ജയ് കിസാൻ!
text_fieldsഇത്രമേൽ സിംപിളാണെന്ന് ആരറിഞ്ഞു! കർഷകെൻറ വരുമാനം ഡബിളാക്കുമെന്ന് കേട്ടു തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും, ഇനിയൊരു മൂന്നു കൊല്ലം കാത്തിരുന്നാൽ മതി. രാജ്യത്തെ കർഷകരെല്ലാം ഇരട്ടി വരുമാനക്കാരാകാൻ പോകുന്നു. അതിന് വ്യ ക്തമായ പദ്ധതി കൊണ്ടുവരാൻ തമിഴ്നാട്ടിൽ നിന്നൊരു വനിത ധനമന്ത്രിയാകേണ്ടി വന്നു എന്നുമാത്രം. അരുൺ ജെയ്റ്റ്ലി യൊക്കെ വെറും വാചകക്കസർത്ത് നടത്തി കാലം കഴിച്ചു. നിർമല സീതാരാമൻ ധനമന്ത്രിയായപ്പോൾ കാര്യങ്ങൾക്കൊരു വ്യക്തത വന്നു. ആദ്യ ബജറ്റിൽ തന്നെ, കർഷകെൻറ വരുമാനം ഇരട്ടിയാക്കാൻ ‘സീറോ ബജറ്റ് ഫാമിങ്’ രാജ്യവ്യാപകമാക്കുമെന്ന് സർക ്കാർ പ്രഖ്യാപിച്ചു.
ആശയത്തിൽ വട്ടപ്പൂജ്യമല്ല ഇൗ കൃഷി രീതി. ഉത്തമമായ അർഥത്തിൽ വലിയൊരു ആശയമാണ്. അത് മോദിസർ ക്കാർ കടമെടുക്കുന്നത് കർഷകർ കടക്കെണിയിലാകാതിരിക്കാനാണ്. സീറോ ബജറ്റ് ഫാമിങ് നടത്തുന്ന കർഷകർ വായ്പ എടുക്കാറി ല്ല. കൃഷിക്ക് വളം ഇടാറില്ല. കീടനാശിനി പ്രേയാഗിക്കാറില്ല. കൃത്രിമ വിത്തിനങ്ങളിലേക്കും കൃഷിരീതികളിലേക്കുമൊന ്നും പോകാറില്ല. അധ്വാനിക്കും. വിത്ത് മുളച്ചു വളർന്നുവിളയും. സ്വന്തം പാടം, ഒഴുകി വരുന്ന വെള്ളം, പശു തരുന്ന മൂത്ര ചാണകാദികൾ, പുകയില കഷായം. അങ്ങനെയൊക്കെ തനി പഴഞ്ചനായ, പരമ്പരാഗത കൃഷിരീതി. മുടക്കു മുതലില്ലാത്തതുകൊണ്ട് എന്തു കായ്ച്ചാലും, അതു ലാഭം. കർഷകന് വരുമാനമേയുള്ളൂ; ചെലവില്ല. ചെലവ് കർഷകെൻറ വിയർപ്പാണ്. അതിന് വിലയില്ല; ആരും വില കൽപിക്കാറുമില്ല.
