് ചിഞ്ചുറാണി മന്ത്രിസഭയിലേക്കെത്തുന്നത്. ചടയമംഗലത്തുനിന്ന് 13,678 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്.
സി.പി.ഐ ദേശീയ കൗണ്‍സിലിലും സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമാണ്. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ്, പൗള്‍ട്രി കോര്പറേഷന് ചെയര്‍പേഴ്സൺ, സി. അച്യുതമേനോന് സഹകരണ ആശുപത്രി പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വിദ്യാർഥിയായിക്കെ കലാ-കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്നു. കൊല്ലം ശ്രീനാരായണ വനിത കോളജിൽ തുടർച്ചയായി ചാമ്പ്യനാകുകയും ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരിൽനിന്ന് മെഡൽ നേടുകയും ചെയ്തു.
ഇരവിപുരം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. തുടർന്ന് ജില്ല പഞ്ചായത്ത് അംഗം, വൈസ് പ്രസിഡൻറ്, കൊല്ലം കോര്പറേഷന് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ആദ്യകാല കമ്യൂണിസ്റ്റും കശുവണ്ടി തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനുമായിരുന്ന മുണ്ടയ്ക്കല്‍ ഭരണിക്കാവ് തെക്കേവിളയില്‍ വെളിയില്‍ വടക്കതില്‍ എൻ. ശ്രീധരെൻറയും ജഗദമ്മയുടെയും മകളാണ്. ഭർത്താവ് ഡി. സുകേശൻ സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയുമാണ്. മക്കൾ: നന്ദു സുകേശൻ, നന്ദനാ റാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.