ഇൗ രീതി രാജ്യമെമ്പാടും വ്യാപിപ്പിച്ചാൽ കൃഷിച്ചെലവില്ലാതെ ഇരട്ടി വരുമാനമുണ്ടാക്കി അറയിലും പത്താഴത്തിലുമായി അടുക്കിയടുക്കി സൂക്ഷിക്കേണ്ടി വരും കർഷകൻ. കടമില്ല, കടക്കെണിയില്ല, ആത്മഹത്യ ചെയ്യേണ്ട. കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളുമില്ല. ഉള്ളതുകൊണ്ട് മൂക്കുമുെട്ട ഒാണം. വളവും കീടനാശിനിയും തരംപോലെ പ്രയോഗിച്ച് കാൻസർ പിടിക്കുന്ന ദുഃസ്ഥിതി പഞ്ചാബിലെ കർഷകർക്കുണ്ടാവില്ല. തമിഴ്നാട്ടിൽനിന്നും മറ്റും കീടനാശിനിയിൽ മുക്കി കൊണ്ടുവരുന്ന പച്ചക്കറി തിന്ന് കാൻസർ ആവാഹിക്കുന്ന അവസ്ഥ മെയ്യനങ്ങാ മലയാളിക്കും ഉണ്ടാവില്ല. അങ്ങനെ, രാസവളവും വട്ടിപ്പണക്കാരും സബ്സിഡിയുമില്ലാത്ത ഗ്രാമങ്ങളിലേക്കൊരു തിരിച്ചുപോക്കു നടത്തി കിട്ടുന്നതു വരുമാനമാക്കാനാണ് സർക്കാർ ഉപദേശിക്കുന്നത്. മഹാത്മഗാന്ധി നയിച്ച സ്വാതന്ത്ര്യത്തിെൻറ 75ാം വർഷമെത്തുേമ്പാൾ അങ്ങനെ കർഷകെൻറ വരുമാനം ഇരട്ടിയാക്കാം. മറ്റുള്ളവർ ഡിജിറ്റൽ സൗകര്യങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിൽ ആഡംബരിക്കെട്ട. പരമ്പരാഗത രീതിയൊന്നും പോരാ, കടം വാങ്ങിയോ കീടനാശിനി^രാസവളാദികൾ യഥേഷ്ടം പ്രയോഗിച്ചോ ഉൽപാദനക്ഷമത വർധിപ്പിക്കാനാണ് ഇതുവരെ സർക്കാറുകൾ കർഷകനോട് പറഞ്ഞുകൊണ്ടിരുന്നത്. കൃഷിചെയ്യുന്ന വിസ്തീർണത്തിൽനിന്ന് കൂടുതൽ ഉൽപാദനമാണ് അതുകൊണ്ട് അർഥമാക്കുന്നത്. അതുേകട്ട് പഞ്ചാബിലെ കർഷകർ വളവും കീടനാശിനിയും വാരിയെറിഞ്ഞ് ഹരിത വിപ്ലവവും പിന്നാലെ കാൻസർ വിപ്ലവവും ഉണ്ടാക്കി. മരച്ചീനിയും നെല്ലും തെങ്ങുമെല്ലാം തട്ടിത്തെറിപ്പിച്ച് ലാഭോത്സുകനായ മലയാളി റബറും കൊക്കോയും കൈതയും മാറിമാറി പരീക്ഷിച്ചു. ഒടുവിൽ പരീക്ഷീണനായി തേക്കു നട്ട് കൃഷി ഉപേക്ഷിച്ചു നിൽക്കുന്നു. അന്നേരമാണ് സീറോ ബജറ്റ് ഫാമിങ്ങിെൻറ വരവ്. അതു പക്ഷേ, സീരിയസായിട്ടല്ല, വ്യക്തമായ ആസൂത്രണത്തോടെയല്ല സർക്കാർ പറയുന്നത് എന്നത് വേറെ കാര്യം.
എന്നുവെച്ചാൽ സർക്കാറിെൻറ മനോഭാവവും മുൻഗണനക്രമവും മാറുകയാണ്. സബ്സിഡിയും വായ്പയുമെല്ലാം കർഷകന് കൊടുത്ത് സർക്കാർ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന വലിയ പ്രതീക്ഷകളൊന്നും ഇനി വേണ്ട. കൃഷികൊണ്ട് കുടുംബം പോറ്റാൻ പറ്റില്ലെന്ന് കർഷകൻ തിരിച്ചറിയുന്നതു പോലെ തന്നെ, കൃഷികൊണ്ട് രാജ്യം പോറ്റാൻ പറ്റില്ലെന്ന് സർക്കാറും തിരിച്ചറിയുന്നു; സിംപിൾ. സ്റ്റാർട്ടപ്പുുകൾ, ഇലക്ട്രിക് കാറുകൾ, പൊതു^സ്വകാര്യ പങ്കാളിത്തം, വിദേശ നിക്ഷേപം, ഒാഹരി വിൽപന എന്നിങ്ങനെ കാലത്തിനൊത്ത് കോലം മാറ്റി വരുന്ന സർക്കാറിന് കർഷകനെ തീറ്റിപ്പോറ്റാൻ നേരമില്ല. ഗാവ്, ഗരീബ്, കിസാൻ എന്നൊക്കെ മുദ്രാവാക്യം വിളിച്ചെന്നിരിക്കും. ഇന്ത്യയുടെ സ്പന്ദനം ഗ്രാമങ്ങളിലാണ് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. ജനസംഖ്യയുടെ നേർപകുതി വരുന്ന വോട്ടർമാരും കർഷകരായതുകൊണ്ട് ചിലതൊക്കെ കാട്ടിക്കൂട്ടും. മിനിമം താങ്ങുവില അത്തരത്തിലൊന്നാണ്. വിള സംഭരണം മറ്റൊന്ന്. ഇതൊക്കെ എത്രകണ്ട് പ്രയോജനപ്പെടുന്നുവെന്ന ചോദ്യത്തിൽ അർഥമില്ല. ഒക്കെ ഒരു അഡ്ജസ്റ്റ്മെൻറാണ്.
ബജറ്റിലെ കൃഷിവിഹിതം ഇക്കൊല്ലം 75,752 കോടിയിൽനിന്ന് 1.39 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. 2000 രൂപ വീതം വർഷത്തിൽ മൂന്നു തവണ കൃഷിക്കാരനു നൽകുന്ന പി.എം^കിസാൻ (പ്രധാനമന്ത്രി^കിസാൻ) എന്ന പദ്ധതിക്കു വേണ്ടിയുള്ള 75,000 കോടി രൂപയാണ് അതിനു കാരണം. തെരഞ്ഞെടുപ്പു കാലത്ത് കർഷക വോട്ട് പോക്കറ്റിലാക്കാൻ കണ്ടെത്തിയ ഒരു ഉപായമാണ് അത്. ബാങ്ക് അക്കൗണ്ടിലേക്ക് വർഷം 6,000 രൂപ വർഷിക്കുന്നതോടെ കർഷകനോടുള്ള ഉത്തരവാദിത്തം അവസാനിപ്പിക്കാനുള്ള പുറപ്പാടിലാണ് ഇന്നിപ്പോൾ സർക്കാർ. രാസവള സബ്സിഡി നിർത്തി, കടക്കെണി നേരിടുന്നവർക്ക് കൈത്താങ്ങു നൽകുന്നില്ല തുടങ്ങിയ നിലവിളികൾ മേലിൽ അന്യായമായി കണക്കാക്കപ്പെടും. അത്തരം നിലവിളിക്ക് ഉത്തരം സംസ്ഥാന സർക്കാറുകൾ കണ്ടെത്തേണ്ടി വരും. ധനകമീഷൻ വിഹിതം, ജി.എസ്.ടി തുടങ്ങിയവയെല്ലാമായി കേന്ദ്രത്തിൽനിന്ന് വലിയൊരു തുക സംസ്ഥാനങ്ങൾക്ക് നൽകുന്നുവെന്ന ‘കുറ്റബോധ’ത്തിലാണ് ഇന്ന് കേന്ദ്രം. സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ബജറ്റിൽനിന്ന് അപ്രത്യക്ഷമാകുന്നതും ഇൗ പശ്ചാത്തലത്തിൽതന്നെ.
റെക്കോഡ് വിളവെടുപ്പ് ഉണ്ടായാൽ അത് സർക്കാറിെൻറ നേട്ടം. കൃഷിപ്പിഴ മൂലം ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്നാൽ അതിെൻ ശാപം കർഷകന്. നല്ല മഴയും നല്ല കൃഷിയും വഴി കൂടുതൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ വിളവിന് വിലയില്ലാതാവും. കൃഷിപ്പിഴ വന്ന് കൃഷി നശിച്ചാൽ ആ ഇനത്തിൽ നഷ്ടം. കൃഷിഭൂമി വെറുതെ കിടക്കെട്ട എന്നു കരുതിയാൽ ആ വഴിക്കും ദാരിദ്ര്യ നഷ്ടങ്ങൾ. കൃഷിക്ക് ഭാരിച്ച ചെലവ്. മതിയായ വിപണന സൗകര്യങ്ങളില്ല. രാജ്യത്തെ തീറ്റിപ്പോറ്റുന്നത് കർഷകനാണ് എന്നൊക്കെ പറയുമെങ്കിലും കാര്യത്തോടടുക്കുേമ്പാൾ കൈത്താങ്ങിന് സർക്കാർ തയാറല്ല. കർഷകൻ നേരിടുന്ന ദുഃസ്ഥിതി അതാണ്. പക്ഷേ, രാജ്യത്ത് ഇൗസ് ഒാഫ് ലിവിങ് (ആയാസരഹിത ജീവിതം) വൻതോതിൽ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അതിെൻറ അകമ്പടിയായി സീറോ ബജറ്റ് ഫാമിങ് വ്യാപിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപാദനം 34 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. കർഷകെൻറ വിയർപ്പിെൻറ ഫലമാണ് അത്. എന്നാൽ അതിനു തക്കവിധം ഇൗ കാലയളവിൽ കർഷകരുടെ ജീവിതം ആയാസരഹിതമാവുകയല്ല ചെയ്തത്. കൃഷിപ്പിഴയും വിലത്തകർച്ചയും കടക്കെണിയും മൂലം പിടിച്ചു നിൽക്കാനാവാതെ കർഷക ആത്മഹത്യകൾ പെരുകുന്നു. അത്തരം വിഷയങ്ങളെ ഗൗരവപൂർവം സമീപിക്കുന്ന ഒരു നടപടിയും ബജറ്റിൽ ഉണ്ടായില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന വിഷയം പരിശോധിച്ച മന്ത്രാലയതല സമിതി വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി സാമ്പത്തിക സർവേയിൽ വിശദീകരിച്ചിരുന്നു. ഉൽപാദനക്ഷമത വർധിപ്പിക്കുക, കാലിസമ്പത്തിെൻറ ക്ഷമത കൂട്ടുക, ഉൽപാദനച്ചെലവ് കുറക്കുക, ഒരേസമയം വിവിധ വിളകൾ കൃഷിചെയ്യുന്നത് ആസൂത്രിതമായി നടപ്പാക്കുക, ഉയർന്ന മൂല്യമുള്ള വിളകളിലേക്ക് കൃഷിക്കാരെ തിരിച്ചുവിടുക, ന്യായയുക്തമായ വില കർഷകന് നേടിക്കൊടുക്കുക, കർഷകരിൽ ഒരു പങ്ക് കാർഷികേതര വൃത്തിയിലേക്ക് തിരിയുന്ന വിധം ആസൂത്രണം നടത്തുക തുടങ്ങിയവയാണ് ആ നിർദേശങ്ങൾ. എന്നാൽ, കരാർ കൃഷിയെക്കുറിച്ചും കാർഷിക, ഭക്ഷ്യസംസ്കരണ മേഖലകളിൽ കോർപറേറ്റ് നിക്ഷേപത്തെക്കുറിച്ചുമൊക്കെയാണ് സർക്കാർ ചിന്തിക്കുന്നത്.
കാർഷികോൽപാദനം വർധിപ്പിക്കാനും കർഷകർക്ക് ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്താനും ഒരു നടപടിയുമില്ല. ചെയ്യുന്ന ജോലിക്ക് ആനുപാതിക വരുമാനം കർഷകന് ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതിന് പുതിയ സാേങ്കതികവിദ്യകൾ ഉണ്ടാകണം. മുന്തിയ ഇനം വിത്തുകൾ വേണം. യന്ത്രസംവിധാനങ്ങൾ വേണം. നല്ല വളങ്ങളും സംഭരണസൗകര്യങ്ങളും വേണം. കാർഷികരംഗത്ത് ഇതെല്ലാം മുൻനിർത്തിയുള്ള ഗവേഷണങ്ങൾ നടക്കണം. എന്നാൽ, ഭാവനാസമ്പന്നമായ കാർഷികവിപ്ലവത്തെക്കുറിച്ചല്ല സർക്കാർ ചിന്തിക്കുന്നത്. തൊഴിലില്ലായ്മ വേതനമെന്ന പോലെ വർഷം 6000 രൂപ നൽകുന്ന പി.എം^കിസാൻ വോട്ടു പാരിതോഷികത്തിന് അപ്പുറത്തേക്ക് ചിന്തിക്കാൻ സർക്കാറിന് കഴിയുന്നില്ല. ഗവേഷണത്തിന് മുതൽ മുടക്കുന്നില്ല. ഇതിനെല്ലാമിടയിൽ കൃഷി എങ്ങനെ രക്ഷെപ്പടാൻ? നമ്മുടെ കർഷകർ എന്തിനു കിളക്കണം?
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.